01
Oct
Unknown

1 . 'നോവൽ ' -നിർവ്വചനം 

'നോവൽ ' എന്ന സാഹിത്യരൂപത്തിന് നിയതമായ നിർവ്വചനങ്ങൾ ഇല്ല. ദൈർഘ്യമേറിയ,ഗദ്യരൂപത്തിലുള്ള      
കല്പനാസൃഷ്ടി എന്നതാണ് പൊതുവായി അംഗീകരിക്കപ്പെടുന്ന  ലക്ഷണം . ഇന്നത്തെ നോവലുകളുടെ ആദിമരൂപങ്ങൾ പ്രാചീന റോമാസാമ്രാജ്യത്തിലും ഭാരതത്തിലും (ഏഴാം  നൂറ്റാണ്ടിലെ ബാണഭട്ടന്റെ 'കാദംബരി ' ഉദാഹരണം )അറേബ്യയിലും മറ്റും ജനിച്ചിരുന്നു എങ്കിലും  ആദ്യത്തെ മുഴുനീള നോവലായി ഗണിക്കപ്പെടുന്നത് പതിനൊന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ജപ്പാൻകാരിയായ  മുറസാക്കി ശിഖിബുവിന്റെ 'ഗഞ്ചിയുടെ ഗാഥ' (Tale of Genji )ആണ് . ആദ്യത്തെ യൂറോപ്യൻ നോവലായി പരിഗണിക്കപ്പെടുന്നത് പതിനേഴാം നൂറ്റാണ്ടിൽ സ്പാനിഷ് ഭാഷയിൽ എഴുതപ്പെട്ട  ഡോൺ കിഹോത്തെ (Don Quixote ) ആണ്.


2  മലയാള നോവൽ : നാൾവഴികളിലൂടെ  .. 

AD 1900 ന് മുൻപ്  :


