കുറിപ്പ് : ഓരോ അധ്യായത്തിന്റെയും സംഗ്രഹമൊഴിച്ച്
"മാർത്താണ്ഡവർമ്മ" നോവലിന്റെ വിശദമായ വായനാക്കുറിപ്പ് തൊട്ടു മുന്‍പത്തെ Post -ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് . സ്ഥലപരിമിതിമൂലം അവിടെ ചേര്‍ക്കാന്‍ പറ്റാത്ത
"VI. അധ്യായങ്ങളിലൂടെ"
എന്ന ഭാഗം ചുവടെ ചേര്‍ക്കുന്നു :
V I . അധ്യായങ്ങളിലൂടെ
അദ്ധ്യായം 1
ആമുഖപദ്യം : “വീണിതല്ലോ കിടക്കുന്നു ധരണിയില്‍ ...” . എഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ടിലെ
അതിപ്രശസ്തമായ വരികള്‍ . കുരുക്ഷേത്രയുദ്ധത്തില്‍ കൌരവപ്പട ചതിച്ചു കൊലപ്പെടുത്തിയ
അര്‍ജ്ജുനപുത്രന്‍ അഭിമന്യുവിന്റെ ശരീരം
കണ്ട കൌരവമാതാവ് ഗാന്ധാരിയുടെ വിലാപം . വഞ്ചനയാല്‍ എന്ന് അനുമാനിക്കത്തക്കവണ്ണം
ആക്രമിക്കപ്പെട്ട് മൃതപ്രായനായി കിടക്കുന്ന യുവാവിനെ ചിത്രീകരിക്കുന്ന
അദ്ധ്യായത്തിന് അനുയോജ്യമായ ആമുഖം
കൂര്‍ത്ത പാറക്കഷണങ്ങളും ചരല്‍ക്കല്ലുകളും കള്ളിമുള്‍ച്ചെടികളും കരിമ്പനകളും
നിറഞ്ഞ വിജനമായ ഒരു കാട്ടുപ്രദേശത്തില്‍
ഒരു അര്‍ദ്ധരാത്രി ആണ് പശ്ചാത്തലം . കാട്ടിലൂടെയുള്ള ഒറ്റയടിപ്പാതയുടെ സമീപം
അതിസുന്ദരനായ ഒരു യുവാവ് ചോരയില്‍ മുങ്ങി മരണവെപ്രാളം കാട്ടി അടങ്ങി ചലനമറ്റ്
കിടക്കുന്നു. ശരീരത്തിലും അരികില്‍
കിടക്കുന്ന വാള്, പരിച , സമീപവൃക്ഷങ്ങളിലെ വെട്ടുകള്‍ , ഒടിഞ്ഞു തൂങ്ങിക്കിടക്കുന്ന ചെടികള്‍ തുടങ്ങിയവകളും അവയിലെ രക്തപ്പാടുകളും ഒരു
ആക്രമണത്തെ സൂചിപിക്കുന്നു ( വഞ്ചനാപ്രയോഗമെന്ന് അനുമാനിക്കാം എന്ന് സി.വി )
വിചിത്രവസ്ത്രധാരികളും ആയുധപാണികളുമായ നാല് പേര് ( സ്വര്ണ്ണവസ്ത്രധാരിയായ
ഒരു യുവാവ്, ദണ്ഡധാരിയായ , നീണ്ട താടിയുള്ള കറുത്ത് തടിച്ച
ഒരു വയോധികന് , ഭീമാകാരന്മാരായ രണ്ട്
ഭ്രുത്യന്മാര് )യുവാവ് കിടക്കുന്നിടത്ത് വന്നുചേരുകയും ദാരുണമായ കാഴ്ച കണ്ട് ഞെട്ടുകയും ചെയ്യുന്നു . ആഗതരില്‍ സ്വര്ണ്ണവസ്ത്രധാരിയായ
യുവാവ് മൃതപ്രായന്റെ അടുത്തിരുന്ന് സൂക്ഷിച്ചു നോക്കി വൃദ്ധനോട് എന്തോ
അപേക്ഷിച്ചതനുസരിച്ച് വൃദ്ധ ന് മൃതപ്രായനായ യുവാവിനെ പരിശോധിച്ച് തന്റെ അഭിപ്രായം
സ്വര്ണ്ണവസ്ത്രധാരിയോട് പറയുന്നു . ഇത്
പ്രകാരം സ്വര്ണ്ണവസ്ത്രധാരി ഭ്രുത്യന്മാര്ക്ക് എന്തോ ആജ്ഞ കൊടുക്കുകയും അതനുസരിച്ച് എന്നോണം തങ്ങളുടെ കയ്യിലുണ്ടായിരുന്ന തുണിയും
മറ്റും കൊണ്ട് ഒരു മഞ്ചല് ചമച്ച്
യുവാവിനെ അതില്‍ കിടത്തി വഹിച്ചു കൊണ്ട് വന്ന വഴി തന്നെ നടന്നു തുടങ്ങി ; വൃദ്ധനും സ്വര്ണ്ണവസ്ത്രധാരിയും
അവരെ അനുഗമിച്ചു .
അദ്ധ്യായം 2
ആമുഖപദ്യം : “എത്രയും ശ്രീമാനിവന്‍ നാകേന്ദ്രസമനല്ലോ “..എഴുത്തച്ഛന്റെ
മഹാഭാരതം കിളിപ്പാട്ടിലെ തന്നെ വരികള്‍. പാണ്ഡവന്മാര് അരക്കില്ലത്തില്‍ നിന്ന്
രക്ഷപ്പെട്ട് കൌരവരെ ഭയന്ന്
ബ്രാഹ്മണവേഷത്തില്‍ പാഞ്ചാലീസ്വയംവരത്തിനെത്തിയ സന്ദര്‍ഭം ; സ്വയംവരമത്സരപ്പരീക്ഷയ്ക്ക്
(മരത്തില്‍ കെട്ടിത്തൂക്കിയ കിളിയുടെ
കണ്ഠത്തില് താഴെ ജലാശയത്തില്‍ കാണുന്ന അതിന്റെ പ്രതിബിംബം നോക്കി അമ്പെയത്
കൊള്ളിക്കുക ) മുന്നോട്ടുവന്ന അര്‍ജ്ജുനനെപ്പറ്റി അവിടെ കൂടിയിരുന്ന ബ്രാഹ്മണര്‍
പറയുന്നത് . പ്രച്ഛന്ന വേഷത്തില്‍ ബ്രാഹ്മണനായി
ചാരോട്ടു കൊട്ടാരത്തില്‍ അഭയം തേടിയ
മാർത്താണ്ഡവർമ്മയെ ചിത്രീകരിക്കുന്ന അദ്ധ്യായത്തിന് അനുയോജ്യമായ ആമുഖം .
തിരുവനന്തപുരത്തിന് മുന്‍പ് വേണാട്
തിരുവിതാംകോട് സ്വരൂപത്തിന്റെ
തലസ്ഥാനമായിരുന്ന പദ്മനാഭാപുരതിനടുത്തുള്ള (വിജനമായ )ചാരോട് കൊട്ടാരത്തില്‍
1 ഒന്നാം അദ്ധ്യായത്തില്‍ പറഞ്ഞിട്ടുള്ള സംഭവം നടന്ന് രണ്ടുകൊല്ലത്തിനു
ശേഷമുള്ള ഒരു പ്രഭാതമാണ് സന്ദര്‍ഭം . അസാധാരണമാംവിധം നീണ്ട മൂക്കൊഴികെ മറ്റൊരു
വൈരൂപ്യവും ആരോപിക്കാനാവാത്ത
ഇരുപതിനും ഇരുപത്തഞ്ചിനും ഇടയില്‍ പ്രായമുള്ള ഒരാള്‍ കൊട്ടാരത്തിന്റെ കിഴക്കേ
വരാന്തയില്‍ ചിന്താമഗ്നനായി ഇരിക്കുന്നു. വെളുത്ത ചര്‍മ്മവും വീരരസം സ്ഫുരിക്കുന്ന മുഖവും നീണ്ട കൈകളും വിരിഞ്ഞ നെഞ്ചും തീക്ഷ്ണമായ നോട്ടവും
സ്വന്തമായുള്ള ഇദ്ദേഹത്തെ കണ്ടാല്‍ ക്ഷത്രിയന് ആണെന്ന് ആരും ഉറപ്പിക്കുമെങ്കിലും വേഷവിധാനങ്ങള്‍ ദീക്ഷ
സ്വീകരിച്ചിരിക്കുന്ന ( വ്രതാനുഷ്ടാനത്തിന്റെ ഭാഗമായി താടിമീശകള്‍ വാദിക്കുന്നത്
ഉപേക്ഷിച്ച)ഒരു മലയാള ബ്രാഹ്മണന്റെയാണ് 2 (“ നമ്പൂതിരിയോ
തിരുവല്ലാദേശിയായ പോറ്റിയോ എന്ന് സംശയിക്കാം “ എന്ന് സി.വി )
പരമേശ്വരന്‍പിള്ള എന്ന തന്റെ വിശ്വസ്തനെ അരികില്‍ വിളിച്ച്
ഭൂതപ്പാണ്ടിയില്‍ പോയി മധുരക്കാരെ സമാധാനിപ്പിക്കാന്‍ ആജ്ഞ
കൊടുക്കുകയും പണവും ആള്സഹായവുമില്ലാതെ
ഇവിടെ ഇനി അധികം തങ്ങിയിട്ടു കാര്യമില്ല എന്ന് അഭിപ്രായപ്പെടുകയും താന്‍ രോഗം മൂര്‍ച്ഛിച്ച അമ്മാവനെ കാണാന്‍ തിരുവനന്തപുരത്തേക്കു
പുറപ്പെടുകയാണ് എന്നും അറിയിക്കുകയും
ചെയ്യുന്നു . പ്രദേശത്തുനിന്ന് ആകെ ലഭിച്ച സഹായം ഒരു പഠാണിയുടേതാണ് എന്നും
ബ്രാഹ്മണവേഷധാരി3 ചൂണ്ടിക്കാണിക്കുന്ന ബ്രാഹ്മണനോട് കള്ളിയങ്കാട്ട്
വച്ച് സംഭവിച്ചത്4 പോലെ അപകടം പിണയാതെ സൂക്ഷിക്കണം എന്ന് പരമേശ്വരന്
പിള്ള പറയുന്നു.
പൊടുന്നനെ കൊട്ടാരപരിസരത്തിരച്ചുകയറിയ വലിയതമ്പിയുടെ വിശ്വസ്തന് വേലുക്കുറുപ്പിന്റെ
നേതൃത്വത്തിലുള്ള പത്തുപതിനാല് വേല്‍ക്കാരുടെ സംഘത്തെ കണ്ട് ബ്രാഹ്മണവേഷധാരിയും
പരമേശ്വരന്‍പിള്ളയും വടക്കോട്ട് കുതിക്കുന്നു.പോകുന്ന വഴിയില്‍ നിന്ന ഒരു
ചാന്നാന്‍ കാണിച്ചുകൊടുത്ത മരപ്പോടിനുള്ളില്5 ഇരുവരും കയറിയൊളിക്കുന്നു. പിന്തുടര്ന്നു വന്ന
വേല്‍ക്കാര്‍ ( കുന്തമേന്തിയ പരിവാരങ്ങള്‍ ) കണ്ട ഭ്രാന്തനെപ്പോലെ
പെരുമാറുന്ന ചാന്നാനോട് ( ചാന്നാന്റെ
സ്വരം ആദ്യമായി കേട്ടപ്പോള്‍ വേലുക്കുറുപ്പ് നടുങ്ങുന്നു എന്ന്
സൂചിപ്പിച്ചിട്ടുള്ളത് ശ്രദ്ധേയം ) ആരെങ്കിലും ആ വഴി പോയതായി കണ്ടോ എന്ന്
അന്വേഷിച്ചപ്പോള്‍ ചാന്നാന്‍ തന്റെ
ഭ്രാന്തമായ ഗോഷ്ടികളും ആട്ടവും പാട്ടും
തുടരുന്നതില്‍ പ്രകോപിതനായി വെളുക്കുറുപ്പ് ചാന്നാനെ തൊഴിക്കുന്നു.അതേ
നിമിഷം എവിടേ നിന്നോ അസ്ത്രങ്ങള്‍ വര്‍ഷിക്കപ്പെടുകയും ഒന്ന് രണ്ട് വേല്‍ക്കാര്‍
മരിച്ചുവീഴുകയും ചെയ്യുന്നു.ഭയന്ന മറ്റ് വേല്‍ക്കാര്‍ ചിതറിയോടി
രക്ഷപ്പെടുന്നു.കുറച്ചകലെ നിന്ന് ഒരു നായര്വില്ലാളി ചാന്നാന്റെ മുന്നില്‍
പ്രത്യക്ഷപ്പെടുകയും ചാന്നാനുമായി അല്പനേരം സംസാരിച്ചക്കുകയും ചെയ്യുന്നു.ശേഷം
ഇരുവരും ഓരോ വഴിക്ക് പോകുന്നു.
അദ്ധ്യായ കുറിപ്പുകള്‍ :
1. ചാരോട്ടു കൊട്ടാരം ഇന്നില്ല
എങ്കിലും സി.വി.യുടെ കാലത്ത് നിലനിന്നിരുന്നതായി അനുമാനിക്കാം.അദ്ധ്യായത്തില്‍ പറയുന്നില്ല എങ്കിലും അധ്യായത്തിന്റെ കഥ
നടക്കുന്നതിന്റെ തലേ ദിവസം ഭൂതപ്പാണ്ടിയിലേക്കുള്ള യാത്രാമദ്ധ്യേ പദ്മനാഭപുരത്തു
നിന്ന് രണ്ട് മൈല്‍ ദൂരെ സ്ഥിതി ചെയ്യുന്ന ചാരോട്ടു കൊട്ടാരത്തിലേക്ക് മാർത്താണ്ഡവർമ്മ ( ഈ
അദ്ധ്യായത്തില്‍ ബ്രാഹ്മണവേഷത്തില്‍ ഉള്ളയാള്‍ മാർത്താണ്ഡവർമ്മ ആണെന്ന് പറയുന്നില്ല )
എത്തിയത് ഗുഹാമാര്ഗ്ഗമാണ് എന്ന് നോവലില്‍ മറ്റിടത്ത് പറയുന്നുണ്ട്. ഈ രണ്ട്
കൊട്ടാരങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന, തിരുവിതാംകൂര്‍ രാജകുടുംബത്തിനു
ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ പലപ്പോഴും ഉപകരിച്ച ഇങ്ങനെയൊരു ഗുഹാമാര്ഗ്ഗത്തിന്റെ അവശിഷ്ടങ്ങള്‍
ഇന്നും കാണാം.
2.
പദ്മനാഭപുരം കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന മാർത്താണ്ഡവർമ്മയുടെ ഛായാചിത്രം ആണ് ഈ
വിവരണത്തിന്റെ അടിസ്ഥാനമായി സി.വി. സ്വീകരിച്ചിരിക്കുന്നത്. മാർത്താണ്ഡവർമ്മ എക്കാലവും താടി-മീശകള്‍ വളര്‍ത്തിയിരുന്നു എന്ന് ചരിത്രം.
3.
മധുരയില്‍ സമവായച്ചര്ച്ചയ്ക്കായി മാർത്താണ്ഡവർമ്മ ബ്രാഹ്മണ വേഷം ധരിച്ച് പോയി
എന്ന് “ശ്രീമാർത്താണ്ഡമാഹാത്മ്യം
കിളിപ്പാട്ടി”ല്‍ പറയുന്നുണ്ട്. ശത്രുക്കളെ അമര്‍ച്ച ചെയ്യുന്നതിനായി രാമവര്‍മ്മ
തിരുച്ചിറപ്പള്ളി സന്ദര്‍ശിച്ച് മധുര സര്‍ക്കാരുമായി ഉദംബടിയുണ്ടാക്കിയത് പ്രകാരം
മധുരപ്പടയെ ഭൂതപ്പാണ്ടിയില്‍ വിന്യസിച്ചതും ശമ്പളം കൊടുക്കാനാവാതെ വന്നപ്പോള്‍
രണ്ട് വര്‍ഷത്തിന് ശേഷം അവര്‍
സമരത്തിലായതും സമാധാനിപ്പിക്കാനായി ദളവ
അറുമുഖംപിള്ളയെ അയച്ചതും മറ്റും ചരിത്രസംഭവങ്ങളാണ് .
4.
“മാർത്താണ്ഡമാഹാത്മ്യത്തിലും “ ഒരു ചരിത്രസംഭവം എന്നോണം “തിരുവിതാംകൂര്ചരിത്ര” ത്തിലും
സ്ഥാനം പിടിച്ച , ദേശൈതിഹ്യത്തിന്റെ അവിഭാജ
ഘടകമായ ഇനി പറയുന്ന സംഭവമാണ് ഈ കഥാ ഭാഗത്തിന്റെ പ്രചോദനം . ഒരു രാത്രി
കള്ളിയന്‍കാടിനു സമീപത്തു വച്ച്
തമ്പിമാരുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് മാർത്താണ്ഡവര്‍മ്മ ഒരു ശിവക്ഷേത്രത്തിലേക്ക് കടന്നു.
അത്താഴപൂജ കഴിഞ്ഞ് നിവേദ്യച്ചോറടങ്ങിയ ഉരുളിയും താക്കോലും കൊണ്ട് മമഠത്തിലേക്ക്
പുറപ്പെടുകയായിരുന്ന ശാന്തിക്കാരനായ പോറ്റിയോടു
യുവരാജാവ് അഭയത്തിനായി അപേക്ഷിച്ചു. രാജാവിനായി സ്വജീവന്‍ ബലികൊടുക്കാന്‍
സന്നദ്ധനായിക്കൊണ്ടുതന്നെ ശാന്തിക്കാരന്
ഉരുളിയും താക്കോലും തന്റെ വേഷവും അദ്ദേഹത്തിനു നല്കി യാത്രയാക്കുകയും
രാജാവിന്റെ വേഷത്തില്‍ ക്ഷേത്രത്തിലൊളിക്കുകയും ചെയ്തു. പിന്തുടര്ന്നു വന
ശത്രുക്കള്‍ ശാന്തിക്കാരന്റെ വേഷത്തില്‍ പുറത്തെത്തിയ മാർത്താണ്ഡവർമ്മയെ തിരിച്ചറിയാതെ രാജാവെന്നു കരുതി ശാന്തിക്കാരനെ വകവരുത്തി.
5.
പ്രധാനമായും താഴെ
പറയുന്ന രണ്ട് സംഭവകഥകള്‍ /ഐതിഹ്യങ്ങള്‍
സംയോജിച്ചാണ് സി.വി.ഈ കഥാഭാഗം മിനഞ്ഞിരിക്കുന്നത് :
·
മാർത്താണ്ഡമാഹാത്മ്യത്തില് പരാമര്‍ശിക്കപ്പെട്ട ഒരു കഥ . ഒരിക്കല്‍ ശത്രുക്കളില്‍ നിന്ന്
ഓടിയൊളിക്കവേ മാർത്താണ്ഡവർമ്മ നിലം ഉഴുന്നുകൊണ്ടിരുന്ന
ഒരു ചാന്നാനോട് സഹായം അഭ്യര്‍ത്ഥിച്ചു.അടുത്തുള്ള ശാസ്താക്ഷേത്രത്തില്‍
അകംപൊള്ളയായ മണ്ണ് കൊണ്ടുണ്ടാക്കിയ ഒരു ആനയുടെ രൂപത്തിനുള്ളില്‍ യുവരാജാവിനെ
ഒളിപ്പിച്ച ചാന്നാന്‍ പിന്തുടര്ന്നു വന്ന ശത്രുക്കളെ തെറ്റായ ദിശയിലേക്ക്
നയിക്കുകയും ചെയ്തു.അന്നു രാത്രി
സുരക്ഷിതമായി തങ്ങാനും പിറ്റേന്ന് ഇരണിയല്‍ കൊട്ടാരതിലെത്താനും യുവരാജാവിനെ
സഹായിച്ചത് ചാന്നാന്മാര് ആണ്.
·
ഒരിക്കല്‍ നെയ്യാറ്റിന്‍കരയില്‍ വച്ച് മാർത്താണ്ഡവർമ്മ ശത്രുക്കളില്‍ നിന്ന്
ഓടിയൊളിക്കവേ ശ്രീകൃഷ്ണന് ബാലഗോപാലവേഷത്തില് പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തോട് അടുത്തു കാണുന്ന പ്ലാവിന്പോടില്
ഒളിക്കാന്‍ ഉപദേശിച്ചു എന്നും ഉപദേശം സ്വീകരിച്ച് ശത്രുക്കളില്‍ നിന്ന്
രക്ഷപ്പെട്ട മാർത്താണ്ഡവർമ്മ സിമ്ഹാസനാരോഹണത്തിനു ശേഷം
ഭഗവാന് പ്രത്യക്ഷപ്പെട്ട സ്ഥലത്ത് ഒരു ബാലഗോപാലപ്രതിഷ്ഠ നടത്തി അവിടെ അമ്പലവും
കൊട്ടാരവും പണി കഴിപ്പിച്ചു എന്നും ഐതിഹ്യം.
ഇന്നും ഈ ക്ഷേത്രത്തില്‍ ( നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമീ ക്ഷേത്രം )
“അമ്മച്ചിപ്ലാവ്” സംരക്ഷിക്കപ്പെടുന്നു.
അദ്ധ്യായം 3
ആമുഖപദ്യം : “ എന്നിനിക്കാണുന്നു ഞാന്‍ എന്‍ പ്രിയതമ !”“പീടിക്കേണ്ടാ തനയേ
സുനയേ” . ഒന്നാമത്തെ ഉദ്ധരണി പേട്ടയില്‍ രാമന്‍പിള്ള ആശാന്റെ “ ഹരിശ്ചന്ദ്ര ചരിതം
ആട്ടക്കഥയില്‍ ഭര്‍ത്താവിനെ പിരിയുമ്പോള്‍ ചന്ദ്രമതി വിലപിക്കുന്ന ഭാഗത്ത് നിന്ന്
കടം കൊണ്ട വരികള്‍ ആണ്.രണ്ടാമത്തെ ഉദ്ധരണി ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥയില്‍
നളനെപ്പറ്റി യാതൊരു വിവരവും ഇല്ലാതെ ഉഴറുന്ന ദമയന്തിയെ അവളുടെ അമ്മ
ആശ്വസിപ്പിക്കുന്ന ഭാഗത്ത് നിന്നുള്ളതാണ്. രണ്ട് ഉദ്ധരണികളും അനന്തപദ്മനാഭന്റെ
തിരോധാനത്തെ തുടര്‍ന്ന് ദു:ഖാര്ത്തയായി കഴിഞ്ഞിരുന്ന പാറുക്കുട്ടിയെയും അവളുടെ
അമ്മയെയും അവതരിപ്പിക്കുന്ന ഈ അദ്ധ്യായത്തിന് തീര്‍ത്തും അനുയോജ്യംങ്ങളായ
ആമുഖപദ്യങ്ങള്.
രണ്ടാമത്തെ അദ്ധ്യായത്തിലെ കഥ (
ചാരോട് കൊട്ടാരത്തില്‍ നിന്ന് ബ്രാഹ്മണവേഷധാരിയും
അനുയായിയും രക്ഷപ്പെടുന്നത് )നടക്കുന്നതിന് മൂന്നുനാലു ദിവസം മുന്‍പത്തെ
തിരുവനന്തപുരം ആണ് പശ്ചാത്തലം.
പദ്മനാഭപുരം പോലെ തന്നെ വേണാട്
രാജാക്കന്മാര് പ്രാധാന്യം നല്‍കിയിരുന്ന
തിരുവനതപുരം നഗരത്തില്‍ സ്ഥിതി ചെയ്യുന്ന
ശ്രീപദ്മനാഭസ്വാമീ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയില്‍ നിന്ന് മിത്രാനന്ദപുരം ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയുടെ തെക്ക് മാറി പടിഞ്ഞാറോട്ടുള്ള
വഴിയില്‍ സ്ഥിതി ചെയ്യുന്ന, “വീട് /പ്രധാന
കെട്ടിടം “, “വടക്കത്/അടുക്കളഭാഗം “എന്നീ പ്രധാന മാളികകളും
അവയെ ചുറ്റി “തെക്കത്” / പരദേവതാഗൃഹം , അറപ്പുര , ആയുധപ്പുര, ചാവടി തുടങ്ങിയ കെട്ടിടങ്ങളും കുളവും
കിണറും മറ്റുമായി വിസ്തരിച്ചു കിടക്കുന്ന “ചെമ്പകശ്ശേരി വീടി”ന്റെ 1 ( സങ്കല്പസൃഷ്ടി ) വളരെ വിശദമായ
വിവരണത്തോടെയാണ് അദ്ധ്യായം തുടങ്ങുന്നത്. ഭര്‍ത്താവായ ഉഗ്രന്‍ കഴക്കൂട്ടത്ത്
പിള്ളയുടെ മരണശേഷം സ്വഗൃഹമായ ചെമ്പകശേരിയിലേക്ക് താമസം മാറ്റിയ കാര്‍ത്ത്യായനിപ്പിള്ളയും
മകള്‍ പാര്‍വതി പിള്ള (പാറുക്കുട്ടി )യും
കഴിഞ്ഞിരുന്നത് അറപ്പുരയിലാണ് . അച്ഛന്റെ അനന്തരവന് കഴക്കൂട്ടത്ത് തേവന്
വിക്രമന് പിള്ളയ്ക്ക് പാറുക്കുട്ടിയെ വിവാഹം ചെയ്യാന്‍ താല്പര്യമുണ്ടായിരുന്നു;
എന്നാല്‍ അവളുടെ വിസമ്മതം കാരണം നടന്നില്ല.
ചെമ്പകശ്ശേരി
അറപ്പുരമാളിക.രാത്രിസമയം.പതിനാറു വയസ്സ് പ്രായമുള്ള , കഴിഞ്ഞ രണ്ട് കൊല്ലമായി എന്തോ
മന:ക്ലേശം അനുഭവിക്കുന്ന ചിന്താവിഷ്ടയായ പാര്വതിപിള്ള (പാറുക്കുട്ടി )പ്രശ്നഫലം
അറിയാനായി ധ്യാനിച്ച് രാമായണഗ്രന്ഥം തുറക്കുകയും
മുന്നില്‍ പ്രത്യക്ഷപ്പെട്ട പാഠഭാഗത്തെ ( “അവരജനുമഖിലകപികുലബലവുമായ്..”
എന്ന ശ്ലോകം) സുന്ദരകാണ്ഡത്തില്‍ ഹനുമാന് അശോകവനിയില്‍ എത്തി സീതാദേവയെ
ആശ്വസിപ്പിക്കുന്ന ഭാഗം - വിധിപ്രകാരം വിശകലനം ചെയ്യുകയും ചെയ്യുന്നു . ശ്ലോകത്തിന്റെ പൂര്‍വ്വാര്‍ദ്ധം
ശ്രീരാമന് വരും എന്ന് സൂചിപ്പിക്കുന്നതിനാല്‍ ശുഭലക്ഷണമായും രണ്ടാം ഭാഗം (രാവണന്റെ
) മരണത്തെ സൂചിപ്പിക്കുന്നതിനാല്‍ അശുഭലക്ഷണമായും പാറുക്കുട്ടിക്ക്
അനുഭവപ്പെടുന്നു. അപ്പോള്‍ മുറിയിലേക്ക് കടന്നു വന്ന കാര്‍ത്ത്യായനിപ്പിള്ള
മരിച്ചു എന്ന് ഉറപ്പുള്ള അനന്തപദ്മനാഭനെ ഇനിയും കാത്തിരിക്കുന്നത് നിഷ്ഫലമാണെന്നും
മറ്റൊരു വിവാഹത്തിന് തയ്യാറാകണം എന്നും അവളെ ഉപദേശിക്കുന്നു.
വേലുക്കുറുപ്പ്
പ്രചരിപ്പിക്കുന്ന കഥ ( കള്ളിയങ്കാട്ട് നീലി എന്ന യക്ഷിയാല്‍ അനന്തപദ്മനാഭന്
വധിക്കപ്പെട്ടു എന്നത് ) താന്‍ വിശ്വസിക്കുന്നില്ല എന്നും അനന്തപദ്മനാഭന്
കൊല്ലപ്പെട്ടു എന്ന് പറയുന്നതിന്റെ തലേ ദിവസം മാർത്താണ്ഡവർമ്മ യുവരാജാവ് കള്ളിയങ്കാട്ട് ക്ഷേത്രപരിസരത്ത് വച്ച്
വധിക്കപ്പെട്ടു എന്ന്ഇതേ വേലുക്കുറുപ്പ് പറഞ്ഞത് നുണ ആണെന്ന് തെളിഞ്ഞല്ലോ
(മരിച്ചത് രാജവേഷത്തിലുള്ള പോറ്റി ആയിരുന്നല്ലോ –രണ്ടാം അദ്ധ്യായത്തിലെ
കുറിപ്പുകള്‍ നോക്കുക ) എന്നും
അനന്തപദ്മനാഭന് മരിച്ചെങ്കില്‍ മൃതദേഹവും
വസ്ത്രങ്ങളും മറ്റും എവിടെ എന്നും പ്രതിവചിച്ച പാറുക്കുട്ടിയെ നീലിയുടെ കയ്യില്‍ പെട്ടാല്‍ ഒന്നും
അവശേഷിക്കില്ല എന്ന് ബോധ്യപ്പെടുത്താനായി കാര്‍ത്ത്യായനിയമ്മ അവള്‍ക്ക് നീലിക്കഥ
പറഞ്ഞു കൊടുക്കുന്നു 2. . അനന്തപദ്മനാഭനെ കൊന്നു എന്ന് പറയപ്പെടുന്ന
ഘോരയക്ഷിയുടെ കഥ തന്റെ അമ്മയുടെ നാവില്‍
നിന്ന് കേട്ടതിലുള്ള ദുസ്സഹമായ ശോകം ഗ്രസിച്ച പാറുക്കുട്ടിയുടെയും
ആശ്വസിപ്പിക്കാന്‍ ഒരുങ്ങിയ അമ്മയുടെയും മുന്നിലേക്ക് ഒരു ബ്രാഹ്മണന് കടന്നു
വരുന്നു. അന്യപുരുഷന്മാര്ക്ക് കടന്നു വരാന്‍ അനുവാദമില്ലാത്ത
അരപ്പുരയിലേക്ക് പ്രത്യേകിച്ചും
രാത്രിസമയം ഉണ്ടായ പരപുരുഷപ്രവേശം അമ്മയെയും മകളെയും ഞെട്ടിക്കുന്നു.
അദ്ധ്യായ കുറിപ്പുകള്‍ :
1.
