I . മലയാള കവിത : വ്യാകരണതത്ത്വങ്ങൾ
I.1 വൃത്തം
പദ്യത്തെ ഗദ്യത്തില്‍നിന്ന് വേർതിരിക്കുന്നത് നിയതമായ സംഗീതഛായ പകരുന്ന വ്യാകരണനിയമങ്ങളാണ് .കാവ്യവ്യാകരണത്തിലെ ആധികാരിക ഗ്രന്ഥമായി അംഗീകരിക്കപ്പടുന്നത് 'കേരളപാണിനി' എന്ന് പ്രശസ്തനായ എ .ആർ രാജരാജവർമ്മ (1863-1918 ) യുടെ 'വൃത്തമഞ്ജരി ' ആണ് .
വൃത്തമഞ്ജരി പ്രകാരം 'പദ്യ'മെന്നാൽ 'മാത്ര ', 'വർണ്ണം' തുടങ്ങിയവയ്ക്ക് നിബന്ധന കല്പിച്ചു സൃഷ്ടിക്കുന്ന വാക്യം . ഈവക നിബന്ധനയൊന്നും കൂടാതെ എഴുതുന്ന വാക്യങ്ങൾ 'ഗദ്യം '.
പദ്യനിർമ്മിതിയിലെ ചില അടിസ്ഥാനതത്വങ്ങൾ പരിചയപ്പെടാം :
കുറിപ്പ് : സമീപകാലത്തുള്ള മലയാള കവിതകൾ മേൽപ്പറഞ്ഞ നിയമങ്ങളെ നിരസിച്ചു എ .ആർ രാജരാജവർമ്മ നിർവചിച്ച "ഗദ്യ"-ത്തോടടുത്തുനിൽക്കുന്നു എന്നത് വിസ്മരിക്കുന്നില്ല .
1.
'പാദം ' : പദ്യത്തിലെ ഒരു വരി
2.
'ശ്ലോകം ':നാല് പാദം ചേരുന്നത് (ആദ്യത്തെ രണ്ട് വരി : 'പൂർവ്വാർദ്ധം ', അവസാനത്തെ രണ്ട് വരി: 'ഉത്തരാർദ്ധം' ഒന്നാമത്തെയും മൂന്നാമത്തെയും വരികൾ : 'വിഷമപാദങ്ങൾ ')
3.
'അക്ഷരം ' / 'വർണ്ണം' : കാവ്യവ്യാകരണ നിയമങ്ങളിൽ സ്വരങ്ങളെ ( അ ,ആ ...അ : ) മാത്രമേ 'അക്ഷരങ്ങൾ ' ആയി ഗണിക്കാറുള്ളൂ . വ്യഞ്ജനാക്ഷരങ്ങൾ (ക ,ഖ ,ഗ ....),ചില്ലക്ഷരങ്ങൾ (ൺ ,ൽ തുടങ്ങിയവ ) എന്നിവയെ അവയുടെ മുൻപിലുള്ള സ്വരാക്ഷരങ്ങളുടെ ഭാഗമായി മാത്രമാണ് കാണുന്നത്
.
4.
'ഛന്ദസ്സ്' : പദ്യത്തിന്റെ ഒരു പാദത്തിൽ ഇത്ര അക്ഷരം വേണമെന്നുള്ള നിബന്ധന . 'ഉക്ത ','അത്യുക്ത ',മധ്യ ','പ്രതിഷ്ഠ 'തുടങ്ങി 26 ഛന്ദസ്സുകളുണ്ട് . ഒരു പാദത്തിൽ 26 ൽ കൂടുതൽ അക്ഷരം വന്നാൽ അതിനെ 'ദണ്ഡകം ' എന്ന് പറയുന്നു .
5.
'മാത്ര ':അക്ഷരങ്ങൾ ഉച്ചരിക്കേണ്ടതിന് വേണ്ട സമയ അളവ്
6.
'ലഘു ' : ഒരു 'മാത്ര'യുള്ള അക്ഷരം .ഉദാഹരണം : അ , കി . ചിഹ്നം : അർദ്ധചന്ദ്രക്കല [U]
7.
'ഗുരു ' : രണ്ട് 'മാത്ര'യെടുത്തു ഉച്ചരിക്കുന്ന അക്ഷരം .ഉദാഹരണം : ആ , കീ ,അം , വിസ്സർഗ്ഗങ്ങൾ (:),കൂട്ടക്ഷരങ്ങൾ(ഉദാ : ക്ക ,ച്ചി ..),ശക്തിയായി ഉച്ചരിക്കുന്ന ചില്ലക്ഷരങ്ങൾ (ൻ ,ൺ എന്നിവ എപ്പോഴും 'ഗുരു'ആണ്. മറ്റു ചില്ലക്ഷരങ്ങൾ ശക്തിയായി ഉച്ചരിക്കുമ്പോൾ മാത്രം 'ഗുരു ' ) . ചിഹ്നം
: നേർവര [
_ ]
8.
'യതി ': പദ്യ
പാദങ്ങളിൽ
വരുന്ന മടക്ക് ; ഗദ്യത്തിലെ
അർദ്ധവിരാമ (semicolon/ ' ; ')ത്തിന്
സമാനം.
9.
'വൃത്തം ' : അക്ഷരങ്ങളെയോ മാത്രകളെയോ അടിസ്ഥാനമാക്കി പദ്യം നിർമിക്കുന്ന തോത് (അളവുകോൽ ).വൃത്തമഞ്ജരി
'വർണ്ണവൃത്തങ്ങൾ' , 'മാത്രാവൃത്തങ്ങൾ' , 'മിശ്രവൃത്തങ്ങൾ' , ' ഭാഷാവൃത്തങ്ങൾ' എന്നിങ്ങനെ തരംതിരിക്കാവുന്ന 350 -ഓളം
വൃത്തങ്ങളെ പ്രതിപാദിക്കുന്നു . ഈ 4 തരം വൃത്തങ്ങളെ പരിചയപ്പെടാം :
i
. 'വർണ്ണവൃത്തം ': ഒരു പാദത്തിൽ ഇത്ര അക്ഷരം / വർണ്ണം എന്ന രീതിയിൽ നിർമ്മിച്ചവ 'വർണ്ണവൃത്തം '.
വർണ്ണവൃത്തങ്ങൾ 3 തരം :
- സമവൃത്തം : നാല് പാദങ്ങളും ഒരേവിധത്തിലുള്ളത്.
- അർദ്ധസമവൃത്തം : ഒന്നും മൂന്നും പാദങ്ങൾ ഒരു വിധത്തിലും രണ്ടും നാലും പാദങ്ങൾ മറ്റൊരു വിധത്തിലുമുള്ളത്
- വിഷമവൃത്തം : നാലുപാദങ്ങളും വെവ്വേറെ വിധത്തിൽ
വർണ്ണവൃത്തങ്ങളിൽ മൂന്നക്ഷരം കൂടിയാൽ ഒരു "ഗണം" ആകും.വർണ്ണവൃത്തഗണങ്ങൾ 8 വിധം:
1.
യഗണം (ആദിലഘു): U_ _ (ഉദാ:
കിരീടം)
2.
രഗണം(മധ്യലഘു ): _U_ (ഉദാ: സൂചിതം)
3.
തഗണം(അന്ത്യലഘു): _ _ U (ഉദാ: സഞ്ചാരി )
4.
നഗണം(സർവ്വലഘു ): U U U
(ഉദാ: കമല )
5.
ഭഗണം(ആദിഗുരു): _ U U (ഉദാ: ദാമിനി )
6.
ജഗണം(മധ്യഗുരു) : U _
U (ഉദാ: സമ്മതി)
7.
സഗണം(അന്ത്യഗുരു): U U _
(ഉദാ: അരിപ്പ )
8.
മഗണം(സർവ്വഗുരു ): _ _ _
(ഉദാ: സാമാന്യം)
ii
. 'മാത്രാവൃത്തം ' : ഒരു പാദത്തിൽ ഇത്ര മാത്ര എന്നത് 'മാത്രാവൃത്തം '. മാത്രാവൃത്തങ്ങളിൽ നാലക്ഷരം
കൂടിയാൽ ആണ് ഒരു 'ഗണം' ആവുക .മാത്രാവൃത്തഗണങ്ങൾ 5 വിധം:
1.
സർവ്വഗുരു
2.
ആദിഗുരു
3.
മധ്യഗുരു
4.
അന്ത്യഗുരു
5.
സർവ്വലഘു
iii 'മിശ്രവൃത്തം ' :പദ്യത്തിൽ ചിലഭാഗങ്ങളിൽ വർണ്ണവൃത്തത്തിന്റെ പ്രത്യേകതകളും ചിലഭാഗങ്ങളിൽ
മാത്രാവൃത്തങ്ങളുടെ
പ്രത്യേകതകളും ഉള്ളപ്പോൾ ; അധികം പ്രയോഗത്തിലില്ല .
iv . ഭാഷാവൃത്തം :വർണ്ണവൃത്തങ്ങളും മാത്രാവൃത്തങ്ങളും സംസ്കൃതത്തിൽ നിന്ന് മലയാളം ഉൾക്കൊണ്ടവയാണ്
. ദ്രാവിഡഭാഷയായ മലയാളത്തിൽ . സംസ്കൃതത്തിൽ ശ്ലോകങ്ങളുടെ സ്ഥാനത്തു തമിഴിനെപ്പോലെ
മലയാളത്തിൽ ഉള്ളത് പാടാൻ ഉള്ള 'ഈരടികൾ ' ആണ് . അതുകൊണ്ടുതന്നെ ഭാഷാവൃത്തങ്ങളിൽ
രചിക്കപ്പെട്ട പദ്യങ്ങളുടെ കാര്യത്തിൽ ഗുരുലഘുക്കളെയും യതിയെയും മറ്റും അധികം
ഗൗനിക്കേണ്ടതില്ല.പാടാനുള്ള സൗകര്യത്തിനാണ് പ്രാധാന്യം .
വൃത്തം നിർണ്ണയിയ്ക്കുന്ന രീതി :
1.
പാദങ്ങളിലെ
അക്ഷരങ്ങൾ എണ്ണി നോക്കി അവ ഏതു ' തരം ' വൃത്തമാണ് എന്ന്
വിലയിരുത്തുക ; അതായത് വർണ്ണവൃത്തമോ (അതിൽ തന്നെ സമവൃത്തമോ അർദ്ധ- സമവൃത്തമോ വിഷമവൃത്തമോ ) മാത്രാവൃത്തമോ
മിശ്രവൃത്തമോ ഭാഷാവൃത്തമോ എന്ന് കണ്ടെത്തുക.
2.
പാദങ്ങൾ വിശകലനം ചെയ്ത് 'ഗണം ' മനസ്സിലാക്കുക.
3.
വിശകലനം
ചെയ്തുകൊണ്ടിരിക്കുന്ന വൃത്തത്തിന്റെ തരം , ഗണം എന്നിവയെ കൃത്യമായി പ്രതിഫലനം ചെയ്യുന്നത് ഏതു
വൃത്തത്തിന്റെ 'ലക്ഷണം ' ആണെന്ന് വൃത്തമഞ്ജരി പോലെ വൃത്തശാസ്ത്രത്തിലെ പ്രാമാണിക ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിൽ നിർണ്ണയിക്കുക .
വൃത്തനിർണ്ണയം ഉദാഹരിക്കാൻ കുമാരനാശാന്റെ 'നളിനി' യിലെ ഒരു ശ്ലോകം എടുക്കാം :
"സ്നേഹമാണഖിലസാരമൂഴിയിൽ
സ്നേഹസാരമിഹ/സത്യമേകമാം
മോഹനം ഭുവനസംഗമിന്നതിൻ
സ്നേഹമൂലമമലേവെടിഞ്ഞുഞാൻ "
1 . വൃത്തത്തിന്റെ 'തരം ' വിലയിരുത്തൽ :
_ U _ U U U _ U _ U _
സ്നേഹമാ/ ണഖില/ സാരമൂ/ ഴിയിൽ
_ U _ U U U _ U _ U _
സ്നേഹസാ/ രമിഹ/ സത്യമേ/ കമാം
_ U _ U U U _ U _ U _
മോഹനം / ഭുവന/ സംഗമി/ ന്നതിൻ
_ U _ UUU _ U _ U _
സ്നേഹമൂ/ ലമമ/ ലേവെടി/ ഞ്ഞുഞാൻ
അക്ഷരങ്ങളെ അധികരിച്ചുള്ള വൃത്തനിർമ്മിതിയായതിനാൽ 'വർണ്ണവൃത്തം '. നാലുപാദങ്ങളിലും ഒരേ രീതിയിലുള്ളവയായതിനാൽ 'സമവൃത്തം '.
2 . വൃത്തത്തിന്റെ 'ഗണം ' വിലയിരുത്തൽ :
(സമവൃത്തമായതിനാൽ ഏതെങ്കിലും ഒരു പാദം വിശകലനം ചെയ്താൽ മതിയാകും )
ര ന ര ല ഗ
_ U _
U U U _ U
_ U _
സ്നേഹമാ/ ണഖില/ സാരമൂ/ ഴിയിൽ
സ്നേഹമാ/ ണഖില/ സാരമൂ/ ഴിയിൽ
_ U _ U U U _ U _ U _
സ്നേഹസാ/ രമിഹ/ സത്യമേ/ കമാം
_ U _ U U U _ U _ U _
മോഹനം / ഭുവന/ സംഗമി/ ന്നതിൻ
_ U _ UUU _ U _ U _
സ്നേഹമൂ/ ലമമ/ ലേവെടി/ ഞ്ഞുഞാൻ
രഗണം , നഗണം ,രഗണം ,ലഘു ,ഗുരു എന്നിങ്ങനെ ഗണക്രമം
3 . വൃത്തനിർണ്ണയം :
വൃത്തമഞ്ജരി യനുസരിച്ചു രഗണം , നഗണം ,രഗണം ,ലഘു ,ഗുരു എന്നിങ്ങനെ ഗണക്രമം വരുന്ന സമവൃത്തം 'രഥോദ്ധത ' (ലക്ഷണം : 'രംനരം ലഗുരുവും രഥോദ്ധത ') ആണ് .