  • മറ്റ് ഭാഷകളിലിറങ്ങിയ നോവലുകളുടെ മലയാളം തർജ്ജമകൾ കൂടി പരിഗണിക്കുകയാണെങ്കിൽ  പേർഷ്യൻ നോവലായ 'ചർ ദർവേഷ്' ന്റെ 1885 -ൽ ഇറങ്ങിയ മലയാളം പരിഭാഷയാണ് മലയാളത്തിൽ ഇറങ്ങിയ ആദ്യ നോവൽ. 1887 -ൽ പുറത്തിറങ്ങിയ അപ്പുനെടുങ്ങാടിയുടെ 'കുന്ദലത' ആണ് മലയാള മൗലികത്വമുള്ള  ആദ്യ നോവലെങ്കിലും 1889 -ൽ പുറത്തിറങ്ങിയ 'ഇന്ദുലേഖ' യാണ് നോവൽ- ലക്ഷണയുക്തമായ ആദ്യ മലയാള കൃതിയായി  പരക്കെ അംഗീകരിക്കപ്പെടുന്നത് . യാഥാസ്ഥിതികമായ ചുറ്റുപാടുകളോട് മല്ലിടേണ്ടിവരുന്ന വിദ്യാസമ്പന്നരും പുരോഗമനവാദികളുമായ ഇന്ദുലേഖയുടെയും മാധവന്റെയും പ്രണയകഥയിലൂടെ അക്കാലത്തെ കേരളീയ സാമൂഹ്യാന്തരീക്ഷത്തെപറ്റിയുള്ള തുറന്ന ചർച്ചകൾക്ക് തിരികൊളുത്തുകയാണ്  ചന്തുമേനോൻ ചെയ്‌തത് . 
  • 1891 ൽ പുറത്തിറങ്ങിയ  സി .വി  രാമന്പിള്ളയുടെ 'മാർത്താണ്ഡവർമ്മ'  പ്രമേയം കൊണ്ടും ശൈലി കൊണ്ടും മലയാള ഭാഷാചരിത്രത്തിലെ നാഴികക്കല്ലാണ് .പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലെ വേണാട് രാജ്യത്തിലെ അധികാരവടംവലികൾ പ്രമേയമാക്കിയ ഈ കൃതിയിലൂടെ ചരിത്രത്തിലൂന്നി സി .വി അനാവരണം ചെയ്യുന്നത് എക്കാലത്തെയും എല്ലായിടത്തെയും അധികാരസമവാക്യങ്ങളുടെ കഥയാണ് .
  • സി.വി രാമന്പിള്ളയുടെ 'ധര്മരാജ'(1913) യും 'രാമരാജബഹദൂർ' (1918) ഉം തിരുവിതാംകൂർ ദിവാൻ ആയിരുന്ന രാജാ കേശവദാസിന്റെ ജീവിതത്തെ അധികരിച്ചു  സി .വി വിഭാവനം ചെയ്‌ത നോവൽത്രയത്തിലെ ആദ്യ രണ്ടു ഭാഗങ്ങൾ ആണ് (അവസാനത്തെ ഭാഗം പൂർത്തിയാക്കുന്നതിന് മുൻപ് 1922 ൽ അദ്ദേഹം  അന്തരിച്ചു ).ഈ രണ്ട് നോവലുകളോട് കൂടി സി .വി ഭാരതത്തിലെ തന്നെ അഗ്രഗണ്യരായ എഴുത്തുകാർക്കിടയിൽ ഗണിക്കപ്പെട്ടു . 
  • 1925 -ൽ പുറത്തിറങ്ങിയ നാലപ്പാട്ട്‌ നാരായണ മേനോന്റെ  'പാവങ്ങൾ'  (വിക്ടർ ഹ്യൂഗോ യുടെ 'ലെയ്സ് മിസ്സറാബിൾസ്' -'Les Miserables' ന്റെ  പരിഭാഷ ) കേരളീയ സമൂഹത്തിന്  അധികാരവർഗ്ഗ ചൂഷണത്തിനെതിരെയും സാമൂഹിക അനാചാരങ്ങൾക്കെതിരെയും പോരാടാൻ കരുത്തു പകർന്നു .കേരളത്തിൽ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം വേരൂന്നാൻ ഉർവ്വരത ഒരുക്കുന്നതിൽ  ഈ നോവലിന് വലിയ പങ്കുണ്ടെന്ന് ഇന്ന് വിലയിരുത്തപ്പെടുന്നു .
  • 1936 -ൽ മുൽക് രാജ് ആനന്ദ് നെ പോലെയുള്ള ചില പ്രവാസി ഇന്ത്യൻ എഴുത്തുകാർ ലണ്ടനിൽ രൂപംകൊടുത്ത Progressive Writers Association എന്ന സംഘടന ഇന്ത്യയൊട്ടുക്കുമുള്ള പുരോഗമന ചിന്താഗതിയുള്ള യുവ എഴുത്തുകാർ അണിനിരന്ന ശക്തമായ ഒരു പ്രസ്ഥാനം ആയി മാറി  സാഹിത്യം , കല , നാടകം ,ചലച്ചിത്രം തുടങ്ങി എല്ലാ സാംസ്കാരികമേഖലകളെയും ഉഴുതുമറിച്ചുകൊണ്ട് ,ഇന്ത്യൻ നവഭാവുകത്വത്തെ പുനർനിർവചിച്ചു.ഗാന്ധിസത്തിനോടും കമ്മ്യൂണിസത്തിനോടുമുള്ള അനുഭാവം ,  സാമൂഹ്യ യഥാതഥ്യം (social realism) , ദേശീയബോധം , സാമൂഹ്യനവോദ്ധാനാഭിമുഖ്യം , സാമൂഹ്യവിമർശം  എന്നിവയാണ് ഈ പ്രസ്ഥാനത്തിന്റെ സുവർണകാലത്തു  (1936 -1950 ) സാഹിത്യരംഗത്തേക്ക് പ്രവേശിച്ച തലമുറയുടെ കൊടിയടയാളങ്ങൾ .  മലയാള നോവൽസാഹിത്യത്തിൽ തകഴി ശിവശങ്കരപ്പിള്ള ,പി .കേശവദേവ് ,വൈക്കം മുഹമ്മദ് ബഷീർ , ലളിതാംബിക അന്തർജ്ജനം , എസ് .കെ .പൊറ്റെക്കാട് ,ഉറൂബ് തുടങ്ങിയവരുടെ രചനകളിൽ പുരോഗമന പ്രസ്ഥാനത്തിന്റെ അന്തർധാര സജീവമായി നിലകൊള്ളുന്നതായി വിലയിരുത്തപ്പെടുന്നു .
  • സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ദശാബ്ദത്തിൽ കാണാൻ കഴിയുന്നത്  മനുഷ്യയാതനകളെ ദാർശനവൽക്കരണത്തിലൂടെ ലഘൂകരിക്കുന്ന പുരോഗമനപ്രസ്ഥാനത്തിന്റെ സമീപനത്തോട് കലഹിച്ചു പ്രസ്ഥാനത്തിന്റെ പല പതാകവാഹകരും തങ്ങളുടെ പിൻകാല  രചനകളിലൂടെ  വഴിപിരിയുന്നതാണ് . 50 കളിലും 60 കളിലും രംഗപ്രവേശം ചെയ്ത എം .ടി.വാസുദേവൻ നായർ ,പെരുമ്പടവം ശ്രീധരൻ ,സി .രാധാകൃഷ്ണൻ , പി .വത്സല തുടങ്ങിയവരുടെ രചനകളിൽ  'യഥാതഥ്യ'ത്തിൽ നിന്നുള്ള  വ്യതിചലനം ദൃശ്യമാണ് .
  • പുരോഗമനപ്രസ്ഥാനത്തിന്റെ വിഘടനവും സ്വാതന്ത്ര്യാനന്തരഭാരതത്തിലെ രാഷ്ട്രീയ -സാമൂഹിക -സാംസ്കാരികരംഗങ്ങളിലെ മൂല്യശോഷണവും വിഭജനത്തിന്റെ ദുരന്തശേഷിപ്പുകളും ഇരുട്ടിലാക്കിയ സാംസ്കാരികാന്തരീക്ഷത്തിലാണ്  1960 കളിൽ സമൂഹത്തിന്റെയും മനുഷ്യന്റെയും സ്വത്വാന്വേഷണം , അസ്‌തിത്വവാദം , ബൗദ്ധികത , മാറുന്ന ലോകക്രമത്തിനൊപ്പം ഏറുന്ന സങ്കീർണതകൾ  എന്നിങ്ങനെയുള്ള അന്തഃ സംഘർഷങ്ങൾ ആവിഷ്കരിച്ചുകൊണ്ട്  "ആധുനികതാ പ്രസ്ഥാനം"(Modernism) പിറന്നു വീണത് . മലയാള നോവൽ സാഹിത്യത്തിലെ സുവർണകാലം തന്നെയായിരുന്നു  "ആധുനികത " യുടെ കൈയൊപ്പ് പതിഞ്ഞ 1960 കൾ തൊട്ട് 1980 വരെയുള്ള കാലഘട്ടം. മലയാള നോവൽസാഹിത്യത്തിൽ  ആധുനികതയുടെ പ്രയോക്താക്കളായി അറിയപ്പെടുന്ന കാക്കനാടൻ ,കോവിലൻ  , വി .കെ .എൻ., ആനന്ദ് ,മലയാറ്റൂർ രാമകൃഷ്ണൻ ,സേതു ,പുനത്തിൽ കുഞ്ഞബ്ദുള്ള ,മാധവിക്കുട്ടി തുടങ്ങിയവർ   പ്രമേയം കൊണ്ടും ആഖ്യാനം കൊണ്ടും വൈവിധ്യപൂർണവും സമ്പന്നവുമായ ഒട്ടേറെ കൃതികൾ മലയാളത്തിന്  സമ്മാനിച്ചു .മലയാളസാഹിത്യത്തിൽ  'ആധുനികത ' കൊടുമ്പിരികൊണ്ടിരിക്കുമ്പോൾ പിറന്നതെങ്കിലും  ഒ .വി .വിജയന്റെ രചനകളിൽ കാലത്തിനു മുൻപേ വിരിഞ്ഞ 'ഉത്തരാധുനികത' അതിശയകരമാംവിധം ദൃശ്യമാണ് .
  • എൺപതുകളിലും തൊണ്ണൂറുകളുടെ ആദ്യപാദത്തിലും  എഴുപതുകളുടെ തീവ്ര-സായുധ രാഷ്ട്രീയതയുടെ കരിനിഴലും ദേശീയ അടിയന്തരാവസ്ഥയുടെ മുറിവുകളും  ആഗോളവൽക്കരണത്തിന്റെ ശംഖൊലിയും മതതീവ്രവാദത്തിന്റെ ദൃഢീകരണം , യുവതയുടെ  കക്ഷിരാഷ്ട്രീയനിരാസം   തുടങ്ങിയവ  ചേർന്ന് 'യഥാതഥ്യ'ത്തിന്റെ സാമൂഹ്യപ്രതിബദ്ധതയും  'ആധുനികത'യുടെ തത്വചിന്തയും കുടഞ്ഞെറിഞ്ഞ  സ്വാഭാവികതയുടെയും ആഖ്യാന-പ്രമേയ വൈവിധ്യത്തിന്റെയും  'ഉത്തരാധുനികത' (post-modernism) ' യ്ക്ക് മലയാളസാഹിത്യത്തിലേക്ക് സ്വാഗതമരുളി  . 'ആധുനികത ' നിഷ്കാസനം ചെയ്‌ത പല യുക്തിരാഹിത്യങ്ങളും പ്രാദേശികത്വങ്ങളും ഗോത്രത്വങ്ങളും  ഉത്തരാധുനികതയിലൂടെ മടങ്ങി വന്നു . സി .വി .ബാലകൃഷ്ണന്റെ 'ആയുസ്സിന്റെ പുസ്തകം ',ആനന്ദിന്റെ 'ഗോവര്ധന്റെ യാത്രകൾ' , സുഭാഷ് ചന്ദ്രന്റെ 'മനുഷ്യന് ഒരു ആമുഖം ', കെ. .ആർ .മീരയുടെ 'ആരാച്ചാർ ' തുടങ്ങിയവ ശ്രദ്ധേയം . 

0 Responses

Post a Comment