“ചെമ്പകശ്ശേരി വീടി”ന്റെ
സുദീര്‍ഘവും യാഥാര്‍ത്ഥ്യം എന്ന് തോന്നിക്കുന്ന രീതിയിലുമുള്ള വര്‍ണ്ണന നോവലില്‍
വായിച്ച് ഈ സങ്കല്പ മാളികാസമുച്ചയം നേരില്‍ കാണാനായി ഒട്ടേറെ സഹൃദയര്‍ തിരുവനന്തപുരം മിത്രാനന്ദപുരം ക്ഷേത്രപരിസരത്ത് വന്നു
നിരാശരായി മടങ്ങി എന്ന് പറയപ്പെടുന്നു.സി.വി.യുടെ കല്പനാപാടവത്തിന്റെ ഏറ്റവും വലിയ
ദൃഷ്ടാന്തങ്ങളില്‍ ഒന്നാണിത്.
2.
പാറുക്കുട്ടിക്ക് അമ്മ പറഞ്ഞു കൊടുക്കുന്ന
നീലിക്കഥ ( ഈ കഥയുടെ മറ്റ് പല
പാഠഭേദങ്ങളും തെക്കന്‍തിരുവിതാംകൂറില്‍ നിപ്രചാരത്തിലുണ്ട് ):
നാഗര്കൊവിലിനു സമീപം കഴിഞ്ഞ ഒരു
യുവതിയെ അവളുടെ സമ്പത്ത് മോഹിച്ച് ഒരു “ പട്ടര് “ (പരദേശിബ്രാഹ്മണരെ- പ്രധാനമായും
തമിഴ്ബ്രാഹ്മണരെ- പണ്ടുകാലങ്ങളില്‍ മലയാളികള്‍
അഭിസംബോധന ചെയ്തു വന്ന രീതി ) സംബന്ധം ചെയ്തു . ഗര്‍ഭിണിയായ അവളോട്
പ്രസവത്തിനായി പദ്മനാഭപുരത്ത് പോയി താമസിക്കുന്നതാവും ഉചിതം എന്ന്
ബോദ്ധ്യപ്പെടുത്തി വസ്തുവകകള്‍ വില്പന ചെയ്യിച്ചു .വിറ്റുകിട്ടിയ മുതലുമായി
പഞ്ചവന്‍കാട് (കള്ളിയങ്കാട് ) വഴി ഇരുവരും പദ്മനാഭപുരത്തേക്കു യാത്ര ചെയ്യവേ ഒരു
കള്ളിമുള്‍ചെടിയുടെ ചുവട്ടില്‍ അല്പം മയങ്ങാനായി സ്ത്രീപട്ടരുടെ മടിയില്‍ തല
ചായ്ച്ച് കിടന്നു . അവള് ഉറങ്ങി എന്ന് ഉറപ്പു വരുത്തിയ പട്ടര് അവളുടെ തല ഒരു
കല്ലില്‍ വച്ച് മറ്റൊരു കല്ല് വച്ച് അടിച്ചു കൊന്നു.ശേഷം അവളുടെ മുതലും ആഭരണങ്ങളുമായി
പദ്മനാഭപുരത്തേക്കു കടന്നു. പിന്നീട് ഏറെ നാള് ആ വഴി പോകാത്ത പട്ടര് ഒരിക്കല്‍
ശുചീന്ദ്രം തേരോട്ടം കാണാനുള്ള യാത്ര പഞ്ചവന്‍കാട് വഴി ആക്കി.വഴിയില്‍ വച്ച്
പട്ടരെ അതിസുന്ദരിയായ ഒരു സ്ത്രീ വശീകരിച്ച് അരികില്‍ കൂട്ടി.മുന്‍പ് ഭാര്യയെ കൊന്ന സ്ഥലത്തിനടുത്തെത്തിയപ്പോള്‍
വേശ്യ അയാളുടെ മരിച്ച ഭാര്യയുടെ രൂപവും ഭയന്നു നിലവിളിച്ച പട്ടരുടെ മുന്പില്
ശേഷം അതിഭീകരമായ യക്ഷിരൂപവും പ്രാപിച്ചു നൊടിയിടയില്‍ രണ്ടായി കീറി
ഭക്ഷിച്ചു.തനിച്ച് ആ വഴി പോകുന്ന പുരുഷന്മാര് ഇന്നും ഈ യക്ഷിയുടെ ഭക്ഷണമാണ് .
അദ്ധ്യായം 4
ആമുഖപദ്യം : “ഉര്‍വ്വീസുരചാപലം
പെരുതേ പാരില്‍ സര്‍വ്വവിദിതം കേവലം ”( ബ്രാഹ്മണരുടെ ചാപല്യം വലുത് തന്നെ , പാരില്‍ പ്രസിദ്ധം ); നളചരിതം നാലാം ദിവസം
ആട്ടക്കഥയില്‍ ഋതുപര്ണ്ണന് ദമയന്തിക്ക് രണ്ടാംവേളി നിശ്ചയിച്ചിരിക്കുന്നു എന്ന
വ്യാജവാര്‍ത്ത ധരിപ്പിച്ച് തന്നെ ഇളക്കിവിട്ടത്തിന് സുദേവബ്രാഹ്മണനോട്
ക്രോധിക്കുന്ന സന്ദര്‍ഭത്തില്‍ നിന്ന് കടംകൊണ്ട വരികള്‍. പപ്പുതമ്പിയ്ക്കായി
സംബന്ധാലോചന എന്ന ഗൂഢലക്ഷ്യവുമായി ചെമ്പകശ്ശേരിയില്‍ അണഞ്ഞ സുന്ദരയ്യന്‍ എന്ന
ബ്രാഹ്മണനെ അവതരിപ്പിക്കുന്ന അദ്ധ്യായത്തിന് അനുയോജ്യമായ ആമുഖപദ്യം .
മൂന്നാം അദ്ധ്യായത്തിന്റെ പിന്തുടര്ച്ച.
പപ്പുത്തമ്പിയുടെ സേവകരില്‍ പ്രമുഖനായ സുന്ദരയ്യന്‍
അറപ്പുരവാതില്ക്കല് നിന്ന് കാര്‍ത്ത്യായനിഅമ്മയ്ക്കും പാറുക്കുട്ടിക്കും സ്വയം
പരിചയപ്പെടുത്തി. പപ്പുത്തമ്പിയെ വാനോളം പുകഴ്ത്തിയ സുന്ദരയ്യന്‍ എട്ടുവീടരില്‍
സമുന്നതനായ കഴക്കൂട്ടതത്പിള്ളയുടെ ഭാര്യ കാര്‍ത്ത്യായനി അമ്മയ്ക്ക് രാജധ്വംസനം
ബോധിക്കും എന്നുകരുതി യുവരാജാവ് മാർത്താണ്ഡവർമ്മയുടെ കിരീടമോഹത്തെ
കണക്കറ്റു പരിഹസിച്ചത് കാര്‍ത്ത്യായനി
അമ്മ ശകാരത്തിനു പാത്രമാകാന്‍ കാരണമാകുന്നു..എന്നാല്‍ തുടര്‍ന്നങ്ങോട്ടുള്ള
സംഭാഷണത്തില്‍ പാറുക്കുട്ടിക്ക് പപ്പുതമ്പിയുമായി സംബന്ധാലോചന എന്ന തന്റെ
ആഗമനോദ്ദേശത്തെക്കുറിച്ച് വ്യക്തമായ സൂചന നല്‍കിയതോടെ മകളുടെ ഭാവിയെപ്പറ്റി
പുതുസ്വപ്നങ്ങള്‍ നെയ്തുതുടങ്ങിയ കാര്‍ത്ത്യായനിയമ്മ സുന്ദരയ്യനെ വിശദമായ ചര്‍ച്ചയ്ക്കായി
വടക്കേമാളികയിലേക്ക് നയിക്കുന്നു.
അറപ്പുരമാളികയില് തനിച്ചായ പാറുക്കുട്ടിയോട്
അന്യപുരുഷന് അസമയത്ത് അറപ്പുരമാളികയില് പ്രവേശിച്ചതില്‍ അതികുപിതനായ ശങ്കുആശാന്‍
( ചെമ്പകശ്ശേരി ആയുധപ്പുരസൂക്ഷിപ്പുകാരനും കാര്യസ്ഥസ്ഥാനീയനും ) തന്റെ പ്രതിഷേധം
രേഖപ്പെടുത്തുന്നു.ആഗതന് സുന്ദരയ്യനാണ് എന്നറിഞ്ഞപ്പോള്‍ ക്രോധം അധികരിച്ച്
സുന്ദരയ്യനെയും വേലുക്കുറുപ്പിനെയും അധിക്ഷേപിച്ച് സംസാരിക്കുന്നു.
വേലുക്കുറുപ്പിനെപ്പറ്റി കേട്ടപ്പോള്‍ പാറുക്കുട്ടിയുടെ മനോഗതം അറിഞ്ഞിട്ടെന്നപോലെ
മരിച്ചു എന്നുറപ്പുള്ളയാളെ പ്രതീക്ഷിച്ചു കാലം കഴിക്കുന്നത് വ്യര്‍ത്ഥമാണ് എന്ന്
പറയുന്ന ശങ്കുവാശാനോട് അനന്തപദ്മനാഭന് മരിച്ചിട്ടില്ല എന്ന വിശ്വാസം തനിക്ക്
ദിവസേന ഏറി വരികയാണെന്നും ഇക്കാര്യത്തില്‍ “ചെമ്പകം അക്കന്റെ “ അഭിപ്രായത്തോട്
യോജിക്കുന്നു എന്നും സത്യാവസ്ഥ വെളിവാക്കിത്തരാം എന്ന് അക്കന് വാക്കു
തന്നിട്ടുണ്ട് എന്നും പാറുക്കുട്ടി
പ്രതിവചിക്കുന്നു. ചെമ്പകത്തിനെ അഭിസാരിക എന്നും ഭ്രാന്തി എന്നും മറ്റും
അധിക്ഷേപിക്കുന്ന ശങ്കു ആശാനോട് ചെമ്പകം അതിബുദ്ധിമതിയും സത്സ്വഭാവിയും ആണെന്നും ആളുകള്‍ അവരെപ്പറ്റി
പ്രചരിപ്പിക്കുന്ന ദുഷ്പേരിനോന്നും യാതൊരു അടിസ്ഥാനവുമില്ല എന്ന് പാറുക്കുട്ടി
പറയുകയും ആശാന്റെ മുന്കോപത്തെ വിമര്‍ശിക്കുകയും ചെയ്യുന്നു.വ്യസനത്തോടെ അറപ്പുര
വിടുന്ന ശങ്കുവാശാന് സുന്ദരയ്യനെ യാത്രയാക്കിയ
ചാരിതാര്‍ഥ്യത്തില്‍ നിന്ന കാര്‍ത്ത്യായനി അമ്മ കേള്‍ക്കേ സുന്ദരയ്യനെ കാര്‍ത്ത്യായനി
അമ്മ സല്ക്കരിച്ചതിനെ വിമര്‍ശിക്കുന്നു. ശേഷം ഇനിമേല്‍ ശങ്കുവാശാന് അറപ്പുരയില്‍
പ്രവേശിക്കരുത് എന്ന കാര്‍ത്ത്യായനിയമ്മയുടെ ഉത്തരവ് വഹിച്ചു ചെന്ന പരിചാരകനെ
ശങ്കുവാശാന് ആട്ടുകയും പ്രഹരിക്കുകയും ചെയ്യുന്നു.
അദ്ധ്യായം 5
ആമുഖപദ്യം : “ഈശ്വരകാരുണ്യം
കൊണ്ടേ നിഷധേശ്വരാ നിന്നെ ഞാന്‍ കണ്ടേന് “. നളചരിതം നാലാംദിവസം ആട്ടക്കഥയില്‍
നിന്ന് ഉദ്ധരിച്ച വരികള്‍. പാചകക്കാരനും സാരഥിയുമായി തന്റെ കൊട്ടാരത്തില്‍ വേഷം
മാറി കഴിഞ്ഞിരുന്നത് നിഷധചക്രവര്ത്തി ആയ നളന് ആണെന്ന് ഋതുപര്ണ്ണന് അറിഞ്ഞ
സന്ദര്‍ഭം പശ്ചാത്തലം.വേഷം മാറി തന്റെ ആതിഥ്യം സ്വീകരിച്ച യുവരാജാവിനോടുള്ള
മാങ്കോയിക്കല്‍ കുറുപ്പിന്റെ ഭക്ത്യാദരവും സ്നേഹവും ചിത്രീകരിക്കുന്ന
അദ്ധ്യായത്തിന് യോജിച്ച ആമുഖപദ്യം.
രണ്ടാമത്തെ അദ്ധ്യായത്തിന്റെ ( ചാരോട് കൊട്ടാരത്തില്‍ നിന്ന് ബ്രാഹ്മണവേഷധാരിയും അനുയായിയും
രക്ഷപ്പെടുന്നത് ) തുടര്‍ച്ച .
ചാരോട് കൊട്ടാരത്തിന് രണ്ട് മൈല്‍ വടക്കു സ്ഥിതി
ചെയ്യുന്ന മാങ്കോയിക്കല്‍ വീട് പശ്ചാത്തലം.
പ്രഭാതത്തില്‍ തന്റെ വീടിന്റെ ദിശയിലേക്ക് ധൃതിയില്‍
കടന്നു വരുന്ന ബ്രാഹ്മണവേഷധാരിയെയും അനുയായിയെയും ദര്‍ശിച്ച കര്‍ഷകപ്രമുഖന്‍
മാങ്കോയിക്കല്‍ കുറുപ്പ് വേഗം തന്നെ അവരെ വീടിന്റെ അറപ്പുരയില്‍
സ്വീകരിച്ചാനയിച്ച് സല്ക്കരിക്കാനുള്ള വട്ടംകൂട്ടുകയും , പദ്മനാഭപുരത്തെ വിവരങ്ങള്‍ അന്വേഷിക്കാനായി തന്റെ
രണ്ട് അനന്തരവരെ അയയ്ക്കുകയും ചെയ്യുന്നു. വീട്ടിലെത്തിയ ബ്രാഹ്മണനും ശിഷ്യനും
കുറുപ്പിന്റെ ഭക്ത്യാധിക്യം ( ബ്രാഹ്മണവേഷധാരിയെയും അനുയായിയെയും കുറുപ്പ്
തിരിച്ചറിഞ്ഞിരുന്നു) കൊണ്ടുള്ള ചേഷ്ടകളും പദ്മനാഭപുരത്തേക്ക് ആളയച്ചതും മറ്റും
കുറുപ്പിന്റെ കൂറിനെപ്പറ്റി സംശയമുളവാക്കി എങ്കിലും താമസിയാതെ കുറുപ്പിന്റെ
കൂറില്‍ പൂര്‍ണ്ണബോദ്ധ്യം വന്നപ്പോള്‍ ബ്രാഹ്മണവേഷധാരി തന്റെ യഥാര്‍ത്ഥസ്വരൂപം -
യുവരാജാവ് മാർത്താണ്ഡവർമ്മയുടെ- വെളിവാക്കുകയും തമ്പിമാരുടെ വധഭീഷണി അതിജീവിച്ച് തന്നെ
പിന്തുണയ്ക്കുന്നവരുടെ സൈന്യം സജ്ജമാക്കുക എന്നുള്ള ആഗമനോദ്ദേശം അറിയിക്കുകയും
ചെയ്യുന്നു ( മാങ്കോയിക്കല്‍ കുറുപ്പ് രാജപക്ഷത്താണ് എന്ന് വിശ്വസ്ത സ്രോതസ്സുകളില്‍ നിന്നറിഞ്ഞ
ബോധ്യമുള്ളതു കൊണ്ടാണ് യുവരാജാവ് അവിടെ അഭയം തേടാന്‍ നിശ്ചയിച്ചത് എന്ന് വ്യക്തം) തുടര്‍ന്നുള്ള സംഭാഷണത്തില്‍ കുറുപ്പ് വിദേശീയരെ
സൈന്യത്തിന്റെ തന്ത്രപ്രധാന സ്ഥാനങ്ങളില്‍ വിന്യസിക്കുക എന്ന രാജനയത്തിനോടുള്ള
തന്റെ വിയോജിപ്പ് രേഖപ്പെടുത്തുന്നു; സത്യസന്ധമായ
അഭിപ്രായം തുറന്നു പറഞ്ഞതില്‍ സന്തുഷ്ടനായ യുവരാജാവ് അദ്ദേഹത്തിനെ ഗുരുസ്ഥാനീയനായി
സ്വീകരിക്കുന്നു. ബ്രാഹ്മണവേഷധാരിയുടെ യാഥാര്‍ത്ഥ്യം മാങ്കോയിക്കല്‍ മറ്റാരും (തന്റെ
അനന്തരവന്മാര് പോലും) അറിയാതിരിക്കാനും അപകടം മുന്നില്‍ കണ്ട് സ്ത്രീകളെയും മറ്റും വീട്ടില്‍ നിന്ന് മാറ്റി
നിര്‍ത്താനും അനേകം പറയ സമുദായക്കാരെ വീടിനുചുറ്റും കാവല്‍ നിര്‍ത്താനും കുറുപ്പ്
പ്രത്യേകം ശ്രദ്ധിക്കുന്നു.കുറുപ്പിന്റെ വീണ്ടുവിചാരവും രാജഭക്തിയും യുവരാജാവിലും
പരമേശ്വരന് പിള്ളയിലും വളരെയധികം മതിപ്പുളവാക്കുന്നു.
അന്നു രാത്രി പദ്മനാഭപുരത്തു വിവരങ്ങള്‍
അന്വേഷിക്കാന്‍ അയക്കപ്പെട്ടവരില്‍ ഒരാള്‍ ചോരയില്‍ കുളിച്ചെത്തി വേലുക്കുറിപ്പിന്റെ
പത്തുനൂറ്റമ്പത് പേരുള്ള വേല്‍ക്കാരുടെ സൈന്യം മാങ്കോയിക്കല്‍ ലക്ഷ്യമാക്കി
വരുന്നുണ്ടെന്നും വളരെ അടുത്തെത്തി എന്നും കുറുപ്പിനെ അറിയിക്കുന്നു.തന്റെ
അനന്തരവനോടൊപ്പം തിരുവട്ടാറിലേക്ക് കടന്നു രക്ഷപ്പെടാനുള്ള കുറുപ്പിന്റെ അപേക്ഷ
യുവരാജാവ് നിരസിച്ചപ്പോള്‍ (താന്‍ കാരണം അപകടം പിണഞ്ഞ മാങ്കോയിക്കല്‍ വീട്ടുകാരെ
ഉപേക്ഷിച്ചു പോകാന്‍ തയ്യാറല്ലാത്തതിനാല്‍)കുറുപ്പ് അദ്ദേഹത്തെയും പരമേശ്വരന്
പിള്ളയേയും അറപ്പുരയ്ക്കകത്തിട്ടു
പൂട്ടുന്നു.
മാങ്കോയിക്കല്‍ വീട്ടുമുറ്റത്തേക്ക് കടന്നുവന്ന വേല്സൈന്യത്തെ
നയിച്ച വേലുക്കുറുപ്പ് ബ്രാഹ്മണവേഷധാരിയെ തങ്ങളുടെ പക്കല്‍ ഏല്‍പ്പിക്കാന്‍
ആവശ്യപ്പെടുന്നു. തുടര്‍ന്നു നടന്ന ഭയങ്കരമായ പോരാട്ടത്തില്‍ വേല്‍ക്കാര്‍
പറയരോടും വേലുക്കുറുപ്പു മാങ്കോയിക്കല്കുറുപ്പിനോടും
ഏറ്റുമുട്ടുന്നു.പോരാട്ടത്തിനിടെ വേല്സൈന്യം മാങ്കോയിക്കല്‍ വീടിനു തീവയ്ക്കുന്നു.ജീവന്വെടിഞ്ഞാലും
യുവരാജാവിനെ രക്ഷിക്കണം എന്ന് നിശ്ചയിച്ചുറപ്പിച്ചുകൊണ്ട് വീട്ടിലേക്ക് പാഞ്ഞ
മാങ്കോയിക്കല്‍കുറുപ്പിനെ ശത്രുപക്ഷം വളയുന്നു.അങ്ങേയറ്റം പരിഭ്രാന്തനായി
”..ആരൊണ്ട് എന്നെ സഹായിപ്പാന്‍,ബ്രാഹ്മണനെ രക്ഷിപ്പാന്‍ ? അവര്‍ക്കെന്റെ വസ്തുവും വീടും എല്ലാം “ എന്ന് അലറിവിളിച്ച മാങ്കോയിക്കല്കുറുപ്പിന്
മറുപടിയായി “അടിയന് ലച്ചിപ്പോം “ എന്ന് ആര്ത്ത്കൊണ്ട് ഒരു പുരുഷശബ്ദം
കേട്ടതിനുപിന്നാലെ അടര്‍ക്കളത്തിന്റെ നാലുഭാഗത്ത് നിന്നും ആയുധധാരികളായ ഒട്ടനേകം
പേര് വേലുക്കുറുപ്പിനെയും സംഘത്തെയും വളയുന്നു.
അദ്ധ്യായ കുറിപ്പ് :
1.
ഈ അവസരത്തില്‍ ഇരുവരും മലയാള
അക്ഷരമാലയിലെ തന്നെ അക്ഷരങ്ങളുടെ ക്രമം മാറ്റി വികസിപ്പിച്ച “മൂലഭദ്രീ” എന്ന
രഹസ്യഭാഷയില്‍ സംവദിക്കുന്നത് ശ്രദ്ധേയവും അതീവകൌതുകകരവുമാണ്.
അദ്ധ്യായം 6 :
ആമുഖപദ്യം :
“കൊപിതയമോപദഷാനനനിയോഗത്താല്..”രാമായണം കിളിപ്പാട്ടിലെ വരികള്‍.രാവണന്
രാമസേനാനാശത്തിനായി ലങ്കാസൈന്യത്തെ നിഗ്രഹിക്കുന്നത് സന്ദര്‍ഭം. യുവരാജാവ് മാർത്താണ്ഡവർമ്മയെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നു എന്ന്
സംശയിക്കുന്ന ചാന്നാന്‍ സമുദായക്കാരെയും കണ്ടുപിടിച്ചു ഒന്നാകെ വധിക്കാന്‍
പലവഴിക്ക് ആളെ നിയോഗിക്കുന്ന പപ്പുത്തമ്പിയെ
ചിത്രീകരിക്കുന്ന അദ്ധ്യായത്തിന് യോജിച്ച
ആമുഖപദ്യം.
അഞ്ചാം അദ്ധ്യായത്തിലെ
സംഭവങ്ങള്‍ ( ചാരോട്ടു കൊട്ടാരപരിസരത്തുനിന്ന് രക്ഷപ്പെട്ട് യുവരാജാവ്
മാങ്കോയിക്കല്‍ അഭയം തേടുന്നതും മറ്റും ) നടക്കുന്ന ദിവസം പ്രഭാതം തൊട്ട്
പദ്മനാഭപുരത്ത നടക്കുന്ന സംഭവങ്ങള്‍ ആണ് ഈ അദ്ധ്യായത്തില്‍ പ്രതിപാദ്യം.
പദ്മനാഭപുരം കൊട്ടാരത്തിന്റെ
ഒരു മാളികയുടെ രണ്ടാം നിലയിലുള്ള , തെരുവിന്നഭിമുഖമായ വരാന്തയില്‍ പപ്പുത്തമ്പി
വെളുക്കുറുപ്പിന്റെ നേതൃത്വത്തില്‍ ചാരോട്ടുകൊട്ടാരതിലേക്കയച്ച സംഘത്തിന്റെ
വിവരമറിയാതെ അക്ഷമനായി നടക്കുന്നു; ഒപ്പം സുന്ദരയ്യനും ഉണ്ട്.സുന്ദരയ്യന്‍ ചാരോട്ടുകൊട്ടാരത്തിനു സമീപം
പരമേശ്വരന്‍പിള്ളയെ കണ്ടു എന്ന് പറഞ്ഞത് സത്യം തന്നെയല്ലേ എന്ന് പപ്പുത്തമ്പി
ചോദിക്കുമ്പോള്‍ അതെയെന്നു സുന്ദരയ്യന്‍ ആണയിടുന്നു.ശേഷം സുന്ദരയ്യന്‍ താന്‍
മൂന്നുനാലു ദിവസം മുന്‍പ് ചെമ്പകശ്ശേരിയില്‍ പോയി പാറുക്കുട്ടിയെയും അമ്മയെയും
സന്ദര്‍ശിച്ചതും മറ്റും അതിശയോക്തിയോടെ വിവരിക്കുന്നു. മാളികയില്‍ ക്ഷീണിതനും
നിരാശനുമായി പ്രവേശിച്ച വേലുക്കുറുപ്പ്
ദൗത്യം പരാജയപ്പെട്ടു എന്ന് അറിയിക്കുകയും അതിനു കാരണം മാർത്താണ്ഡവർമ്മ ഇന്ദ്രജാലവിശാരദന് ആയതാണ് പിടിച്ചപ്പോള്‍ എന്നും മുന്‍പ് പലപ്രാവശ്യം വധശ്രമം
അതിജീവിച്ച സന്ദര്‍ഭങ്ങളെ 1 ഉദാഹരിച്ച് സമര്‍ഥിക്കുന്നു. ഇന്ന് കടന്നു
പിടിച്ചപ്പോള്‍ പക്ഷികളായി ഇരുവരം പറന്നുരക്ഷപ്പെട്ട് എന്നും വഴിയില്‍ കണ്ട
ചാന്നാനോട് തിരക്കാന്‍ നിന്നപ്പോള്‍ അവിടമാകെ അമ്പു വര്‍ഷിച്ചു എന്നും വേലുക്കുറുപ്പു
വിവരിക്കുന്നു. .
സംഘര്‍ഷത്തിനിടെ കയ്യില്‍ കിട്ടിയ അമ്പില്‍ ചടച്ചിമാർത്താണ്ഡന്റെ പേര് കണ്ടതോടെ ചടച്ചിയോടും വേലുപ്പിള്ള
കണ്ടു എന്നുപറഞ്ഞ ചാന്നാനോടുമുള്ള
അടങ്ങാത്ത ക്രോധത്തോടെ പപ്പുത്തമ്പി ഇവരെപ്പറ്റി തുമ്പ് ലഭിക്കാനായി
കണ്ണില്‍ കാണുന്ന ചാന്നാന്മാരെ എല്ലാം തന്റെ മുന്നില്‍ കൊണ്ടുവരാന്‍
ആജ്ഞാപിക്കുന്നു.ഉച്ചയോടെ പപ്പുത്തമ്പിയുടെ സന്നിധിയില്‍ എത്തിക്കപ്പെട്ട
ചാന്നാന്മാരെ ഓരോരുത്തരെയായി ചോദ്യം
ചെയ്തതിനു ശേഷം നിര്‍ദ്ദയം തലയറുത്തു കൊല്ലുന്നു.ഭ്രാന്തന് ചാന്നാന്റെ ഊഴം
വന്നപ്പോള്‍ അയാള്‍ നിഷ്കളങ്കനായ ബുദ്ധിസ്ഥിരതയില്ലാത്തവന് ആണെന്ന് തീര്‍ച്ചയാക്കിയ
പപ്പുത്തമ്പി വധിക്കുന്നതിന് പകരം ഇയാളെയും പിന്നാലെ വിചാരണ ചെയ്യപ്പെടുന്ന മറ്റ്
ചാന്നാന്മാരെയും കല്ലറയില്‍ (തുറങ്കലില്‍) അടച്ചാല്‍ മതി എന്ന് ഉത്തരവിടുന്നു (
ഭ്രാന്തന് ചാന്നാന്റെ ഭാഗ്യം കൊണ്ട് അന്നു കാലത്ത് ചാരോട്ടു കൊട്ടാരപരിസരത്തില്
വച്ച് അയാളെ കണ്ട വേല്ക്കാരോ വേലുക്കുറുപ്പോ
വിചാരണ ചെയ്യപ്പെട്ടയവസരത്തില് അവിടെ
സന്നിഹിതരായിരുന്നില്ല) ശേഷം പപ്പുത്തമ്പിയുടെ സന്നിധിയിലേക്ക് കടന്നു വന്ന
വേലുക്കുറുപ്പ് മാർത്താണ്ഡവർമ്മയെ വധിക്കാന്‍
പുതിയ വഴി തെളിഞ്ഞിട്ടുണ്ട് എന്ന് ഉണര്‍ത്തിക്കുകയും സന്ധ്യകഴിഞ്ഞ് രണ്ടു
നാഴിക പിന്നിടുമ്പോഴേക്കും മാങ്കോയിക്കല്‍ എത്തത്തക്കവണ്ണം നൂറ്റന്പത് വേല്‍ക്കാരെ
അധികമായി ഈ ആവശ്യത്തിനായി അവിടേക്ക് അയക്കണമെന്ന് അപേക്ഷിക്കുകയും ചെയ്യുന്നു.