I.2 അലങ്കാരങ്ങള്‍
മഹാകവികളുടെ
കൃതികള്‍ വായിക്കുമ്പോള്‍ ആഹ്ളാദം അനുഭവിക്കുന്നതിന് അനുകൂലമായ താത്പര്യവും
ബുദ്ധിയുമുള്ളവരെ ‘സഹൃദയര്‍’ എന്ന് പറയുന്നു. സഹൃദയരുടെ ഹൃദയത്തില്‍
ആഹ്ളാദത്തെ ജനിപ്പിക്കുന്ന കവിതാധര്മത്തെ “ചമല്‍ക്കാരം’ എന്ന്
വിളിക്കുന്നു. ചമല്‍ക്കാരത്തിന് ആശ്രയമായ വാക്യഭംഗിയാണ് ‘അലങ്കാരം’. അലങ്കാരങ്ങളെക്കുറിച്ചുള്ള
മലയാളത്തിലെ ആധികാരിക ഗ്രന്ഥമായി കണക്കാക്കുന്നത് എ.ആര്. രാജരാജവര്‍മ്മയുടെ ‘ഭാഷാഭൂഷണം’ആണ്.
അലങ്കാരങ്ങള്‍
4 തരം (അര്‍ത്ഥാലങ്കാരങ്ങള്‍, ശബ്ദാലങ്കാരങ്ങള്‍,സങ്കരാലങ്കാരങ്ങള്,
മിശ്രാലങ്കാരങ്ങള്):
1.
അര്‍ത്ഥാലങ്കാരങ്ങള്‍ : പദങ്ങളുടെ അര്‍ത്ഥം ഉപയോഗിച്ചുള്ള അലങ്കാരം ; ഇവ നാലുതരം (സാമ്യോക്തി,
അതിശയോക്തി,വാസ്തവോക്തി, ശ്ലേഷോക്തി)
1)
സാമ്യോക്തി : ഒരു
പ്രകൃത വസ്തുവിന്റെ ഗുണഗണങ്ങളെ (“ധര്‍മ്മങ്ങളെ”) വര്‍ണ്ണിക്കുമ്പോള്‍ ആ
ഗുണഗണങ്ങള്‍ കുടിക്കൊള്ളുന്നതെന്ന് പരക്കെ സമ്മതമായ മറ്റൊരു വസ്തുവിനെ
ദൃഷ്ടാന്തമായി എടുത്തുകാണിക്കുന്നത്
i.
ഉപമ (Simile) : ഒരു വസ്തുവിന് (‘ഉപമേയം’/’പ്രകൃതം’/’പ്രസ്തുതം’/’വര്‍ണ്ണ്യം’)
മറ്റൊന്നിനോട് (‘ഉപമാനം’/’അപ്രകൃതം’/’അപ്രസ്തുതം’/’അവര്‍ണ്ണ്യം’) ചമാല്ക്കാരകാരകമായ
സാദൃശ്യം ചൊ”ല്ലുന്നത്. ഉപമ ആണ് മിക്ക അലങ്കാരങ്ങളുടെയും ബീജം.ഉപമേയത്തിലും
ഉപമാനത്തിലും തുല്യമായി കാണപ്പെടുന്ന ഗുണവിശേഷം/ധര്‍മ്മം “സാധാരണധര്‍മ്മം”.സാദൃശ്യത്തെ
കുറിക്കാന്‍ ഉദ്ദേശിക്കുന്ന ശബ്ദം “ഉപമാവാചകം”.
ഉദാഹരണം: ”മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്മുഖം” (എ. ആര്. രാജരാജവര്‍മ്മ) എന്നതില്‍ :
ഉപമേയം: മന്നവേന്ദ്രന്റെ മുഖം
ഉപമാനം : ചന്ദ്രന്
സാധാരണധര്‍മ്മം : വിളങ്ങുക
ഉപമാവാചകം :
പോലെ
ഉപമ
പ്രധാനമായും 4 തരം :
- ലുപ്തോപമകള്‍ : ഉപമാനം, ഉപമേയം, “സാധാരണധര്‍മ്മം, ഉപമാവാചകം എന്നിവയുണ്ടെങ്കില്‍ അത് “പൂര്ണ്ണഉപമ” എതെങ്കിലുമൊന്ന് ഇല്ലെങ്കില്‍ “ലുപ്തോപമ”. (ലുപ്തോപമ 6 തരം : ഉപമെയലുപ്ത,ഉപമാനലുപ്ത,ധര്‍മ്മലുപ്ത,വാചകലുപ്ത,ധര്‍മ്മവാചകലുപ്ത, ധര്‍മ്മോപമാനവാചകലുപ്ത). ഉദാഹരണം : “സമയില്ല സുന്ദരി ജഗ്ഗ്രത്തയേ” (എ.ആര്.) ;ഇവിടെ ഉപമാനമില്ല; അതിനാല്‍ ഉപമാനലുപ്തോപമ.
- മാലോപമ : ഒരു ഉപമേയത്തെ തന്നെ പല ഉപമാനങ്ങളോട് ഉപമിക്കുന്നത്. ഉദാഹരണം :
“കാര്‍കൊണ്ടു മിണ്ടാത്തൊരു കൊണ്ടല്‍ പോലെ
കല്ലോലമില്ലാതെഴുമാഴിപോലെ
കാറ്റില്പെടാദീപവുമെന്നപോലെ
നിഷ്പന്ദമായ് പ്രാണനടക്കിവച്ചും “ (കുമാരസംഭവം)
ഇതില്‍ പ്രാണായാമാസ്ഥിതനായ
ദക്ഷിണാമൂര്‍ത്തിക്ക് മൂന്ന് ഉപമാനങ്ങള്‍.
- രശനോപമ : പൂര്‍വ്വോപമയിലെ ഉപമാനത്തെ ഉത്തരോപമയില്‍ ഉപമേയമാക്കുന്നത് (ഉപമകളെ മെടഞ്ഞു കോര്‍ക്കുന്നതുപോലെ ). ഉദാഹരണം :
“മൊഴിയധരംപോല്‍ മധുരം
മൊഴിപോലത്യച്ഛവര്‍ണമാം മേനി
മിഴി മേനിപോലതിരതി;
മിഴിപോലത്യന്ത ദുസ്സഹം വിരഹം” (എ. ആര്
- സാവയവോപമ :
“തളിരുപോലധരം
സുമനോഹരം
ലളിതശാഖകള്‍പോലെ
ഭുജദ്വയം
കിളിമൊഴിക്കു
തനൌ കുസുമോപമം
മിളിതമുജ്ജ്വലമാം
നവയൌവനം “
ii.
അനന്വയം :
ഒരുവസ്തുവിനുസമമായി
അതുമാത്രം എന്നു പറയുന്നത്. ഉദാഹരണം: “ ഗഗനം ഗഗനം പോലെ സാഗരം സാഗരോപമം” (എ.ആര്.)
iii.
ഉപമേയോപമ :
ഉപമേയത്തെ
ഉപമാനത്തോട് ഉപമിച്ച ശേഷം തിരിച്ച് ഉപമാനത്തെ ഉപമേയത്തോടും ഉപമിക്കുന്നത്.
ഉദാഹരണം : ‘കരിയിതു ഗിരിയെപ്പോലെ ഗിരിയിക്കരിയെന്നപോലെയത്യുച്ചന്’.
iv.
പ്രതീപം:
വര്‍ണ്ണ്യ
വസ്തുവിനെ (ഉപമേയത്തിനു) മഹത്വവല്ക്കരിക്കാന് ഉപമാനത്തെ ഉപമേയമാക്കി
നിബന്ധിക്കുന്നത്. ഉദാഹരണം : “നെന്മേനിവാകതന്‍ പുഷ്പം നിന്മേനിക്കൊപ്പമാം പ്രിയേ” (എ.ആര്.)
എന്നതില്‍ യഥാര്‍ത്ഥ ഉപമേയം: പ്രിയയുടെ മേനി; യഥാര്‍ത്ഥ ഉപമാനം : നെന്മേനിവാകയുടെ
പുഷ്പം
v.
രൂപകം (Metaphor) :
ഉപമേയവും ഉപമാനവും രണ്ട് വസ്തുക്കളല്ല , ഒന്നുതന്നെ എന്ന് അഭേദം കല്‍പ്പിക്കുന്നത്.
ഉദാഹരണം : “മായം കളഞ്ഞുള്ള മാമുനിമാരുടെ മാനസമായൊരു മന്ദിരത്തില്‍” (‘കൃഷ്ണഗാഥ’,
ചെറുശ്ശേരി)
vi.
അപഹ്നുതി :
ഉപമേയത്തിന്റെ
ധര്‍മ്മം നിഷേധിച്ചിട്ട് / മറച്ചിട്ട്
അതിനോട് സദൃശമായ മറ്റൊരു വസ്തുവിന്റെ (ഉപമാനതിന്റെ) ധര്‍മ്മം
ആരോപിക്കുന്നത്. ഉദാഹരണം :” തിങ്കളല്ലിതു വിണ്ഗംഗാപങ്കജം വികസിച്ചത്” (എ.ആര്.)
എന്നതില്‍ ആകാശഗംഗാപങ്കജത്തിന്റെ ധര്‍മ്മം ആരോപിക്കാനായി ചന്ദ്രന് ചന്ദ്രനല്ല
എന്നുപറയുന്നത്.
vii.
ഉല്പ്രേക്ഷ (വര്‍ണ്ണ്യത്തിലാശങ്ക) :
വര്‍ണ്ണ്യത്തില്‍ (ഉപമേയത്തില്‍ ) അവര്‍ണ്ണ്യത്തിന്റെ ധര്‍മ്മത്തിന്റെ
ചേര്‍ച്ച കാണ്കയാല് “അതുതന്നെയായിരിക്കും ഇത് “ എന്ന് ബലമായി സംശയിക്കുന്നത്.
(“ഉല്പ്രേക്ഷ” എന്നാല്‍ ഊഹിക്കുക എന്നര്‍ത്ഥം). ഉദാഹരണം : “കമലശ്രീ ഹരിപ്പാനോ
കരംനീട്ടുന്നു വെണ്മതി” (എ.ആര്.)എന്നതില്‍ ചന്ദ്രന് ഉദിക്കുമ്പോള്‍ കമലം (താമര)
കൂമ്പുന്നതിനെപറ്റി , താമരയുടെ ഐശ്വര്യം കവരാനാണോ ചന്ദ്രന് കൈനീട്ടുന്നത് എന്ന്
ആശങ്കപ്പെടുന്നത്.
viii.
സ്മൃതിമാന്‍:
സാദൃശ്യപ്രതീതിയാല്
ഒന്നിനെക്കണ്ടിട്ട് തത്തുല്യമായ മറ്റൊന്നിനെ സ്മരിക്കുന്നത്.ഉദാഹരണം : “ഇക്കോമളാoബുജം പാര്ത്തിട്ടോര്ക്കുന്നേനെന്
പ്രിയാമുഖം” (എ.ആര്.) എന്നതില്‍ താമരപ്പൂവ് കാണുമ്പോള്‍ പ്രിയയെ ഓര്‍മ്മ വരുന്നു എന്ന്
അലംകൃതം.
ix.
ഭ്രാന്തിമാന്‍
സാദൃശ്യാതിരേകത്താല് (സാദൃശ്യം കൂടിയതുകൊണ്ട്) വര്‍ണ്ണ്യം(ഉപമേയം)
കണ്ടിട്ട് അവര്‍ണ്ണ്യം(ഉപമാനം) എന്ന് ഭ്രമിക്കുന്നത് . ഉദാഹരണം: പത്മമെന്നു
പതിക്കുന്നു നിന്മുഖത്തിങ്കല് വണ്ടിതാ (താമരയെന്നു ധരിച്ച് വണ്ട് മുഖത്തില്‍
പതിക്കുന്നു എന്നര്‍ത്ഥം)
x.
സസന്ദേഹം:
ഉപമേയത്തെ ഒന്നില്‍ കൂടുതലുള്ള ഉപമാനമായി സംശയിക്കുന്നത്
.ഉദാഹരണം: : “ഓമനത്തിങ്കള്‍ കിടാവോ നല്ല കോമാളതാമരപ്പൂവോ?” (ഇരയിമ്മന്‍ തമ്പി )
xi.
വ്യതിരേകം :
ഉപമാനോപമേയങ്ങള്‍ക്ക് ഒരു ധര്‍മ്മത്തില്‍ മാത്രം
ഭേദമുണ്ടെന്ന് പറയുന്നത്. ഉദാഹരണം : “കുന്നുപോലുന്നതന്‍ ഭൂപനെന്നാല്
പ്രകൃതികോമളന്‍ “ (എ.ആര്.) എന്നതില്‍
രാജാവിന് കുന്നിനും ഔന്നിത്യംകൊണ്ടു സാമ്യമുണ്ടെങ്കിലും രാജാവ് സുകുമാരശരീരനാണ്
(കുന്ന് അങ്ങനെയല്ലല്ലോ എന്നും) എന്ന് അലംകൃതം.
xii.
പ്രതിവസ്തുപമ :
ഒരു
‘സാധാരനധര്മ്മത്ത’ ഉപമേയവാക്യത്തിലും
ഉപമാനവാക്യത്തിലും പരാമര്‍ശിക്കുന്നത്. പ്രതിവസ്തുപമ രണ്ടുതരം:
·
സാധര്‍മ്മ്യം :
അന്യോന്യപൂരകങ്ങളായ രണ്ട് പ്രസ്താവനകള്‍). ഉദാഹരണം: : “ശ്രീവഞ്ചിഭൂപനുള്ളപ്പോള്‍ ശ്രീമാനപരനെന്തിന്? കാര്യമെന്തിഹ ദീപത്താല്‍ കതിരോന്‍ കാന്തി ചിന്തവേ?” (എ.ആര്.) എന്നതില്‍ എന്നതില്‍ പൂര്‍വാര്‍ധം ഉപമേയവാക്യവും ഉത്തരാര്‍ധം ഉപമാനവാക്യവും ആകുന്നു. ഇവിടെ “സാധാരണ ധര്‍മ്മം” നിഷ്ഫലത്വം (“എന്തിന്?” ,”എന്ത്” എന്ന വാക്കുകളാല്‍ സൂചിതം )ആണ്
അന്യോന്യപൂരകങ്ങളായ രണ്ട് പ്രസ്താവനകള്‍). ഉദാഹരണം: : “ശ്രീവഞ്ചിഭൂപനുള്ളപ്പോള്‍ ശ്രീമാനപരനെന്തിന്? കാര്യമെന്തിഹ ദീപത്താല്‍ കതിരോന്‍ കാന്തി ചിന്തവേ?” (എ.ആര്.) എന്നതില്‍ എന്നതില്‍ പൂര്‍വാര്‍ധം ഉപമേയവാക്യവും ഉത്തരാര്‍ധം ഉപമാനവാക്യവും ആകുന്നു. ഇവിടെ “സാധാരണ ധര്‍മ്മം” നിഷ്ഫലത്വം (“എന്തിന്?” ,”എന്ത്” എന്ന വാക്കുകളാല്‍ സൂചിതം )ആണ്
·
വൈധര്‍മ്മ്യം :
അര്‍ത്ഥത്തില്‍ വ്യത്യാസമില്ലെങ്കിലും രൂപത്തില്‍ വിപരീതങ്ങളായ രണ്ട് പ്രസ്താവനകള്‍. ഉദാഹരണം: “”ചിന്തയെന്തുതേ എന്നുടെഹൃദയം അന്യനിലാമോ അര്‍ണ്ണവം തന്നിലല്ലോ നിമ്നഗ ചേര്‍ന്നൂ ഞായം അന്യഥാ വരുത്തുവാന്‍ കുന്നു മുതിര്‍ന്നീടുമോ? “ എന്നതില്‍ നദി സമുദ്രത്തോട് ചേരുന്നു , എന്നാല്‍ എന്റെ ഹൃദയം അന്യനില്‍ ചേരുന്നില്ല എന്ന് അലംകൃതം.
അര്‍ത്ഥത്തില്‍ വ്യത്യാസമില്ലെങ്കിലും രൂപത്തില്‍ വിപരീതങ്ങളായ രണ്ട് പ്രസ്താവനകള്‍. ഉദാഹരണം: “”ചിന്തയെന്തുതേ എന്നുടെഹൃദയം അന്യനിലാമോ അര്‍ണ്ണവം തന്നിലല്ലോ നിമ്നഗ ചേര്‍ന്നൂ ഞായം അന്യഥാ വരുത്തുവാന്‍ കുന്നു മുതിര്‍ന്നീടുമോ? “ എന്നതില്‍ നദി സമുദ്രത്തോട് ചേരുന്നു , എന്നാല്‍ എന്റെ ഹൃദയം അന്യനില്‍ ചേരുന്നില്ല എന്ന് അലംകൃതം.
xiii.
ദൃഷ്ടാന്തം :
ഉപമാനോപമേയ വാക്യങ്ങളില്‍ “സാധാരണ ധര്‍മ്മത്തെ “ ബിംബ-പ്രതിബിംബങ്ങലാക്കി
പറയുന്നത്. ഉദാഹരണം : “ താരുണ്യവേഗത്തില്‍ വധൂജനങ്ങള്‍ പിന്നിട്ടിടുന്നു
പുരുഷവ്രജത്തെ; മരംതളിര്ക്കാന്
തുടരുമ്പോഴേക്കുമൊപ്പം മുളച്ചീടിന വല്ലിപൂത്തു”എന്നതില്‍ പൂര്‍വാര്‍ദ്ധം (യൗവനലബ്ധിയില് സ്ത്രീകള്‍
പുരുഷന്മാരെ പിന്നിട്ടിടുന്നു എന്നത്) ഉപമേയം, ഉത്തരാര്‍ദ്ധം (മരംതളിര്ക്കാന്
തുടങ്ങുമ്പോഴേക്കും ഒപ്പം മുളച്ച വള്ളി പൂത്തു എന്നത്) പൂര്‍വാര്‍ദ്ധത്തിന്റെ പ്രതിബിംബമായ ഉപമാനം.
xiv.
നിദര്‍ശന :
ഏതാനും
ധര്‍മങ്ങളുള്ള പ്രകൃതധര്മ്മിക്കും(ഉപമേയം) ആ ധര്‍മ്മങ്ങള്‍ക്ക് പ്രതിബിംബഭൂതങ്ങളായ
ധര്‍മ്മങ്ങളുള്ള അപ്രകൃതധര്മ്മിക്കും(ഉപമാനം ) അഭേദം കല്പിക്കുന്നത്. ഉദാഹരണം : “വധുവില്‍ മനമോരാതെ വരനെ
തീര്ച്ചയാക്കുവോന് രുജാനിദാനമറിയാതൌഷധം നിശ്ചയിച്ചിടും” എന്നതില്‍ വധുവിന്റെ
മനസ്സറിയാതെ വരനെ നിശ്ചയിക്കുന്നവന്‍ ഉപമേയവും രോഗമറിയാതെ
മരുന്ന്നിശ്ചയിക്കുന്നവന് ഉപമാനവും ആകുന്നു (ഈ രണ്ട് ധര്‍മ്മങ്ങളും
പ്രതിബിംബങ്ങളാണ് എന്നതിനാല്‍.
( ‘നിദര്‍ശന’ യും ‘രൂപക’വും തമ്മില്‍
തെറ്റിപ്പോകാനിടയുണ്ട്; ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം:
·
രൂപകം
കേവലവസ്തുക്കളുടെ ഐക്യാരോപം ആണെങ്കില്‍ നിദര്‍ശന ധര്മ്മവിശിഷ്ടവസ്തുക്കളുടെ
ഐക്യാരോപം.
·
രൂപകത്തില്‍
ഒറ്റപ്പദങ്ങള്ക്ക് അഭേദം
കല്പിക്കുന്നുവെങ്കില് നിദര്‍ശന വാക്യങ്ങള്‍ക്ക് അഭേദം കല്പിക്കുന്നു
)
xv.
ദീപകം:
അനേകം വസ്തുക്കള്‍ക്ക്
ഒരേ ധര്‍മ്മത്തില്‍ അന്വയം കല്പിക്കുന്നത്. ഉദാഹരണം: “മദംകൊണ്ടാന ശോഭിക്കുമൌദാര്യംകൊണ്ടുഭൂപതി “ എന്നതില്‍ ശോഭിക്കുക എന്ന ധര്‍മ്മം
ഉപമേയത്തിനും ഉപമാനത്തിനും ഒരുപോലെ ഉപയോഗിക്കുന്നത് .
xvi.
അപ്രസ്തുതപ്രശംസ : പ്രസ്തുതവൃത്താന്തത്തിന്റെ(ഉപമേയം) പ്രതീതി
വരുത്തുന്ന രീതിയില്‍ അപ്രസ്തുതവൃത്താന്തം(ഉപമാനം) അവതരിപ്പിക്കുന്നത്.
ഉദാഹരണം:”വേലിചാടുന്ന പൈക്ക് കോലുകൊണ്ട്മരണം” എന്ന ഉപമാന വൃത്താന്തംകൊണ്ട്സ്വന്തം
പരിധി ലംഘിക്കുന്ന ആരും അപകടത്തില്‍ പെടും എന്നത് ഉപമേയം. ഉപമാനവും ഉപമേയവും
തമ്മില്‍ സാരൂപ്യം ഉള്ള ‘അപ്രസ്തുതപ്രശംസ’ ‘അന്യാപദേശം’(Allegory) എന്ന്
വിളിക്കപ്പെടുന്നു.മറ്റുദാഹരണം : ”സ്വൈരം മൃഗങ്ങള്‍ വാഴുന്നു പരാരാധനമെന്നിയേ”
(എ.ആര്.) എന്നതില്‍ അന്യരെ ആശ്രയിക്കുന്നവരുടെ
ജീവിതം മൃഗവൃത്താന്തത്താല് സൂചിതം.
ഉപമ , ഉല്പ്രേക്ഷ, രൂപകം എന്നിവ തമ്മിലുള്ള വ്യത്യാസം
·
“മന്നവേന്ദ്രാ
വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്മുഖം” എന്നത് ഉപമ (വര്ര്ണ്ണ്യ-അ വര്ണ്ണ്യങ്ങള്ക്ക്
കേവലസാദൃശ്യം മാത്രം)
· "മന്നവേന്ദ്രന്റെ
മുഖം കണ്ട് ശലഭങ്ങള്‍ ചന്ദ്രനെന്നുധരിച്ചല്ലോ" എന്നാണെങ്കില്‍ അത് ഉല്പ്രേക്ഷ
(വര്‍ണ്ണ്യത്തെ അവര്ണ്ണ്യമെന്ന് സംശയിക്കുന്നതരത്തിലുള്ള സാദൃശ്യം)
·
“മുഖമാകുന്ന
ചന്ദ്രന്” എന്നുപറഞ്ഞാല്‍ അത് രൂപകം (വര്ര്ണ്ണ്യ-അവര്ണ്ണ്യങ്ങള്ക്ക്
അഭേദം കല്പിക്കുന്നത് )
2)
അതിശയോക്തി : ഉള്ളതിലധികമോ
കുറച്ചോ പറയുന്നത്
i.
ഭേദകാതിശയോക്തി:
അഭേദത്തില്‍
ഭേദം കല്പിക്കുന്നത്. ഉദാഹരണം : “അനാദൃശം തന്നെയോര്ത്താലിന്നൃപന്റെ പരാക്രമം” (എ.ആര്.)
എന്നതില്‍ ഈ രാജാവിന്റെ പരാക്രമം
അനന്യസാധാരണം ആണെന്ന് പറയുന്നത്.
ii.
രൂപകാതിശയോക്തി :
ഉപമാനോപമേയങ്ങള്‍ക്ക് അഭേദം കല്പിച്ച് ഉപമേയത്തെ കാണിക്കാതെ അതിന്റെ
സ്ഥാനത്ത് ഉപമാനത്തെ പ്രയോഗിക്കുന്നത്. ഉദാഹരണം : “ സരോജയുഗളം കാണ്ക ശരങ്ങള്‍
ചോരിയുന്നിതാ” (എ.ആര്.) എന്നതില്‍ ഉപമേയമായ കണ്ണുകളെ ഉപമാനമായ “സരോജയുഗളം” കൊണ്ട്
മറച്ചിരിക്കുന്നു.
iii.
സംബന്ധാതിശയോക്തി :
യുക്തിസംബന്ധമില്ലാത്ത കാര്യത്തിന് സംബന്ധമുണ്ടെന്ന് പറയുന്നത്.ഉദാഹരണം :
“മുട്ടുന്നു മതിബിംബതില് മോടിയോടിഹമേടകള്” (എ.ആര്.) എന്നതില്‍ ചന്ദ്രബിംബതില്
മാളിക മുട്ടുന്നു എന്നുപറയുന്നത് യുക്തിസഹമല്ല എന്നതിനാല്‍ “സംബന്ധാതിശയോക്തി”
iv.
അസംബന്ധാതിശയോക്തി :
യുക്തിസംബന്ധമുള്ള കാര്യത്തില്‍ അതില്ല എന്നുപറയുന്നത്. ഉദാഹരണം : “ ത്വല്പാദ
സേവയുള്ളപ്പോള് കല്പപാദപമല്പമാം” (എ.ആര്.). കല്പവൃക്ഷവുമായുള്ള താരതമ്യം
യുക്തിസംബന്ധം ആണെങ്കിലും താരതമ്യം യുക്തമല്ല (“കല്പം അല്പം” )എന്ന് പറയുന്നതുകൊണ്ട് അസംബന്ധാതിശയോക്തി.
v.
ഹേത്വതിശയോക്തി :
കാര്യകാരണങ്ങള്‍ക്ക്
അഭേദം ചെയ്യുന്നത്. ഉദാഹരണം : “ മുക്കണ്ണന് തന് പുണ്യമാകും മൈക്കണ്ണിതുണ
ചെയ്യണം” (എ.ആര്.) എന്നതില്‍ “കാരണം” ആയ
‘പുണ്യം’ തന്നെയാണ് “കാര്യ” വും (മൈക്കണ്ണി/ദേവി)
vi.
ഉല്ലേഖം :
പലഗുണങ്ങളുള്ള
ഒരു വസ്തുവിന്റെ ഓരോ ഗുണങ്ങളെയും പ്രമാണിച്ച് ഓരോന്നാക്കി കല്പിക്കുന്നത്.
ഉദാഹരണം “ കാമനെന്നിവനെ സ്ത്രീകള്‍ കാലനെന്നോര്‍ത്തു വൈരികള്‍” (എ.ആര്.)
vii.