ഇരുട്ട് കല്ലറയില്‍ അടയ്ക്കപ്പെട്ട ഭ്രാന്തന്
ചാന്നാന്‍ അറ പരിശോധിച്ചപ്പോള്‍ നിലത്ത് ഒരു വാതില്‍ കണ്ടെത്തുകയും തുറന്ന്
താഴേക്കിറങ്ങിയപ്പോള്‍ വിപുലമായൊരു ഗുഹാമാര്ഗ്ഗശൃംഖലയുടെ കവാടമായിരുന്നു അതെന്ന്
മനസ്സിലാക്കുകയും ചെയ്യുന്നു.ചാരോട്ടു കൊട്ടാരത്തിലേക്ക് ഒരു ഗുഹാമാര്‍ഗ്ഗം
ഉണ്ടെന്ന് കേട്ടറിവുള്ള അയാള്‍ ആ മാര്‍ഗ്ഗം ഇത് തന്നെ എന്ന അനുമാനത്തില്‍
പുറത്തേക്കുള്ള വഴി കണ്ടെത്താനായി
മണിക്കൂറുകള്‍ ശ്രമിക്കുന്നു.ഒടുവില്‍ താന്‍ കല്ലറയില്‍ നിന്ന് ഇറങ്ങിയ
മുറി പോലുള്ള ഒന്നിന്റെ മച്ചിലെ വാതില്‍ തുറന്ന് കയറിയത് ചാരോട്ട് കൊട്ടാരത്തിന്റെയുള്ളിലാണ് എന്നും
സമയം സന്ധ്യകഴിഞ്ഞു എന്നും മനസ്സിലാക്കിയ
അയാള്‍ നടന്ന് മാങ്കോയിക്കല്‍ വീടിന്
സമീപപ്രദേശത്ത് തമ്പിയുടെ ക്രൂരകൃത്യത്തില്‍ നടുങ്ങി പലായനം ചെയ്ത് കൂടിയാലോചനയില്‍
മുഴുകിയ ചാന്നാന്മാരുടെ സംഘത്തില്‍
ചേരുന്നു. മാങ്കോയിക്കല്‍ വീട്ടുപരിസരത്ത് തീയാളുന്നത് ശ്രദ്ധയില്‍പെട്ട ഭ്രാന്തന്
ചാന്നാന്‍ (ഇതിനോടകം ഈ കഥാപാത്രത്തിന് യഥാര്‍ത്ഥത്തില്‍ ഭ്രാന്ത് ഇല്ല എന്ന്
വായനക്കാര്‍ക്ക് മനസ്സിലാകുന്നു.) ചാന്നാന്‍ സംഘത്തെ മാങ്കോയിക്കലേക്ക്
നയിക്കുന്നു.തുടര്‍ന്നാണ് കഴിഞ്ഞ അദ്ധ്യായത്തിന്റെ അവസാനം സൂചിപ്പിച്ചത് പോലെ
”..ആരൊണ്ട് എന്നെ സഹായിപ്പാന്‍,ബ്രാഹ്മണനെ രക്ഷിപ്പാന്‍ ? അവര്‍ക്കെന്റെ വസ്തുവും വീടും എല്ലാം “ എന്ന് അലറിവിളിച്ച മാങ്കോയിക്കല്കുറുപ്പിന്
മറുപടിയായി “അടിയന് ലച്ചിപ്പോം “ എന്ന് “ഭ്രാന്തന് ചാന്നാന്‍ “ അലറുന്നതും അടര്‍ക്കളത്തിന്റെ
നാലുഭാഗത്ത് നിന്നും ആയുധധാരികളായ ഒട്ടനേകം ചാന്നാന്മാര് വേലുക്കുറുപ്പിനെയും സംഘത്തെയും വളയുന്നതും .
അദ്ധ്യായ കുറിപ്പ് :
1.
കള്ളിയങ്കാട്ട് വച്ച്
ബ്രാഹ്മണന്റെ വേഷത്തില്‍ കടന്നു കളഞ്ഞത്, പനത്തറപൊഴിയില് വച്ച് പാതിരാത്രി കരകവിഞ്ഞു കിടന്ന
ആറ്റുവെള്ളത്തിന്റെ മീതേക്കൂടി രക്ഷപ്പെട്ടത് ,പെരുന്കടവിള വച്ച്
ഈഴവസമുദായസ്ഥന്റെ വീട്ടില്‍ കടന്ന് അപ്രത്യക്ഷനായത് , നെടുമങ്ങാട്ട് കോട്ടയ്ക്കകത്ത്വീട്ടില് നിന്ന് “പറന്നുകളഞ്ഞത് “ എന്നീ
സംഭവങ്ങള്‍ ആണ് യുവരാജാവിന്റെ ജാലവിദ്യയെ ഉദാഹരിക്കാന്‍ വേലുക്കുരുപ്പു
നിരത്തുന്നത് . യഥാര്‍ത്ഥത്തില്‍ ഈയവസരങ്ങളിലൊക്കെ യുവരാജാവിനോടുള്ള
ഭക്തിസ്നേഹവാത്സല്യങ്ങള് നിമിത്തം സാധാരണക്കാര്‍ അദ്ദേഹത്തെ രക്ഷിച്ചുപോന്നതാണ്.
അദ്ധ്യായം 7 :
ആമുഖപദ്യം : “അങ്ങോട്ടുപോകിലനലിങ്ങോട്ടുപോകിലനല്..”ഹരിശ്ചന്ദ്രചരിതം ആട്ടക്കഥയില്‍
കാട്ടുതീയില്‍ പെട്ട ഹരിശ്ചന്ദ്രന്റെ അവസ്ഥ വിവരിക്കുന്ന ഭാഗം.തമ്പിയുടെ ആള്‍ക്കാരാല്‍ മാങ്കോയിക്കല്‍ വീട്
അഗ്നിക്കിരയാക്കപ്പെട്ടപ്പോള്‍ ഉള്ളില്‍ പെട്ടുപോയ മാർത്താണ്ഡവർമ്മയെ ചിത്രീകരിക്കുന്ന
അദ്ധ്യായത്തിന് യോജിച്ച ആമുഖം .
മാങ്കോയിക്കല്‍ ദഹനം നടന്ന രാത്രിയിലെ തുടര്‍സംഭവങ്ങള്‍ ( അഞ്ച്, ആറു അധ്യായങ്ങളുടെ നേര്‍തുടര്‍ച്ച
)
പദ്മനാഭപുരം കൊട്ടാരത്തിന്റെ
വരാന്തയില്‍ തമ്പിയുമായുള്ള
കൂടിക്കാഴ്ചയ്ക്ക് ശേഷം വേലുക്കുറുപ്പു അവശേഷിച്ച ചാന്നാന്മാരില് നിന്ന്
വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചു നടക്കുന്നതിനിടയില്‍ തന്നില്‍ നിന്ന് ഒളിക്കാന്‍
ശ്രമിച്ച ഒരു പറയസമുദായസ്ഥനെ കാണുകയും അവനില്‍ നിന്ന് മാങ്കോയിക്കല്‍ ഒരു
ബ്രാഹ്മണവേഷധാരി എത്തിയിട്ടുണ്ട് എന്നും അദ്ദേഹത്തിന്റെ സുരക്ഷയുടെ ഭാഗമായി താന്‍
ഉള്‍പ്പടെ അനേകം പറയസമുദായ്സ്ഥരെ വിന്യസിച്ചിട്ടുണ്ട് എന്നും അറിയുന്നു; ഈ വിവരത്തിന്റെ
അടിസ്ഥാനത്തിലാണ് മാങ്കോയിക്കല്‍ എത്തിയ ബ്രാഹ്മണവേഷധാരി യുവരാജാവാണ് എന്ന്
അനുമാനിച്ച വേലുക്കുറുപ്പു തിരിച്ചു പപ്പുത്തമ്പിയുടെ പക്കല്‍ ചെന്ന് നൂറ്റന്പതു വേല്‍ക്കാരെ വിട്ടയക്കണം എന്ന് പപ്പുത്തമ്പിയോട് അപേക്ഷിച്ചത് എന്ന്
വായനക്കാര്‍ക്ക് ഈ ഘട്ടത്തില്‍
മനസ്സിലാകുന്നു. സര്‍വ്വസന്നാഹങ്ങളുമായി മാങ്കോയിക്കലിനു സമീപപ്രദേശത്തു തമ്പടിച്ച വലുക്കുറുപ്പിന്റെ സൈന്യം തങ്ങള്‍
മാങ്കോയിക്കല്‍ കുറുപ്പാല്‍ നിയോജിതരാണെന്ന് പദ്മനാഭാപുരത്തെയും
പരിസരപ്രദേശങ്ങളിലെയും വിവരങ്ങള്‍ അറിയാന്‍ നിയോജിതനായ മാങ്കോയിക്കല്‍ കുറുപ്പിന്റെ
അനന്തരവനെ തെറ്റിദ്ധറിപ്പിച്ചു എന്നും
ഇയാള്‍ തന്റെ അമളി വളരെ വൈകി
മാത്രം തിരിച്ചറിഞ്ഞതിനാലാണ് ശത്രുസേനയുടെ ആഗമനം
മാങ്കോയിക്കല്‍ അറിയാന്‍ വൈകിയത് എന്നും വായനക്കാര്‍ മനസ്സിലാക്കുന്നു.
“ഭ്രാന്തന് ചാന്നാന്‍” യുദ്ധഭൂമിയില്‍ എത്തിയ ഉടനെ മാങ്കോയിക്കല്‍ കുറുപ്പ്
അയാളോട് മറ്റേതോ ഭാഷയില്‍ എന്തോ ഉച്ചത്തില്‍ വിളിച്ചു പറയുകയും ഇത് കേട്ട അയാള്‍
തന്റെ വഴിക്കു നിന്ന വേല്‍ക്കാരെ വെട്ടി വീഴ്ത്തി അറപ്പുര ഭാഗത്തേക്ക് ഓടുകയും
ചെയ്യുന്നു.പുരപ്പുറത്തു കയറിയ“ഭ്രാന്തന് ചാന്നാന്‍” തീയാളുന്ന അറപ്പുരയുടെ
തട്ടിന്‍മുകളിലൂടെ ഊഴ്ന്നു യുവരാജാവും പരമേശ്വരന് പിള്ളയും ഒളിച്ചുനിന്ന
അറപ്പുരമുറിയുടെ അകത്തേക്ക് ഊഴ്ന്നിറങ്ങുന്നു. ഈ സമയം യുവരാജാവ് അത്യുഷ്ണം കാരണം
സ്തംഭനാവസ്ഥയില്‍ ആയ പരമേശ്വരന് പിള്ളയെ തന്റെ രണ്ടാം മുണ്ട് കൊണ്ട് വീശി
പരിചരിക്കുകയായിരുന്നു. തട്ടിന്മുകളില് നിന്ന് സംഘടിപ്പിച്ച ഒരു കോടാലി കൊണ്ട്
അറപ്പുരവാതില്‍ തകര്‍ത്ത “ഭ്രാന്തന് ചാന്നാന്‍”
യുവരാജാവിനെയും പരമേശ്വരന് പിള്ളയേയും പുറത്തേക്ക് ആനയിക്കുന്നു. ക്ഷീണിതനായ പരമേശ്വരന് പിള്ളയും പരമേശ്വരന്
പിള്ളയുടെ വാള് കൊണ്ട് “ഭ്രാന്തന് ചാന്നാനും ” തന്റെ തന്നെ വാള് കൊണ്ട്
യുവരാജാവും തങ്ങളുടെ വഴിയില്‍ നിന്ന വേല്‍ക്കാരെ വെട്ടി വീഴ്ത്തി അറപ്പുരമുറ്റം കടന്നു മുന്നോട്ടു
ഗമിക്കവേ യുവരാജാവിനെ ദൂരെ നിന്നു കണ്ട വേലുക്കുറുപ്പ് യുവരാജാവിനെ വളയാന്‍ തന്റെ
സേനയ്ക്ക് ആഹ്വാനം കൊടുത്തു.
പദ്മവ്യൂഹത്തിമ ല്‍ പെട്ട യുവരാജാവ് അതിസാഹസികമായി തന്നെ ചുറ്റിയ വേല്‍ക്കാരെ
തടുത്തു നിന്ന് എങ്കിലും സമയം നീങ്ങവേ അപകടാവസ്ഥ തിരിച്ചറിഞ്ഞ മാങ്കോയിക്കല്‍
കുറുപ്പും പരമേശ്വരന് പിള്ളയും അത്യാശങ്കാകുലരായി . പൊടുന്നനെ യുദ്ധമുഖത്തിലേക്ക്
അതിനാടകീയമായി പ്രത്യക്ഷപ്പെട്ട
“ഭ്രാന്തന് ചാന്നാന്‍” അതിസാഹസികമായ കളരിമുറകളിലൂടെ പദ്മവ്യൂഹം തീര്‍ത്ത വേല്‍ക്കാരെ
നേരിടുവാന്‍ യുവരാജാവിന് തുണയേകുകയും എതിരു നിന്ന വേലുക്കുറുപ്പിന്റെ ഒരു ചെവി
അറത്ത്ത എടുക്കുകയും ചെയ്യുന്നു.
വേലുക്കുറുപ്പിന്റെ സേനയുടെ പുതുസംഘം യുദ്ധമുഖത്തെത്തിയത് ഭീതിയിലാഴ്ത്തിയ
യുവരാജപക്ഷത്തിനു ആശ്വാസമേകിക്കൊണ്ട് മാങ്കോയിക്കല്‍ കുറുപ്പിന്റെ കളരിശിഷ്യരുടെ
സൈന്യം തുണയ്ക്ക് എത്തുന്നു.വൈകാതെ യുദ്ധം യുവരാജപക്ഷതിന് അനുകൂലമാകുന്നു. ആയുധം
വച്ച് കീഴടങ്ങിയ വേലക്കാര്‍ക്ക് യുവരാജാവ് അഭയം കൊടുക്കുന്നു. വേലുക്കുറുപ്പിനെയും
അവശേഷിച്ച വേൽക്കാരെയും യുവരാജപക്ഷം കെട്ടിയിടുന്നു.
തന്നെ സഹായിച്ച " ഭ്രാന്തൻ ചാന്നാനെ" തിരഞ്ഞ യുവരാജാവ് അയാൾ അപ്രത്യക്ഷനായി എന്ന് തിരിച്ചറിയുന്നു.
അദ്ധ്യായം 8
ആമുഖ പദ്യം : “നീതിനിഗമാഗാമസാഗരസാരവേടിയാകുന്ന ..” രാവണവിജയം ആട്ടക്കഥയില്‍
കുബേരദൂതനെ വധിച്ച രാവണനോട് മേലില്‍ ഇത്തരം ക്രൂരതകള്‍ ചെയ്യരുതേ എന്ന് വിഭീഷണന്
ഉപദേശിക്കുന്ന ഭാഗം;സാധുക്കളായ ചാന്നാന്മാരെ
നിഷ്കരുണം വധിക്കുന്ന പപ്പുത്തതമ്പിയെ ബഹുമാന്യനായ ഒരു വ്യക്തി ശാസിക്കുന്നത്
ചിത്രീകരിക്കുന്ന അദ്ധ്യായത്തിന് അനുയോജ്യമായ ആമുഖം .
മാങ്കോയിക്കൽ ദഹനം നടന്ന രാത്രയിൽ പദ്മനാഭപുരം കൊട്ടാരത്തിൽ നടക്കുന്ന സംഭവവികാസങ്ങൾ .
മാർത്താണ്ഡവർമ്മ മാങ്കോയിക്കൽ ഉണ്ടെന്ന് വേലുക്കുറുപ്പ് കണ്ടെത്തിയതും അദ്ദേഹത്തെ
വധിക്കാനായി ഏർപ്പെടുത്തിയ വിപുലമായ സന്നാഹങ്ങളും പപ്പുതമ്പിയിൽ വിജയപ്രതീക്ഷ വാനോളം വളർത്തുന്നു. സുന്ദരയ്യ -സമേതനായി മദ്യം, കഞ്ചാവ് തുടങ്ങിയവ സേവിച്ചും വെടി പറഞ്ഞും
ആഘോഷരാവാക്കുന്ന പപ്പുത്തമ്പി ഒരു വേള വേശ്യാഗൃഹം പൂകാൻ പുറപ്പെടുന്നുവെങ്കിലും പകൽ താൻ വധിച്ച ചാന്നാന്മാരുടെ രക്തം തളം കെട്ടിയത് ചവിട്ടിയത് ദുർലക്ഷണമാണ് എന്ന് കണക്കുകൂട്ടി പോകേണ്ട എന്ന് വയ്ക്കുന്നു.
രംഗത്തേക്ക് അമ്പത് വയസ്സോളം പ്രായം വരുന്ന , ഗംഭീരനായ ഒരു പുരുഷൻ കടന്നു വരുന്നതോടെ ഭയന്നിട്ടെന്നോണം സുന്ദരയ്യൻ മാറി നിൽക്കുന്നു. ആദ്യം വളരെ അമ്പരന്നു
നിശ്ശബ്ദത പൂകlയ തമ്പി മാർത്താണ്ഡവർമ്മയെ ഭയന്നിട്ടാണോ രണ്ട് വർഷമായി തന്നെ ആഗതൻ സന്ദർശിക്കാത്തത് എന്ന് ചോദിച്ച് സംഭാഷണത്തിന് തുടക്കമിടുന്നു. മാർത്താണ്ഡവർമ്മ തമ്പി ഉദ്ദേശിക്കുന്നതുപോലെ
ഒരു ദുഷ്ട ബുദ്ധി അല്ല എന്ന് തനിക്ക് ബോധ്യമുണ്ട് എന്നും എന്നാൽ
മാർത്താണ്ഡവർമ്മയെപ്പറ്റി തമ്പി പറഞ്ഞതിന്റെ
പൊരുൾ അറിയുക എന്നതാണ് തന്റെ ആഗമനോദ്ദേശം എന്നും ആഗതൻ പറയുന്നു. ജനങ്ങൾ പരക്കെ പറയുന്ന കഥ സുന്ദരയ്യൻ പറഞ്ഞുള്ള കേട്ടറിവ് മാത്രമേ തനിക്കുള്ളൂ എന്നും അത്
സുന്ദരയ്യന്റെ നാവിൽ നിന്ന് നേരിട്ട് ശ്രവിച്ചുകൊള്ളൂ എന്നും പറഞ്ഞ്
സുന്ദരയ്യനെ തമ്പി അരികിലേക്ക് വിളിക്കുന്നു. സുന്ദരയ്യനൊപ്പം മുറിക്കു പുറത്തു പോയി അല്പസമയം സംസാരിച്ച ശേഷം
തിരികെ വരുന്ന ആഗതൻ താൻ മുൻപ് കേട്ടത് തന്നെയാണ് സുന്ദരയ്യൻ പറയുന്നത് എന്നും എന്തെങ്കിലും
തെളിവ് കിട്ടിയാൽ ചോദിക്കും എന്നും കൂടുതൽ വിവരങ്ങളറിയാൻ ചടച്ചി മാർത്താണ്ഡൻപിളളയെ കിഴക്കോട്ട് അയച്ചിട്ടുണ്ട്
എന്നും പറയുന്നു. ചടച്ചി അന്ന് കാലത്ത് തങ്ങൾക്ക് വിരുദ്ധമായി ഒരു ഭ്രാന്തൻ ചാന്നാനെ സഹായിച്ചു എന്ന്
പറഞ്ഞ പപ്പുത്തമ്പിയോട് അത് ചടച്ചിയ്ക്ക് ആ ചാന്നാനോട് പ്രത്യേക കടപ്പാട്
ഉണ്ടായിരുന്നത് കൊണ്ടാകാം എന്ന് ആഗതൻ അരുളുന്നു .
ശേഷം അന്ന് പകൽ സാധു ചാന്നാന്മാരെ നിഷ്കരുണം കൊല്ലാൻ പ്രേരിപ്പിച്ച ക്രൗര്യത്തെയും മാങ്കോയിക്കൽ ആക്രമിക്കാൻ വേൽക്കാരെ അയച്ചതിലൂടെ അതിശക്തനായ ഒരു എതിരാളിയെ സൃഷ്ടിച്ച
വീണ്ടുവിചാരമില്ലായ്മയെയും ആഗതൻ നിശിതമായി വിമർശിക്കുന്നു.
മാങ്കോയിക്കൽ യുദ്ധത്തിൽ പപ്പുത്തമ്പിയുടെ സൈന്യം
പരാജയപ്പെട്ടതായി ഒരു വേൽക്കാരൻ വന്ന് അറിയിക്കുന്നു. മാങ്കോയിക്കൽ പരദേവത ഒരു ചാന്നാന്റെ വേഷത്തിൽ പ്രത്യക്ഷപ്പെട്ട് യുദ്ധം യുവരാജപക്ഷത്തിന് അനുകൂലമാക്കി
എന്നതായിരുന്നു വേൽക്കാരന്റെ ഭാഷ്യം.
യുവരാജപക്ഷത്തെ സഹായിച്ച ഈ ചാന്നാന്റെ വിവരണത്തിൽ നിന്ന് "ഭ്രാന്തന്" തടവറയിൽ നിന്ന് രക്ഷപ്പെട്ടു എന്ന്
ഗ്രഹിച്ച തമ്പി അയാളെ കൊല്ലാതെ വിട്ടതോർത്ത് പശ്ചാത്തപിക്കുന്നു. താൻ ആത്മരക്ഷയ്ക്കായി ആണ് മാങ്കോയിക്കൽ ആക്രമണങ്ങളും മറ്റും ആസൂത്രണം ചെയ്തു വരുന്നത് എന്നും തന്നെ ഈ ഘട്ടത്തിൽ സഹായിക്കണം എന്നും ആഗതനോട് അപേക്ഷിക്കുന്നു. യുവരാജാവിനെ
കുറിച്ച് സുന്ദരയ്യൻ ഉൾപ്പടെയുള്ളവർ പറഞ്ഞു കേട്ടത് സത്യമാണെങ്കിൽ തമ്പിയെ സഹായിക്കാം എന്ന് ആഗതൻ വാക്കു കൊടുക്കുന്നു.
ആഗതൻ പോയശേഷം സുന്ദരയ്യൻ പാറുകുട്ടിയെ സംബന്ധം
ചെയ്യുക വഴി എട്ടുവീടരും , ഇന്നത്തെ സംഭാഷണത്തോടെ ഇപ്പോള്‍ പോയ ആളും ഒപ്പം ഉണ്ടാകും എന്നും തന്റെ ഉപദേശത്തിനനുസരിച്ച് തുടർന്നും പ്രവർത്തിച്ചാൽ സിംഹാസനം നിശ്ചയമായും ലഭിക്കുമെന്നും ഉറപ്പ് കൊടുത്ത് തമ്പിയെ സമാശ്വസിപ്പിക്കുന്നു.
ശേഷം സുന്ദരയ്യൻ ഒരു കൊട്ടാരോദ്യോഗസ്ഥന് പത്തുപേരടങ്ങിയ വാൾപ്പടയുമായി എങ്ങോട്ടോ പുറപ്പെടാൻ അതിരഹസ്യമായി ആജ്ഞ കൊടുക്കുന്നു.
അദ്ധ്യായം 9
ആമുഖ പദ്യം: "ശൈശവം തുടങ്ങി ഞാനും ആശയേ ഉറച്ചു.. "
അശ്വതിതിരുനാളിന്റെ രുഗ്മിണീ സ്വയംവരം ആട്ടക്കഥയിലെ വരികൾ . കൃഷ്ണനെ മനസ്സാവരിച്ച
രുഗ്മിണിയെ അവളുടെ സഹോദരൻ ശിശുപാലന് വിവാഹം ചെയ്തു
കൊടുക്കാൻ ഉദ്യമിക്കുന്ന സന്ദർഭം . അനന്തപദ്മനാഭനെ
മനസ്സാവരിച്ച പാറുക്കുട്ടിയെ അവളുടെ അമ്മ പപ്പുത്തമ്പിയെക്കൊണ്ട് സംബന്ധം
ചെയ്യിക്കാൻ ഉദ്യമിക്കുന്നത്
ചിത്രീകരിക്കുന്ന അദ്ധ്യായത്തിന് ഉചിതമായ ആമുഖം.
പശ്ചാത്തലം: മാങ്കോയിക്കൽ ദഹനം കഴിഞ്ഞ് ഒരാഴ്ച
പിന്നിടുമ്പോൾ തിരുവനന്തപുരം നഗരം.
യുവരാജാവും പപ്പുത്തമ്പിയും തിരുവനന്തപുരത്ത് അവരവരുടെ മാളികകളിലേക്ക്
തിരിച്ചെത്തി കഴിഞ്ഞു വരുന്നു. മഹാരാജാവിന് രോഗം മൂർച്ഛിക്കുന്നു. കൊട്ടാരം നിവാസികൾ ദു:ഖാചരണം തുടങ്ങിയ മട്ടിൽ.
ചെമ്പകശ്ശേരിയിൽ തന്റെ മകൾക്ക് കൈവരാൻ പോകുന്നു എന്ന് കണക്കുകൂട്ടിയ സൗഭാഗ്യത്തെ ഓർത്ത് കർത്ത്യായനിയമ്മ അത്യുത്സാഹവതി
ആയി കാണപ്പെടുന്നു. വീടും പരിസരവും സദാ
അണിയിച്ചൊരുക്കാനും ദിവസവും ചെമ്പകശ്ശേരി സന്ദർശിച്ചു വരുന്ന സുന്ദരയ്യനെ സ്വീകരിച്ച് സൽക്കരിക്കാനും പ്രത്യേകം
ശ്രദ്ധിക്കുന്നു.
പാറുക്കുട്ടിക്ക് അമ്മയുടെ പദ്ധതിയിൽ സന്തോഷമാണെന്ന്
തോന്നുന്നുവല്ലോ എന്ന് അഭിപ്രായപ്പെടുമ്പോൾ തന്റെ അമ്മ തന്നെ മനസ്സിലാക്കാതെ
സ്നേഹരഹിതമായി ഇവ്വിധമെല്ലാം പ്രവർത്തിക്കുന്നത് തന്നെ അങ്ങേയറ്റം വേദനിപ്പിക്കുന്നു എന്നും
അമ്മയോട് തർക്കിച്ചിട്ട് കാര്യമില്ല എന്നും വിധി ഇതായിരിക്കാം എന്നും മറ്റും വളരെയധികം വിഷണ്ണയായി പാറുക്കുട്ടി പ്രതിവചിക്കുന്നു.
രംഗത്തേക്ക് കടന്നു വന്ന കാർത്ത്യായനിയമ്മയോട് ഉടക്കി
ശങ്കുവാശാൻ അവിടം
വിട്ടു. ഉടുത്തൊരുങ്ങി നിൽക്കാത്തതിന് മകളെ ശകാരിച്ചതിനുശേഷം കാർത്ത്യായനിയമ്മ സന്തോഷത്തോടെ അവളോട് വീട് സന്ദർശിച്ച ഒരു കോടാങ്കി കുടുംബത്തെപ്പറ്റിയുള്ള വിവരങ്ങളൊക്കെ തെറ്റാതെ പറഞ്ഞശേഷം
പാറുക്കുട്ടിക്ക് വൈകാതെ ഒരു മഹാഭാഗ്യം കൈവരും എന്ന് പ്രവചിച്ചു എന്ന്
പറയുന്നു.ശേഷം യുവരാജാവ് കിഴക്കൊരു വീട് (മാങ്കോയിക്കൽ ഉദ്ദേശിച്ചു കൊണ്ട് ) ചുട്ടെരിച്ചു എന്നും പപ്പുത്തമ്പിയുടെ വേൽക്കാരെ കൊന്നു എന്നും പറയുന്നതിനെ
കേട്ടിടത്തോളം ഇത്തരം അതിക്രമങ്ങൾക്ക് പിന്നിൽ യുവരാജാവാകില്ല, തമ്പിയാകും എന്ന് പറഞ്ഞ്
പാറുക്കുട്ടി ഖണ്ഡിക്കുന്നു. അപ്പോൾ അവിടേക്കു കടന്നുനു വന്ന
ചെമ്പപകശ്ശേരി മൂത്തപിള്ള (കാരണവർ ) തിരുമുഖത്ത്് പിള്ളയുടെ
എഴുത്ത് എന്ന് പറഞ്ഞ് തന്റ
സഹോദരി കാർത്യായനിയമ്മയ്ക്ക് ഒരു ഓല കൈമാറുന്നു. എഴുത്തിന്റെ ഉള്ളടക്കം വായിച്ച അവർ ആദ്യം വ്യസനിക്കുന്നുവെങ്കിലും ക്ഷണനേരം കൊണ്ട്
പ്രസന്നതയോടെ "ഇതാ - ഇനിയോ?" എന്ന് ചോദിച്ചു കൊണ്ട് പാറുക്കുട്ടിയ്ക്ക് എഴുത്ത് കൈമാറുന്നു. എഴുത്തു വായിച്ച പാറുക്കുട്ടി സ്തബ്ധയായി
" ശുദ്ധ കളവാണ് " എന്ന് പറഞ്ഞ് അത് ദൂരേക്കെറിയുന്നു . തന്റെ മകളുടെ
അവിശ്വാസത്തെക്കുറിച്ചോർത്തു വിഷമത്തോടെ കർത്യായനിയമ്മ രംഗം വിടുന്നു.
അദ്ധ്യായം 10
ആമുഖ പദ്യം: " ശൃണു സുമുഖി! ."
ആദ്ധ്യാത്മരാമായണം സുന്ദരകാണ്ഡത്തിൽ അഴകിയരാവണൻ രാമപത്നി സീതയോട് പ്രണയാഭ്യർത്ഥന നടത്തുന്ന സന്ദർഭം . അനന്തപദ്മനാഭനെ
മനസ്സാവരിച്ച പാറുക്കുട്ടിയോട് പപ്പുത്തമ്പി
പ്രണയാഭ്യർത്ഥന നടത്തുന്നത്
ചിത്രീകരിക്കുന്ന അദ്ധ്യായത്തിന് ഉചിതമായ ' ആമുഖം.
മുന്നദ്ധ്യായത്തിന്റെ പിന്തുടർച്ച.
പപ്പുത്തമ്പിയുടെ സംബന്ധാലോചന
സുന്ദരയ്യൻ ചെമ്പകശ്ശേരി മൂത്തപിള്ളയ്ക്ക് സമക്ഷം വയ്ക്കുന്നു. സന്തോഷത്തോടെ സമ്മതമരുളിയതോടെ പിറ്റേന്ന്
പപ്പുത്തമ്പിയെ വരവേൽക്കാൻ ചെമ്പകശ്ശേരി ( പാറുക്കുട്ടിയും ശങ്കുവാശാനും ഒഴിച്ച് ) ഒരുങ്ങുന്നു. തന്നെ
സന്ദർശിച്ച അമ്മയോട്
സംബന്ധാലോചന ഇത്ര വേഗം പുരോഗമിക്കും എന്ന് താൻ നിനച്ചില്ല എന്നും
പപ്പുത്തമ്പിയെപ്പറ്റി കേട്ടറിഞ്ഞിടത്തോളം തനിക്ക് തീരെ മതിപ്പില്ല എന്നും
തമ്മിൽ ചേരില്ല എന്നും പാറുക്കുട്ടി തീർത്തു പറയുന്നു. സ്വതവേ ശാന്തപകൃതത്തിനുടമയായ തന്റെ മകൾ പ്രകടിപ്പിച്ച നിശ്ചയദാർഢ്യം കാർത്ത്യയനിയമ്മയെ അമ്പരിപ്പിക്കുകയും നടുക്കുകയും ചെയ്യുന്നു. കോപത്തിൽ അറപ്പുരയിൽ നിന്ന് പുറത്തേക്കിറങ്ങിയ കാർത്ത്യയനിയമ്മയ്ക്ക് പിന്നാലെ പാറുക്കുട്ടി
വാതിലടയ്ക്കുന്നു.
അത്യാഡംബരത്തോടെ എഴുന്നള്ളിയ
പപ്പുത്തമ്പയെ ചെമ്പകശ്ശേരിയിൽ ഗംഭീരമായി സൽക്കരിക്കുന്നു. പാറുക്കുട്ടി വാതിലടച്ചിരിക്കുകയാണ്
എന്നറിഞ്ഞ മൂത്തപിള്ള അറപ്പുര വാതിൽക്കൽ എത്തി മനസ്സില്ലാമനസ്സോടെ ( അമ്മാവൻ എന്നുള്ള നിലയിൽ താൻ ചെയ്യുന്നത് തെറ്റാണ് എന്ന
ബോധ്യവും കുടുംബത്തിന്റെ ഭാവിയെക്കുറിച്ചുള്ള അഭിലാഷ-ആശങ്കകളും കൊമ്പ് കോർത്ത് കലുഷിതമായ മനസ്സോടെ) തമ്പി കാണാൻ വരുമ്പോൾ വാതിലടച്ചിരിക്കരുത് എന്നും കുടുംബത്തിന് അപമാനം വരുത്തി
വയ്ക്കരുത് എന്നും പറയുന്നു.
ൈവകുന്നേരം പാറുക്കുട്ടിയെ സന്ദർശിക്കാനണഞ്ഞ പപ്പുത്തമ്പി ദർശനമാത്രയിൽ തന്നെ അവളിൽ മോഹിതനാകുന്നു. പലതും ചോദിച്ച്
അടുക്കാൻ ഉള്ള
ശ്രമങ്ങളെ ഒറ്റ വാക്യത്തിൽ ഉത്തരമേകി പാറുക്കുട്ടി പ്രതിരോധിക്കുന്നു. ഒടുവിൽ തന്റെ വിടത്വം മുഴുവൻ പുറത്തെടുത്ത് അവളുടെ അംഗസൗന്ദര്യത്തെ വിശദമായി വർണ്ണിക്കാൻ തുടങ്ങിയപ്പോൾ പാറുകുട്ടി അസഹനീയതയോടെ
ചെവിപൊത്തി നിൽക്കുകയും , ചെവിയിൽ നിന്ന് കൈകൾ വിടുവിക്കാനായി പപ്പുത്തമ്പി
തന്നെ സ്പർശിച്ചപ്പോൾ അവിടെ നിന്ന് പുറത്ത് പോവുകയും
ചെയ്യുന്നു. അമ്പരപ്പ് പൂണ്ട് പൂമുഖത്തേക്ക് മടങ്ങിയ പപ്പുത്തമ്പി തന്റെ ഉദ്ദേശം
സാധിച്ചു എന്ന് ഭാവിക്കുന്നു.
തന്റെ മാളികയിലേക്ക് മടങ്ങിയ പാറുക്കുട്ടി അറുമുഖത്തുപിള്ളയുടെ എഴുത്തിന്റെ
ഉള്ളടക്കം , അനന്തപത്മനാഭന്റെ വിയോഗം , തന്റെ അമ്മയും അമ്മാവനും തനിക്കിഷ്ടമല്ലാത്ത ബന്ധത്തിന് നിർബന്ധിക്കുന്നത്, തമ്പിയുടെ വിടത്വം തുടങ്ങിയ
ചിന്തകളാൽ തപിക്കുന്നു. അർദ്ധനിദ്രാവസ്ഥയിൽ ശരീരം പനിച്ചു തളർന്നതു പോലെയും ഓർമ്മ മറയുന്നത് പോലെയും ഈ അവസ്ഥയിൽ ഒരു പുരുഷരൂപം തന്നെ സ്പർശിക്കാൻ ഭാവിച്ചപ്പോൾ മറ്റൊരു പുരുഷരൂപം ആദ്യത്തെ രൂപത്തിനെ ബലമായി വലിച്ചിഴച്ച്
മാളികയ്ക്ക് വെളിയിൽകൊണ്ടുപോയതായും മടങ്ങി വന്ന രണ്ടാമത്തെ പുരുഷരൂപം തന്നെ
സ്നേഹത്തോടെ തഴുകി കണ്ണുനീർ പൊഴിച്ച ശേഷം മറഞ്ഞതായും അവൾക്കു തോന്നുന്നു.
സൂര്യോദയത്തിന് മുമ്പ് തന്നെ തമ്പിയും പരിവാരങ്ങളും മടങ്ങുന്നു.പാറുക്കുട്ടി
ഉണരാൻ വൈകുന്നതെന്തെന്ന് അന്വേഷിക്കാൻ അറപ്പുരയിലെത്തിയ കാർത്യായനിയമ്മ " എന്റെ
പൊന്നു മകളേ- എന്നെ ഇട്ടേച്ചുപോയോ തങ്കം..." എന്നും മറ്റും അലമുറയിടുന്നു.
അദ്ധ്യായം 11
ആമുഖപദ്യം : “ മാർത്താണ്ഡാലയ രാമനാ മഠം
കുളത്തൂരും കഴക്കൂട്ടവും വെങ്ങാനൂരഥ ചെമ്പഴന്തി കുടമണ് പള്ളിച്ചലെന്നിങ്ങനെ..”
1884-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട “ശ്രീവീരമാർത്താണ്ഡവര്‍മ്മചരിതം “
ആട്ടക്കഥയിലെ വരികള്‍. എട്ടുവീട്ടില്‍ പിള്ളമാരെ
അവതരിപ്പിക്കുന്ന അദ്ധ്യായത്തിന് യോജിച്ച
ആമുഖപദ്യം.
തമ്പി ചെമ്പകശ്ശേരിയില്‍ താമസിച്ചതിന്റെ പിറ്റേന്ന് രാത്രി കുടമണ് പിള്ളയുടെ
അനന്തരവള്‍ സുഭദ്ര താമസിക്കുന്ന ഭവനം പശ്ചാത്തലം.
തിരുവനന്തപുരം
പദ്മനാഭസ്വാമീക്ഷേത്രത്തിന്റെ ഒരു നാഴിക കിഴക്ക് “ആണ്ടിയിറക്കം” (ഇന്നത്തെ
“കരമന”യ്ക്ക് സമീപമുള്ള പ്രദേശം; പദ്മനാഭസ്വാമീക്ഷേത്രത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി
തിരുമലഭാഗത്ത് നിന്ന് കൊണ്ടുവന്ന കല്ല് ഏറ്റിയ ആനവണ്ടി ഇവിടത്തെ ഇറക്കത്തില്‍ പിടികിട്ടാതെ നീങ്ങി
എന്നും ഒരു ആണ്ടിയുടെ വേഷത്തില്‍ വന്ന
ശ്രീപദ്മനാഭന് ആണ് ദുരന്തം ഒഴിവാക്കിയതും എന്ന് ഐതിഹ്യം.) എന്നയിടത്ത്
കുടമണ്‍പിള്ളയുടെ അനന്തരവള്‍ സുഭദ്രയുടെ ഭവനത്തില്‍ എട്ടുവീടര്‍ പപ്പുത്തമ്പിയുടെ
നിര്‍ദ്ദേശപ്രകാരം സുന്ദരയ്യന്റെ സാന്നിദ്ധ്യത്തില്‍ രഹസ്യയോഗം കൂടുന്നു.
മദ്യപിച്ച് ലക്കുകെട്ട
അവസ്ഥയില്‍ എത്തിയ രാമനാമഠം പിള്ള കുടമണ് പിള്ളയുടെ ഉറ്റസ്നേഹിതന്‍ ആണെന്നും ആ
ഭവനത്തില്‍ നിത്യസന്ദര്‍ശകനാണ് എന്നും കഥാകാരന് ഇവിടെ പറയുന്നു.
യോഗരഹസ്യങ്ങള്‍ പുറത്തു പോകില്ല
എന്ന് യോഗസ്ഥര്‍ ദീപം സാക്ഷിയാക്കി സത്യം ചെയ്യുന്നു.
വിഷയം അവതരിപ്പിച്ചുകൊണ്ട്
സംസാരിച്ച സുന്ദരയ്യന്‍ തമ്പിമാരെ വധിക്കാനായി യുവരാജാവ് പാണ്ടിപ്പടയെ വരുത്താന്‍
പദ്ധതിയിട്ടിട്ടുണ്ട് എന്നും മാങ്കോയിക്കല്‍ കുറുപ്പ് , ആറുവീട്ടില്തമ്പിമാര്
തുടങ്ങിയവരും യുവരാജാവിന്റെയോപ്പം കക്ഷി ചേര്‍ന്നിട്ടുണ്ട് എന്നും പറയുന്നു.
കഴക്കൂട്ടത്ത്പിള്ളയുടെ അസാന്നിദ്ധ്യത്തില്‍ ( അദ്ദേഹം ക്ഷണം സ്വീകരിച്ച്
എത്താത്തതിനാല്‍ )മുന്‍പ് കൂടിയ യോഗത്തില്‍
എടുത്ത തീരുമാനം ( മഹാരാജാവിന്റെ കാലശേഷം അദ്ദേഹത്തിന്റെ മകന് പദ്മനാഭന്
തമ്പിയെ രാജാവാക്കണം എന്നത് ) നടപ്പിലാക്കാന്‍ സമയമായി എന്ന് കുടമണ്‍പിള്ള
അഭിപ്രായപ്പെടുന്നു.ഇങ്ങനെയൊരു നീക്കം കന്യാകുമാരി മുതല്‍ ഗോകര്‍ണ്ണം വരെയുള്ള
പ്രദേശത്തെ രാജകുടുംബങ്ങള്‍ കാലങ്ങളായി അനുഷ്ഠിച്ചു വന്ന മരുമക്കത്തായ
സമ്പ്രദായത്തിന് എതിരാണെന്നും രാജഭക്തരായ ജനങ്ങള്‍ എതിരുനില്ക്കും എന്നും
യുവരാജാവിനോടുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പറഞ്ഞു തീര്‍ക്കാവുന്നതെ ഉള്ളൂ എന്നും നമ്മെ
ഉപയോഗിച്ചു യുവരാജാവിനെ തീര്‍ക്കാന്‍ തന്ത്രം പയറ്റുന്ന തമ്പി നാളെ മറ്റുള്ളവരെ
ഉപയോഗിച്ച് നമ്മളെയും കൊല്ലും എന്നും മറ്റും പറയുന്ന കഴക്കൂട്ടത്തു പിള്ളയെ മറ്റ്
എട്ടുവീടരും സുന്ദരയ്യനും രൂക്ഷമായി വിമര്‍ശിച്ച് ഒറ്റപ്പെടുത്തുന്നു; ഒടുവില്‍ കഴക്കൂട്ടത്ത്പിതമ്പിള്ള
മറുകണ്ടം ചാടി ചതിക്കും എന്നും തമ്പിക്കെതിരെയാകാന് കാരണം ചെമ്പകശ്ശേരിയിലെ
പെണ്ണിനെ ( പാറുക്കുട്ടിയെ ) തമ്പി സംബന്ധം ചെയ്യാന്‍ ഒരുങ്ങുന്നതിലുള്ള
വിദ്വേഷമാണ് എന്നും മറ്റും രാമനാമഠം ആരോപിച്ചതിന്റെ ചുവടുപിടിച്ച് യോഗസ്ഥര്‍
ഒന്നാകെ തനിക്കെതിരെ തിരിഞ്ഞപ്പോള്‍ താന്‍ ചതിക്കില്ല എന്നും യോഗതീരുമാനം
എന്തായാലും അനുസരിക്കും എന്നും പറഞ്ഞുകൊണ്ട് അതീവദു:ഖിതനായി യോഗസ്ഥലം വിടുന്നു.
ശേഷം യോഗം താഴെ പറയുന്ന 3
തീരുമാനങ്ങള്‍ എടുത്ത് തമ്പിക്കുള്ള യോഗക്കുറി സുന്ദരയ്യനെ ഏല്‍പ്പിച്ച് പിരിയുന്നു :
·
രാജസ്ഥാനീയനായി തമ്പിയെ വാഴിക്കാന്‍ എല്ലാ ശ്രമവും നടത്തുക ; തടസ്സം നേരിട്ടാല്‍ 12 കൊല്ലം
“രക്ഷാപുരുഷനായി” വാഴിക്കാന്‍ പദ്ധതി .
·
മഹാരാജാവ് നാടുനീങ്ങിയതിനു ശേഷം പുണ്യാഹം കഴിഞ്ഞ് ആചാര
പ്രകാരം ഉടവാള് എടുക്കാന്‍ മാർത്താണ്ഡവർമ്മ ഇരണിയല്‍ കൊട്ടാരത്തിലേക്ക് എഴുന്നെള്ളുമ്പോള്‍
അദ്ദേഹത്തെ വധിക്കുക
·
തല്കാലം തങ്ങളെല്ലാവരും ഒതുങ്ങി പാര്‍ക്കുക
അദ്ധ്യായം 12
ആമുഖപദ്യം : “നളിനവിശിഖവീരപ്രഭവ..” ഭാഷാനൈഷധം ചമ്പുവില്‍
നിന്ന്. നളന് ഇപ്രകാരം എല്ലാ യുവതികളുടെയും മനം കവര്‍ന്നുവോ അപ്രകാരം ദമയന്തി തന്റെ സൗന്ദര്യം
കൊണ്ട് പുരുഷന്മാരുടെ ഹൃദയം കവര്‍ന്നു.; സൗന്ദര്യവും മാദകത്വവും
തുളുമ്പുന്ന വ്യക്തിത്വമാര്‍ന്ന സുഭദ്രയെ അവതരിപ്പിക്കുന്ന അദ്ധ്യായത്തിന് യോജിച്ച ആമുഖപദ്യം.
മുന്‍പത്തെ അദ്ധ്യായത്തിന്റെ നേര്‍തുടര്‍ച്ച.
എട്ടുവീടരുടെ യോഗത്തിനു ശേഷം കുടമണ്‍പിള്ള ഉറങ്ങാന്‍ കിടക്കുന്നു. രാമനാമഠംപിള്ള
സുഭദ്രയുടെ മുറിയിലേക്ക് കടന്ന് അവളെ ഉണര്‍ത്തുന്നു.
തന്റെ ഏറ്റവും പ്രബലസ്ത്രീ കഥാപാത്രമായ സുഭദ്രയെ സി.വി. പരിചയപ്പെടുത്തുന്നത്
ഇവിടെയാണ്; കുടമണ്‍പിള്ളയുടെ
മാതൃസഹോദരീപൌത്രിയായ ഇവളെ പ്രസവിച്ചയുടനെ അമ്മ മരിക്കുന്നു. സുഭദ്രയുടെ അച്ഛന്
ആരെന്നത് കുടമണ് പിള്ളയെ കൂടാതെ മരിച്ചുപോയ ഉഗ്രന്‍ കഴക്കൂട്ടത്ത് പിള്ള, രാമനാമഠം പിള്ള, ചെമ്പകശ്ശേരി മൂത്തപിള്ള , കുടമണ്‍പിള്ളയുടെ ചില ഭൃത്യര്‍
എന്നിവര്‍ക്ക് മാത്രം അറിയാവുന്ന രഹസ്യമാണ്. യൌവനാരംഭത്തില്‍ തന്നെ അതിസുന്ദരിയായ
സുഭദ്രയെ പ്രാപിക്കാനായി പപ്പു-രാമന് തമ്പിമാര്
, രാമനാമഠംപിള്ള,ചെമ്പഴന്തിപ്പിള്ള തുടങ്ങിയവര്‍
അടുത്തു കൂടി.”എല്ലാവരെയും ഒരുപോലെ വശത്താക്കി സന്തോഷിപ്പിച്ചു പോന്ന “ സുഭദ്രയെ
നിലയ്ക്ക് നിര്‍ത്താനായി കുടമണ്‍പിള്ള തന്റെ ഒരു ബന്ധുവിനെക്കൊണ്ട് അവളെ വിവാഹം കഴിപ്പിച്ചുവെങ്കിലും അവളുടെ
ചാരിത്ര്യശുദ്ധിയില്‍ സംശയം തോന്നി ആറു മാസത്തിനുള്ളില്‍ ഭര്‍ത്താവ് ഉപേക്ഷിച്ചു
പോയി. വീണ്ടും അണഞ്ഞ ആരാധകരില്‍ ചിലര്‍ “തൃപ്തരാകയാലോ മറ്റോ “ ഉപേക്ഷിച്ചപ്പോഴും
രാമനാമഠം പിള്ള നിത്യസന്ദര്‍ശകനായി തുടര്‍ന്നു.ദരിദ്ര്ക്ക് കാരുണ്യത്തിന്റെ
നിറകുടമായിരുന്ന സുഭദ്ര നാട്ടില്‍ സര്വ്വസ്വാതന്ത്ര്യത്തിന്റെ പ്രതീകമായി , എവിടെയും സാന്നിദ്ധ്യമറിയിച്ച്
(എന്നാല്‍ വേശ്യ എന്ന കുപ്രസിദ്ധിയാര്‍ജ്ജിച്ചു
) വാണുവന്നു1
ഇവിടെ സുഭദ്രയുടെ (ചെമ്പകം ) സൌന്ദര്യാതിശയത്തിനും ചരിത്രത്തിനും പുറമേ രാമനാമഠംപിള്ളയുടെ വിടത്വവും വായനക്കാര്‍
പരിചയപ്പെടുന്നു.
തന്നോട് ശ്രുന്ഗരിക്കാന് അണഞ്ഞ
രാമനാ മഠത്തില്‍ നിന്ന് തന്ത്രത്തില്‍ യോഗരഹസ്യങ്ങള്‍ സുഭദ്ര ചോര്‍ത്തുന്നു (
എന്നാല്‍ തനിക്ക് പൂര്‍ണമായും വഴങ്ങാനുള്ള രാമനാമഠത്തിന്റെ ആവശ്യം സുഭദ്ര
നിരന്തരം നിരസിച്ചുപോന്നതായി ഇവിടെ സൂചന )
യോഗശേഷം സംതൃപ്തനായി മടങ്ങുന്ന
സുന്ദരയ്യന്‍ വഴിയില്‍ ഒരു വിജനമായ പ്രദേശത്തു വച്ച് ഒരു ഭിക്ഷു(യാചക)വേഷധാരിയാല്
ആക്രമിക്കപ്പെടുന്നു. കിള്ളിയാറിനു കുറുകെയുള്ള കല്പ്പാലത്തിനു മുകളില്‍ വച്ച്
അതിരൂക്ഷമായ ഏറ്റുമുട്ടലിനിടെ ഇരുവരും
നദിയിലേക്ക് വീഴുന്നു.നീന്തല്‍ വശമില്ലാതെ മുങ്ങിത്താണുകൊണ്ടിരുന്ന, ബോധം ക്ഷയിച്ച സുന്ദരയ്യനെ ഭിക്ഷു
കരയ്ക്കടുപ്പിക്കുന്നു.രണ്ട്-മൂന്ന് നാഴികകള്‍ക്ക് ശേഷം ഉണര്‍ന്ന സുന്ദരയ്യന്‍
തേജോമയനായ ഒരു യുവാവിനെ കണ്ട് “ഭയന്നു വിറച്ച് “ അടിയന് പിഴക്കലയേ “ എന്ന്
കരഞ്ഞുപറഞ്ഞ് വീണ്ടും അബോധാവസ്ഥ പൂകുന്നു .
സുന്ദരയ്യന്‍ വീണ്ടും ഉണര്‍ന്നപ്പോഴേക്കും
നേരം പുലര്‍ന്നിരുന്നു.
അദ്ധ്യായക്കുറിപ്പ് :
1.
ഈ ഘട്ടത്തില്‍ സുഭദ്രയുടെ “സ്വഭാവശുദ്ധിയെയും “
“സദാചാരബോധ”ത്തെക്കുറിച്ചും വായനക്കാര്‍ക്ക് സംശയംതോന്നാമെങ്കിലും കഥാന്ത്യത്തോടെ അവരുടെ നിര്മ്മലവ്യക്തിത്വം
ബോധ്യപ്പെടും
അദ്ധ്യായം 13
ആമുഖപദ്യം : “ദുഷ്ടരാം അദ്ധ്യായത്തിന്
യോജിച്ചദാനവന്മാരുടെ പിട്ടുകള്‍..” ; കര്‍തൃത്വം അജ്ഞാതം. ദുഷ്ടരുടെ
പദ്ധതികള്‍ ഇനി നടക്കില്ല എന്നര്‍ഥം വരുന്ന ഈ വരികള്‍ എട്ടുവീടരെ ഇനി വെറുതെ
വിട്ടാല്‍ പറ്റില്ല എന്ന് യുവരാജാവ് ഉറപ്പിക്കുന്ന സന്ദര്‍ഭം ചിത്രീകരിക്കുന്ന
അദ്ധ്യായത്തിന് ഉചിതമായ ആമുഖപദ്യം.
എട്ടുവീടര്‍ യോഗം ചേര്‍ന്നതിന്റെ
പിറ്റേന്ന് യുവരാജാവിന്റെ കൊട്ടാരം രംഗം.
രാജാവിന്റെ നിധനം അടുത്തു
എന്ന് എല്ലാവര്ക്കും ബോധ്യമായിരിക്കുന്നു.ഒട്ടുവളരെ ഭ്രുത്യരും ഭൂപ്രഭുക്കളും
കൊട്ടാരം അന്തേവാസികളും സാധാരണ ജനങ്ങളും
തമ്പി രാജാവാകുമെന്ന നിഗമനത്തില്‍ രാജ്യാധികാരികളോട് ഇടഞ്ഞു നില്ക്കുന്നു.പ്രാണഭയത്തില്‍
കൊട്ടാരത്തില്‍ കഴിയുന്ന യുവരാജാവിന് ആകെ പ്രതീക്ഷ മാങ്കോയിക്കല്‍ കുറുപ്പ്,മധുരപ്പട,തിരുമുഖത്തുപിള്ള എന്നിവര്‍ തന്റെ
പക്ഷത്തുണ്ടാകും എന്നതാണ്.
ശത്രുക്കളെ അമര്‍ച്ച ചെയ്യാന്‍
വിദേശീയരായ മധുരപ്പടയെ കൊണ്ടുവന്നാല്‍ ജനം അത് തങ്ങളുടെ മേലുള്ള അധിനിവേശമായി
തെറ്റിദ്ധരിക്കുമോ എന്ന് ഭയന്നും പ്രക്ഷോഭകാരികളും തന്റെ മാതുലന്റെ പ്രജകള്‍
ആണല്ലോ എന്ന സ്നേഹം നിമിത്തവും ശത്രുനിഗ്രഹത്തിന് യുവരാജാവ് തുനിഞ്ഞില്ല .പലവട്ടം
തമ്പിയുമായി സന്ധിസംഭാഷണത്തിന് ശ്രമിച്ചെങ്കിലും തമ്പിയുടെ നിസ്സഹകരണം കാരണം ആ
ശ്രമങ്ങള്‍ വിജയിച്ചില്ല.പരമേശ്വരന്പിള്ളയാകട്ടെ , സ്ഥിതിഗതികളില്‍ ആശങ്കാകുലനായി രാജഹിതത്തിനായി ഭ്രാന്തന് ചാന്നാന്‍ ( പദ്മനാഭന്റെ
അവതാരമാണെന്ന് വിശ്വസിച്ച് കൊണ്ട് ) വീണ്ടുമണയാന്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു .
എട്ടുവീടര്‍ കുടമണ് പിള്ളയുടെ ഗൃഹത്തില്‍
തലേന്ന് രാത്രി യോഗം ചെയ്തത് അറിയിച്ചുകൊണ്ടുള്ള എഴുത്ത് യുവരാജസമക്ഷം (പരമേശ്വരന്പിള്ളവഴി) പഠാണി
സംഘത്തില്‍ നിന്ന് കിട്ടുന്നു.
(കത്ത് വായിക്കുന്ന ആള് എന്ന
നിലയില്‍ യുവരാജാവിന്റെ ഉപദേശിയും ഉറ്റസുഹൃത്തും ആയ രാമയ്യനെ ഇവിടെ
അവതരിപ്പിക്കുന്നു. രാമയ്യന് എന്ന ഈ ചരിത്രകധാപാത്രം തിരുവിതാംകൂറില്‍ ജനിച്ച് രാജകുടുംബത്തെ
സേവിക്കുന്ന അതിബുദ്ധിമാനായ ബ്രാഹ്മണന് എന്ന് സി.വി.)
മാങ്കോയിക്കല്‍ കുറുപ്പ്
സ്ഥലത്തെത്തിയിട്ടുണ്ടെന്ന വിവരവും
തമ്പിയുടെ സ്നേഹിതന് സുന്ദരയ്യനെ സൂക്ഷിക്കണം എന്ന ഉപദേശവും കത്തില്‍
നിന്ന് യുവരാജാവ് ഗ്രഹിക്കുന്നു.
ദുഷ്ടരും വഞ്ചനാശീലരുമായ ശത്രുക്കളെ ഇനിയും ക്ഷമിക്കുന്നതു ബുദ്ധിയല്ല
എന്നും ഇവരില്‍ ചിലരെയെങ്കിലും ഒതുക്കി മുന്നറിയിപ്പ് കൊടുത്തില്ലെങ്കില്‍ വളരെ
അപകടമാണ് എന്നും രാമയ്യന് ഉപദേശിക്കുമ്പോള്‍ അത് ക്ഷത്രിയധര്മ്മവിരുദ്ധമാണെന്നും
ഭാവിയില്‍ തനിക്ക് ലോകാപവാദത്തിനിടവരും എന്നും മറ്റും യുവരാജാവ് സമര്‍ത്ഥിക്കുന്നു
. പരമേശ്വരന്‍പിള്ള രാമയ്യനോട് യോജിക്കുന്നു.
എട്ടുവീടരുടെ യോഗതീരുമാനങ്ങള്‍
അറിയാന്‍ മാര്‍ഗം ആരാഞ്ഞ യുവരാജാവിനോട് സുന്ദരയ്യന്‍ സംബന്ധം ചെയ്തത് കാലക്കുട്ടി
എന്ന തങ്ങളുടെ പട്ടക്കാരന്റെ അനന്തരവളെ ആണെന്നും ആവഴി അറിയാം എന്നും രാമയ്യന്
ഉണര്‍ത്തിക്കുന്നു. തന്നെ അറിയിക്കാതെ കാലക്കുട്ടി ശത്രുപക്ഷത്തില്‍ നിന്ന് ഏര്‍പ്പാടാക്കിയ
ഈ സംബന്ധം ചതി ആണെന്ന് മനസ്സിലാക്കിയ യുവരാജാവ് ഞെട്ടി കോപിഷ്ടനായി
ഭവിക്കുന്നു.ശത്രുക്കളെ അമര്‍ച്ച ചെയ്യുന്ന കാര്യത്തില്‍ ഇനിയും ഉപേക്ഷ
വിചാരിക്കരുത് എന്ന് തിരിച്ചറിഞ്ഞ യുവരാജാവ് പരമേശ്വരന് പിള്ളയോട് മാങ്കോയിക്കല്‍
കുറുപ്പിനെ ഉടന്‍ ഹാജരാക്കാന്‍ ഉത്തരവിടുന്നു.അര മണിക്കൂര്‍ കൊണ്ട് മടങ്ങിയെത്തിയ
പരമേശ്വരന് പിള്ള പഠാണികള്‍ക്ക് തെറ്റിയതാനെന്നും കുറുപ്പ് എത്തിയിട്ടില്ല എന്നും
അറിയിക്കുന്നു. എട്ടുവീടര്‍ കുറുപ്പിനെ കൊലചെയ്തിരിക്കാം എന്ന് യുവരാജാവ്
അനുമാനിക്കുന്നു.
അദ്ധ്യായം 14
ആമുഖപദ്യം : “നന്ദിച്ചുള്ളോരു
ചന്ദ്രികയ്ക്ക് സമമക്കേളീവിലാസങ്ങളും ഇന്നാളല്ലയോ കണ്ട് ഞാന്‍ ....” കര്‍തൃത്വം
അജ്ഞാതം . പാറുക്കുട്ടിയെ സന്ദര്‍ശിക്കാന്‍ ചെമ്പകശ്ശേരിയില്‍ എത്തിയ സുഭദ്രയെ
കണ്ടപ്പോള്‍ കാര്‍ത്യായനിയമ്മയ്ക്ക് താന്‍ പാറുക്കുട്ടിയെ പ്രസവിച്ചുകിടന്നപ്പോള്‍
“തിരുമുഖത്തെ അക്കന്” മകന് അനന്തപദ്മനാഭനെയുംകൊണ്ട് അണഞ്ഞത് ഓര്‍മ്മ വരുന്നതിനെ
സൂചിപ്പിക്കുന്നു .
തമ്പി ചെമ്പകശ്ശേരിയില്‍
തങ്ങിയതിന്റെ പിറ്റേന്ന് ചെമ്പകശ്ശേരിയില്‍
(പത്താം അദ്ധ്യായത്തിന്റെ പിന്തുടര്ച്ച)
ഉണരാന്‍ വൈകുന്നതിന് പുത്രിയെ
ശാസിക്കാനായി അറപ്പുരയില്‍ എത്തിയ കാര്‍ത്യായനിയമ്മ കണ്ടത് പക്ഷപാതം
പിടിപ്പെട്ടപോലെ മുഖം കോടി ഒരു വശം തളര്‍ന്നു വികൃത മുഖത്തോട് കൂടി തളര്‍ന്നു
കിടക്കുന്ന പാറുക്കുട്ടിയെ ആണ്.വിവരമറിഞ്ഞെത്തിയ മൂത്തപിള്ളയും ശങ്കുവാശാനും കടുത്ത വ്യസനത്തില്‍.
തലേന്ന് വൈകുന്നേരം മകള്‍ക്ക് അണിയാനായി കാര്‍ത്ത്യായനി അമ്മ കൊണ്ടു
വന്ന ആഭരണങ്ങള്‍ അണിയാന്‍ പാറുക്കുട്ടി
കൂട്ടാക്കാത്തതില്‍ കോപിച്ച് മഞ്ചത്തില്‍ ഇട്ടിട്ടു പോയത് മോഷണം പോയി എന്ന്
തിരിച്ചറിഞ്ഞതിനാല്‍ മോഷണശ്രമത്തിനിടെ ആക്രമിക്കപ്പെട്ടതാകാം പാറുക്കുട്ടിയുടെ
രോഗകാരണം എന്ന് പൊതുവേ അനുമാനിക്കപ്പെട്ടു.
സുന്ദരയ്യനും പാറുക്കുട്ടി
വിവാഹാലോചന നിരസിച്ചെങ്കിലും അവളെ സ്നേഹിച്ച കഴക്കൂട്ടത്ത്പിള്ളയും ഒട്ടനേകം
ബന്ധുക്കളും നാട്ടുകാരും രോഗവിവരം
തിരക്കാന്‍ എത്തുന്നു . വിവരമറിഞ്ഞെത്തിയ സുഭദ്രയെ അടിമുടി നോക്കിയ ശേഷം
കാര്‍ത്യായനിയമ്മ സ്നേഹത്തോടെ ആശ്ലേഷിക്കുന്നതും സല്ക്കരിക്കുന്നതും അവര്‍ക്ക് തന്റെ
സ്വഭാവത്തില്‍ തീരെ മതിപ്പില്ല എന്ന് അനുമാനിച്ചിരുന്ന അവളെ
അത്ഭുതപ്പെടുത്തുന്നു.അനന്തപദ്മനാഭനെ പാറുക്കുട്ടി മനസ്സാ വരിച്ചിരുന്നു എന്നും
നാഗര്കോവിലിളോ മറ്റോ ഏതോ വേശ്യയെ ചുറ്റിപ്പറ്റിയുള്ള തര്‍ക്കം കാരണം യുവരാജാവ്
അവനെ കൊലപ്പെടുത്തിയതാണ് എന്നാണ് കേള്‍ക്കുന്നത് എന്നും തമ്പി പാറുക്കുട്ടിയെ
സംബന്ധം ചെയ്യാന്‍ ഉദ്ദേശിക്കുന്നു എന്നും തലേന്ന് രാത്രി അവിടെ തങ്ങിയിരുന്നു
എന്നും അവര്‍ സുഭദ്രയെ അറിയിക്കുന്നു.