അത്യന്താതിശയോക്തി :
കാരണത്തിന് മുന്‍പ് കാര്യം വര്‍ണ്ണിക്കുന്നത് . ഉദാഹരണം : “കുചേലനുലഭിച്ചാദ്യം
കണക്കറ്റ മഹാധനം കൃഷ്ണനില്‍ കൃപയോലുന്ന കടാക്ഷം പിന്നെയല്ലയോ?”
viii.
അക്രമാതിശയോക്തി :
കാര്യവും കാരണവും ഒന്നിക്കുന്നത്. ഉദാഹരണം : വര്‍ഷം തുടര്‍ന്നു പാന്ഥസ്ത്രീ
മിഴിയും മുകിലും സമം “ (എ.ആര്.)
ix.
അസംഗതി :
കാരണം
ഒന്നിലും കാര്യം അതിനോട് സംബന്ധമില്ലാത്ത മറ്റൊന്നിലും പ്രവര്‍ത്തിക്കുന്നതായി വര്‍ണ്ണിക്കുന്നത്.ഉദാഹരണം
: “മകന് പ്രഹരമേല്‍ക്കുന്നു കരയുന്നു ജനനിയാള്”
x.
വിഭാവന :
പ്രസിദ്ധമായ
കാരണം തുറന്ന് പറയാതെ കാര്യത്തെ പരാമര്‍ശിക്കുന്നത്. ഉദാഹരണം : മന്ദന്നു
കാശുകിട്ടീടില് മദ്യപിക്കാതെ മത്തനാം (ഇതില്‍ കാരണം : മദ്യപാനം മത്തുണ്ടാക്കും
എന്നത്) (എ.ആര്.)
xi.
വിശേഷോക്തി :
കാരണം ഉണ്ടെങ്കിലും കാര്യം ഉണ്ടാകാത്തത്. ഉദാഹരണം : “കുറഞ്ഞില്ല
ഹൃദിസ്നേഹം സ്മര ദീപം ജ്വലിക്കിലും “(എ.ആര്.) (ദീപം ജ്വലിക്കുമ്പോള്‍ എണ്ണ വറ്റുന്നതുപോലെ കാലം കഴിയുംതോറും സ്നേഹം
കുറഞ്ഞില്ല എന്ന് സാരം)
xii.
വ്യാഘാതം :
ഒരുവന്
തനിക്ക് ഇഷ്ടമായ കാര്യത്തിന് കാരണമായി വിവക്ഷിക്കുന്ന സംഗതിയെ തന്നെ മറ്റൊരുവന്
അതിനു വിപരീതമായ കാര്യത്തിന് കാരണമാക്കി സമര്‍ത്ഥിക്കുന്നത് . ഉദാഹരണം : “ ഭൂഷണം സജ്ജനത്തിനു ദൂഷണം
ഖലകല്പിതം ദോഷമല്ലോ ഖലന്‍ തന്റെ ദൃഷ്ടിയില് ഗുണമൊക്കവേ” (എ.ആര്.) ( ഇവിടെ ഖലന്‍
എന്നാല്‍ ദുഷ്ടന് എന്നര്‍ത്ഥം )
xiii.
വിരോധാഭാസം :
വാസ്തവത്തില്‍
വിരോധമില്ലെങ്കിലും പ്രഥമ ശ്രവണത്തില്‍ വിരോധം തോന്നുന്ന പ്രകാരം പറയുന്നത. ഉദാഹരണം : വിരിഹിണിയായ നായികയെ പറ്റി
“ഹന്ത! ചന്ദ്രമുഖിക്കിന്നു ചെന്തീയായിതു ചന്ദനം” (എ.ആര്.) ( പ്രഥമശ്രവണത്തില്‍
കുളിരേകുന്ന ചന്ദനം എങ്ങനെ ചെന്തീ പോലെയാകും എന്ന് തോന്നുമെങ്കിലും വിരഹിണിയായ
നായികയ്ക്കാണല്ലോ എന്നോര്‍ക്കുമ്പോള്‍ വിരോധ-പ്രതീതി നീങ്ങും )
xiv.
സംഭാവന :
ഒരുകാര്യം
സിദ്ധിക്കുന്ന പക്ഷം മറ്റൊരുകാര്യം സിദ്ധിക്കുമെന്ന് ഊഹിക്കുന്നത് . ഉദാഹരണം : “ശേഷനെങ്കില്
വര്ണ്ണിപ്പേന് ശേഷിക്കാതെ ഭവല്ഗുണം” എന്നതില്‍ ആദിശേഷനെങ്കില് (എ.ആര്.) (ആയിരം
നാവുള്ള അനന്തന് എങ്കില്‍ ) ഒന്നുവിടാതെ ഭവാന്റെ ഗുണം വര്ണ്ണിച്ചേനെ എന്നര്‍ത്ഥം)
xv.
തല്ഗുണം :
സംസര്‍ഗം
കൊണ്ട് ഒന്നിന്റെ ഗുണം മറ്റൊന്നിനു പകരുന്നത് . ഉദാഹരണം
: “മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാം സൗരഭ്യം”
xvi.
അതല്ഗുണം:
തല്ഗുണത്തിന്റെ
വിപരീതം ; സംസര്ഗമുണ്ടായാലും പരഗുണം പകരാത്തത് .ഉദാഹരണം : “രക്തമാമെന്റെ
ചിത്തത്തില്‍ പാര്‍ത്തിട്ടും രാഗമില്ല തേ” (എ.ആര്.) ( അനുരക്തമായ എന്റെ ഹൃദയത്തില്‍ താമസിച്ചിട്ടും എന്നോട് അനുരാഗമില്ലല്ലോ
എന്ന് അര്‍ത്ഥമാക്കുന്നു )
xvii.
മീലിതം:
ഒന്നുകൊണ്ട്
മറ്റൊന്ന് മറഞ്ഞു പോകുന്നത് . ഉദാഹരണം : “നിന് ചേവടിയിലഞ്ചിച്ച ചെഞ്ചായം
തെളിയാതെയായ്” (എ.ആര്.)എന്നതില്‍ കാലുകളുടെ ചുവപ്പില്‍ ചുവന്ന ചായം മറഞ്ഞു പോയി
എന്നര്‍ത്ഥം.
xviii.
അധികം:
അധികത്തിലും
അധികം ചൊല്ലുന്നത്. ഉദാഹരണം : “തള്ളുന്നിതുലകിന്നുള്ളില് കൊള്ലാഞ്ഞുതവകീര്ത്തികള്
വാഗ്ബ്രഹ്മത്തിന് വലിപ്പത്തെ വാഴ്ത്തുവാന്‍ പണിയെത്രയും നിലപ്പതുണ്ടമേയങ്ങള്
നിന് ഗുണങ്ങളുമങ്ങിതില്” (എ.ആര്.) ( അളക്കാന്‍ സാധിക്കാത്രയത്രയുള്ള നിന്റെ
ഗുണങ്ങളെ ഉള്‍ക്കൊള്ളുന്ന വാക്ബ്രഹ്മത്തിന്റെ വലിപ്പം എത്രയെന്ന് പറയാന്‍
സാധിക്കില്ല )
xix.
അല്പം :
അല്പത്തിലുമല്പം
. ഉദാഹരണം : “ജപമായതായ് തീര്ന്നിതിനു നിന് രത്നമോതിരം “
3)
വാസ്തവോക്തി : അതിശയോക്തി
പ്രകടമാക്കാതെ വസ്തുക്കളുടെ വാസ്തവസ്ഥിതികളെ വിവരിക്കുന്നത്
i.
സ്വഭാവോക്തി :
മനോനേത്രത്തിനു
മുന്പില് പ്രത്യക്ഷപ്പെടത്തക്കവണ്ണം വസ്തുക്കളുടെ സൂക്ഷ്മസ്വഭാവം വര്‍ണ്ണിക്കുന്നത്
. ഉദാഹരണം :”നാടന്‍ കച്ചയുടുത്തു മേനി മുഴുവന്‍ ചേറുംപുരണ്ടിപ്പോഴീപ്പാടത്തുന്നു
വരുന്ന നിന് വരവു കണ്ടേറ്റം കൊതിക്കുന്നുഞാന്”
ii.
സഹോക്തി :
രണ്ടുവസ്തുക്കള്‍
ഒരേ ക്രിയ ഒന്നിച്ചു നടത്തുന്നത് . ഉദാഹരണം : “കീര്‍ത്തി ശത്രുക്കളോടൊത്തു കടന്നു
പലദിക്കുകള്‍” (എ.ആര്.)എന്നതില്‍ കീര്‍ത്തി വ്യാപിക്കുന്നതിനൊപ്പം ശത്രുക്കളും
വ്യാപിക്കുന്നു എന്ന് വ്യക്തം.
iii.
സമുച്ചയം :
ഒരു
വസ്തുവിന് ഒരു തരത്തിലുള്ള ഗുണമോ ക്രിയയോ ഉണ്ടാകുന്ന സമയത്തുതന്നെ മറ്റൊരു
വസ്തുവിന് മറ്റൊരു തരത്തിലുള്ള ഗുണമോ ക്രിയയോ ഉണ്ടാവുന്നത്.ഉദാഹരണം : “ഉദയഗിരി
ചുവന്നൂ ഭാനുബിംബം വിളങ്ങീ , നളിനമുകുളേ ജാലേ മന്ദഹാസം തുടങ്ങീ”(കോട്ടയത്ത്
തമ്പുരാന്)
iv.
പര്യായം :
ഒരുവസ്തു
ഒന്നിനെവിട്ട് മറ്റൊന്നിനെ എന്നമട്ടില്‍ പല വസ്തുക്കളെ പ്രാപിക്കുന്നതായോ അല്ലെങ്കില്‍
പല വസ്തുക്കള്‍ ഓരോന്നായി ഒന്നിനെ പ്രാപിക്കുന്നതായോ പറയുന്നത്.ഉദാഹരണം
:”അന്തിക്കു കമലംവിട്ടു കാന്തിചെന്നിതു ചന്ദ്രനില്‍ അല്ലുവിട്ടു
നിലാവേറ്റിട്ടുല്ലാസം പൂണ്ടു വിണ്ടലം” (എ.ആര്.)
v.
പരിസംഖ്യ :
അനേകവസ്തുക്കളില് ചേരാവുന്ന ധര്‍മ്മത്തെ അതിലല്ല
ഇതിലാണെന്ന് ഒന്നില്‍ തന്നെ നിയമനം ചെയ്യുന്നത്. ഉദാഹരണം :”കരത്തില്‍ ഭൂഷണം ദാനം,
ഭാരം താന്‍ വൈരമോതിരം” (എ.ആര്.)എന്നതില്‍ കൈയ്ക്ക് ദാനമാണ് വൈരമോതിരമല്ല ചേരുന്നത് എന്ന് അലംകൃതം.
vi.
വികല്പം :
സമബലങ്ങളും
അന്യോന്യവിരോധത്താല് ഒന്നിച്ചുവരാന്‍ പാടില്ലാത്തതുമായ രണ്ടെണ്ണത്തില്‍ വച്ച്
ഒന്ന് വരുന്നത്. ഉദാഹരണം : “കൊല്ലപ്പെടുകിലോ സ്വര്‍ഗ്ഗം, വെല്ലുകില് തേ മഹീസുഖം”(ഭഗവത്ഗീത)
എന്നതില്‍ കൊല്ലപ്പെടുകയാണെങ്കില്‍ സ്വര്‍ഗ്ഗം ലഭിക്കും, ഇല്ലെങ്കില്‍ രാജയോഗം
എന്നര്‍ത്ഥം.
vii.
പരിവൃത്തി :
സമത്തെ
കൊടുത്ത് സമത്തെയോ ന്യൂനത്തെക്കൊടുത്ത് അധികത്തെയോ അധികത്തെ കൊടുത്ത് ന്യൂനത്തെയോ വാങ്ങുന്നത്.”മൃത്താകും
മൂര്ത്തിയേകീട്ട് കീര്‍ത്തി നേടുന്നു സത്തമര്‍” (എ.ആര്.) (നശ്വരമായ ശരീരത്തെ
ത്യജിച്ച് അനശ്വരമായ കീര്‍ത്തി നേടുന്നു എന്ന് വിവക്ഷ)
viii.
ആക്ഷേപം :
പറഞ്ഞിട്ടോ,
പറയാന്‍ ഭാവിച്ച് മദ്ധ്യേയോ ആലോചിച്ചിട്ട് വേണ്ട എന്ന് വയ്ക്കുന്നത്. ഉദാഹരണം:”മലയവിലാസ”ത്തിലെ
വരികള്‍ : ”കുനിച്ചു നീയെന്തിനുയര്ന്ന മൌലിയേ നിനച്ചിടാതിങ്ങു വരുംവരായ്കകള്‍?
പെരുത്ത പട്ടര്-പ്പട കേറി നമ്മളെത്തു തുരത്തുമാറായത് പാര്ത്തതില്ലയോ?അഹോ
മഹാപാപമുരച്ചുപോയിഞാന് മഹാജനം മാപ്പുതരട്ടെ
തല്‍ക്ഷണം...” (പശ്ചിമഘട്ടത്തിന്റെ തെക്കുഭാഗം താഴ്ന്നതുകൊണ്ടാണ്
പരദേശികള്‍ കേരളത്തില്‍ വ്യാപിച്ചത് എന്നുപറഞ്ഞയുടന് മഹാപാപമാണല്ലോ ഓതിയത് എന്ന്
പറയുന്നു)
ix.