സുഭദ്രയെ കോപം കൊണ്ട് നോക്കിയ
ശങ്കുവാശാനോട് അവള് കളിയായി “എന്താണ് ആശാന് നോക്കുന്നത്? മോഷ്ടിച്ചതു ഞാനല്ല ..” എന്നും
മറ്റും പറയുമ്പോഴേക്കും ആശാന് കുഴഞ്ഞു വീഴുന്നു. ബോധം വന്നപ്പോള്‍
“പിടിച്ചുകെട്ടിന്‍ ..അവന് തന്നെ , അവന്റെ കൊടിലും തഞ്ചിയും(സഞ്ചിയും )”എന്ന് വിളിച്ചു പറഞ്ഞു എങ്കിലും പിന്നീട്
കൂടി നിന്നവര്‍ ചോദ്യം ചെയ്തപ്പോള്‍ മൌനം പാലിക്കുന്നു.
തന്റെ ചെമ്പകശ്ശേരി സന്ദര്ശനാനുഭവങ്ങളുടെ
പൊരുള്‍ മനസ്സിലാവാതെ കുഴഞ്ഞ സുഭദ്ര ചിന്താകുലയായി മടങ്ങുന്നു.
അദ്ധ്യായം 15
ആമുഖപദ്യം : “ധന്യേ മാനിനി, നീ മമ സദനേ താനേ വന്നതിനാല്‍
ശശിവദനേ....”ഇരയിമ്മന്‍തമ്പിയുടെ “കീചകവധം “ ആട്ടകഥയില്‍ നിന്ന് ; തന്റെ മന്ദിരത്തിലേക്ക്
സൈരന്ധ്രി ഒടുവില്‍ തനിയെ എത്തിയതില്‍ അത്യന്താഹ്ളാദ-ശ്രുന്ഗാരചിത്തനായ കീചകന്റെ
വാക്കുകള്‍ . ഏറെ നാളായി താന്‍ കാമിക്കുന്ന , അന്നോളം അപ്രാപ്യയായിരുന്ന സുഭദ്ര ഏകയായി തന്റെ മന്ദിരത്തില്‍ അണഞ്ഞതു
കണ്ട് ഉന്മാദാവസ്ഥയില് ആയ തമ്പിയെ
ചിത്രീകരിക്കുന്ന അദ്ധ്യായത്തിന് അനുയോജ്യമായ ആമുഖം .
പശ്ചാത്തലം : തമ്പി ചെമ്പകശ്ശേരിയില്‍ തങ്ങിയതിന്റെ പിറ്റേന്ന് തമ്പിയുടെ
മന്ദിരം
തലേന്നു രാത്രി ചെമ്പകശ്ശേരി
വച്ചുണ്ടായ ഒരു “ഭയങ്കര ദര്‍ശന “ ത്തിന്റെ സ്മൃതി കൊണ്ടും പാറുക്കുട്ടിയുടെ
രോഗാവസ്ഥ അറിഞ്ഞ വൈഷമ്യം കൊണ്ടും അന്നു വൈകുന്നേരം കുടമണ് പിള്ളയുടെ
നേതൃത്വത്തില്‍ നടക്കാന്‍ പോകുന്ന യോഗത്തിനെ കുറിച്ചുള്ള ആശങ്ക കൊണ്ടും തമ്പി ഒരു
പകല്‍ മുഴുവന്‍ വളരെ വിഷണ്ണനായി കഴിച്ചു കൂട്ടുന്നു. വിവരമാരായാന്‍ വന്ന
സുന്ദരയ്യനെയും ആട്ടിപ്പുറത്തിറക്കി. നിദ്രാവിഹീനനായി രാത്രി കഴിച്ചുകൂട്ടിയ തമ്പിയുടെ മുന്നില്‍ പുലര്‍ച്ചെ വസ്ത്രങ്ങളാകെ നനഞ്ഞുലഞ്ഞുകൊണ്ടും,അത്യധികം സംഭീതനായ നിലയിലും
സുന്ദരയ്യന്‍ പ്രത്യക്ഷപ്പെടുന്നു (പന്ത്രണ്ടാം അദ്ധ്യായത്തില്‍ യോഗശേഷം മടങ്ങിയ
സുന്ദരയ്യനും ഭിക്ഷുവേഷധാരിയുമായി ഏറ്റുമുട്ടല്‍ ഉണ്ടായത് ഓര്‍ക്കുക ).കുടമണ്‍പിള്ളയുടെ
നേതൃത്വത്തില്‍ നടന്ന യോഗത്തിന്റെ തീരുമാനങ്ങള്‍ തമ്പിയെ അറിയിച്ച ശേഷം മടങ്ങവേ യുവരാജപക്ഷത്തിലെ പത്തിരുപത് ആള്ക്കാര്
തന്നെ കൊല്ലാന്‍ ശ്രമിച്ചു എന്നും ചെറുത്ത് ഓടുന്നതിനിടയില്‍ കാല് തെറ്റി
കിള്ളിയാറില്‍ വീണു എന്ന കള്ളക്കഥയും ധരിപ്പിച്ചു.തമ്പി പാറുക്കുട്ടിയെ കാണാന്‍
രാത്രി അറപ്പുരയില്‍ പ്രവേശിച്ചിരുന്നു എന്നും തമ്പിയെ രാത്രി കണ്ട ഭയമാണ് അവളെ
രോഗസ്ഥ ആക്കിയത് എന്നുമുള്ള സുന്ദരയ്യന്റെ ഊഹം തമ്പി നിഷേധിക്കുന്നു.
അന്നു രാത്രി സുന്ദരയ്യനെ
ചെമ്പകശ്ശേരിയില്‍ ചെന്ന് വിവരങ്ങളാരായാന്‍ അയച്ച ശേഷം അര്ദ്ധനിദ്രയിലാണ്ട തമ്പി
എന്തോ ശബ്ദം കേട്ടുണരുന്നു നോക്കുമ്പോള്‍ മുന്നില്‍ ഏകയായി സുഭദ്രയെ കാണുന്നു.
(സുഭദ്രയെ പ്രാപിക്കാന്‍ അവളുടെ
പത്തു വയസ്സ് മുതല്‍ തമ്പി ശ്രമം തുടങ്ങിയിരുന്നു എന്നും ആഗ്രഹനിവൃത്തി വരാതെ
മറ്റൊരാളെ സുഭദ്ര സംബന്ധം ചെയ്തതിലുള്ള കുണ്ഠിതത്തില്‍ സുന്ദരയ്യനും ചേര്‍ന്ന് ഭര്‍ത്താവിനെ
തെറ്റിധരിപ്പിച്ചതാണ് അയാള്‍ നാടുവിടാന്‍ കാരണം എന്നും പിന്നെയും സുഭദ്രയെ
വശപ്പെടുത്താന്‍ ശ്രമിച്ചു പരാജയപ്പെട്ടു എന്നും തമ്ബിയോടുള്ള സുഭദ്രയുടെ
വാക്കുകളില്‍ നിന്ന് ഇവിടെ വായനക്കാരന് ഗ്രഹിക്കുന്നു.)
തന്ത്രത്തില്‍ തമ്പിയില്‍
നിന്ന് ചെമ്പകശ്ശേരിയില്‍ നടന്നത് സുഭദ്ര ഗ്രഹിക്കുന്നു ; സുന്ദരയ്യന്‍ ഉള്‍പ്പടെ
എല്ലാവരും നിദ്രയിലാണ്ടു കിടക്കവേ , ആരും കാണാതെ രാത്രി പാറുക്കുട്ടിയെ സന്ദര്‍ശിക്കാന്‍ പോയതും തൊടാന്‍ ഒരുങ്ങവേ
തിരുമുഖത്തെ അനന്തപദ്മനാഭനെ പോലെ തോന്നിച്ച ഒരു രൂപം തന്നെ തടുത്തു എന്നും അതോടെ
താന്‍ അബോധാവസ്ഥയില്‍ ആയി എന്നും കളവു പോയി എന്ന് പറയപ്പെടുന്ന സാമഗ്രികളെ പറ്റി
തനിക്കൊന്നും അറിയില്ല എന്നും സുഭാദ്രയോടു തമ്പി പറയുന്നു.രഹസ്യം പങ്കുവച്ചതിന്റെ
പ്രതിഫലമെന്നോണം യുവരാജാവിനെതിരെയുള്ള നീക്കങ്ങള്‍ ഉപേക്ഷിക്കുകയാവും തമ്പിക്ക്
നല്ലത് എന്ന രീതിയിലുള്ള സാരോപദേശം സുഭദ്ര
നല്കുന്നു.
എട്ടുവീടരുള്പ്പടെയുള്ളവരുടെ
പിന്തുണ കൊണ്ടൊന്നും യുവരാജപക്ഷത്തെ ഹനിക്കാനാകില്ല എന്നും അച്ഛന്‍തിരുമേനി
ജീവിച്ചിരിക്കുന്നത് കൊണ്ടു മാത്രമാണ് ജനങ്ങള്‍ തമ്പിയുടെ ചെയ്തികള്‍
ക്ഷമിക്കുന്നത് എന്നും മറ്റും സുഭദ്ര പറയുമ്പോള്‍ താന്‍ മധുരപ്പടയെ പണം കൊടുത്തു
സ്വാധീനിക്കും എന്നും അവര്‍ ഇപ്പോള്‍ തന്റെ പക്ഷത്തുള്ള തിരിമുഖത്തു പിള്ളയെ
ധിക്കരിക്കില്ല എന്നും തമ്പി തീര്‍ത്തുപറയുന്നു. ചെമ്പകശ്ശേരിയില്‍ തമ്പി കണ്ട
അനന്തപദ്മനാഭന്റെ “പ്രേതം “ തിരുമുഖത്തുപിള്ളയെ സന്ദര്‍ശിച്ചാല്‍ സ്ഥിതി തമ്പിക്ക്
പ്രതികൂലമാകുമെന്നും എന്നാല്‍ വേലുക്കുറുപ്പിനെ സാക്ഷിയായി വിസ്തരിച്ചാല്‍
തമ്പിക്കനുകൂലമാകും കാര്യങ്ങള്‍ എന്നും സുഭദ്ര പരിഹസിക്കുമ്പോള്‍
അനന്തപദ്മനാഭാന്റെ തിരോധാനം സംബന്ധിച്ചുള്ള തന്റെ ചെയ്തികള്‍ സുഭദ്ര
അറിഞ്ഞിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞ തമ്പി അവളെ കുത്തിക്കൊല്ലാന്‍
ഓങ്ങുന്നു.”സത്യമില്ല,മാനമില്ല ..എന്നിട്ട് രാജ്യം
കൊതിക്കുന്നു . കോഴിയെ വളര്‍ത്താന്‍ കുറുക്കന്റെ കയ്യില്‍ എല്പ്പിക്കുന്നതുപോലെയാകും
അങ്ങേ രാജാവാക്കിയാല്‍..” എന്നും മറ്റുമുള്ള ശകാരം കേട്ട് പിന്‍വാങ്ങുന്നു. തന്റെ
ആഗ്രഹങ്ങള്‍ സാധിക്കാന്‍ പോകുന്ന ഈ വേളയില്‍ മാനം കെടുത്തരുതെന്നും
ക്ഷമിക്കണമെന്നും തമ്പി അപേക്ഷിക്കുമ്പോള്‍ പാറുക്കുട്ടിയെ ഇനി ഉപദ്രവിക്കില്ല
എന്ന ഉറപ്പില്‍ താന്‍ രഹസ്യം പുറത്തുപറയില്ല എന്ന് പറഞ്ഞ് സുഭദ്ര യാത്രയാകുന്നു .
ശേഷം സുന്ദരയ്യനെ (
ചെമ്പകശ്ശേരിയിലേക്ക് തമ്പി അയച്ചിരുന്നെങ്കിലും രാത്രിയാത്ര ഭയന്ന് പോകാതിരുന്ന
സുന്ദരയ്യന്‍ തമ്പി –സുഭദ്ര സംഭാഷണം മറഞ്ഞിരുന്ന് കേള്‍ക്കുന്നുണ്ടായിരുന്നു ) വിളിപ്പിച്ച തമ്പി, സുഭദ്ര എല്ലാം അറിഞ്ഞിട്ടുണ്ടെന്നും മറ്റും
സുന്ദരയ്യനെ അറിയിക്കുന്നു. സംഭാഷണത്തിനൊടുവില്‍ എന്തോ തീരുമാനിച്ചുറച്ച പോലെ
തമ്പി “ മനസ്സു പോലെ ചെയ്യൂ ..മഹാ
കഷ്ടമാണ് ; എന്തു ചെയ്യാം ? പക്ഷേ രാമനാമഠം മുതലായവര്‍ക്കു
സംശയം പോലും ജനിക്കരുത് “ എന്ന് പറയുന്നു.
അദ്ധ്യായം 16
ആമുഖപദ്യം : “വിന്ധ്യനെ
ഇളക്കുവന്‍ സിന്ധുക്കള്‍ കലക്കുവന്‍ ..”
അംബരീഷ ചരിതം ആട്ടക്കഥയിലെ യവനനാഥനെ വര്‍ണ്ണിക്കുന്ന ഭാഗം ; യവനനാഥന് വിവിദന്‍
അദ്ധ്യായത്തില്‍ അവതരിപ്പിക്കുന്ന പഠാണിസംഘത്തിലെ ഹക്കിമുമായി വേഷവിധാനങ്ങളിലും മറ്റും സാമ്യമുണ്ട് .
പശ്ചാത്തലം : സുഭദ്ര-തമ്പി
സംവാദം നടന്ന രാത്രിയുടെ പിറ്റേന്ന് പുലര്‍ച്ചെ തിരുവനന്തപുരം പട്ടണത്തിലെ
മണക്കാട് പ്രദേശത്ത് തമ്പടിച്ച പഠാണി സംഘത്തിന്റെ വാസസ്ഥലം.
പതിനേഴാം നൂറ്റാണ്ടില്‍ തെക്കന്‍തിരുവിതാംകൂറില്‍
മുഗള്‍ സൈന്യത്തിന്റെ ആക്രമണത്തിനിടെ
സുന്നത്ത് ചെയ്യിപ്പിച്ച് ഇസ്ലാമിലേക്ക് മതംമാറ്റം ചെയ്യപ്പെട്ട കുടുംബങ്ങള്‍
താമസിക്കുന്ന മണക്കാട് പ്രദേശത്ത് പാണ്ടിദേശത്ത് നിന്ന് വന്ന ഒരു മുസ്ലിം
വ്യാപാരസംഘം തമ്പടിച്ചിരിക്കുന്നു.ആജാനബാഹുവായ വൃദ്ധന് ഹാക്കിം, അനുജന്റെ പുത്രന് നൂറദീന് , പുത്രിമാരായ ഫാത്തിമ , സുലൈഖ, ഫാത്തിമയുടെ ഭര്‍ത്താവ്
ബീറാംഖാന്‍ , കാര്യസ്ഥന് ഉസ്മാന് ഖാന് , സുലൈഖയുടെ പ്രേമഭാജനമായ
ഷംസുദീന്‍ എന്നിവരാണ് സംഘത്തില്‍.
ഷംസുദീനിന്റെ അസാന്നിധ്യത്തില്‍
ഹാക്കിം സുലൈഖയെ ഷംസുദീനുമായി വിവാഹം
ചെയ്യിപ്പിക്കണം എന്ന തന്റെ ആഗ്രഹം സംഘത്തിലെ
മറ്റ് യുവാക്കളോട് വെളിപ്പെടുത്തുന്നു. ഷംസുദീനിന്റെ ആഗ്രഹം മറിച്ച്
ആണെങ്കിലോ എന്ന് ചോദിക്കുന്ന നൂറദീനിനോട് അങ്ങനെ സംഭവിക്കാന്‍ സാദ്ധ്യതയില്ല
എന്നും ഇനി അങ്ങനെ വന്നാല്‍ തന്നെ തങ്ങള്‍ ഷംസുദീനിനോട് ചെയ്ത ഉപകാരങ്ങള്‍ക്ക്
അയാള്‍ കടപ്പെട്ടിരിക്കുന്നു എന്നും വിവാഹത്തിന് എതിര്‍ത്താല്‍ തന്റെ കോപത്തിന്
പാത്രമാകും എന്നും ഹക്കിം പറയുന്നു.
ഷംസുദ്ദീനിന്റെ പ്രേരണയാല്‍
ആണ് തിരുവനന്തപുരത്ത് എത്തിയതും യുവരാജപക്ഷതിന് കത്തയച്ചതും മറ്റും എന്നും തങ്ങളുടെ പണത്തില്‍ ആകാം അയാളുടെ കണ്ണ്
എന്ന് ഉറപ്പായാല്‍ ( സുലൈഖയുമായുള്ള വിവാഹത്തിന് സമ്മതമല്ല എങ്കില്‍ )വൈകാതെ അയാളെ
ഉപേക്ഷിച്ച് സംഘം നാട്ടിലേക്ക് മടങ്ങുന്നതാണ് ഉചിതം എന്ന ഹക്കീമിന്റെ അഭിപ്രായത്തെ
സ്വസമുദായത്തിന് ഈ കച്ചവടം വഴി പുതിയൊരു ദേശത്തിലേക്കുള്ള പന്ഥാവ്
വെട്ടിത്തുറക്കലാകും എന്ന് തന്റെ വാദത്താല്‍ ഉസ്മാന് ഖാന് ഖണ്ഡിക്കുന്നു .
ഷംസുദീനിന്റെ പ്രേരണയാല്‍
യുവരാജാവിന് സഖ്യം ചെയ്യാം എന്ന് വാക്ക് കൊടുത്തെങ്കിലും പക്ഷം ചേരാതെ
ഇരുപക്ഷത്തെയും തെറ്റിച്ചു നിര്‍ത്തുന്നതാകും ഉചിതം എന്നും ഇരു കൂട്ടരും
നശിക്കുകയാണെങ്കില്‍ തങ്ങള്‍ക്ക് നായകരാകാം എന്നും അല്ലെങ്കില്‍ ജയിച്ച
പക്ഷത്തിന്റെ കൂടെ ചേര്‍ന്നു നിന്ന് ക്രമേണ രാജസ്ഥാനത്തോടടുക്കാം എന്നും ഉസ്മാന്
ഖാന് ഹക്കീമിനെ ഉപദേശിക്കുന്നതിനെ നൂറദീന് കണിശമായി എതിര്‍ക്കുന്നു.
ഷംസുദീനിനെതിരെ ഹക്കീമിനെ തിരിക്കാനുള്ള ശ്രമത്തിലാണ് ഉസ്മാന് ഖാന് എന്ന്
നൂറുദീനിനും ബീരം ഖാനിനും മനസ്സിലാകുന്നു.
രംഗത്തേക്ക് കടന്നു വന്ന ഷംസുദീനിനോട്
അന്നു കാലത്ത് അവിടെ വന്നു സംസാരിച്ച ആള്
ആരായിരുന്നു എന്ന് തിരക്കിയപ്പോള്‍ കോട്ടയ്ക്കകത്ത് ഒരു വീട്ടില്‍ നിന് ചില
ആഭരണങ്ങള്‍ മോഷണം പോയി എന്നും അത് അന്വേഷിച്ചു വന്നതാണെന്നും ഷംസുദീന്‍
അറിയിക്കുമ്പോള്‍ പ്രദേശത്തു കണ്ടുവരുന്ന ഒരു ഹിന്ദു സന്യാസിവേഷധാരിയും
കൂട്ടാളിയുമാകാം ഇതിന്റെ പിന്നില്‍ എന്ന് ഹാക്കിം പറയുന്നു.
വൃദ്ധനല്ലാത്ത സന്ദര്ശകന്
ആരായിരുന്നു എന്ന ഹാക്കിമിന്റെ ചോദ്യത്തിന് ഉത്തരമായി ഷംസുദീന്‍ അത് മേല്‍പ്പറഞ്ഞ
വൃദ്ധന്റെ ആഗമനത്തിനു മുന്‍പ് പദ്മനാഭന്‍തമ്പിയുടെ സേവകനായ ഒരു ബ്രാഹ്മണന്
(സുന്ദരയ്യന്‍ ) വിഷം ആവശ്യപ്പെട്ടു വന്നതാണെന്നും തങ്ങള്‍ വിഷമില്ലാത്ത ഒരു ഭസ്മം
കൊടുത്തയച്ചു എന്നും അറിയിക്കുന്നു.
രണ്ടു ദിവസമായി ഷംസുദീനിനെ
ബാധിച്ച വിഷമം എന്താണെന്ന തന്റെ
ചോദ്യത്തിന് മറുപടിയില്ലാത്തത് ഹാക്കിമിനെ മുഷിപ്പിപ്പിക്കുമ്പോള്
മാങ്കോയിക്കല്‍ കുറുപ്പിനെ കണ്ടെത്താനുള്ള ഷംസുദീനിന്റെ ശ്രമത്തിലേക്ക് നൂറുദീന്‍
വിഷയം മാറ്റുന്നു.അന്ന് രാത്രിക്കുള്ളില്‍ കുറുപ്പിനെ കണ്ടെത്തും എന്ന് ഉറപ്പു കൊടുത്ത് ഷംസുദീന്‍ രംഗം വിടുന്നു.
ശേഷം ഷംസുദീനും ബീറാംഖാനും ചേര്‍ന്നു
തങ്ങളെ ചതിക്കുകയാണോ എന്ന ഹാക്കിമിന്റെ
സംശയത്തെ നൂറദീന്
തള്ളിക്കളയുന്നു. പല തവണ ബോധം കെടുത്തിയും മരുന്ന് സേവിപ്പിച്ചും ഷംസുദീനിന്റെ
മനസ്സറിയാന്‍ ശ്രമിച്ചു പരാജയപ്പെട്ടതും
ബീറാം ഖാന് തടഞ്ഞതുകൊണ്ടു മാത്രം മതം മാറ്റാതെ വിട്ടതും ഓര്‍ത്ത ഹാക്കിം സുലൈഖയെ
വഞ്ചിക്കുന്ന പക്ഷം ഷംസുദീനിനെ വെറുതെ വിടില്ല എന്ന് നിശ്ചയിച്ചുറപ്പിക്കുന്നു.
ഈ അദ്ധ്യായത്തിലുള്ള ബീറാം
ഖാനിന്റെ ഒരു ആത്മഗതത്തില്‍ നിന്ന് അയാള്‍ ആരുടെയോ ചതിയില്‍ പെട്ട് തന്റെ
“പ്രിയ”യെ ഉപേക്ഷിച്ച് പഠാണി സംഘത്തില്‍ ചേര്‍ന്ന് ഇസ്ലാം മതം സ്വീകരിച്ച ആള്
ആണെന്നും സംഭവിച്ചതിലെല്ലാം അയാള്‍ക്ക് പശ്ചാത്താപം ഉണ്ട് എന്നും വായനക്കാര്‍
മനസ്സിലാക്കുന്നു .
അദ്ധ്യായം 17
ആമുഖപദ്യങ്ങള് :
“വിരഹം മേ മര്‍മ്മദാരണം ..”എന്ന
ശ്ലോകം നളചരിതം ആട്ടക്കഥയില്‍ നിന്ന് ; ഇത് ഈ അദ്ധ്യായത്തില്‍ സുഭദ്രയുടെ ആത്മഗതമായി അവതരിപ്പിക്കപ്പെടുന്ന
സുഭദ്രയുടെ വിരഹാര്ദ്രമായ ജീവിതത്തിനെ സൂചിപ്പിക്കുന്നു .
“കുടിലമതികളുടെ കുസൃതികള്‍
..”; “ദക്ഷയാഗം “ ആട്ടക്കഥയിലെ ഈ
ഭാഗം ദക്ഷനോട് പ്രതികാരമാര്ന്ന ശിവനെ അവതരിപ്പിക്കുന്നു ; തന്നെ വിഷം തന്നു കൊല്ലാന്‍
പദ്ധതിയിട്ട തമ്പിയോടും മറ്റുമുള്ള പ്രതികാരം ആവേശിച്ച സുഭദ്രയെ അവതരിപ്പിക്കുന്ന
അദ്ധ്യായത്തിന് അനുയോജ്യമായ ആമുഖപദ്യം.
പശ്ചാത്തലം: സുഭദ്ര-തമ്പി സംവാദം നടന്ന രാത്രിയുടെ
പിറ്റേന്ന് പുലര്‍ച്ചെ ചെമ്പകശ്ശേരി ഭവനം
തമ്പിയെ അദ്ദേഹത്തിന്റെ
മാളികയില്‍ സന്ദര്‍ശിച്ച ശേഷം ചെമ്പകശ്ശേരിയില്‍ തിരിച്ചെത്തിയത്തിനു ശേഷം സുഭദ്ര
എത്തിയത് ചെമ്പകശ്ശേരിയിലാണ്.തമ്പിയോടുള്ള സംഭാഷണത്തില്‍ നിന്നു ലഭിച്ച വിവരങ്ങളും
സാഹചര്യ തെളിവുകളും ചേര്‍ത്ത് തമ്പി തങ്കത്തിനെ തൊടാന്‍ ആഞ്ഞപ്പോള്‍
അനന്തപദ്മനാഭന്റെ “പ്രേതം “ പോലൊരു രൂപം പിടിച്ചു മാറ്റി എന്നും ഈ രൂപത്തിനെ കണ്ട
ഭയമാകാം തങ്കത്തിന്റെ രോഗഹേതു എന്നും ആഭരണങ്ങള്‍
മോഷ്ടിച്ചത് സുന്ദരയ്യന്‍ ആകാം എന്നും സുഭദ്ര ഊഹിക്കുന്നു.
സംഭവങ്ങളെക്കുറിച്ച് കൂടുതല്‍
വ്യക്തതയ്ക്കായി കാര്യസ്ഥന് ശങ്കുവാശാനെ സുഭദ്ര
ചോദ്യം ചെയ്തപ്പോള്‍ അന്നു രാത്രി കാശിവാശിയെപ്പോലെ വേഷം ധരിച്ച ഒരാള്‍
മഴയത്ത് ആശ്രയമില്ലാതെ കണ്ടപ്പോള്‍ താന്‍ അയാളെ വീട്ടിനകത്തേക്ക് പ്രവേശിപ്പിച്ച്
അഭയം കൊടുത്തു എന്നും ജ്ഞാനി എന്ന്
തോന്നിച്ച അയാള്‍ സംഭാഷണത്തിനിടെ തനിക്ക്
നല്കിയ എന്തോ പദാര്‍ത്ഥം സേവിച്ചയുടന്‍ താന്‍ മയങ്ങിപ്പോയി എന്നും ഉണര്‍ന്നപ്പോള്‍
കണ്ടത് തന്റെ തലയിണയ്ക്കടിയില്‍ ഉണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ച് അകത്തേക്കുള്ള
വാതില്‍ തുറക്കപെട്ടു എന്നതാണ് എന്നും ശങ്കുവാശാന് സമ്മതിക്കുന്നു.
“കാശിവാസി”യെ പിന്നീട് താന്‍
പഠാണിപ്പേട്ടയ്ക്ക് സമീപം കണ്ടിരുന്നു എന്നു പറഞ്ഞ ശങ്കുവാശാനോട് കൂടുതല്‍
വിവരങ്ങള്‍ അറിയാന്‍ അവിടം സന്ദര്‍ശിച്ചുവരാന്‍ സുഭദ്ര നിര്‍ദേശം കൊടുക്കുന്നു.
ചെമ്പകശ്ശേരി വീട്ടുപരിസരത്ത് നിന്ന് ഉപേക്ഷിച്ച നിലയില്‍ കിട്ടിയ ഒരു കത്ത്
(പാറുക്കുട്ടി വലിച്ചെറിഞ്ഞത്;ഇത് വായിച്ചാണ് പാറുക്കുട്ടി വിഷാദത്തില്‍ ആയത് ) സുഭദ്ര വായിക്കുന്നു ; ഈ കത്ത് തിരുമുഖത്തു പിള്ള
എഴുതിയതാണ് എന്നും അനന്തപദ്മനാഭനെ യുവരാജാവ് കൊന്നതാണ് എന്നതിന് കൂടുതല്‍ സ്ഥിരീകരണം
(സുന്ദരയ്യന്‍ വഴി ) ലഭിച്ചു എന്നും അറിയിക്കുന്നതാണ് അതിന്റെ ഉള്ളടക്കം എന്നും
ഇവിടെ വെളിപ്പെടുന്നു.
പഠാണിപ്പേട്ട സന്ദര്‍ശിച്ചു
മടങ്ങിയെത്തിയ ശങ്കുവാശാന്
ചെമ്പകശ്ശേരിയില്‍ നടന്നത് തന്നില്‍ നിന്നറിഞ്ഞ
“തുപ്പായി “ (ദ്വിഭാഷി) യുടെയും
“കാശിവാസി “ യുടെയും ദു:ഖവും
മറ്റും കണ്ടതോടെ അവര്‍ അല്ല മോഷണത്തിനു പിന്നില്‍ എന്ന് തനിക്ക് ബോധ്യമായി
എന്ന് പറയുന്നു.
“ദ്വിഭാഷി “മതം മാറി പഠാണികളുടെ
കൂടെ കൂടിയ അനന്തപദ്മനാഭന് ആയിരിക്കും എന്നും പാറുക്കുട്ടിയുടെ ഓര്‍മ്മയ്ക്കായി
ആകും ആഭരണങ്ങള്‍ “കാശിവാസി “ യെ അയച്ച് കവര്‍ന്നത് എന്നും ഈ ഘട്ടത്തില്‍ സുഭദ്ര ഊഹിക്കുന്നു.