പ്രത്യനീകം :
കരുത്തനായ
ശത്രുവിനോട് ഫലിക്കാത്ത പരാക്രമം അവന്റെ കൂട്ടുകാരോട് കാണിക്കുന്നത്. ഉദാഹരണം :
കൃഷ്ണ! നീയുടലറുത്ത നിമിത്തം കേണു നിങ്കലപകര്ത്തുമശക്ത്യാ നിന്മുഖേഷ്ട സഖനാം
ശശിയിങ്കല് കന്മഷം കരുതിടുന്നിഹ രാഹു “ (എ.ആര് ) എന്നതില്‍ രാഹുവിന്റെ ഉടല്
കൃഷ്ണന് അറത്തതുകൊണ്ട് കൃഷ്ണന്റെ മുഖത്തിന്റെ തുല്യകാന്തിയുള്ള ചന്ദ്രനില്‍
കന്മഷം വയ്ക്കുന്നു എന്നത്. “കാട്ടില്‍ പാര്ക്കുമെനിക്കുമിത്രകഠിനംസ്നേഹോദിതം നാട്ടില്‍പ്പെട്ട ഗൃഹസ്ഥനെത്രയുളവാം
പുത്രീവിയോഗവ്യഥ” എന്ന് ശകുന്തള ഭര്‍ത്താവിന്റെയടുക്കലേക്ക്
പോകുന്നുവെന്നറിഞ്ഞപ്പോള്‍ കണ്വമഹര്‍ഷിയുടെ പുത്രീവിരഹദു:ഖം വിവരിച്ചുകൊണ്ട് എ.ആര്.
ശാകുന്തളത്തില്‍ പറയുന്നത് ഉദാഹരണം.
x.
അര്‍ത്ഥാപത്തി :
ഒന്നിന്റെ
ഉത്പത്തികൊണ്ട് മറ്റൊരു കാര്യത്തിന്റെ വിശദീകരണം
ആവശ്യമില്ല എന്ന് സാധിക്കുന്നത്. ഉദാഹരണം:
“നിന്മുഖം ചന്ദ്രനേ വെന്നു പത്മത്തിന് കഥയെന്തോതുവാന്?” (എ.ആര്.)
xi.
കാവ്യലിംഗം :
ഹേതുവിനെ
(കാരണത്തെ ) പദത്തിന്റെയോ വാക്യതിന്റെയോ അര്‍ത്ഥമാക്കി കല്‍പ്പിക്കുന്നത്.
ഉദാഹരണം:”കന്തര്പ്പാ നീ കളികേണ്ട, മന്ദ! ഞാന്‍ ശിവഭക്തനാം.” (എ.ആര്.) എന്നതില്‍ “കന്തര്പ്പാ
നീ കളികേണ്ട” എന്ന വാക്യത്തിന്റെ ഹേതു “ഞാന്‍ ശിവഭക്തനാം” എന്നതാകുന്നത്.
xii.
അനുമാനം:
സാധകമായ ഹേതുവിനെക്കൊണ്ട്
സാധ്യമായ കാര്യത്തെ ഊഹിക്കുക. ഉദാഹരണം: “കൂടുന്നു താമരപ്പൂക്കള്‍ വിടരുന്നിതു
മാലതി പ്രാക്കളും വന്നു ചേക്കേറുന്നര്ക്കനസ്തമിതന്ധ്രുവം” ( സാധ്യം : സന്ധ്യയായി
എന്നത്; സാധനം :താമര കൂമ്പുക, മുല്ലപ്പൂ വിടരുക, പ്രാവുകള്‍ ചേക്കേറുക)
xiii.
അര്‍ത്ഥാന്തരന്യാസം :
പ്രസ്തുതമായ സാമാന്യത്തെ സമര്ത്ഥിപ്പിക്കാന്
വേണ്ടി അപ്രസ്തുതമായ വിശേഷത്തെയോ മറിച്ച്
പ്രസ്തുതമായ വിശേഷത്തെഅ സമര്ത്ഥിപ്പിക്കാന് വേണ്ടി അപ്രസ്തുതമായ
സാമാന്യത്തെ യോ കഥിക്കുന്നത്. ഉദാഹരണം : “ചെറുപ്പകാലങ്ങളിലുള്ളശീലം മറക്കുമോ
മാനുഷനുള്ളകാലം; കാരസ്കരത്തിന്‍ കുരു പാലിലിട്ടാല്‍ കാലാന്തരേ കയ്പു ശമിപ്പതുണ്ടോ?”
xiv.
ഭാവികം :
ഭൂതമായോ ഭാവിയായോ
ഉള്ള സംഗതിയെ പ്രത്യക്ഷമായി കാണുന്ന പ്രകാരം വര്‍ണ്ണിക്കുന്നത് . ഉദാഹരണം :
“ഇന്നുമെന്കാതിലൂറുന്നിതന്നുനീ ചൊന്ന വാക്കുകള്‍” (എ.ആര്.)
xv.
ഉദാത്തം :
പുരാതന
മഹാന്മാരുടെ ചരിത്രത്തെയോ ലോകാതിശായിയായ സമ്പത്തിനേയോ വര്‍ണ്ണിക്കുന്നത്. ഉദാഹരണം
: “സമ്മതയാക പതിക്കായ് ശര്മിഷ്ഠയാതി ഭൂപനെന്നവിധം” എന്നതില്‍ യയാതിരാജാവിന്
ശര്‍മിഷ്ഠ എന്നപോലെ നീ പതിക്കു പ്രിയയാകുക എന്നത്.
xvi.
സൂക്ഷ്മാലങ്കാരം :
ആംഗ്യം, ചേഷ്ടാവിശേഷം മുതലായതുകൊണ്ട് ഒരുവന്റെ എന്ന് ഇംഗിത്തെ മനസ്സിലാക്കി അനുരൂപമായി പ്രവര്‍ത്തിക്കുന്നത്
സൂക്ഷ്മാലങ്കാരം.ഉദാഹരണം : “എന്‍ നോട്ടം കണ്ടു ലീലാബ്ജം കന്നല്ക്കാര്വേണി
കൂപ്പിനാല്‍”(എ.ആര്) ( ലീലാബ്ജത്തെ കൂമ്പിക്കുന്നത് കൊണ്ട് താമരകള്‍ക്ക് സങ്കോചം
വരുന്ന സമയം -സന്ധ്യാനേരം- എന്ന് സൂചന)
xvii.
വ്യാജോക്തി :
വെളിപ്പെടാന്‍ പോകുന്ന രഹസ്യത്തെ മറയ്ക്കാനായി ചൊല്ലുന്നതോ
പ്രവര്‍ത്തിക്കുന്നതോ ആയ വ്യാജം /കള്ളം. ഉദാഹരണം : “കണ്ണനെക്കണ്ടനേരത്തു
പെണ്ണിനുണ്ടായ വിഭ്രമം വെളിപ്പെടാതിരിപ്പാനായവള് വേഗം വണങ്ങിനാള്‍” (എ.ആര്) (കൃഷ്ണനെ കണ്ടപ്പോള്‍ ഉണ്ടായ സ്ത്രൈണവിഭ്രാന്തി
മറയ്ക്കാനായി പെണ്ണ് ഭക്തയെപ്പോലെ അദ്ദേഹത്തെ വണങ്ങി )
xviii.
ഉത്തരം :
ഒരുവനെ ഒരു
ഗൂഡ്ഡാര്ത്ഥം ധരിപ്പിക്കാന്‍ വേണ്ടി അവന് തന്നെയോ മറ്റൊരുവനോ തന്നോട് ചോദ്യം
ചെയ്തത് എന്ന് ഭാവിച്ചുകൊണ്ടു ഉത്തരത്തിന്റെ മട്ടില്‍ ഒരു ഗൂഡ്ഡാര്ത്ഥത്തെ
വ്യംഗ്യമായി ചൊല്ലുന്നത്. ഉദാഹരണം:”സംസാരത്തിന് സാരമെന്ത്? കംസാരിപാദസേവനം” (എ.ആര്)
എന്ന തനിയേ ചോദിക്കുന്ന (പൊതുവേ
ചോദിക്കപ്പെടാറുള്ള) ചോദ്യത്തിന് ശ്രീകൃഷ്ണഭക്തി എന്ന ഉത്തരം നല്‍കുന്നത്.
xix.
സമാധി:
ഒരു കാര്യത്തെ
സാധിക്കുന്നതിന് പല ഹേതുക്കള്‍ യാദൃശ്ചികമായി ഒരുമിച്ച് വരുന്നത്. ഉദാഹരണം : “വമ്പിച്ച
കോപത്തെയകറ്റുവാനായ് കുമ്പിട്ട കാന്തന്റെ പുറം കരേറും തന്പുത്രനെ നോക്കി മനം
മറന്നിട്ടന്പോടു പെട്ടെന്നു ചിരിച്ചു ചണ്ഡി” (എ.ആര്)
xx.
വ്യാജസ്തുതി :
സ്തുതി
നിന്ദയായോ നിന്ദ സ്തുതിയായോ പര്യവസാനിക്കുന്നത്. ഉദാഹരണം : “കണ്ണിനു തീണ്ടോതിടുവാന്‍
കാലേയകാലം കനിവറ്റതല്ല” എന്നന്ന് പറഞ്ഞത് വാസ്തവത്തില്‍ കാലേയകാലത്തിനെ (കലികാലത്തിനെ)
പരിഹസിക്കുകയാണ്. കണ്ടാല്‍ തീണ്ടലാചരിക്കണം എന്നതൊഴിച്ച് മറ്റ് അനാചാരങ്ങളെല്ലാം
കലികാലത്ത് നടമാടുന്നു എന്ന് സാരം.
xxi.
സമം :
അനുരൂപമായ
രണ്ടു വസ്തുക്കള്‍ തങ്ങളില്‍ ചേരുന്നതും കാരണത്തിന് അനുരൂപമായ കാര്യവും .ഉദാഹരണം :
“ചേലെഴും വെണ്മയും ശുദ്ധിയും ലക്ഷ്മിക്ക് പാലാഴി വാസത്താല്‍ യുജ്യമത്രേ”
xxii.
വിഷമം :
ചമത്കാരം ഉളവാകത്തക്ക രീതിയില്‍ പരസ്പരം സാമ്യമില്ലാത്ത
രണ്ട് വസ്തുക്കളെ ഒരുമിച്ച്
പ്രസ്താവിക്കുന്നത്.ഉദാഹരണം : “കാവ്യാനുശാസനമതെങ്ങവ്യാവര്ത്തകനെങ്ങിവന്” (എ.ആര്)
( പണ്ഡിത-സാദ്ധ്യമായ ഗ്രന്ഥനിര്‍മ്മാണം എവിടെ, തിരിച്ചറിവില്ലാത്ത ഇവന് എവിടെ; “അവ്യാവര്ത്തകന്”
: തെറ്റും ശരിയും തിരിച്ചരിയാത്തവന്‍)
xxiii.
വിചിത്രം :
ഉദ്ദേശ്യത്തിന്
നേരെ വിരുദ്ധം എന്ന് തോന്നുന്ന പ്രയത്നം . ഉദാഹരണം: “ഉത്തമാന്മാരുയര്ച്ചയ്ക്കായത്യന്തം താണിടുന്നു ഹോ!” (എ.ആര്)
xxiv.
അന്യോന്യം :
പരസ്പരോപകാരപ്രദമായ
സ്വഭാവസവിശേഷതകള്‍ സൂചിപ്പിക്കുന്നത്. ഉദാഹരണം : നിശയാല്‍ ശശി ശോഭിക്കും ശശിയാല്‍
നിശയും തഥാ” (എ.ആര്) ( രാത്രിയാല്‍ ചന്ദ്രനും ചന്ദ്രനാല്‍ രാത്രിയും ശോഭിക്കും
എന്ന് വിവക്ഷ)
xxv.
പരികരം :
അഭിപ്രായ
ഗര്‍ഭങ്ങളായ ഒന്നിലധികം വിശേഷണങ്ങള്‍ വിശേഷ്യത്തോട് ചേര്‍ത്ത് ആശയം സാധിക്കുന്നത്.
ഉദാഹരണം : “അമ്പിളിക്കല ചൂടുന്ന തമ്പുരാന് താപനാശന്” (എ.ആര്) എന്നതില്‍
“അമ്പിളിക്കല” ചൂടുന്ന എന്ന വിശേഷണം കൊണ്ട് അമ്പിളിക്കലയ്ക്ക് തണുപ്പാണെന്നും
അതുകൊണ്ടുതന്നെ ചൂടിനെ(താപത്തെ)
ഇല്ലാതാക്കാനുള്ള പ്രഭാവമുണ്ടെന്നും വ്യംഗ്യം.
xxvi.
പര്യായോക്തം :
വാച്യാര്ത്ത്ഥത്തെ
തന്നെ വ്യന്ഗ്യസമ്പ്രദായത്തില് പറയുന്നത്.ഉദാഹരണം: “മധുരിക്കുന്ന കോദണ്ഡം,
മധുവേന്ദുന്ന സായകം ചകോരച്ചോ റുചോര്ന്നീടുംശിഖയും ചേര്ന്നോരാള് തുണ.” (എ.ആര്)
( കരിമ്പുവില്ല്, പൂവമ്പ്, ചകോരച്ചോറുചോര്ന്നീടും ശിഖ (ചന്ദ്രകിരീടം) എന്നിവയുള്ള
ആള്- ദേവി- തുണ എന്നര്‍ത്ഥം )
xxvii.
കാരണമാല :
ഒരു
കാരണത്തിന്റെ കാര്യം മറ്റൊന്നിന് കാരണം; അത് അടുത്തതിന്റെ കാര്യം; അത്
അതിനടുതത്തിന്റെ കാരണം എന്ന മുറയ്ക്ക് കാര്യകാരണങ്ങളെ
മുറയ്ക്ക് ചങ്ങല പോലെ ചമയ്ക്കുന്നത് . ഉദാഹരണം : “നീതിയാലര്ത്ഥമര്ത്ഥത്താല് ധര്‍മ്മം, ധര്‍മ്മേണ
സല്ഗതി”(എ.ആര്)
xxviii.
എകാവലി :
മുന്മുന് ചൊന്നത്
പിന്‍പിന്‍ വരുന്ന പിടിച്ചുവിടുന്ന മട്ടില്‍ വിശേഷണവിശേഷ്യങ്ങളെ ചങ്ങലകോര്ക്കുന്നത്
. ഉദാഹരണം : “പൂവില്ലാതില്ല ചെടികള്‍ , പൂവില്ല മധുവെന്നിയേ, അളി ചേരാതില്ല മധു ,
മൂളാത്തളിയുമില്ലിഹ”(എ.ആര്)
xxix.
സാരം :
ഉല്ക്കൃഷ്ടാപകൃഷ്ടങ്ങളെക്കൊണ്ട്
മുന്‍ചൊന്നതുപോലെ ചങ്ങലകോര്ക്കുന്നത്.ഉദാഹരണം : “മധുവേക്കാള് സ്വാദ് സുധ,
സുധയെക്കാള്‍ സുഭാഷിതം “ (എ.ആര്.)
xxx.
മുദ്രാലങ്കാരം :
പദങ്ങള്‍
കൊണ്ട് വാക്യാര്‍ത്ഥത്തെ സൂചിപ്പിക്കുന്നത് കൂടാതെ ശബ്ദവിന്യാസം കൊണ്ട് ഒരു
വിശേഷാര്‍ത്ഥത്തെ കൂടി സൂചിപ്പിക്കുന്നത് .ഉദാഹരണം :”ചേര്ത്താവനാഴിയുടെ കെട്ടത്
മാറതില്‍ കേള് വൃത്തം വസന്തതിലകം ശിഖിപിന്ഞ്ഛമാര്ന്നും..”
(മാളവികാഗ്നിമിത്രം) (ഇവിടെ ശ്ലോകത്തിന്റെ വൃത്തം വസന്തതിലകം ആണ് എന്ന് സൂചിതം)
4)
ശ്ലേഷോക്തി : ഒരേ
ശബ്ദധാരയില്‍ രണ്ട് അര്‍ത്ഥങ്ങള്‍ സൂചിതമാകുന്നത്.
i.
ഭാഷാശ്ലേഷം :
ഭാഷാഭേദം
കൊണ്ടുള്ള അര്‍ത്ഥഭേദം . ഉദാഹരണം : “രാധേയന്തടി നീകേളിവനേ സാഹസാ കളാളിരാഗമരുതേ
ചപലകളായവന രുചി പ്രിയതമ മാമോദയാര്ദ്രതാ ബഹുചതുരം” (കുഞ്ഞുണ്ണിനമ്പ്യാര്‍)( അര്‍ത്ഥം
മലയാളത്തില്‍ : “രാധേ! എന്താണിത്? നീ അവനെ അനുസരിക്ക്; സഖീ സ്നേഹം കളയൂ.
ചാപല്യമുള്ള സ്ത്രീകള്‍ അവന് രുചിക്കാത്തവരാകുന്നു. അവന് ദയാര്‍ദ്രനായി നിന്നെ
ഉപേക്ഷിക്കാതിരിക്കും എന്നൊക്കെ നീ ഭ്രാമിക്കുകയാണെങ്കില് അത് ബഹുചതുരം തന്നെ”.
അര്‍ത്ഥം സംസ്കൃതത്തില്‍ : “ രാധേ! കൃഷ്ണന് ഭ്ര്ന്ഗനാദം കൊണ്ട് മനോഹരമായ
നദീസമീപത്തുള്ള ഉദ്യാനത്തിലുണ്ട്. നീ അവനെ ദയാര്‍ദ്രത കൊണ്ട് ചാതുര്യത്തോടെ
മോദിപ്പിക്കൂ(സന്തോഷിപ്പിക്കൂ).
ii.
സമാസോക്തി :
പ്രസ്തുതത്തെ
വര്‍ണ്ണിക്കുമ്പോള്‍ വിശേഷണങ്ങളുടെ സാമര്‍ത്ഥ്യം കൊണ്ട് ഒരു അപ്രസ്തുത വൃത്താന്തം
കൂടി ആരോപിക്കുന്നത് . ഉദാഹരണം “ സുസിതാംബരനായി വൃദ്ധനായി മരീചികേശനായി
ലസിതസ്മിതനായ ചന്ദ്രികഭസിത സ്നാത ! മൃഗാന്ഗ! കൈതൊഴാം” എന്ന് ചന്ദ്രനോട് യാത്ര
പറയുന്ന സന്ദര്‍ഭത്തില്‍ സീതാദേവി പറയുമ്പോള്‍ ചന്ദ്രവംശജനായ, വൃദ്ധനും വെള്ള വസ്ത്രധാരിയും
ശുദ്രകേശനും ഭാസ്മവിഭൂഷിതനും സുസ്മേരവദനനുമായ തന്റെ പിതാവിനോടുള്ള യാത്രയയപ്പ്
വ്യംഗ്യം.
iii.
വക്രോക്തി:
ശ്ലേഷം
കൊണ്ട് വക്താവ് വിവക്ഷിക്കാത്ത അര്‍ത്ഥം കല്‍പ്പിച്ച് ഉത്തരം വിളിച്ചു പറയുന്നത്.
ഉദാഹരണം : “കൈക്കൊള്‍ക നന്മയില്പക്ഷം പീലിയാല്‍ ഫലമേന്തുമേ” (എ.ആര്) ( നന്മയുടെ
പക്ഷം കൈക്കൊള്ളുക എന്നുപദേശിക്കാന് “നന്മയില്പക്ഷം” എന്ന് ഗുരു പറഞ്ഞതിനെ
വാക്ക് പിരിച്ച് “നല് –മയില്‍ “ എന്നാക്കി നല്ല മയിലിന്റെ പീലി കൊണ്ട് എന്ത്
പ്രയോജനം എന്ന് ശിഷ്യന് ചോദിക്കുന്നത് )
2.
ശബ്ടാലങ്കാരങ്ങള് : ശബ്ദഭംഗിയെ ആശ്രയിച്ചുള്ള അലങ്കാരങ്ങള്‍ (ഇവ 4 വിധം : അനുപ്രാസം, യമകം, പുനരുക്തവദാഭാസം,
ചിത്രം) .
i.
അനുപ്രാസം (ഒരു വ്യഞ്ജന വര്‍ണ്ണത്തെ
അടുത്തടുത്ത് ആവര്‍ത്തിക്കുന്നത്)
1.
ഛേകാനുപ്രാസം :
കൂട്ടക്ഷരങ്ങളെ ഈരണ്ടായി
വ്യാഖ്യാനിക്കുന്നത്. ഉദാഹരണം: “വല്ലഭേ ചൊല്ലിടാം നിന്ഭൂജതല്ലജം പല്ലവതുല്യം
മൃദുലം മനോഹരം” (“ല്ല” യുടെ ആവര്‍ത്തനം)
2.
വൃത്ത്യനുപ്രാസം :
ഒരു വ്യന്ജനത്തെ ഒരിക്കലോ പല പ്രാവശ്യമോ ആവര്‍ത്തിക്കുകയും
കൂട്ടക്ഷരത്തെ പല പ്രാവശ്യം ആവര്‍ത്തിക്കുകയും ചെയ്യുന്നത്. ഇവ 3 രീതികള്‍ :
i.
മധുരവ്യന്ജനപ്രാസം (വൈദര്‍ഭീ രീതി) :
മധുരവ്യന്ജകങ്ങളെ ( ങ്ക, ഞ്ച, മ്പ,ന്ദ തുടങ്ങിയവ) പല
പ്രാവശ്യം ആവര്‍ത്തിച്ചുണ്ടാകുന്ന വൃത്ത്യനുപ്രാസം. ഉദാഹരണം : “അമന്ദാനന്ദമേകുന്ന
നന്ദ നന്ദനേ തുണാ”
ii.
പരുഷ വ്യന്ജനപ്രാസം (ഗൌഡീ രീതി ) :
പരുഷവ്യന്ജകങ്ങളെ (ത്സ, പ്ന , ക്ര തുടങ്ങിയവ) പല പ്രാവശ്യം
ആവര്‍ത്തിച്ചുണ്ടാകുന്ന വൃത്ത്യനുപ്രാസം. ഉദാഹരണം : “തുണയ്ക്ക
വിക്രമാക്രാന്തത്രൈലോക്യന് ഭക്തവത്സലന്”
iii.
കോമാള വ്യഞ്ജനപ്രാസം (പാഞ്ചാലീ രീതി ) :
കോമാളവ്യന്ജകങ്ങളെ (ല, ള, ഴ തുടങ്ങിയവ) പല പ്രാവശ്യം
ആവര്‍ത്തിച്ചുണ്ടാകുന്ന വൃത്ത്യനുപ്രാസം. ഉദാഹരണം : “ലീലാഗോപാലനാംബാലന് സകലം മാലകറ്റണം”
3. ദ്വിതീയാക്ഷരപ്രാസം (കേരളപ്രാസം) :
പദ്യങ്ങളിൽ ഓരോ പാദത്തിലും രണ്ടാമതായി വരുന്നത് ഒരേ അക്ഷരമായിരിക്കുക എന്ന പ്രാസരീതി. മലയാള കവിതയുടെ പൂർവരൂപമായ പാട്ടിൽ 'എതുക' എന്ന പേരിൽ പ്രയോഗിച്ചുവന്നിരുന്നത് ഈ പ്രാസംതന്നെയാണ്. മലയാളികള്‍ക്ക് പൊതുവേ വളരെ
പ്രിയപ്പെട്ട പ്രാസം.
(ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മലയാളസാഹിത്യത്തിലെ പ്രമുഖർ, ഈ അലങ്കാരത്തിനോടുള്ള ക്രമാധികമായ
ആസക്തിക്ക് അനുകൂലമായും പ്രതികൂലമായും രണ്ടു ചേരിയിൽ അണിനിരന്ന് പിൽക്കാലത്ത് മലയാളകവിതയുടെ സർവ്വതോന്മുഖമായ വികാസത്തിന് അടിത്തറ പാകിയ അതിശക്തമായി സാഹിത്യയുദ്ധത്തിലേർപ്പെട്ടു;
വിശദാംശങ്ങള്‍ ഈ കുറിപ്പിന് ചുവടെ ചേര്‍ത്തിരിക്കുന്നു ) ഉദാഹരണം :
കളിചിരിയും വിനോദവും
തെളിയും ശോഭാനമായഭാവവും
കുളിര്കോരി നിറച്ചിതെപ്പോഴും
വെളിവായ് ഗോകുലമാകെ മാധവന്
4.
ആദിപ്രാസം(ആംഗലപ്രാസം) :
അടുത്തടുത്തുള്ള പദങ്ങളെ
ഒരേ വര്‍ണ്ണം കൊണ്ട് ആരംഭിക്കുന്നത് . ആംഗലേയ സാഹിത്യത്തില്‍ പ്രചുരം. ഉദാഹരണം : “വാനില്‍
വായു വരുന്നതേറ്റു വടിവില്ശക്രോപലച്ഛയമാം വാനോര്വര്ഗ്ഗവഴിക്കു വായ്ച്ചസുഖവും
പൂണ്ടിങ്ങു പോകുന്നു ഞാന്‍..” (ചൂഡാമണി)
5.
അന്ത്യപ്രാസം (മഹാരാഷ്ട്രപ്രാസം):
സംസ്കൃതവൃത്തങ്ങള്‍ എങ്കില്‍ നാലു വരികളിലെയും അവസാനത്തെ അക്ഷരവും ഭാഷാവൃത്തങ്ങള്‍
എങ്കില്‍ ഈരടിയിലെ അവസാനത്തെ അക്ഷരവും ഒന്ന് തന്നെയാകുന്ന രീതി. ഉദാഹരണം :
“ദയയൊരു ലവലേശം പോലുമില്ലാത്ത ദേശം
പരമിഹ പരദേശം പാര്‍ക്കിലത്യന്തമോശം
പറകില്‍ നഹികലാശം പാരക്കിലിങ്ങേകദേശം
സുമുഖി! നരകദേശം തന്നെയാണപ്രദേശം” (വെണ്മണി അച്ഛന്)
6.
അഷ്ടപ്രാസം :
രണ്ട് യതിയുള്ള പാദങ്ങളില്‍
ഈരണ്ടക്ഷരങ്ങളെ ആവര്‍ത്തിക്കുന്നത് . ഉദാഹരണം :
“ഈയാശങ്ക നിനക്കു യംപ്രതി ജനം ഭീയാലധീരീകൃതേ
..”(ഭാഷാ ശാകുന്തളം ) (ഇവിടെ ഈ , ആ എന്നിവ ആവര്‍ത്തിക്കുന്നു)
7.
ദ്വാദശപ്രാസം :
ഒരു പാദത്തിന്റെ മൂന്നു
യതികളിലായി മുമ്മൂന്നക്ഷരങ്ങള്‍ ആവര്‍ത്തിക്കുന്നത്.ഉദാഹരണം : “മുട്ടാതെയെന്നുമൊരു
പട്ടാടതന്നെ തവ കിട്ടാത്തതോ പശുപതേ!..” (എ.ആര്.); (ഇവിടെ അ, ആ, എ എന്നിവ ആവര്‍ത്തിക്കുന്നു)
8.