തനിക്കു മുന്‍പേ പഠാണിപ്പേട്ട
സന്ദര്‍ശിച്ച ഒരു ബ്രാഹ്മണന് കുറച്ച് വിഷം ആവശ്യപ്പെട്ട്
എത്തിയിരുന്നുവെന്നും തങ്ങള്‍ വിഷമില്ലാത്ത ഒരു പൊടിയാണ് കൊടുത്തതെന്നും “കാശിവാസി
“ പറഞ്ഞത് ശങ്കുവാശാന് സുഭദ്രയെ അറിയിക്കുന്നു; തമ്പിയുടെ രഹസ്യങ്ങള്‍
മനസ്സിലാക്കിയ തന്നെ വധിക്കാനുള്ള വിഷം വാങ്ങാനായി തമ്പി അയച്ച സുന്ദരയ്യന്‍ ആണ്
പേട്ടയില്‍ എത്തിയ ബ്രാഹ്മണന് എന്നു മനസ്സിലാക്കിയ സുഭദ്ര പ്രതികാരദുര്‍ഗ്ഗയായി
ചെമ്പകശ്ശേരിയില്‍ നിന്ന് സ്വഗൃഹത്തിലേക്കു യാത്രയാകുന്നു.
ഈ അദ്ധ്യായത്തിലെ സുഭദ്രയുടെ
ആത്മഗതങ്ങളില്‍ നിന്ന് തങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങാത്തതിലുള്ള പക മൂലം തമ്പിയും സുന്ദരയ്യനും കൂടി തന്റെ ഭര്‍ത്താവിനയച്ച വ്യാജക്കത്താണ് അദ്ദേഹം തന്നെയുപേക്ഷിച്ച്
നാടുവിടാന്‍ കാരണമായത് എന്നും ഒരിക്കല്‍ക്കൂടി ഭര്‍ത്താവിനെ കാണണം എന്ന ആഗ്രഹം
മാത്രമേ ഇനി സുഭദ്രയ്ക്ക് ജീവിതത്തില്‍ ഉള്ളൂ എന്നും വായനക്കാര്‍ മനസ്സിലാക്കുന്നു
.
അദ്ധ്യായം 18
ആമുഖപദ്യം :
“മറിവല്ല ഞാന്‍ പറയുന്നു
..”ബാണയുദ്ധം ആട്ടക്കഥയില്‍ അനിരുദ്ധനെ ബാണന് ബന്ധനസ്ഥന് ആക്കിയത് കൃഷ്ണന്
അറിയുന്ന സന്ദര്‍ഭം സൂചിതം; മാങ്കോയിക്കല്‍ കുറുപ്പിനെ തമ്പിയുടെ പക്ഷം ബന്ധനസ്ഥനാക്കിയത് മാര്‍ത്താണ്ഡവര്‍മ്മ
അറിയുന്നത് ഈ അദ്ധ്യായത്തിലാണ് എന്നതാണ് ആമുഖപദ്യത്തിന്റെ ഔചിത്യം .
പശ്ചാത്തലം: മുന്നധ്യായത്തിലെ
അതേ ദിവസം രാത്രി സുഭദ്രയുടെ വീടിനടുത്തുള്ള ആല്‍ത്തറ
കുടമണ്‍പിള്ളയുടെ തിരുവനന്തപുരത്തെ
വസതിക്കു സമീപം (“ആണ്ടിയിറക്കം” -ഇന്നത്തെ കരമനയ്ക്ക് സമീപം -ഭാഗത്ത് )
മാങ്കോയിക്കല്‍ കുറുപ്പിന്റെ തിരോധാനത്തെപ്പറ്റി അന്വേഷിക്കാനായി യുവരാജാവും
പരമേശ്വരന് പിള്ളയും രാമയ്യനും
രാത്രിസമയം രഹസ്യമായി എത്തുന്നു.
മദ്യാസക്തിയില്‍ പ്രദേശത്തുകൂടെ നടന്നകലുന്ന രാമനാമഠത്തിന്റെ ജല്പനങ്ങളില്
നിന്ന് കുറുപ്പ് കഴക്കൂട്ടത്ത് പിള്ളയുടെ നേതൃത്വത്തില്‍ ഏതോ രഹസ്യകേന്ദ്രത്തിലാണ് എന്ന് മനസ്സിലാക്കിയ
യുവരാജപക്ഷം രഹസ്യഅറകള്‍ ഉള്ള വീടുകള്‍ ചെമ്പകശ്ശേരിയും കഴക്കൂട്ടത്ത്
കുടുംബത്തിന്റെ ശ്രീപണ്ടാരത്ത് വീടും മാത്രമാണെന്നിരിക്കെ കുറുപ്പിനെ കണ്ടെത്താന്‍
ഇനി ബുദ്ധിമുട്ടില്ല എന്ന് കണക്കുകൂട്ടുന്നു.
കയ്യില്‍ എന്തോക്കെയോ വസ്തുക്കളുമായി സുന്ദരയ്യന്‍ തന്റെ
ഭാര്യാഗൃഹത്തിലേക്കു ( സുന്ദരയ്യന്റെ ഭാര്യ : കാലക്കുട്ടിയുടെ മകള്‍ ആനന്തം)
പ്രവേശിക്കുന്നതും പുറത്ത് “കോടാങ്കി “ കാവല്‍ നില്ക്കുന്നതും മറ്റും കണ്ട
രാമയ്യന് സുന്ദരയ്യന്‍ എന്തോ പദ്ധതിയിടുന്നു എന്ന് മനസ്സിലാക്കി യുവരാജാവിനെ
വിവരം അറിയിക്കുന്നു. സുന്ദരയ്യനെ ഉടന്‍ കൊലപ്പെടുത്തണം എന്ന രാമയ്യന്റെ നിര്‍ദ്ദേശം
ധര്‍മ്മചിന്തയാല്‍ യുവരാജാവ് തിരസ്കരിക്കുന്നു .
ചെമ്പകശ്ശേരിയില്‍ യുവരാജപക്ഷത്തിനു
അനുകൂലനായ ശങ്കുവാശാനില് നിന്ന് കല്ലറയെ സംബന്ധിച്ചും മറ്റും വിവരങ്ങളാരായാന്‍
യാത്രയായ മൂവരും (യുവരാജാവും പരമേശ്വരന്
പിള്ളയും രാമയ്യനും ) ആരെന്നറിയാനുള്ള കൌതുകത്തില്‍ ആ വഴി വന്ന ചുള്ളിയില്‍ മാര്‍ത്താണ്ഡന്‍പിള്ള
ആക്രമിക്കുമ്പോള്‍ എവിടെ നിന്നോ പ്രത്യക്ഷപ്പെടുന്ന ഭ്രാന്തന് ചാന്നാന്‍ തടഞ്ഞ്
മൂവര്‍ക്കും ഓടിരക്ഷപ്പെടാന്‍ കളമൊരുക്കുന്നു .
തന്റെ സമക്ഷം എത്തിച്ചേര്‍ന്ന
ഒരു സേവകനെ (ആരെന്ന് ഇവിടെ സൂചനയില്ല)
തമ്പി അത്യാഹ്ളാദത്തോടെ സ്വീകരിക്കുകയും ആഗമനവിവരം മറ്റാരും അറിയരുത് എന്ന് ശട്ടം
കെട്ടി അയാളെ ഒരു മുറിക്കുള്ളില്‍ അടച്ചിടുകയും ചെയ്യുന്നു.
തമ്പിയുടെ മന്ദിരത്തില്‍ തമ്പി, രാമനാമഠം, സുന്ദരയ്യന്‍ എന്നിവര്‍
സന്ധിച്ച് എന്തോ കൃത്യത്തിനായി ഗൂഢാലോചന നടത്തുന്നു. ചുള്ളിയില്‍ മാര്‍ത്താണ്ഡന്‍പിള്ള
രംഗപ്രവേശം ചെയ്യുന്നു.
അദ്ധ്യായം 19
ആമുഖപദ്യം :
“ദന്തിഗാമിനി നിന്റെ വൈഭവം
ചിത്രം ചിത്രം ..” “വേതാളചരിതം “ കിളിപ്പാട്ടില്‍ തന്നെ കാമിച്ചു വന്ന രാജകുമാരനെ
പത്മാവതി കുരങ്ങു കളിപ്പിക്കുന്ന സന്ദര്‍ഭത്തില്‍ നിന്നുള്ള വരികള്‍; സുഭദ്ര തന്നില്‍ ആസക്തനായ
രാമനാമഠത്തിനെ ചൂഷണം ചെയ്ത് തമ്പിയുടെ
പക്ഷത്തിന്റെ നീക്കങ്ങളറിയുന്നത് ചിത്രീകരിക്കുന്ന അദ്ധ്യായത്തിന് അനുയോജ്യമായ
ആമുഖം .
പശ്ചാത്തലം: മുന്നധ്യായത്തിലെ
അതേ ദിവസം രാത്രി സുഭദ്രയുടെ വീട്
മദ്യാസക്തനായി സുഭദ്രയോട് ഏറെ
നേരെ ശ്ര്ങ്കരിച്ച ശേഷം രാമനാമഠം തമ്പിയുടെ മാളികയിലേക്ക് പുറപ്പെടുന്നു. ഈ ഘട്ടത്തിലുള്ള സുഭദ്രയുടെ
ആത്മഗതങ്ങളില്‍ നിന്ന് അവര്‍ക്ക്
പിതൃതുല്യനായിരുന്ന കഴക്കൂട്ടത്ത് ഉഗ്രന്‍പിള്ളയുടെ മകള്‍ എന്ന നിലയിലുള്ള
വാത്സല്യവും തമ്പിയുടെ പക്ഷം രാജ്യം പിടിച്ചടക്കിയാല്‍ സര്‍വ്വനാശമാകും ഫലം എന്ന
ബോധ്യവുമാണ് ശത്രുപക്ഷത്തെ വിടന്മാരോട്
അടുത്തിടപഴകി പോലും രഹസ്യങ്ങള്‍ ചോര്‍ത്താന്‍ അവരെ പ്രേരിപ്പിക്കുന്നത് എന്നും
യുവരാജാവാണ് തന്റെ മകനെ കൊന്നത് എന്ന് വിശ്വസിച്ച തിരുമുഖത്തുപിള്ളയുടെ
ശുദ്ധഗതിയെ അപലപിക്കുകയും ചെയ്യുന്നു എന്ന്
വായനക്കാര്‍ക്ക് മനസ്സിലാകുന്നു.
സുന്ദരയ്യന്റെ ഭാര്യ ആനന്തം
സൗഹൃദസന്ദര്ശനത്തിനെത്തി സുഭദ്രയ്ക്ക് പലഹാരങ്ങള്‍
സമ്മാനിക്കുന്നു.ആനന്തവുമായുള്ള സംഭാഷണത്തില്‍ നിന്ന് അനന്തപദ്മനാഭനെ യുവരാജാവ്
കൊന്നു എന്ന വൃത്താന്തം നാടെല്ലാം പരന്നു എന്ന് സുഭദ്ര മനസ്സിലാക്കുന്നു .
സുന്ദരയ്യന്‍ ആനന്തത്തിന്റെ
വീട്ടില്‍ പാര്‍പ്പിച്ചിരിക്കുന്ന കോടാങ്കി തന്നോടും കൂടി സംബന്ധം വയ്ക്കാന്‍
ആവശ്യപ്പെട്ടതും ഇതറിഞ്ഞ സുന്ദരയ്യന്‍ ആനന്തത്തോട് കൊടാന്കിയുടെ ഇംഗിതത്തിനു
വഴങ്ങാന്‍ ഉപദേശിച്ചതും മറ്റും ആനന്തം പറഞ്ഞറിഞ്ഞ സുഭദ്രയ്ക്ക് സുന്ദരയ്യന്റെ
ജാതിയെപറ്റി സംശയം ജനിക്കുന്നു. മരിച്ചു പോയ തന്റെ അമ്മയുടേത് എന്നു പറഞ്ഞ് സുന്ദരയ്യന്‍ കുറച്ച് ദിവസം
മുന്‍പ് കോടാങ്കിക്ക് ആഭരണങ്ങള്‍ സമ്മാനിച്ചിരുന്നു എന്ന് ആനന്തം പറഞ്ഞറിഞ്ഞപ്പോള്‍
ആ ആഭരണങ്ങള്‍ ചെമ്പകശ്ശേരിയില്‍ നിന്ന് സുന്ദരയ്യന്‍ മോഷ്ടിച്ചവ ആണെന്ന് സുഭദ്ര
ഊഹിക്കുന്നു.
ആനന്തം മടങ്ങിയ ശേഷം അവള്
സമ്മാനിച്ച പലഹാരത്തിന്റെ ഒരു കഷണം ദീപനാളത്തിന് മുകളില്‍ പിടിപ്പോള് അത്
അപാരനീലിമയോടെ ആളിക്കത്തുന്നത് കണ്ട് അത് താന്‍ കണക്കുകൂട്ടിയിരുന്നത്
പോലെ തന്നെ വിഷലിപ്തമായിരുന്നു എന്ന്
സുഭദ്ര സ്ഥിരീകരിക്കുന്നു; ഇതോടെ ശത്രുപക്ഷത്തിന്റെ വിഷപ്രയോഗ പദ്ധതി വെളിവാക്കിത്തന്ന പഠാണിപ്പേട്ടയിലെ
“ദ്വിഭാഷി “ പാറുക്കുട്ടിയുടെയും മറ്റും അഭ്യുദയകാംക്ഷി ആണെന്ന് സുഭദ്ര
വിലയിരുത്തുന്നു.
തമ്പിയുടെ മന്ദിരത്തില്‍ നിന്ന്
തിരിച്ചു വന്ന രാമനാമഠത്തില്‍ നിന്ന്സുഭദ്ര തന്ത്രത്തില്‍ യുവരാജാവിനെ ചതിച്ചു വധിക്കാന്‍ ശത്രുപക്ഷം
ഗൂഢാലോചന നടത്തിയതും , വേലുക്കുറുപ്പ് ബന്ധനത്തില്‍
നിന്ന് മോചിതനായി എത്തിയതും ( മുന്നദ്ധ്യായത്തില്‍ തമ്പി സ്വീകരിച്ച്
പൂട്ടിയിട്ടത് ഇയാളെയാണ്) ചുള്ളിയില്‍ മാര്‍ത്താണ്ഡന്‍പിള്ള തമ്ബികൊപ്പം
അണിനിരക്കാന്‍ എത്തിയെന്നും സുഭദ്ര അറിയുന്നു . ഈ വിവരങ്ങളെല്ലാം ചേര്‍ത്ത് , തുറസ്സായ സ്ഥലങ്ങളില്‍
വിരാജിക്കരുതെന്ന് ഉപദേശിച്ചുകൊണ്ടു സുഹദ്ര യുവരാജാവിന് ശങ്കരന് എന്ന തന്റെ
സേവകന്റെ പക്കല്‍ ഒരു കുറിപ്പ് കൊടുത്തയയ്ക്കുന്നു .
തന്റെ രണ്ട് വാല്യക്കാരോട്
പിറ്റേന്ന് തമ്പിയുടെയടുക്കള് ചെന്ന് താന്‍ മരിച്ചു പോയി എന്ന് പറയണമെന്നും
അപ്പോള്‍ അദ്ദേഹത്തിന്റെ ഭാവം ശ്രദ്ധിച്ച്വന്നു തന്നെ അറിയിക്കണം എന്നും
സുഭദ്രആജ്ഞ കൊടുക്കുന്നു. മറ്റ് എട്ടു പത്തു വാല്യക്കാരോട് ആനന്തത്തിന്റെ
ഭവനത്തില്‍ അതിക്രമിച്ചു കയറി അവിടത്തെ സാമാനങ്ങള്‍ കടത്തി കൊടാങ്കിയെ കെട്ടിയിടണം
എന്നും തമ്പിയോ സുന്ദരയ്യനോ ആണ് ഇതിന് നിര്‍ദ്ദേശം കൊടുത്തത് എന്ന് കോടാങ്കി
തെറ്റിദ്ധരിക്കണം എന്നും അയാളുടെ പ്രതികരണം ശ്രദ്ധിച്ച്വന്നു തന്നെ അറിയിക്കണം
എന്നും സുഭദ്ര ശട്ടം കെട്ടുന്നു ; ഒരാളോട് പഠാണിപ്പേട്ടയില്‍ ചെന്ന് ചില വിവരങ്ങള്‍ അറിഞ്ഞുവരാനും
കല്പിക്കുന്നു.
അദ്ധ്യായം 20
ആമുഖപദ്യം :
“വ്യഥയുമവനകതളിരിലില്ലയെന്നാകിലും
....” ആദ്ധ്യാത്മരാമായണത്തിലെ വരികള്‍; ഹനുമാന് രാവണകിങ്കരന്മാരാല് ബന്ധനസ്തനാക്കപ്പെട്ട് രാവണസന്നിധിയിലേക്ക്
കൊണ്ടുപോകാന്‍ പാകത്തിന് നിശ്ചലനായി കിടന്നു കൊടുക്കുന്ന സന്ദര്‍ഭം.ഭ്രാന്തന്
ചാന്നാനും മാങ്കോയിക്കല്‍ കുറുപ്പും തമ്പിയുടെ സൈന്യതാല്‍
ബന്ധനസ്തരാക്കപ്പെപ്പെട്ടു ചെമ്പകശ്ശേരിയ്ലേക്ക് നയിക്കപ്പെടാന്‍ പാകത്തിന് നിന്ന്
കൊടുക്കുന്നത് ചിത്രീകരിക്കുന്ന അദ്ധ്യായാത്നു അനുയോജ്യമായ ആമുഖം .
പശ്ചാത്തലം: മുന്നധ്യായത്തിലെ അതേ
രാത്രി യുവരാജാവ് താമസിക്കുന്ന തെക്കീകോയിക്കല് കൊട്ടാരം
ചെമ്പകശ്ശേരിയില്‍ ചെന്ന്
ശങ്കുവാശാനോട് രഹസ്യകൂടിക്കാഴ്ചനടത്തിയതിനും അമ്മാവന്റെ രോഗവിവരങ്ങള്‍ തിരക്കാന്‍
പ്രധാന കൊട്ടാരം സന്ദര്‍ശിച്ചതിനും ശേഷം യുവരാജാവ് തന്റെ കൊട്ടാരത്തില്‍
എത്തുന്നു. പഠാണിസംഘത്തിന്റെ മരുന്ന്
സേവിച്ച മഹാരാജാവിന്റെ ആരോഗ്യനിലയുടെ പുരോഗതിയില്‍ സന്തുഷ്ടനായ യുവരാജാവ് പഠാണി
സംഘത്തിനോട് താന്‍ എത്ര കടപ്പെട്ടിരിക്കുന്നു എന്നതും ചെമ്ബകശേരിയില്‍ പോയി ശങ്കുവാശാനോട്
സംസാരിച്ചപ്പോള്‍ പാറുക്കുട്ടിയുടെ
രോഗവിവരം അറിഞ്ഞതും അവളുടെ കാമുകനും തന്റെ ഉറ്റസുഹൃത്തുമായിരുന്ന അനന്തപദ്മാനാഭാന്റെ തിരോധാനത്തിലുള്ള തന്റെ
ദു:ഖവും പരമേശ്വരന് പിള്ളയുമായി പങ്കുവയ്ക്കുന്നു.
പരമേശ്വരന്‍പിള്ള
വിടവാങ്ങിയശേഷം തന്റെ മാളികമുറ്റത്ത് ചിന്താമഗ്നനായി ഉലാത്തുകയായിരുന്ന
യുവരാജാവിനെ വേലുക്കുറുപ്പ് വെട്ടാനോങ്ങുമ്പോള് അപ്പോള്‍ അവിടെ സുഭദ്രയുടെ
സന്ദേശവുമായി എത്തിയ ശങ്കരന് തടയുകയും വെട്ടേറ്റു വീഴുകയും ചെയ്യുന്നു.
വേലുക്കുറുപ്പ് ഓടി മറയുന്നു . “എഴുത്ത് “ എന്ന് കഷ്ടിച്ച് പറഞ്ജോപ്പിച്ചുകൊണ്ട്
ശങ്കരന് മൃതിയടയുന്നു. ശങ്കരന്റെ വസ്ത്രങ്ങള്‍ക്കിടയില്‍ നിന്ന് തന്നിക്ക്
അജ്ഞാതമായ സ്രോതസ്സില്‍ നിന്നുള്ള
എഴുത്ത്കണ്ടെത്തി വായിച്ച
യുവരാജാവിന് തമ്പിയുടെ വധശ്രമമാണ് താന്‍
അതിജീവിച്ചത് എന്ന് പൂര്‍ണ്ണ ബോധ്യമാകുന്നു .
വധശ്രമം പരാജയപ്പെട്ടതില്‍
തമ്പി വേലുക്കുറുപ്പിനോട് കയര്‍ക്കുന്നു. മാങ്കോയിക്കല്‍ കുറുപ്പിനെ
ശ്രീപണ്ടാരത്ത് വീട്ടില്‍ രാമയ്യന് അന്വേഷണങ്ങളുമായി എത്തിയിരുന്നു എന്ന് വിവരം
ലഭിച്ച തമ്പിയുടെ പക്ഷം കുറുപ്പിന്റെ
തടങ്കല്‍ ചെമ്പകശ്ശേരിയിലേക്ക് മാറ്റാന്‍ തീരുമാനിക്കുന്നു; ഈ തീരുമാനം നടപ്പില്‍ വരുത്തുക എന്ന ഉദ്ദേശത്തോടുകൂടി എന്ന
ഉദ്ദേശത്തോടുകൂടി സുന്ദരയ്യന്‍, കോടാങ്കി, ചുള്ളിയില്‍ ചടച്ചി മാര്‍ത്താണ്ഡന്‍പിള്ള , വേലുക്കുറുപ്പ് തുടങ്ങിയവരുടെ സംഘം ശ്രീപണ്ടാരത്ത് വീട്ടിലേക്ക് തിരിക്കുന്നു.
യുവരാജാവിനെയും മറ്റും
ചുള്ളിയില്‍ ചടച്ചി മാര്‍ത്താണ്ഡന്‍പിള്ള യില്‍ നിന്ന് രക്ഷിച്ച ഭ്രാന്തന്
ചാന്നാന്‍ അനന്തപദ്മാനാഭനെ യുവരാജാവ്
കൊന്നു എന്ന കഥ സുഭദ്രയും ആനന്തവുമായുള്ള സംഭാഷണം ഒളിഞ്ഞു കേട്ടത്തില്‍
നിന്നറിയുകയും ശേഷം മാങ്കോയിക്കല്‍
കുറുപ്പിനെ അന്വേഷിച്ച് ശ്രീപണ്ടാരത്ത് വീട്ടിലേക്ക് പുറപ്പെടുകയും ചെയ്യുന്നു.
പണ്ടാരത്തു വീടിന്റെ ഉടമസ്ഥന് കഴക്കൂട്ടത്ത്പിള്ള നഗരത്തില്‍ നിന്ന് വിട്ട്
കഴക്കൂട്ടം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന
തന്റെ പ്രധാന വസതിയില്‍ ആണെന്നുള്ള ധൈര്യത്തില്‍ ഭ്ര്ത്യര് കളിച്ചും “മാവാരതം “
പാട്ടുകള്‍ പാടിയും രാവ് ആഘോഷിക്കുന്നു എന്നു കണ്ട ഭ്രാന്തന് ചാന്നാന്‍ അവരുമായി ചങ്ങാത്തം
സ്ഥാപിക്കുകയും മയക്കുമരുന്ന് കൊടുത്ത് മയക്കത്തിലാക്കുകയും ചെയ്യുന്നു.
ഭ്ര്ത്യരില് ഒരാളുടെ ശരീരത്തില്‍ നിന്നും കല്ലറയിലേക്കുള്ള താക്കോല്‍ എടുത്ത
ചാന്നാന്‍ കല്ലറയിലെത്തി മാങ്കോയിക്കല്‍ കുറുപ്പിനെ സന്ദര്‍ശിക്കുന്നു. കല്ലറയില്‍
നിന്ന് വെളിയില്‍ കടന്ന ഇരുവരെയും സുന്ദരയ്യന്‍, കോടാങ്കി, ചുള്ളിയില്‍ ചടച്ചി മാര്‍ത്താണ്ഡന്‍പിള്ള , വേലുക്കുറുപ്പ് തുടങ്ങിയവരുടെ സംഘം വളയുന്നു. തുടര്‍ന്നു നടന്ന സംഘട്ടനത്തില്‍
ഭ്രാന്തന് ചാന്നാന്റെ കയ്യിലെ തോക്കിന്റെ വെടിയേറ്റ് വേലുപ്പിള്ളയും കോടാങ്കിയും മരിക്കുന്നു.
.ചാന്നാന്റെ കൈത്തോക്ക് അടിയറവയ്പ്പിക്കില്ല
എന്ന ഉറപ്പില്‍ മാങ്കോയിക്കല്‍ കുറുപ്പും ചാന്നാനും ചെമ്പകശ്ശേരി
കല്ലറയിലേക്ക് നയിക്കപ്പെടാന്‍ സമ്മതിക്കുന്നു.
(തോക്കുപയോഗിച്ച് മറ്റുള്ള ശത്രുപക്ഷരെയും കൊല്ലാം എന്ന സ്ഥിതിയിലിരിക്കെ
കീഴടങ്ങി ചെമ്പകശ്ശേരിയിലേക്ക് നയിക്കപ്പെടാന്‍ തയ്യാറായതിനു പിന്നില്‍ എന്തോ
ഗൂഢലക്ഷ്യം ഉണ്ട് എന്ന് വായനക്കാര്‍ക്ക് ഇവിടെ അനുമാനിക്കാം)
അദ്ധ്യായം 21
ആമുഖപദ്യം :
“രാജീവനേത്രനെ ചിന്തിച്ചു
ചിന്തിച്ചു രാജാ ദശരഥന് പുക്കു സുരാലയം “; രാമവിയോഗത്താല്‍ ദു:ഖാ ര്ത്തനായി ചരമം പ്രാപിക്കുന്ന ദശരഥനെ ചിത്രീകരിക്കുന്ന
ആദ്ധ്യാത്മരാമായണത്തിലെ ഈ വരികള്‍, തന്റെ പുത്രന്മാരുടെ ഭാവിയെക്കുറിച്ചും തനിക്കേറ്റവും പ്രിയപ്പെട്ട
അനന്തരവനുമായുള്ള അവരുടെ പോരിലും വേദനിച്ചു മരിക്കുന്ന രാമവര്‍മ്മ മഹാരാജാവിന്റെ
അന്ത്യം ചിത്രീകരിക്കുന്ന അദ്ധ്യായാത്നു അനുയോജ്യമായ ആമുഖം തന്നെ .
`
പശ്ചാത്തലം: മുന്നധ്യായത്തിന്റെ
തുടര്‍ച്ച ; പണ്ടാരത്ത്വീട്ടിലെ സംഘട്ടനം
നടന്ന രാത്രിക്കു ശേഷമുള്ള പകല്‍
കഴക്കൂട്ടത്ത് പിള്ളയെ
നിഗ്രഹിക്കാനായി യുവരാജാവ് പണ്ടാരത്ത് വീട്ടില്‍ സൈന്യവുമായി ചെന്ന് എന്നും അവിടെ
ഉറങ്ങിക്കിടന്ന വേലുപ്പിള്ളയുംയെയും ഒരു
പരദേശിയെയും ( കോടാങ്കി ) കൊന്നു എന്നും തിരികെ കൊട്ടാരത്തില്‍ എത്തിയപാടെ
വിവരമറിഞ്ഞു പണ്ടാറത്തുവീട്ടിലേക്ക് പുറപ്പെട്ട രാമനാമഠം പിള്ളയെയും
ഒപ്പമുണ്ടായിരുന്ന ശങ്കരനെയും ആക്രമിച്ചു എന്നും യുവരാജാവിന്റെ വാളാല്‍ ശങ്കരന്
കൊല്ലപ്പെട്ടു എന്നും സുന്ദരയ്യന്‍ പ്രചരിപ്പിക്കുന്നു; ആനന്തത്തിന്റെ ഗൃഹം സുഭദ്രയുടെ
വാല്യക്കാര് കൊള്ളയടിച്ചതിനെ കലി തീരാത്ത യുവരാജാവ് സുന്ദരയ്യന്റെ ഭാര്യാഗൃഹം
കൊള്ളയടിപ്പിച്ചു എന്ന രീതിയില്‍ ജനം വ്യാഖ്യാനിക്കുന്നു.
സുന്ദരയ്യന്‍ അതിവിദഗ്ധമായി
മിനഞ്ഞ കഥകള്‍ വിശ്വസിച്ച ജനം യുവരാജാവി (
മാര്‍ത്താണ്ഡവര്‍മ്മ)നെതിരെ കലാപം കൂട്ടി കൊട്ടാരം ആക്രമിക്കുകയും
കൊട്ടാരവാതിലുകള്‍ തള്ളിതുറക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു . ജനം തന്നെ തെറ്റിദ്ധരിച്ചതില്‍ അതിവിഷണ്ണനായി
കൊട്ടാരത്തിനുള്ളില്‍ ഭവിച്ച യുവരാജാവ് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ എന്ന
ഉദ്ദേശത്തോടു കൂടി ജനക്കൂട്ടത്തിന് മുന്പില് പ്രത്യക്ഷനാവാന്‍ ഭാവിക്കുമ്പോള്‍
അഭ്യുദയകാംക്ഷികളായ കിളിമാനൂര്‍ കോയിത്തമ്പുരാന്‍ , രാമയ്യന്,പരമേശ്വരന് പിള്ള മുതലായവര്‍
അത് ഈ ഘട്ടത്തില്‍ ആപത്താണെന്ന് ഉപദേശിച്ചു വിലക്കുന്നു. ജനങ്ങളെ ഭയന്ന്
ഒളിച്ചിരിക്കേണ്ട കാര്യമില്ല എന്ന് പ്രസ്താവിച്ച് വാതില്‍ തുറക്കാന്‍ ഓങ്ങിയ
യുവരാജാവിനെ രാമയ്യന് തടയുകയും വാതില്‍ താന്‍ തുറക്കാം എന്ന് പറയുകയും
ചെയ്യുന്നു.
യുവരാജാവിന്റെ സമക്ഷത്തില്‍ നിന്ന്
പുറപ്പെട്ട രാമയ്യന് രോഗബാധിതനായി കിടന്ന മഹാരാജാവിനെ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍
അറിയിക്കുന്നു . തന്റെ പ്രിയഭാഗിനേയാനെ ബാധിച്ച വിഷമസന്ധി പരിഹരിക്കാനായി
രോഗപീടകള്‍ വകവയ്ക്കാതെ മഹാരാജാവ് നേരിട്ട് കൊട്ടാരവാതില്ക്കല് എത്തുന്നു.വാതില്‍
തള്ളിവീഴ്ത്തി കൊട്ടാരത്തിനകത്തേക്ക് വിജയാരവത്തോടെ പ്രവേശിക്കാനൊരുങ്ങിയ
പ്രക്ഷോഭകാരികള്‍ മുന്നില്‍ മഹാരാജാവിനെ
കണ്ട് അദ്ധാളിച്ചു കുറ്റബോധത്താലും ഭക്തിയാലും
പ്രണമിക്കുകയും പിന്തിരിഞ്ഞോടുകയും ചെയ്യുന്നു.