ഷോഡശപ്രാസം :
ഒരു പാദത്തിന്റെ നാല്
യതികളിലായി നന്നാല് അക്ഷരങ്ങള്‍ ആവര്‍ത്തിക്കുന്നത്.ഉദാഹരണം : “രൂക്ഷമായ നിടിലേക്ഷണാഗ്നിയിലരക്ഷണേന
ഹി യുഗക്ഷയേ”..(ക്ഷ (അ), ആ,ഇ,ഏ എന്നിവ ആവര്‍ത്തിക്കുന്നു)
9.
ലാടാനുപ്രാസം :
താല്പര്യത്തില് മാത്രം
ഭേദം കല്പിച്ച് ഒരേ പദങ്ങളെ ആവര്‍ത്തിക്കുന്നത്. ഉദാഹരണം :
നരന്നു ഭാഗ്യമുണ്ടെങ്കില്‍
കുലശീലാദിയെന്തിന്?
നരന്നു ഭാഗ്യമില്ലെങ്കില്‍
കുലശീലാദിയെന്തിന്? (എ.ആര്)
( പൂര്‍വാര്‍ദ്ധം : ഭാഗ്യമുണ്ടെങ്കില്‍ മറ്റൊന്നും ആവശ്യമില്ല; ഉത്തരാര്‍ദ്ധം :
ഭാഗ്യമില്ലെങ്കില്‍ എന്തുണ്ടായിട്ടും കാര്യമില്ല )
ii.
യമകം :അക്ഷരക്കൂട്ടത്തെ അര്‍ത്ഥഭേദത്തോടെ ആവര്‍ത്തിക്കുന്നത്.ഉദാഹരണം :
മാലതീമലര്‍ ചേര്‍ന്നൊരു
മാലതീജ്വാലയെന്നപോല്
മാലതീയിവനേകുന്നു
മാലതീ തുല്യയെങ്ങുനീ (എ.ആര്.)
ഇവിടെ “മാലതി “ എന്നതിന്റെ അര്‍ത്ഥം:
ഒന്നാം പാദത്തില്‍ : മാലതീമലര്‍ :പിചിപ്പൂവ്
രണ്ടാം പാദത്തില്‍ : തീജ്വാല പോലെയൊരു
മാല എന്ന്
മൂന്നാം പാദത്തില്‍ : മാല +അത്+ ഇവന് (“ദു:ഖം ഇവന്” )എന്ന്
നാലാം പാദത്തില്‍ : “മാലതീ തുല്യ” അഥവാ ചന്ദ്രിക
iii.
പുനരുക്തവദാഭാസം : പര്യായങ്ങളായി വരുന്ന രണ്ടോ
മൂന്നോ പദങ്ങളെ അടുത്ത് പ്രയോഗിക്കുന്നതുകൊണ്ട് അര്ത്ഥത്തിന് പ്രഥമദൃഷ്ടിയില്‍
പൌനരുക്ത്യം തോന്നുന്നത്. ഉദാഹരണം :
“മതി ചന്ദ്രന്നു സൗന്ദര്യ-
മദം
നിന് മുഖദര്ശനേ”
(പ്രഥമദൃഷ്ടിയില്‍ ‘മതി’ യും ‘ചന്ദ്ര’നും
കാണുമ്പോള്‍ പര്യായങ്ങളുടെആവര്ത്തനമെന്ന് തോന്നുമെങ്കിലും ‘മതി’ എന്നാല്‍ ഇവിടെ “ഇനി
വേണ്ട” എന്ന അര്‍ത്ഥമാണ്)
iv.
ചിത്രം :
പല പദാര്‍ഥങ്ങളുടെ ഛായ വരത്തക്കരീതിയില്‍ അക്ഷരങ്ങളെ ചേര്‍ത്തു ചമയ്ക്കുന്ന
പദ്യം. ഉദാഹരണം : വിടര്‍ന്ന താമരപ്പൂവിന്റെ ഛായയില്‍ രചിക്കപ്പെട്ട “പത്മബന്ധം”
(എ.ആര്)
“കരുതീട്ടു ചലല്ലോകകല്ലോലകുലമാലിക
കലിമായങ്ങള് കളക കളകണ് കണ്ഠഈച്ഛ തീരുക”
3.
മിശ്രാലങ്കാരങ്ങള്
i.
സങ്കരം : പല അലങ്കാരങ്ങള്‍ വേര്‍തിരിച്ചറിയാന്‍
സാധിക്കാത്ത വിധത്തില്‍ കലരുന്നത്. ഇവ നാലുതരം :
- അംഗാംഗി : ഘടകങ്ങള്‍ക്കു തമ്മിലുള്ള ബന്ധം അംഗങ്ങള്‍ക്കും അംഗികള്ക്കും എന്നതുപോലെ ആകുന്നത്. ഉദാഹരണം : “നിന് നേത്രത്തിനു തുല്യമാം കുവലയം വെള്ളത്തിനുള്ളത്തിലായ്, നിന്നാസ്യ പ്രഭതേടുമമ്പിളിയൊളിക്കപ്പെട്ടു കാര്‍കൊണ്ടലാല്‍..” എന്നതില്‍ അലങ്കാരഭംഗിക്കായി ഉപമാനമായ കുവലയത്തെ ഉപമേയമെന്ന രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നതിനാല്‍ ‘പ്രതീപം’; ഹേതു (കാരണം) മറച്ചുവച്ചുകൊണ്ട് കാര്യം പറയുന്നതിനാല്‍ ‘കാവ്യലിംഗം’
- സമപ്രാധാന്യം : ഘടകങ്ങള്‍ക്ക് ഒരുപോലെ പ്രാധാന്യം വരുന്നത്. ഉദാഹരണം : “ധനാഥിപന്കാത്തൊരു ദിക്കിനര്‍ക്കന്‍ മര്യാദ വിട്ടേച്ചു ഗമിച്ചനേരം സമീരണന് ദക്ഷിണയായ ദിക്കില്‍ മുഖത്തുദിപ്പൂ നെടുവീര്‍പ്പിനൊപ്പം “ (കുമാരസംഭവം) മന്മഥന്റെയൊപ്പം വന്ന വസന്തന്റെ മാഹാത്മ്യത്താല്‍ ശിവതപോവനം വസന്തഋതുവിന്റെ ധര്‍മ്മങ്ങളെ സ്വീകരിച്ചതോടുകൂടി സൂര്യന് ഉത്തരദിക്കിലേക്ക് പുറപ്പെട്ടു (വസന്തം ഉത്തരായനത്തിലാണല്ലോ ) എന്നും ദക്ഷിണമാരുതന് വീശിത്തുടങ്ങി എന്നും അര്‍ത്ഥം. ദിക്കുകള്‍ നായികമാരും സൂര്യന് നായകനുമായ വൃത്താന്തം ആരോപിക്കുന്നതിനാല്‍ ‘സമാസോക്തി’; സമാസോക്തി സൂചിതമാക്കുന്ന രീതിയില്‍ ദക്ഷിണ ദിക്കില്‍ നെടുവീര്‍പ്പിനൊപ്പം സമീരന് ഉദിച്ചു എന്ന് പറയുന്നത് ‘ഉല്പ്രേക്ഷ’. രണ്ട് അലങ്കാരങ്ങള്‍ക്കും ഇവിടെ തുല്യപ്രാധാന്യം.
- സന്ദേഹം : രണ്ട് അലങ്കാരങ്ങളില്‍ ഘടകങ്ങളെ അതോ ഇതോ എന്ന സന്ദേഹം വരുന്നത്. ഉദാഹരണം : “ചന്ദ്രപ്രഖ്യം മുഖമബലമാര് കാട്ടവേ ജാലമാര്ഗ്ഗേഷ്വിന്ദ്ര ശ്രീയുല്ലൊരു രസികരാം ലോകരേറിച്ചിരിക്കും മമന്ദ്രധ്വാനാകൃത ഘനനിര്ഘോഷമാം സ്യന്ദനൌഘം ത്വന്ദ്രഷ്ടാസി പ്രസൃമരമുദാ മേഘനാദാനുലാസിന്‍!” ഇവിടെ “മേഘനാദാനുലാസിന്റെ” (മയിലിന്റെ ) ലാസ്യനടനത്തിനു ഹേതു ചന്ദ്ര-മേഘ – ഘോഷ സംബന്ധങ്ങളുള്ള അബലാദികളുടെ ദര്‍ശനമാണ് എന്നതുകൊണ്ട് “കാവ്യലിംഗം” ആകാം. “മേഘനാദാനുലാസിന്‍” എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്മയിലിനെ കൂടാതെ മേഘനാദത്തിനൊതത് നൃത്തം വയ്ക്കുന്ന പുരുഷനും ആകാം എന്നതുകൊണ്ട് “പരികരം”.
- എകവാചാനുപ്രവേശം : ഒരേ വാചകത്തില്‍ തന്നെ രണ്ട് അലങ്കാരങ്ങള്‍ ഉണ്ടാകുന്നത്. ഉദാഹരണം : മയൂരസന്ദേശത്തിലെ “മാരക്രീഡാ മഹലഹളയില് ജാലമാര്ഗ്ഗേണ ലീല ഗാരക്രോഡീ
നിഭൃത ഗതിയായെത്തി
നിത്യംനിശായാം വാരസ്ത്രീണാം വപുഷി വിലസും സ്വേദബിന്ടുക്കളാകും ഹാരസ്തോമം ഹരതി
വിരുതേറുന്ന ചോരന് സമീരന് “ എന്നതില്‍ ഓരോ വരിയിലും “വൃത്ത്യനുപ്രാസ” വും
“രൂപക” വും ഉള്ളതിനാല്‍ ‘എകവാചാനുപ്രവേശം’.
ii.
സംസൃഷ്ടി : ഘടകാംശങ്ങളെ തിരിച്ചറിയാവുന്ന മിശ്രാലങ്കാരം.
ഇവ മൂന്നു തരം :
- · അര്‍ത്ഥാലങ്കാരങ്ങളുടെ സംസൃഷ്ടി : ഉദാഹരണം :
“അതിക്രൂരം ബാണം
കുസുമതതിയില്‍ ചെങ്കനലുപോല്‍
പതിപ്പിചിടൊല്ലാ പരിമൃദുലയാമീ മൃഗമതനൌ
നിതാന്തം നിസ്സാരംബതമൃഗമതിന് ജീവനെവിടെ?
കൃതാന്താ ദൈത്യാനാം തവചകടുബാണങ്ങളെവിടെ?”
(ശാകുന്തളം)
എന്നതില്‍ പൂര്‍വാര്‍ദ്ധത്തില്‍ ‘ഉപമ’,
ഉത്തരാര്‍ദ്ധത്തില്‍ ‘വിഷമം’
- · ശബ്ദാലങ്കാരങ്ങളുടെ സംസൃഷ്ടി : ഉദാഹരണം :
“പലവിധത്തിലോരോ പരിപീഡയാല്
വലയുമെന്‍ മനതാരിലനാരതം
അലറ്ശരാന്തകപുണ്യപരമ്പരാ-
നിലയമേ! ലയമേകുക നിന് പദേ.”
എന്നതില്‍ “അനുപ്രാസ”തിന്റെയും “യമക”ത്തിന്റെയും
സംസൃഷ്ടി
- ശബ്ദാലങ്കാരവും അര്‍ത്ഥാലങ്കാരവും ചേര്‍ന്ന സംസൃഷ്ടി : ഉദാഹരണം :
“അരിവമ്പടയും പടയും
പരിചിനോടിടിനാദമൊക്കെ വെടിയും വെടിയും
മുകില്‍ നടുകൊടിയും കൊടിയും
പരി പശ്യസുരേന്ദ്രദൃഷ്ടി പൊടിയും പൊടിയും “
എന്നതില്‍ ശബ്ദാലങ്കാരമായ “യമക”ത്തിന്റെയും
അര്ത്ഥാലങ്കാരമായ ‘സംബന്ധാതിശയോക്തി’യുടെയും സംസൃഷ്ടി
I.3 . മലയാള കവിത : മഹാകാവ്യങ്ങളും ഖണ്ഡകാവ്യങ്ങളും
മഹാകാവ്യങ്ങൾ
ചില ലക്ഷണങ്ങൾക്ക് അനുസൃതമായാൽ കാവ്യങ്ങളെ 'മഹാകാവ്യ'ങ്ങൾ എന്നും അവയുടെ സൃഷ്ടാവിനെ 'മഹാകവി ' എന്നും വിളിച്ചുപോന്നു .കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ വിവർത്തനത്തിലൂടെ സംസ്കൃതത്തിൽ നിന്നു മലയാളത്തിലേക്കു കടന്നുവന്ന പ്രസ്ഥാനമാണിത്. കേരളത്തിൽ ആദ്യമുണ്ടായ സംസ്കൃതമഹാകാവ്യം സുകുമാരകവിയുടെ ശ്രീകൃഷ്ണവിലാസമാണ്. മലയാളത്തിലുണ്ടായ ആദ്യത്തെ മഹാകാവ്യമാണ് അഴകത്തു പത്മനാഭക്കുറുപ്പ് രചിച്ച രാമചന്ദ്രവിലാസം.
ലക്ഷണങ്ങൾ:
- കാവ്യത്തെ സർഗ്ഗങ്ങളായി വിഭജിച്ചിക്കണം
- കാവ്യത്തിൽ സർഗ്ഗങ്ങൾ ഏഴിൽ കുറയരുത്.
- ഒരു സർഗ്ഗത്തിൽ അമ്പതിൽ കുറയാതെ ശ്ലോകങ്ങൾ ഉണ്ടാവണം.
- ഓരോ സർഗ്ഗവും ഓരോ വൃത്തത്തിൽ എഴുതണം. സർഗ്ഗത്തിന്റെ അവസാനപദ്യത്തിനു വൃത്തം വ്യത്യാസപ്പെടുത്താം.