തന്നെ താങ്ങുന്ന രാമയ്യനെ നോക്കി “ അപ്പന് (അനന്തരവന് ) മന്ത്രി താന്‍തന്നെ .മേല്ക്കുമേല്
ശ്രേയസ്സുണ്ടാകും .സാധുക്കള്‍ എന്റെ കുട്ടികള്‍ (തമ്പിമാര്)..രാമയ്യന്
കുറച്ചൊക്കെ ക്ഷമിക്കണം ..”എന്നും മറ്റും പറഞ്ഞ് ബോധം ക്ഷയിച്ച് , അപ്പോള്‍ അവിടേക്ക് ഓടിയെത്തിയ
മാര്‍ത്താണ്ഡവര്‍മ്മയുടെ കൈകളിലേക്ക് വീണു മൃതിയടയുന്നു.
ഈ സമയം ജനം യുവരാജാവിനെതിരെ
കലാപത്തിലായി എന്നറിഞ്ഞ തമ്പി തന്റെ മാളികയില്‍ സുന്ദരയ്യന്റെയോപ്പം
ആനന്താതിരേകത്തില്. അപ്പോള്‍ അവിടേക്ക് കടന്നു വന്ന സുഭദ്രയുടെ ഭൃത്യരില്‍
നിന്ന് സുഭദ്ര മരിച്ചു എന്ന വ്യാജകഥ
അറിഞ്ഞപ്പോള്‍ തമ്പി സുന്ദരയ്യനോട് കോപിക്കുകയും സുഭദ്രയെ ഭര്‍ത്താവില്‍ നിന്ന്
അകറ്റുന്നതുള്പ്പടെയുള്ള ക്രൂരകൃത്യങ്ങള്‍ തന്നെക്കൊണ്ട് ചെയ്യിപ്പിച്ച
സുന്ദരയ്യന്റെ കുബുദ്ധിയെ അപലപിക്കുകയും ചെയ്യുന്നു. തമ്പിയുടെ പരിചാരകരില്‍
ഒരാളില്‍ നിന്ന് തന്റെ വീട്ടില്‍ കള്ളന്
കയറി എന്ന വാര്‍ത്ത അറിഞ്ഞ സുന്ദരയ്യന്‍ താന്‍ ചെമ്പകശ്ശേരിയില്‍ നിന്ന്
മോഷ്ടിച്ച് കോടാന്കിയുടെ കയ്യില്‍ ഏല്‍പ്പിച്ച ആഭരണങ്ങളുടെ അവസ്ഥയോര്‍ത്ത്
പരിഭ്രമിക്കുന്നു . മോഷണക്കാര്യം സുന്ദരയ്യനെ അറിയിക്കാനെത്തിയ ആനന്തത്തെ
ആഭരണരഹസ്യം തമ്പിയറിയുംഎന്ന് ഭയന്നുകൊണ്ട് അതിവിദഗ്ധമായി സുന്ദരയ്യന്‍
ഒഴിവാക്കുന്നു.ആനന്തത്തിനോടുള്ള സംഭാഷണത്തില്‍
നിന്ന് സുഭദ്ര മരിച്ചിട്ടില്ല എന്ന് മനസ്സിലാക്കിയ സുന്ദരയ്യന്‍
വിഷപ്രയോഗത്തെപ്പറ്റി സുഭദ്ര മനസ്സിലാക്കി എന്നാണ് തന്റെ നിഗമനം എന്നും ഇനി അവരെ
കൂടുതല്‍ സൂക്ഷിക്കണം എന്നും തമ്പിയോട് പറയുമ്പോള്‍ ഇനി സുഭദ്രയെ വധിക്കാന്‍
ശ്രമിക്കേണ്ട എന്ന് തമ്പി കല്പിക്കുന്നു.
( മേല്‍പ്പറഞ്ഞ പാഠഭാഗത്ത്
നിന്ന് തമ്പിക്ക് സുഭദ്രയോട് നിഷ്കാമമായ സ്നേഹം ഉണ്ടെന്ന് വായനക്കാര്‍ക്ക്
മനസ്സിലാക്കാം )
തമ്പിയുടെ സന്നിധിയിലേക്ക്
കടന്നു വന്ന രാമനാമഠംപിള്ള അന്നു രാത്രി എട്ടുവീടരുടെ രഹസ്യയോഗം കൂടുന്നുണ്ട്
എന്നറിയിക്കുന്നു .
രംഗത്തേക്ക് കടന്നു വന്ന
ചുള്ളിയില്‍ മാര്‍ത്താണ്ഡന്‍ പിള്ള മഹാരാജാവ് “നാടുനീങ്ങിയതായി” അറിയിക്കുന്നു.
അദ്ധ്യായ കുറിപ്പ് :
1.
ചരിത്രരേഖകള്‍ പറയുന്നത് രാമവര്‍മ്മ
രാജാവിന്റെ മരണം കൊ.വ. 904 മകരമാസം കല്ക്കുളത്ത് വച്ച് അന്തരിച്ചു എന്നാണ് (
സി.വി. ഇവിടെ പറയുന്നത് പോലെ കൊ.വ. 904 ചിങ്ങത്തില് തിരുവനന്തപുരത്ത് വച്ച്
എന്നല്ല)
അദ്ധ്യായം 22
ആമുഖപദ്യം :
“വേദാന്തവേദ്യനഥ വാദം
തുടര്‍ന്നളവു..” “സുഭദ്രാഹരണം “ ആട്ടക്കഥയില്‍ സുഭദ്രയെ അര്ജ്ജുനന് അപഹരിച്ചതില്
ക്രുദ്ധനായ ബലരാമനെ ശ്രീകൃഷ്ണന് അനുനയിപ്പിക്കുന്ന രംഗം . ഷംസുദീനിന്റെ
തിരോധാനത്താല്‍ കോപിഷ്ഠനായ ഹാക്കിമിനെ നൂരദ്ദീന് അനുനയിപ്പിക്കാന്‍
ശ്രമിക്കുന്നത് ചിത്രീകരിക്കുന്ന അദ്ധ്യായത്തിന് അനുയോജ്യമായ ആമുഖം .
`
പശ്ചാത്തലം: മുന്നധ്യായത്തിലെ
സംഭവങ്ങള്‍ അരങ്ങേറുന്ന അതേ സമയത്ത് പഠാണിപ്പാളയത്തില്‍
തലേന്ന് രാത്രി പഠാണി പ്പാളയത്തില്‍ നിന്ന് എവിടെക്കോ
പുറപ്പെട്ട ഷംസുദ്ദീന് തിരിച്ചെത്താത്തതില്‍ ഹാക്കിം അതീവ കോപിഷ്ഠനായി
കാണുന്നു.തലേന്നു രാത്രി ഷംസുദീന്‍ സുലൈഖയെ സന്ദര്‍ശിച്ച് എന്തൊക്കെയോ പറഞ്ഞ്
“കണ്ണീര്ചൊരിഞ്ഞു “ എന്നും തല്‍ഫലമായി അവള് തീവ്രദു:ഖത്തോടെയാണെങ്കിലും അയാളെ
പോകാന്‍ അനുവദിച്ചു എന്നും ഈ ഘട്ടത്തില്‍ വായനക്കാര്‍ അറിയുന്നു.
ചെറുപ്പം തൊട്ടേ പഠാണി
സംഘത്തിന്റെ കൂടെ കഴിഞ്ഞ ഉസ്മാന് ഖാനിനു ഷംസുദീനിന്റെ സാന്നിദ്ധ്യം
അരോചകമായിരുന്നു എന്നും ഹാക്കിമിന് ഷംസുദീനിനോടുള്ള നിസ്തുല സ്നേഹത്തില്‍ അയാള്‍ അസൂയാലു ആയിരുന്നു എന്നും ഹാക്കിമിനെ
ഷംസുദീനിനെതിരെ തിരിക്കാന്‍ സദാ ശ്രമിച്ചുകൊണ്ടിരുന്നു എന്നും സി.വി, ഇവിടെ പറയുന്നു.
തത്സമയം സുഭദ്ര തന്റെ
മാളികയില്‍ തലേന്നു താന്‍ ആണത്തത്തിന്റെ വീട്ടില്‍ നടത്തിശങ്കരച്ചാരുടെ മരണത്തിലും
ച്ച മോഷണമുള്‍പ്പടെയുള്ള ചെയ്തികള്‍ യുവരാജാവിന്റെ മേല്‍ ആരോപിക്കപ്പെട്ടതിലും ജനമനസ്സ് തമ്ബിമാര്ക്ക് അനുകൂലമായി
മാറുന്നതിലും മഹാരാജാവിന്റെ ദേഹവിയോഗത്തിലും അപ്പപ്പോള്‍ അനുചരന്മാര്
അറിയുക്കുന്നമുറയ്ക്ക് അതിവിഷണ്ണയായി
കാണപ്പെടുന്നു .
പഠാണിപ്പാളയത്തിലേക്ക്
അയയ്ക്കപ്പെട്ട ഭൃത്യന് ഹാജരായി
“ചെമ്പകശ്ശേരിയിലെ കുഞ്ഞിനു “ കൊടുക്കാന്‍ പഠാണികള്‍ കൊടുത്തയച്ച മരുന്ന്
സുഭദ്രയെ ഏല്‍പ്പിക്കുന്നു.”കാശിവാസി”യെയോ “തുപ്പായി “യെയോ കാണാന്‍ സാധിച്ചില്ല
എന്നും “ തലേന്ന് അവിടെ നിന്ന് പുറപ്പെട്ട “തുപ്പായി” തിരിച്ചെത്താ തതുകൊണ്ട്
പഠാണിപ്പേട്ടയില്‍ ലഹളയാണ് എന്നും തന്നോട് ഈ വിവരങ്ങളൊക്കെ പറഞ്ഞതും മരുന്ന്
എല്പ്പിച്ചതും അതിസുന്ദരനും ഉള്ളില്‍
ദു:ഖസാഗരം എന്തുന്നു എന്ന് തോന്നിപ്പിക്കുന്നവനുമായ ഒരു “മേത്തന് “ ആണെന്നും
ഇയാള്‍ തന്നെ ആരാണ് അയച്ചത് എന്നു അറിഞ്ഞപ്പോള്‍ “തൊലി ഉരിച്ച ഓന്തിനെപ്പോലെ ആയി “
എന്നും അറിയിക്കുന്നു. അയാളെ കണ്ടാല്‍ ആരെപ്പോലെയെങ്കിലും തോന്നിച്ചോ എന്ന തന്റെ
ചോദ്യത്തിന് ഭൃത്യന് നല്കിയ ഉത്തരം കേട്ട സുഭദ്ര “മൃഗപ്റായ “ യാകുന്നു.
അദ്ധ്യായം 23
ആമുഖപദ്യം :
“കാണാമിപ്പോളെനിക്കെന്‍
നിഷധനരപതിം ..”ഭാഷാനൈഷധം ചമ്പുവില്‍ നിന്നുള്ള വരികള്‍; ഋതുപര്‍ണ്ണന്റെ സാരഥി നളന്
ആകുമെന്ന് സൂചന കിട്ടിയ ദമയന്തി നളനെ ഇപ്പോള്‍ കാണാം എന്നു പ്രതീക്ഷിച്ചു
നോക്കിയപ്പോള്‍ കണ്ടത് വികൃതനായ ബാഹുകനെ . ഭ്രാന്തന് ചാന്നാന്‍ അനന്തപദ്മനാഭന്
ആകാം എന്ന ഊഹത്തിന്റെ അടിസ്ഥാനത്തില്‍ പാറുക്കുട്ടി കല്ലറയില്‍ പ്രവേശിക്കുകയും
പ്രതീക്ഷയ്ക്കു വിരുദ്ധമായി വികൃതരൂപനായ ചാന്നാനെ കാണുകയും ചെയ്യുന്നത്
ചിത്രീകരിക്കുന്ന അദ്ധ്യായത്തിന്
അനുയോജ്യമായ ആമുഖം .
പശ്ചാത്തലം: മുന്നധ്യായത്തിലെ
സംഭവങ്ങള്‍ നടന്നതിന് അഞ്ചു ദിവസത്തിനുശേഷം വലിയക്കൊട്ടാരത്തില്
മഹാരാജാവിന്റെ സംസ്കാരക്രിയകള്‍
കഴിഞ്ഞശേഷം യുവരാജാവ് കോട്ടാര്‍ തുടങ്ങിയ ഇടങ്ങളിലെ രാജസ്നേഹിതരുടെ പക്കല്‍ നിന്ന്
കടം വാങ്ങി മധുരപ്പടയ്ക്ക് കൊടുത്ത് സമാധാനപ്പെടുത്തി തിരുവനന്തപുരത്തേക്ക് കൊണ്ടുവരാന്‍ ഏര്‍പ്പാട്
ചെയ്യുന്നു.കിളിമാനൂരില്‍ നിന്ന് നാരായണയ്യന്‍ എന്ന ബ്രാഹ്മണനാല്‍ അയയ്ക്കപ്പെട്ട
സൈന്യം കഴക്കൂട്ടംപിള്ളയുടെ സൈന്യം തടയുന്നു.തമ്പിയോട് കൂറുള്ള , കൊട്ടാരംജോലികള് ചെയ്യാന്‍
വിസ്സമ്മതിക്കുന്ന വേല്‍ക്കാരുടെ ശമ്പളം റദ്ദ് ചെയ്യാന്‍ യുവരാജാവ് ഉത്തരവിടുന്നു.
തത്സമയം ചെമ്പകശ്ശേരിയില്‍
ഹാക്കിമിന്റെ മരുന്നിന്റെ ഫലമെന്നോണം പാറുക്കുട്ടിയുടെ ദീനം ഒട്ടുവളരെയും
ഭേദപ്പെട്ടതായി കാണുന്നു; കഴിഞ്ഞ അഞ്ചു ദിവസമായി കൂടെ നിന്ന സുഭദ്രയെ സ്വഗൃഹത്തിലേക്ക്
മടങ്ങാന്‍ അനുവദിക്കാതെ കൂടെ നിര്‍ത്തിയ പാറുക്കുട്ടിയോടും കാര്ത്ത്യായനിയമ്മയോടും
കാശിവാസിയെയും “ദ്വിഭാഷി”യെയും കുറിച്ചുള്ള തന്റെ സംശയങ്ങള്‍ ഒഴികെ മറ്റ്
സംഭവവികാസങ്ങളെല്ലാം സുഭദ്ര പറഞ്ഞിരുന്നു. തന്റെ ദൂതനോട് സംസാരിക്കാനായി സുഭദ്ര
മുറി വിട്ടപ്പോള്‍ അന്യായമായി തടങ്കലില്‍ പാര്‍ക്കുന്ന ഭ്രാന്തന് ചാന്നാനെ
പുറത്തു കടത്താന്‍ തന്റെയൊപ്പം നില്‍ക്കണം എന്ന് പാറുക്കുട്ടി അമ്മയോട്
ആവശ്യപ്പെടുന്നു. രോഗം സുഖപ്പെട്ടു വരുന്ന സാഹചര്യമാണല്ലോ എന്നോര്‍ത്ത് അധികം
എതിര്‍ക്കാതെ കല്ലറയിലോട്ട് പാറുക്കുട്ടിയെ കാര്‍ത്ത്യായനി അമ്മ
അനുഗമിക്കുന്നു.
തമ്പിയുടെ വേല്‍ക്കാര്‍
കൊട്ടാരത്തില്‍ ഹാജരാകണം എന്ന യുവരാജാവിന്റെ ഉത്തരവ് പ്രകാരം തമ്പിയുടെ വേല്‍ക്കാര്‍ (കല്ലറയ്ക്ക് കാവല്‍ നിന്നിരുന്നവര്‍
)കല്ലറയുടെ താക്കോല്‍ ശങ്കുവാശാനെ ഏല്‍പ്പിച്ച് ചെമ്പകശ്ശേരി വിട്ടിരുന്നു. തന്റെ
യജമാനന്റെ (ചെമ്പകശ്ശേരി മൂത്ത പിള്ള) ഇച്ഛയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കില്ല
എന്ന് വാദിച്ച് കല്ലറ തുറക്കാന്‍ ശങ്കുവാശാന് ആദ്യം വിസമ്മതിച്ചു എങ്കിലും
പാറുക്കുട്ടിയുടെ വാശിക്ക് വഴങ്ങേണ്ടി വരുന്നു.
കല്ലറയില്‍ തടവിലാക്കപ്പെട്ട
ഭ്രാന്തന് ഇതിനോടകം തന്റെ കഥ സഹതടവുകാരനായിരുന്ന മാങ്കോയിക്കല്‍ കുറുപ്പിനോട്
പറഞ്ഞിരുന്നു (അതെന്താണെന്ന് ഈ ഘട്ടത്തില്‍
വായനക്കാര്‍ അറിയുന്നില്ല ).
“തന്റെ അജ്ഞാതവാസത്തെ
ത്യജിക്കാന്‍ വേണ്ട അനുമതി ലബ്ധമാക്കുന്നതിനു മുമ്പില്‍ ഈ ആളുകളോട് തന്റെ പരമാര്‍ത്ഥത്തെ
വെളിപ്പെടുത്തുന്നത് സത്യലംഘനമാകുമെന്നുള്ളതിനാല്‍ “ പാറുക്കുട്ടി കല്ലറയിലേക്ക്
പ്രവേശിക്കുന്നത് കണ്ടത്തിലുള്ള തന്റെ ആഹ്ളാദം മറച്ചു വച്ചുകൊണ്ട് “ഭ്രാന്തന് ചാന്നാന്‍ “ മൗനിയാകുന്നു.”
ഭ്രാന്തനെ കണ്ട പാറുക്കുട്ടിയില്‍ ചില സംശയങ്ങള്‍
ജനിക്കുന്നു. പാറുക്കുട്ടിയെയും അമ്മയെയും മാങ്കോയിക്കല്‍ കുറുപ്പ് സ്വയം
പരിചയപ്പെടുത്തുകയും തന്റെ ഭവനം അഗ്നിക്കിരയാക്കിയത് തമ്പി ആണ്, കേട്ടുകേള്‍വി പോലെ
യുവരാജാവല്ല എന്ന് അറിയിക്കുകയും ചെയ്യുന്നു. “ആരെങ്കിലും വേഷം മാറി നില്ക്കുകയാണെങ്കില്
ഞങ്ങളുടെ സംശയത്തിനെ തീര്‍ക്കണം എന്ന് ചാന്നാനോടായിട്ട് കാര്‍ത്യായനിയമ്മ പറഞ്ഞതിന്
“എന്റെ സത്യത്തെ പറയാത്തതു കൊണ്ട് ഞാന്‍ കൃതഘ്നനാണെന്ന് വിചാരിച്ചുപോകരുത് “ എന്ന്
മാത്രം ചാന്നാന്‍ മറുപടി നല്കുന്നു.
കല്ലറയില്‍ നിന്ന് രക്ഷപ്പെടാന്‍
പാറുക്കുട്ടിയും കാര്‍ത്യായനിയമ്മയും ആവശ്യപ്പെടുമ്പോള്‍ മൂത്തപില്ലയുടെ അനുമതിയില്ലാതെ അങ്ങനെ
ചെയ്യുന്നത് ഉചിതമല്ല എന്ന് ചൂണ്ടിക്കാട്ടി മാങ്കോയിക്കല്‍ കുറുപ്പ് സ്വാതന്ത്ര്യം
നിരാകരിക്കുന്നു. മൂത്തപിള്ള “എന്തോ
ആലോച്ചനയ്ക്കായി “ തമ്പിയുടെ അടുക്കല്‍ പോയിരിക്കയാണ് എന്ന് ശ്രവിച്ചപ്പോള്‍
അപകടം മണത്ത “ഭ്രാന്തന് ചാന്നാന്റെ “ നിര്‍ദ്ദേശപ്രകാരം കല്ലറയില്‍ നിന്ന്
പുറത്തു കടന്ന് ഓടിയകലുന്നു.
ഓടിയകലുന്ന ഭ്രാന്തന് ചാന്നാനെ
കണ്ട ശങ്കുവാശാന് അയാല്‍ തന്നെയാണ് തമ്പി ചെമ്പകശ്ശേരിയില്‍ താമസിച്ച രാത്രി
അകത്തു കടന്ന “കാശിവാസി “ എന്ന്
തിരിച്ചറിഞ്ഞ് ബഹളം വയ്ക്കുന്നു. താന്‍ സ്വപ്നദര്‍ശനത്തില്‍ എന്നോണം കണ്ട
തമ്പിയുടെ ബലാത്സംഗശ്രമവും അതിനെ അനന്തപദ്മനാഭനുമായി സാദൃശ്യം തോന്നിയ ഒരു രൂപം
തടുക്കുന്നതും സത്യമാണെന്ന് തിരിച്ചറിയുന്ന പാറുക്കുട്ടി തന്റെ അമ്മയെ
ആശ്ലേഷിച്ചു കരയുന്നു.
തടവറയില്‍ നിന്ന്
രക്ഷപ്പെട്ടവരെ അന്വേഷിച്ച് ചെമ്പകശ്ശേരി ഭര്ത്യര് നാലുപാടും തിരിക്കുന്നു.
അദ്ധ്യായം 24
ആമുഖപദ്യം : പുത്രിക്കുള്ലോരു
സദ്ഗുണങ്ങളഖിലം കേട്ടിട്ടു സന്തുഷ്ടനായി ....: എന്ന ആമുഖശ്ലോകത്തിന്റെ കര്‍തൃത്വം
അജ്ഞാതം എങ്കിലും അന്നു വരെ തന്റെ പുത്രി സുഭദ്രയെ കുറിച്ചു കേട്ട
അപഖ്യാതികളെല്ലാം പൊള്ളയാണെന്ന ബോധ്യത്തില്‍ സന്തുഷ്ടനായ തിരുമുഖത്തുപിള്ളയെ
ചിത്രീകരിക്കുന്ന അദ്ധ്യായത്തിന് യോജിച്ച ആമുഖ പദ്യം.
പശ്ചാത്തലം : കഴിഞ്ഞ
അദ്ധ്യായത്തിലെ അതേ രാത്രി തിരുവനന്തപുരത്ത് പലയിടത്തായി നടക്കുന്ന സംഭവങ്ങള്‍
.
പാറുക്കുട്ടി തുറന്നു വിടാന്‍
നിശ്ചയിച്ച ഭ്രാന്തനെയും കുറുപ്പിനെയും പിന്തുടര്ന്ന് തന്നോട് വിവരം വന്നു പറയണം
എന്ന് തന്റെ ദൂതന് പപ്പുവിന് നിര്‍ദ്ദേശം കൊടുത്ത ശേഷം സുഭദ്ര തന്റെ ഭവനത്തില്‍
എത്തുകയും അന്നു രാത്രി തന്നെ പടകൂട്ടി
യുവരാജാവിന്റെ മാളികയിലെത്തി അദ്ദേഹത്തെ വധിക്കണം എന്ന എട്ടുവീടരുടെ ഗൂഢാലോചന മനസ്സിലാക്കുകയും ചെയ്യുന്നു
( തിരുമുഖത്തു പിള്ള എത്തി എട്ടുവീടര്ക്ക് സഹായം ചെയ്യാം എന്ന് വാഗ്ദാനം
ചെയ്തിരിക്കുന്നു എന്നും അതുവരെ കാക്കണം എന്നുമുള്ള ചെമ്പകശ്ശേരി മൂത്തപിള്ളയുടെ അഭിപ്രായം
തമ്പിമാര് നിരാകരിക്കുന്നു.)
തത്സമയം തിരുമുഖം പിള്ളയുടെ
നൂറോളം പേര് അടങ്ങിയ സൈന്യം പഠാണിപാളയതിന്റെ അടുത്ത് തമ്പടിച്ചിട്ടുണ്ട് എന്ന്
തന്റെ മാളികയിലെത്തിയ തിരുമുഖംപിള്ളയുടെ അനന്തരവന് പറഞ്ഞറിഞ്ഞ യുവരാജാവ് സന്തുഷ്ടനാകുന്നു.തന്നെയും
രാജ്യത്തെയും ബാധിച്ചിരിക്കുന്ന ആപത്തുകള്‍ ഒഴിഞ്ഞ് പ്രജകളെ ക്ഷേമത്തോടെ
ഭരിക്കാനായാല്‍ രാജ്യം പദ്മനാഭന് സമര്‍പ്പിക്കാം എന്ന് താന്‍ നേരുന്നു എന്ന്
പരമേശ്വരന് പിള്ളയുടെ സാനിദ്ധ്യത്തില്‍ യുവരാജാവ് നേരുന്നു 1
യുവരാജാവ് നിദ്രയാരംഭിക്കുന്ന
നേരത്ത് സുഭദ്ര അദ്ദേഹത്തിന്റെ മുറിയില്‍ പ്രവേശിക്കുകയും വധശ്രമത്തെ
അതിജീവിക്കാന്‍ ഉടന്‍ മാളിക വിടേണ്ടതുണ്ട് എന്ന് അറിയിക്കുന്നു. ശത്രുപക്ഷത്തെ
പ്രമുഖനായ കുടമണ് പിള്ളയുടെ അനന്തരവള്‍ എന്ന രീതിയില്‍ ആദ്യം സുഭദ്ര പറയുന്നത്
അവിശ്വസിക്കുന്ന യുവരാജാവ് വേലുപ്പിള്ളയുടെ വധശ്രമം തടഞ്ഞത് തന്റെ ദൂതന്
ശങ്കരച്ചാര് ആയിരുന്നു എന്ന് സുഭദ്ര പറയുമ്പോള്‍ അവള് രാജപക്ഷതാണെന്ന്
തിരിച്ചറിഞ്ഞ് അവളോടും രാമയ്യന് , പരമേശ്വരന്‍പിള്ള എന്നിവരോടും കൂടി രക്ഷപ്പെടുന്നു ; ഇവര്‍ കടന്നതിനു പിന്നാലെ മാളിക
ആക്രമിക്കപ്പെടുകയും യുവരാജാവ് രക്ഷപ്പെട്ട് എന്ന് കണ്ട ശത്രുപക്ഷം നിരാശരാവുകയും
ചെയ്യുന്നു.
സുഭദ്രയുടെ ഭൃത്യര്‍ എന്ന
നിലയില്‍ വേഷം മാറി നഗരത്തിനു പുറത്തേക്കു കടക്കാന്‍ ശ്രമിക്കവേ സുഭദ്രയുടെ വീടിന്റെ
പരിസരത്തു വച്ച് തിരുമുഖത്തു പിള്ള സംഘത്തെ തടയുകയും തിരിച്ചറിയുകയും ചെയ്യുന്നു..
സംഭാഷണത്തില്‍ യുവരാജാവിനോടുള്ള തന്റെ നീരസകാരണം ( തന്റെ മകനെ ഒരു
വ്യഭിചാരിണിയുടെ പേരിലുണ്ടായ തര്‍ക്കം നിമിത്തം
യുവരാജാവ് കൊന്നു എന്നും -ഇതിനു തെളിവായി പരമേശ്വരന് പിള്ളയുടെ പക്കല്‍
അനന്തപദ്മനാഭാന്റെ വാളും പരിചയും എത്തിയിട്ടുണ്ട് എന്നത് ചൂണ്ടി കാണിച്ചുകൊണ്ട് -
തന്നെ കൊല്ലിക്കാനായി പദ്മനാഭപുരപുരത്തു നിന്നും മടങ്ങുന്ന വഴി മാങ്കോയിക്കല്‍
കുറുപ്പിന്റെ വാള്പ്പടയെ അയച്ചു എന്നും മറ്റും ) വെളിപ്പെടുത്തുന്ന തിരുമുഖത്തുപിള്ളയോട് അനന്തപദ്മനാഭനെ
ആക്റമിച്ചത് സുന്ദരയ്യന്റെ കുബുദ്ധി പ്രകാരം വേലുക്കുറുപ്പാണ് എന്നും കോടാങ്കി
മുഖാന്തരം യുവരാജാവിന് വിറ്റതു വഴിയാണ് പരമേശ്വരന് പിള്ളയുടെ പക്കല്‍ എത്തിയത്
എന്നും ,മാങ്കോയിക്കല്‍ വാള്ക്കാര് എന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ട്
തിരുമുഖം പിള്ളയെ ആക്രമിച്ചത് സുന്ദരയ്യന്റെ ആജ്ഞയില്‍ പ്രവര്‍ത്തിച്ച വേല്‍ക്കാര്‍
ആയിരുന്നു എന്നും സുഭദ്ര വിശദീകരിക്കുന്നു.
സംഭാഷണമധ്യേ യുവരാജാവും
സുഭദ്രയും അടുപ്പത്തിലായത് കൊണ്ടാണ് യുവരാജാവിനു ഹിതമാകുന്ന രീതിയില്‍
സംസാരിക്കുന്നത് എന്ന് തിരുമുഖത്തു പിള്ള ആരോപിക്കുമ്പോള്‍ അന്നു താന്‍ സുഭദ്രയെ
ആദ്യമായാണ് കാണുന്നത് എന്ന് യുവരാജാവ് പറയുന്നു.
തുടര്സംഭാഷണത്തില് സുഭദ്ര
അനന്തപദ്മനാഭന് മരിച്ചിട്ടില്ല എന്നതിന് തന്റെ പക്കല്‍ തെളിവുണ്ട് എന്ന്
പ്രസ്താവിക്കുന്നു. തുടര്‍ന്ന് സുഭദ്രയുടെ
ജനനരഹസ്യം ( താന്‍ കുടമണ് പിള്ളയുടെ അനന്തരവളെ രഹസ്യവിവാഹം കഴിച്ചതിലുള്ള മകളാണ്
സുഭദ്ര എന്നും രാജപക്ഷത്തോടുള്ള തന്റെ കൂറാണ്
ഉഗ്രന്‍ കഴക്കൂട്ടത്ത് പിള്ള,നാടുനീങ്ങിയ മഹാരാജാവ് തുടങ്ങിയവര്‍ സാക്ഷികളായിരുന്ന ഈ വിവാഹം കുടമണ്
പിള്ള റദ്ദു ചെയ്യാന്‍ ഇടയായത് എന്നും )
വെളിപ്പെടുത്തുന്നു . അനന്തപദ്മനാഭനും മാങ്കോയിക്കല്‍ കുറുപ്പും
പഠാണിപ്പേട്ടയിലുണ്ടെന്ന് തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്ന് സുഭദ്ര പറയുന്നു.
സന്തോഷാതിരേകത്തിന്റെ ഈ അന്തരീക്ഷത്തിന് അകലെ നിന്ന് വരുന്ന വെടിയൊച്ചകള്‍ വിഘ്നം
വരുത്തുന്നു. എട്ടുവീടരുടെ പട അടുത്തുവരുന്നു എന്ന് തിരിച്ചറിഞ്ഞ് “കഴിവതും കൊല
അരുത് “ എന്ന് യുവരാജാവിനോട് അപേക്ഷിച്ച ശേഷം സുഭദ്ര തന്റെ ഭവനതിലേക്കു
പുറപ്പെടുന്നു ; ശേഷിച്ചവര്‍ ( യുവരാജാവ്, രാമയ്യന്, പരമേശ്വരന് പിള്ള , തെറ്റിദ്ധാരണകള്‍ മാറി
യുവരാജപക്ഷതിലേക്ക് കൂറ് മാറിയ തിരുമുഖത്തു പിള്ള എന്നിവര്‍ ) തിരുമുഖം പിള്ളയുടെ നേതൃത്വത്തില്‍
യുവരാജപക്ഷത്തുള്ള “ആറുവീട്ടുകാരുടെ” സൈന്യം
തമ്പടിച്ചിരിക്കുന്ന കരമനയാറിന്റെ
പടിഞ്ഞാറേക്കരയിലേക്ക് നീങ്ങുന്നു .
അദ്ധ്യായകുറിപ്പ് :
1.
എ.ഡി.1750-ല്‍ (കൊ.വ.925-ല്‍)
നടന്ന ചരിത്രസംഭവമായ “തൃപ്പടിദാന”ത്തെ ( രാജസ്ഥാനം ഭരദേവനായ ശ്രീപദ്മനാഭനു സമര്‍പ്പിക്കുകയും
തിരുവിതാംകൂര്‍ രാജകുടുംബസ്ഥന് “പദ്മനാഭദാസന് “ ആയി മാത്രം ഭരണം നിര്‍വ്വഹിക്കുകയും
ചെയ്യുന്ന രീതി ) ഒരു ദുര്‍ഘടഘട്ടത്തില്‍ മാര്‍ത്താണ്ഡവര്‍മ്മ നേര്‍ച്ച കൊണ്ടതായി
ആണ് സി.വി. ഇവിടെ അവതരിപ്പിച്ചിട്ടുള്ളത് .
അദ്ധ്യായം 25
ആമുഖപദ്യം : “തെളിഞ്ഞൂ തദാനീം മനോവല്ലഭം സാ
..” ഭാഷാനൈഷധ ചമ്പുവില്‍ ദമയന്തീ-നള പുന:സമാഗമം ചിത്രീകരിക്കുന്ന വരികള്‍.
കഥാനായകരായ അനന്തപദ്മനാഭന്റെയും പാറുക്കുട്ടിയുടെയും പുന:സമാഗമം ചിത്രീകരിക്കുന്ന
അദ്ധ്യായത്തിന് അനുയോജ്യമായ ആമുഖം .
പശ്ചാത്തലം : കഴിഞ്ഞ അദ്ധ്യായത്തിലെ
അതേ രാത്രി തിരുവനന്തപുരത്ത് പലയിടത്തായി നടക്കുന്ന സംഭവങ്ങള്‍ .
യുവരാജാവിനെ വധിക്കുക എന്ന
ഉദ്ദേശം നടക്കാതെ അദ്ദേഹത്തിന്റെ മാളികയില്‍ നിന്ന് മടങ്ങിയ ശത്രുസൈന്യം
മാങ്കോയിക്കല്‍ സൈന്യം പഠാണിപ്പേട്ടയില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നു
അങ്ങോട്ടു തിരിക്കുന്നു. തുടര്‍ന്ന് തമ്പിമാരുടെ സൈന്യം ഒരു പക്ഷത്തും പഠാണികളുടെ
സംഘം, മാങ്കോയിക്കല്‍ സൈന്യം
തുടങ്ങിയവര്‍ മറുപക്ഷത്തുമായി ഘോരമായ പോരാട്ടതിലെര്പ്പെടുന്നു.ബീറാംഖാന്റെ
കുത്തേറ്റു സുന്ദരയ്യന്‍ മരിക്കുന്നു. തമ്പിയുടെ സൈന്യത്തെ യുവരാജാവും
തിരുമുഖത്തുപിള്ളയും കൂടിയടങ്ങുന്ന
മറുപക്ഷം വളയുന്നതോടെ പോരാട്ടം അവസാനിക്കുന്നു.
പിറ്റേന്നു നേരം വെളുക്കുമ്പോള്‍
സംഭവവികാസങ്ങള്‍ ( പ്രത്യേകിച്ചും അനന്തപദ്മനാഭാന്റെ നിജസ്ഥിതിയെപ്പറ്റി ) അറിഞ്ഞ്
ചെമ്പകശ്ശേരിയിലെ ജനങ്ങള്‍
സന്തോഷാന്തരീക്ഷത്തില്‍. തിരുമുഖത്തുപിള്ളയോടൊപ്പം അനന്തപദ്മനഭന്
ചെമ്പകശ്ശേരിയില്‍ എത്തുന്നു. അറപ്പുരമാളികയില് അനന്തപദ്മനാഭന്റെയും
പാറുക്കുട്ടിയുടെയും വികാരതീവ്രമായ പുന:സമാഗമവും പിന്നീട് ആപത്തുകാലത്ത്
നടന്നതെല്ലാം മറന്ന് ഉത്തമ ഭാര്യാഭര്ത്താക്കന്മാരായി ജീവിക്കാന്‍ നവദമ്പതിമാരോട്
തിരുമുഖത്തുപിള്ളയുടെ ദാമ്പത്യോപദേശവും അനുഗ്രഹവും ഇവിടെ ഉജ്ജ്വലമായി
അവതരിപ്പിക്കപ്പെടുന്നു.
അദ്ധ്യായം 26
ആമുഖപദ്യം : “ഒക്കവേ പറവതിനൊട്ടുമേ കാലം
പോരാ ..” എഴുത്തച്ഛന്റെ മഹാഭാരതം
ഉദ്യോഗപര്‍വത്തില്‍ നിന്നുള്ള വരികള്‍. കഥയുടെ അവസാനത്തെയും ഒരു വിധത്തില്‍
കഥാസംക്ഷേപവുമായ അദ്ധ്യായത്തിന് അനുയോജ്യമായ ആമുഖം .
പശ്ചാത്തലം : നോവലിന്റെ ഒടുവിലത്തെ അദ്ധ്യായം . കഴിഞ്ഞ അദ്ധ്യായത്തിന്റെ തുടര്‍ച്ചയും
കഥയുടെ ഇനിയും വിളക്കപ്പെടാത്ത കണ്ണികളുടെ കൂട്ടിയോജിപ്പും
കഴിഞ്ഞ അദ്ധ്യായത്തില്‍
പരാമര്‍ഷിക്കപ്പെട്ട യുദ്ധത്തോടുകൂടി എട്ടുവീട്ടില്‍ പിള്ളമാരും തമ്പിമാരും മറ്റും
ബന്ധനത്തിലാകുന്നു1 .
ഇതോടെ ജനങ്ങള്‍ സത്യാവസ്ഥ തിരിച്ചറിയുകയും
യുവരാജാവിന്റെ പേരിലുള്ള ദുഷ്കീര്‍ത്തി മായുകയും ചെയ്യുന്നു.
അനന്തപദ്മനാഭാന്റെ
അജ്ഞാതവാസക്കാലത്തെ സംഭവങ്ങളുടെ സംക്ഷേപം :
( “ ഭ്രാന്തന് ചാന്നാന്‍ “ ,”ഭിക്ഷു “, “ഷംസുദീന്‍ “ , “കാശിവാസി “, “ദ്വിഭാഷി “ എന്നീ പേരുകളിലും
വേഷങ്ങളിലും യുവരാജാവിന്റെ ഹിതത്തിനായി
പ്രവര്‍ത്തിച്ചു പോന്നത് അനന്തപദ്മനാഭാന് തന്നെ എന്നതില്‍ കൂടുതല്‍
വ്യക്തതയ്ക്കായി ആണ് സി.വി ഈ അദ്ധ്യായത്തില്‍ ഇങ്ങനെയൊരു സംക്ഷേപം അവതരിപ്പിച്ചത് എന്ന് അനുമാനിക്കാം )
തന്റെ അമ്മയുടെ രോഗവിവരങ്ങള്‍
തിരക്കാനായി യുവരാജാവിന്റെ ഉറ്റ തോഴനായ അനന്തപദ്മനാഭന് യുവരാജാവിനെ പിരിഞ്ഞ് നാഗര്‍കോവിലില്‍ നിന്ന്
മാതൃഗൃഹത്തിലേക്ക് പോകുന്നു.യുവരാജാവിനെ കള്ളിയങ്കാട്ട് ക്ഷേത്രത്തില്‍ വച്ച്
ശത്രുക്കള്‍ വധിച്ചു എന്ന വാര്‍ത്ത കേട്ട് നാഗര്‍കോവിലിലേക്ക് തിരിച്ച
അനന്തപദ്മനാഭനെ കള്ളിയങ്കാട്ടു വനമദ്ധ്യേ തമ്പിയുടെ ഉപദേശി സുന്ദരയ്യന്റെ നിര്‍ദ്ദേശപ്രകാരം
വേലുക്കുറുപ്പും സംഘവും ആക്രമിക്കുന്നു . മൃതപ്രായനായ അനന്തപദ്മനാഭനെ ഉപേക്ഷിച്ച്
അക്രമിസംഘം ഓടിമറയുന്നു . ശബ്ദം കേട്ട് വന്ന വ്യാപാരികളായ “പഠാണിസംഘ”ത്തിലെ
ബീറാംഖാന്റെ പ്രത്യേക അപേക്ഷയെ( തന്റെ മുന്‍ ഭാര്യ സുഭദ്രയുടെ മുഖഛായ ദര്ശിച്ചത്തില്
ഉണ്ടായ സ്നേഹം കാരണം ) തുടര്‍ന്ന് തങ്ങളുടെ താവളത്തിലേക്ക് കൊണ്ടുപോകുന്നു.
അക്രമശേഷം ഓടിമറഞ്ഞ
വേലുക്കുറുപ്പും സംഘവും പിന്നീട് സംഭവസ്ഥലത്ത് തിരിച്ചെത്തി നോക്കിയപ്പോള്‍ ശരീരം
കാണാതെ അത്ഭുതം കൂറുകയും അനന്തപദ്മനാഭന്റെതായി അവിടെ അവശേഷിച്ച വാളും പരിചയും സുന്ദരയ്യനെ ഏല്‍പ്പിക്കുകയും
ചെയ്യുന്നു. സുന്ദരയ്യന്‍ ഇവ കോടാങ്കി വഴി യുവരാജാവിന് കൈമാറുകയും ചെയ്യുന്നു. ഇവ
ഉള്‍പ്പടെയുള്ള പല തെളിവുകള്‍ കോടാങ്കി വഴി നിരത്തി സുന്ദരയ്യന്‍ അനന്തപദ്മനാഭനെ
കൊന്നത് യുവരാജാവാണ് എന്ന് അനന്തപദ്മാനാഭന്റെ പിതാവ് തിരുമുഖത്തുപിള്ളയെയും മറ്റും
ബോധിപ്പിച്ച് യുവരാജപക്ഷത്തില് നിന്നകറ്റിക്കൊണ്ടിരുന്നു. ഒടുവില്‍ സുന്ദരയ്യന്‍
നേരിട്ട് പദ്മനാഭപുരത്ത് വച്ച് തിരുമുഖത്തു പിള്ളയോട് യുവരാജാവിന് വിരുദ്ധമായി
സംസാരിക്കുകയും തന്റെ ഭാര്യാപിതാവായ
കാലക്കുട്ടിപ്പിള്ളയുടെ നേതൃത്വതിലുള്ള വാള്ക്കാര് സംഘത്തെ യുവരാജപക്ഷത്തുള്ള
മാങ്കോയിക്കല്‍ വാള്പ്പട എന്ന് തെറ്റിദ്ധാരണ വരത്തക്കവണ്ണം തിരുമുഖത്തു പിള്ളയെ
ആക്രമിക്കാന്‍ നിയോഗിച്ചക്കുകയും ചെയ്തതോടു കൂടി
അദ്ദേഹം തമ്പിയുടെ പക്ഷത്തിനു സഹായഹസ്തം നീട്ടുന്ന സ്ഥിതിയായി .
പഠാണിപ്പാളയാത്തിലാകട്ടെ , തന്നില്‍ പ്രഥമദൃഷ്ട്യാ
അനുരക്തയായ സുലൈഖയുടെ ഒന്നരമാസത്തെ പരിചരണത്തിനു ശേഷം അനന്ത പദ്മനാഭന് സുഖം പ്രാപിക്കുന്നു.സുലൈഖയ്ക്ക് തന്നിലുള്ള
താല്പര്യം ഗ്രഹിച്ച അനന്തപദ്മനാഭന് താന്‍ മതം മാറാന്‍ ഉദ്ദേശിക്കുന്നില്ല എന്ന്
പറഞ്ഞ് അവളെ നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു . തന്റെ പൂര്‍വ്വചരിത്രം
പറയാതിരിക്കുന്നതിനു പകരമായി അനന്തപദ്മനാഭന് സംഘത്തലവന് ഹാക്കിമിന്റെ
അനുവാദത്തോടെയല്ലാതെ താന്‍ ജീവനോടെയിരിക്കന്ന വിവരം സ്വജനങ്ങളെ അറിയിക്കുകയോ സംഘം വിട്ടു
പോവുകയോ ചെയ്യില്ല എന്ന് വാക്ക് കൊടുക്കുകയും കയും മതം മാറാതെ തന്നെ ഷംസുദീന്‍
എന്ന പേര് സ്വീകരിക്കയും ചെയ്യുന്നു. ശേഷം സംഘം തിരുവിതാംകോട്ട് തമ്പടിച് കാലത്ത്
മാങ്കോയിക്കല്‍ കുറുപ്പിന്റെ പരിചയം സമ്പാദിക്കുകയും അദ്ദേഹത്തിന്റെ കളരിക്കാരെ
ചില അഭ്യാസമുറകള്‍ പഠിപ്പിക്കുകയും ചെയ്യുന്നു. താന്‍ ആക്രമിക്കപ്പെട്ടതിന്
ഏതാണ്ട് രണ്ട് വര്‍ഷത്തിനു ശേഷം ഒരിക്കല്‍ അനന്തപദ്മനാഭന് ഭ്രാന്തന് ചാന്നാന്റെ
വേഷത്തില്‍ സഞ്ചരിക്കവേ യുവരാജാവിനെയും പരമേശ്വരന് പിള്ളയെയും കാണുകയും അവരെ
പഠാണിപ്പാളയത്തിലേക്ക് കൂട്ടിക്കൊണ്ടുവരികയും ചെയ്യുന്നു ; പഠാണിപ്പാളയം മണക്കാട്ടേക്കു
മാറ്റാനും ഷംസുദീന്‍ യുവരാജാവിന്റെ ചാരനായി പ്രവര്‍ത്തിക്കാനും ഉടമ്പടിയായി .
പിന്നീടൊരിക്കല്‍ സര്‍പ്പദംശമേറ്റ ചുള്ളിയില്‍ മാര്‍ത്താണ്ഡന്‍ പിള്ളയെ
ഹാക്കിമിന്റെ മരുന്നുപയോഗിച്ചു “ഭ്രാന്തന് ചാന്നാന്റെ “ വേഷത്തില്‍ അനന്തപദ്മനാഭന്
രക്ഷിക്കുന്നു ; ഇതിനു പ്രത്യുപകാരമായി ചാരോട്ടു
കൊട്ടാരപരിസരത്തു വച്ച് യുവരാജാവിനെയും പരമേശ്വരന് പിള്ളയെയും തമ്പിയുടെ വേല്‍ക്കാരില്‍
നിന്ന് രക്ഷിക്കാന്‍
ശ്രമിക്കുന്നതിനിടയില്‍ വേലുക്കുറുപ്പാല്
ആക്രമിക്കപ്പെട്ടപ്പോള്‍ ചുള്ളിയില്‍ മാര്‍ത്താണ്ഡന്‍ പിള്ള “ഭ്രാന്തന്
ചാന്നാനെ “ രക്ഷിക്കുന്നു. ചാന്നാന്മാര് യുവരാജപക്ഷത്ത് ആണെന്ന കണക്കുകൂട്ടലില്‍
മറ്റ് ചാന്നാന്മാരോടൊപ്പം പിടിക്കപ്പെടുകയും
തമ്പിയാല്‍ കാരാഗൃഹതിലടയ്ക്കപ്പെടുകയും ചെയ്യുന്ന “ ഭ്രാന്തന് ചാന്നാന്‍ “ അവിടെ നിന്ന് ഗുഹാമാര്‍ഗ്ഗം രക്ഷപ്പെട്ട്
ചാരോട്ടു കൊട്ടാരത്തില്‍ എത്തുന്നു. യുവരാജാവ് മാങ്കോയിക്കല്‍ ഒളിവിലുണ്ട് എന്ന്
തിരിച്ചറിഞ്ഞ തമ്ബിപക്ഷം മാങ്കോയിക്കല്‍ “ഭവനം ദഹിപ്പിക്കുന്നു . ശേഷം നടന്ന
യുദ്ധത്തില്‍ യുവരാജാവിനെ രക്ഷിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത് “ഭ്രാന്തന്
ചാന്നാന്‍ “ ആണ്.
ഉടമ്പടി പ്രകാരം പഠാണി സംഘം
മണക്കാട്ടേക്കു താമസം മാറ്റിയ ശേഷം അനന്തപദ്മനാഭന് “കാശിവാസി “ യുടെ വേഷത്തില്‍ തമ്പിയുടെ
നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചു പോന്നു . തമ്പി ചെമ്പകശ്ശേരിയില്‍ തങ്ങിയ
ദിവസം “കാശിവാസി “ യായി ശങ്കുവാശാനെ
കബളിപ്പിച്ച് കല്ലറ വഴി അറപ്പുരയില്‍ കടക്കുകയും തമ്പി പാറുക്കുട്ടിയെ ബലാത്സംഗം
ചെയ്യുന്നത് തടയുകയും ചെയ്യുന്നു. പിറ്റേന്ന് വൈകുന്നേരം ശത്രുപക്ഷത്തിന്റെ
രഹസ്യയോഗം കഴിഞ്ഞു മടങ്ങുന്ന
കഴക്കൂട്ടത്ത്പിള്ളയെ പിന്തുടര്‍ന്ന “ഭിക്ഷു “/ ” ഭ്രാന്തന് ചാന്നാന്‍ “
മാങ്കോയിക്കല്‍ കുറുപ്പ് കഴക്കൂട്ടത്ത് പിള്ളയുമായി സംഭാഷണത്തില്‍ ഏര്‍പ്പെടുന്നത്
കാണുന്നു. യോഗതീരുമാനങ്ങള്‍ അറിയാനായി “ഭിക്ഷു “ സുന്ദരയ്യനെ തടഞ്ഞത്
ഏറ്റുമുട്ടലിലും ഇരുവരും നദിയില്‍ വീണതിലും അവസാനിക്കുന്നു . പിറ്റേന്ന്
മാങ്കോയിക്കല്‍ കുറുപ്പിനെ കാണാനില്ല എന്ന് പഠാണി പ്പാളയത്തില്‍ എത്തിയ പരമേശ്വരന്
പിള്ള വഴി അറിഞ്ഞ “ഷംസുദീന്‍ “ കുറുപ്പിനെ അന്വേഷിച്ചലയുന്നു . പിറ്റേന്ന് “കാശിവാസി “ ആയും “ദ്വിഭാഷി “ ആയും
ചെമ്പകശ്ശേരി കാര്യസ്ഥന് ശങ്കുവാശാനെ സമീപിച്ച
“ഷംസുദീന്‍ “ എന്ന അനന്തപദ്മനാഭാന് പാറുക്കുട്ടിയുടെ രോഗവിവരം അറിഞ്ഞു
വിഷണ്ണനാകുന്നു . ഷംസുദീനിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്ന ബീറാം ഖാന്റെ
ഉപദേശപ്രകാരം ഷംസുദീന്‍ സുലൈഖയോട് തന്റെ സത്യം തുറന്ന് പറയുന്നു; തീവ്രദു :ഖത്തോടെ ആണെങ്കിലും
സുലൈഖ അയാളെ പോകാന്‍ അനുവദിക്കുന്നു. അന്നു രാത്രി കുടമണ് പിള്ളയുടെ /സുഭദ്രയുടെ
വസതിയുടെ സമീപം മാങ്കോയിക്കല്‍ കുറുപ്പിനെ സംബന്ധിച്ചുള്ള വിവരങ്ങളറിയാന്‍
സഞ്ചരിക്കവേ അനന്തപദ്മനാഭന് സുഭദ്രയും സുന്ദരയ്യന്റെ ഭാര്യയും തമ്മിലുള്ള സംഭാഷണം
ശ്രദ്ധിക്കുക വഴി തന്റെ തിരോധാനത്തെപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ അറിയുന്നു. ശേഷം
ശ്രീപണ്ടാരത്ത്വീട്ടില് ചെല്ലുകയും കാവല്ക്കാരെ മയക്കി കല്ലറയിലെത്തുകയും
ചെയ്യുന്ന “ ഭ്രാന്തന് ചാന്നാന്‍ “ തങ്ങളെ വളഞ്ഞ
ശത്രുപക്ഷത്തിലെ “കോടാങ്കി “ യെ വെടിവച്ചു കൊല്ലുകയും കൈത്തോക്ക്
അടിയറവയ്പ്പിക്കില്ല എന്ന ഉറപ്പിന്മേല്
ശത്രുപക്ഷത്താല് ചെമ്പകശ്ശേരി കല്ലറയിലേക്ക് നയിക്കപ്പെടുന്നു .കല്ലരിയില്‍
നിന്ന് പാറുക്കുട്ടിയാല്‍ മോചിക്കപ്പെട്ട “ഭ്രാന്തന് ചാന്നാനും “ മാങ്കോയിക്കല്‍ കുറുപ്പും പഠാണിപ്പാളയത്തില്‍
എത്തുന്നു; ഇതിനോടകം അനന്തപദ്മനാഭാന്റെ
സത്യം സുലൈഖ ഹാക്കിമിനെ അറിയിച്ചിരുന്നതിനാല്‍ ബഹുമാനപൂര്‍വ്വം
സ്വീകരിക്കപ്പെടുന്നു .ശേഷം നടന്ന യുദ്ധത്തില്‍ യുവരാജാവിന്റെ പക്ഷത്തു നിന്നു
പൊരുതി തമ്ബിമാരും എട്ടുവീട്ടില്‍പിള്ളമാരും ബന്ധനത്തിലാക്കുന്നതില് പ്രധാന പങ്കു
വഹിക്കുന്നു.
യുവരാജാവ് പട്ടം ഏറ്റ ശേഷം (
“മഹാരാജാവ്” ആയ ശേഷം ) ഒരിക്കല്‍
മണക്കാട്ട് പരിസരത്ത് എഴുന്നെള്ളി പഠാണിസംഘത്തിനും മറ്റും മുഖം കാണിക്കാന്‍ അവസരം
കൊടുത്തപ്പോള്‍ നടന്നത് :
തമ്ബിമാരെയും എട്ടുവീടരെയും
മറ്റും മാപ്പാക്കി ബന്ധനത്തില്‍ നിന്ന് മോചിപ്പിക്കാന്‍ ഉത്തരവ് കൊടുത്ത ശേഷം 1
മഹാരാജാവ് മാര്‍ത്താണ്ഡവര്‍മ്മ
പഠാണികളും മറ്റുമായുള്ള കൂടിക്കാഴ്ചയ്ക്കായി മണക്കാട് പരിസരത്തെ ഒരു കൊട്ടാരംവക
സ്ഥലത്തേക്ക് എഴുന്നെള്ളുന്നു.സുന്ദരയ്യന്റെ വധത്തെപ്പറ്റി പ്രസ്താവമുണ്ടായപ്പോള്‍
ഹാക്കിം സുന്ദരയ്യന്റെ യാഥാര്‍ത്ഥ്യം ( അയാള്‍ വാസ്തവത്തില്‍ ബ്രാഹ്മണനല്ല എന്നും
ജാതിഭ്രഷ്ടനായ ഒരു ശാസ്ത്രികള്‍ക്ക് മറവ സ്ത്രീയില്‍ ജനിച്ച ദുര്ഗുണസമ്പന്നനായ
പുത്രനാണ് എന്നും ഇയാളുടെ അനുജനാണ് കോടാങ്കി എന്നും മറ്റും ) വെളിപ്പെടുത്തുന്നു. യുവരാജാവിന്റെ തോഴന് എന്നതിലുപരി തന്റെ സഹോദരിയെ തമ്പി വിവാഹം ചെയ്യുന്നതിനോടുള്ള
അനന്തപദ്മനാഭന്റെ വിയോജിപ്പാകും
സുന്ദരയ്യന്‍ തന്നെ വധിക്കാന്‍ വേലുക്കുപ്പിന് നിര്‍ദ്ദേശം നല്കുന്നതിനു
പിന്നില്‍ എന്നും ഈ വിവാഹവിഷയത്തില്‍ സുന്ദരയ്യന്റെ പ്രതികരണം ശ്രവിച്ചപ്പോള്‍ തന്നെ
അയാള്‍ യഥാര്‍ത്ഥ ബ്രാഹ്മണനല്ല എന്ന്
തനിക്ക് സൂചന ലഭിച്ചിരുന്നു
അനന്തപദ്മനാഭന് പറയുന്നു. സുഭദ്രയെപ്പറ്റി പ്രസ്താവിച്ചപ്പോള്‍
മഹാരാജാവ് ബന്ധനത്തില്‍ നിന്ന്
സ്വതന്ത്രനായ കുടമണ് പിള്ള യുവരാജ പക്ഷത്തെ സഹായിച്ചതിന്റെ ക്രോധത്തില്‍
സുഭദ്രയെ ഉപദ്രവിക്കാനുള്ള സാധ്യത ഉള്‍ക്കൊണ്ട് അനന്തപദ്മനാഭനോട് സുഭദ്രയുടെ ഭവനം
വരെ പോയി അവളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്കുന്നു. എന്നാല്‍
അനന്തപദ്മനാഭന് അവിടെ എത്തുന്നതിനു മുന്‍പ് തന്നെ കുടമണ് പിള്ള സുഭദ്രയെ വാള്
കൊണ്ട് കുത്തിവീഴ്ത്തിയിരുന്നു. അപ്പോള്‍ അവിടേക്ക് കടന്നു വന്ന തന്റെ മുന്‍ ഭര്‍ത്താവിനോട്
(ബീറാം ഖാന്) “അവളെ (ഫാത്തിമയെ ) കൂടി ചതിക്കരുതേ “ എന്നും കുടമണ് പിള്ളയോട് “
മതി അമ്മാവാ , ഇത് മതി “ എന്ന് അപേക്ഷിച്ചശേഷം ബീറാം ഖാനെയും തിരുമുഖത്തുപിള്ളയെയും
അനന്തപദ്മനാഭനെയും കടാക്ഷിച്ചുകൊണ്ട്
സുഭദ്ര മൃതിയടയുന്നു .
മാര്‍ത്താണ്ഡവര്‍മ്മ പട്ടം
ഏറ്റു 3 കൊല്ലത്തിനു ശേഷം നോവലെ പ്രധാന
കഥാപാത്രങ്ങളുടെ സ്ഥിതിവിവരങ്ങള്‍ :
·
പഠാണി സംഘം : സ്വദേശത്തെക്ക് മടങ്ങി ; സുഭദ്രയെ ഓര്‍ത്ത് വിലപിച്ചും ഫാത്തിമയാല്‍ സമാശ്വസിക്കപ്പെട്ടും ബീറാം ഖാന്
കഴിഞ്ഞ് പോന്നു .
·
തമ്പിമാര്, എട്ടുവീട്ടില്പിള്ളമാര്, രാമയ്യന് : “ഇവരുടെ കഥാശേഷം തിരുവിതാംകൂര്‍ ചരിത്രത്തില്‍ നിന്ന് അറിയാവുന്നതാണ് “ എന്ന്
സി.വി.
·
പരമേശ്വരന് പിള്ള : മഹാരാജാവിന്റെ :പള്ളിയറ
വിചാരിപ്പുകാരന്‍ “
·
മാങ്കോയിക്കല്‍ കുറുപ്പ് : ദാഹിക്കപ്പെട്ട വീടിന്റെ സ്ഥാനത്ത് മഹാരാജാവ് പണികഴിപ്പിച്ചുകൊടുത്ത “മാര്ത്താണ്ടന്
വലിയ പടവീട്ടില്‍ “ “തമ്പി “ എന്ന സ്ഥാനപ്പേരോട് കൂടി കഴിഞ്ഞ് പോന്നു . അനന്തരവന്
“വേലുത്തമ്പി “ രാജസേവകനായി ചെമ്പകശ്ശേരിയില്‍ പാര്‍ക്കുന്നു
·
ശങ്കുവാശാന് : സുഭദ്രയുടെ സ്വഭാവശുദ്ധിയെ തെറ്റിദ്ധരിച്ചിരുന്നല്ലോ എന്നോര്‍ത്ത്
ചെമ്ബകശേരിയില്‍ മനസ്താപത്തോടെയും പാറുക്കുട്ടിയുടെ ദാമ്ബത്യസൌഖ്യത്തില്
സന്തോഷിച്ചും കാലം കഴിക്കുന്നു
·
അനന്തപദ്മനാഭന് : പാരുക്കുട്ടിയുമായുള്ള
വിവാഹശേഷം ചെമ്പകശ്ശേരിയില്‍ താമസമാക്കുന്നു . മാര്‍ത്താണ്ഡവര്‍മ്മയുടെ പടത്തലവന്മാരില്
പ്രമാണിയായി ഭാവിച്ചു .തനിക്കും പാറുക്കുട്ടിക്കും ജനിച്ച ആദ്യ പുത്രിയെ “സുഭദ്ര” എന്ന് നാമകരണം ചെയ്തു.
·
അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ
: “ ശ്രീപദ്മനാഭസേവാരതനായി, പ്രജാപരിപാലനതത്പരനായി , ദിനംപ്രതി കളങ്കരഹിതമായുള്ള
യശസ്സിനെ ആര്‍ജ്ജിക്കുന്നു .”
അദ്ധ്യായകുറിപ്പ് :
1.
തന്നെ പല തവണ വകവരുത്താന്‍
ശ്രമിച്ച ശത്രുപക്ഷക്കാരെ മാര്‍ത്താണ്ഡവര്‍മ്മ ഒട്ടേറെ തവണ മാപ്പു നല്‍കിയിരുന്നു
എന്നത് ചരിത്രവസ്തുതയാണ്.
Post a Comment