- സർഗ്ഗങ്ങൾ തമ്മിൽ വിഷയപ്രതിപാദനത്തിൽ ബന്ധപ്പെട്ടിരിക്കണം.
- വിഷയം മഹത്തായ ഒരു ജീവിതത്തിന്റെ അഥവാ വംശത്തിന്റെ ചരിത്രമായിരിക്കണം.
- കാവ്യാരംഭത്തിൽ ആശിസ്സ്, നമസ്കാരം, വസ്തുനിർദ്ദേശം ഇവ വേണം. ധീരോദാത്തനും സദ്കുലജാതനുമാവണം നായകൻ.
- നായിക മാതൃകാവനിതയായിരിക്കണം.
- ശൃംഗാരവീരശാന്തങ്ങളിൽ ഒന്ന് അംഗിയായ രസവും മറ്റുള്ളവ അംഗങ്ങളുമാവണം.
- നായകന് ഉയർച്ചയുണ്ടാവുന്ന തരത്തിലാവണം കഥ.
- പുരുഷാർത്ഥപ്രാപ്തിക്ക് പ്രയോജനപ്പെടുന്ന കഥകൾക്ക് പ്രാമുഖ്യം നല്‍കണം.
- നഗരം, ശൈലം, ഋതു, വിവാഹം, യുദ്ധം, അർണ്ണവം, ഉദയം, അസ്തമയം മുതലായവ വർണ്ണിക്കണം
മലയാളത്തിലുണ്ടായ പ്രധാന 'മഹാകാവ്യ'ങ്ങൾ
- രാമചന്ദ്രവിലാസം – അഴകത്ത് പത്മനാഭക്കുറുപ്പ്
- രുഗ്മാംഗദചരിതം – പന്തളം കേരളവർമ്മ
- ഉമാകേരളം – ഉള്ളൂർ എസ്. പരമേശ്വരയ്യർ
- കേശവീയം – കെ.സി. കേശവപിള്ള
- ചിത്രയോഗം – വള്ളത്തോൾ നാരായണമേനോൻ
- ശ്രീയേശുചരിതം – കട്ടക്കയം ചെറിയാൻ മാപ്പിള
- പാണ്ഡവോദയം – കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ
- രാഘവാഭ്യുദയം – വടക്കുംകൂർ രാജരാജവർമ്മ
- വിശ്വദീപം – പുത്തൻകാവ് മാത്തൻ തരകൻ
- മാർത്തോമാവിജയം – സിസ്റ്റർ മേരി ബനീഞ്ജ
- മാഹമ്മദം – പൊൻകുന്നം സെയ്ദു മുഹമ്മദ്
- വീരകേരളം മഹാകാവ്യം- കൈതക്കൽ ജാതവേദൻ
മഹാകാവ്യമെഴുതാതെ 'മഹാകവി ' എന്ന് വിളിക്കപ്പെട്ട കവി : കുമാരനാശാൻ (മദ്രാസ് സർവകലാശാലയിൽ നിന്ന് 1922 ഇൽ ബഹുമാന്യസൂചകമായി 'മഹാകവി ' എന്ന നാമം സിദ്ധിച്ചു )
ഖണ്ഡകാവ്യങ്ങൾ
ഖണ്ഡകാവ്യങ്ങൾ
ആറോ അതിൽ കുറവോ സർഗ്ഗങ്ങളുള്ള കാവ്യങ്ങൾ . മലയാളത്തിലെ ഖണ്ഡകാവ്യങ്ങൾക്ക് സംസ്കൃതത്തിലെ കൃതികളെക്കാൾ പാശ്ചാത്യമാതൃകകളോടാണ് സാദൃശ്യം.
ലക്ഷണങ്ങൾ
- കാവ്യത്തെ സർഗ്ഗങ്ങളായി വിഭജിച്ചിക്കണം
- ഒരു സർഗ്ഗത്തിൽ അമ്പതിൽ കുറയാതെ ശ്ലോകങ്ങൾ ഉണ്ടാവണം.
- ഓരോ സർഗ്ഗവും ഓരോ വൃത്തത്തിൽ എഴുതണം.
- സർഗ്ഗത്തിന്റെ അവസാനപദ്യത്തിനു വൃത്തം വ്യത്യാസപ്പെടുത്താം.
- സർഗ്ഗങ്ങൾ തമ്മിൽ വിഷയപ്രതിപാദനത്തിൽ ബന്ധപ്പെട്ടിരിക്കണം.
- തീവ്രമായി പ്രതിഫലിക്കുന്ന കവിയുടെ വ്യക്തിത്വവും ഭാവനയും.
- കഥാപാത്രങ്ങളുടെ മാനസികവും വൈകാരികവുമായ ഭാവങ്ങൾക്ക് ഊന്നൽ.
- ജീവത്തായ അനുഭവങ്ങളുടെയും പ്രശ്നങ്ങളുടെയും അവതരണം.
- മാനുഷികതലത്തിന് പ്രാധാന്യം; മാനസികഭാവങ്ങളിലൂടെ സാമൂഹികസത്തയിലേക്കുള്ള വികാസം.
മലയാളത്തിലുണ്ടായ ചില 'ഖണ്ഡകാവ്യ'ങ്ങൾ
- വീണപൂവ് - കുമാരനാശാൻ
- ആയിഷ - വയലാർ
- പിങ്ഗള - ഉള്ളൂർ എസ് . പരമേശ്വരയ്യർ
II . മലയാള കവിത : നാൾവഴികളിലൂടെ ..
ആദ്യകാല പദ്യസാഹിത്യം(300 BC - AD 1399 ) :
- മലയാളപദ്യത്തിന്റെ ചരിത്രം ഭാഷയുടെ തന്നെ
ചരിത്രമാണ് . മൂലദ്രാവിഡഭാഷയിൽ നിന്നുള്ള മലയാളത്തിന്റെ ഉത്ഭവത്തെപ്പറ്റി നിരവധി വാദങ്ങൾ നിലവിലുണ്ടെങ്കിലും അന്നത്തെ കേരളം ഉൾപ്പെട്ടിരുന്ന 'തമിഴക'ത്തെ
സംഘകാലത്താണ്(300 BC -300 AD ) മലയാളം ഒരു സ്വാതന്ത്രഭാഷയായി
രൂപപ്പെടുന്നതിന്റെ ലക്ഷണങ്ങൾ ദൃശ്യമായിതുടങ്ങിയത് എന്നത് പൊതുവായി അംഗീകാരിക്കപ്പെട്ടതാണ് . ആദ്യകാല
പദ്യസാഹിത്യരൂപങ്ങൾ ചുവടെ :
* പാട്ട് : തമിഴ് സമ്പ്രദായത്തിൽ പാട്ടുരീതിയിലുള്ള കൃതികളായിരുന്നു സംഘകാലത്തിന് ശേഷമുള്ള കേരളത്തിൽ പ്രചുരപ്രചാരത്തിലുണ്ടായിരുന്ന സാഹിത്യരൂപം .ദേവതാപ്രീതിക്കുള്ള പാട്ടുകൾ ,സമുദായങ്ങളുടെ കുലത്തൊഴിലുമായി ബന്ധപ്പെട്ട പാട്ടുകൾ ,വീരയോദ്ധാക്കളുടെ പ്രകീർത്തനം,വിനോദത്തിനുവേണ്ടിയുള്ളവ തുടങ്ങി പല തരത്തിലുള്ള പാട്ടുകൾ അന്നത്തെ കേരളീയരുടെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു. തോറ്റംപാട്ട് , ഭദ്രകാളിപ്പാട്ട് ,വില്ലടിച്ചാൻപാട്ട് ,ഓണപ്പാട്ട്,താരാട്ട് , മാപ്പിളപ്പാട്ട്, തമ്പുരാൻപാട്ട് ,പുള്ളുവർപാട്ട് തുടങ്ങിയവ ഉദാഹരണങ്ങൾ .
* മണിപ്രവാളം :
പാട്ടുകൾ സാധാരണക്കാരുടെ ആവിഷ്കാരരൂപമായി നിലനിന്നുപോന്നിരുന്ന കാലത്തു തന്നെയാണ് സംസ്കൃത സമ്പ്രദായത്തിലുള്ള 'മണിപ്രവാളം' കൃതികൾ കേരളത്തിലെ വരേണ്യവിഭാഗങ്ങൾക്കിടയിൽ (പ്രത്യേകിച്ചും നമ്പൂതിരിമാർക്കിടയിൽ ) പ്രചരിച്ചത്.മണിപ്രവാളകൃതികളിൽ പൊതുവെ വിഷയാസക്തിയുടെയും ലൈംഗികതയുടെയും അതിപ്രസരമുണ്ടായിരുന്നു എന്ന് ഇന്ന്
വിലയിരുത്തപ്പെടുന്നു . ആര്യ -ദ്രാവിഡ സംസ്കാരങ്ങളുടെ സമന്വയം മണിപ്രവാള കൃതികളിൽ ദൃശ്യമാണ്. മണിപ്രവാള സമ്പ്രദായത്തിലുള്ള പ്രമുഖ കൃതികൾ :
# 'വൈശിക
തന്ത്രം": ആദ്യകാല
മണിപ്രവാളകൃതികളിൽ പ്രമുഖം ; പതിമൂന്നാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഈ കൃതിയിൽ ഒരു ദേവദാസി തന്റെ മകൾക്കു കുലത്തൊഴിൽസംബന്ധിയായുള്ള അറിവുകൾ പകർന്നുകൊടുക്കുന്ന രീതിയിൽ ആണ് ആഖ്യാനം.
# 'മണിപ്രവാള ചമ്പുക്കൾ' അഥവാ 'അച്ചീചരിതങ്ങൾ ' : ദേവദാസികളുടെ ഗാഥകൾ ;പദ്യങ്ങൾ സംസ്കൃതവൃത്ത(Prosody)സമ്പ്രദായത്തിലും ഗദ്യഭാഗങ്ങൾ ദ്രാവിഡ സമ്പ്രദായത്തിലും .'ഉണ്ണിയച്ചീചരിതം ', 'ഉണ്ണിച്ചിരുതേവീചരിതം ' തുടങ്ങിയവ ഉദാഹരണങ്ങൾ .
# 'മണിപ്രവാള സന്ദേശകാവ്യങ്ങൾ' : കാളിദാസന്റെ 'മേഘദൂതി'ന്റെ മാതൃകയിൽ എഴുതപ്പെട്ട പദ്യങ്ങൾ ; ആദ്യകാലത്തു മണിപ്രവാളത്തിലും പിന്നീട് മലയാളത്തിലും എഴുതപ്പെട്ടു .ഉദാഹരണം '14 ആം നൂറ്റാണ്ടിൽ എഴുതപ്പെട്ട 'ഉണ്ണിനീലിസന്ദേശം '.
# 'ചന്ദ്രോത്സവം' : മേദിനിചന്ദ്രിക എന്ന പ്രശസ്തയായ ദേവദാസി സംഘടിപ്പിച്ച ചന്ദ്രോത്സവത്തിനെ വർണിക്കുന്ന ദീർഘകാവ്യം . സൃഷ്ടികർതൃത്വം അജ്ഞാതം .
# 'രാമകഥാപ്പാട്ട് ' : തിരുവിതാംകൂർ സ്വദേശിയായ 'അയ്യാപിള്ള ആശാൻ 15 ആം നൂറ്റാണ്ടിൽ 'രചിച്ചതെന്ന് കരുതപ്പെടുന്നു.
*രാമചരിതം:മലയാളത്തിൽ ലഭ്യമായതിൽവച്ചു ഏറ്റവും പഴയ കൃതി ; രാമായണത്തിലെ യുദ്ധകാണ്ഡത്തിനെ അധികരിച്ചെഴുതിയ 1800 ൽ പരം പദ്യങ്ങളുടെ സമാഹാരം .'ചീരാമകവി ' എന്ന അപരനാമത്തിൽ എഴുതിയത് 1195 തൊട്ട്1208 വരെ തിരുവിതാംകൂർ രാജാവായിരുന്ന 'ശ്രീവീരരാമവർമ്മൻ ആയിരുന്നു എന്ന് ഒരു വാദം ; വടക്കേ മലബാറിൽ ഉത്ഭവമെന്നു മറ്റൊരു വാദം . തമിഴ് -സമ്പുഷ്ടമായിരുന്നു ഇതിലെ ഭാഷ .
*നിരണം കൃതികൾ : 'തമിഴക ഭക്തി പ്രസ്ഥാന 'ത്തിന്റെ സ്വാധീനത്തിൽ തിരുവല്ലയ്ക്കു സമീപമുള്ള'നിരണം ' ഗ്രാമത്തിലെ 'കണ്ണശ്ശ' കുടുംബത്തിലെ മാധവപ്പണിക്കർ ,ശങ്കരപ്പണിക്കർ ,രാമപ്പണിക്കർ എന്നിവരുടെ (AD 1350 -1450 ) കൃതികൾ . ചീരാമകവിയുടെ രാമചരിതത്തെയും എഴുത്തച്ഛന്റെ അധ്യാത്മരാമായണത്തിലേക്കുള്ള നാൾവഴിയിലെ നാഴികക്കല്ലായ, തെളിമലയാളത്തിലുള്ള 'കണ്ണശ്ശരാമായണം ' പ്രധാനകൃതി .
മധ്യകാലപദ്യസാഹിത്യം ( AD 1400 -AD 1800 )
- പതിനഞ്ചാം
നൂറ്റാണ്ടിനും പത്തൊൻപതാം നൂറ്റാണ്ടിനും ഇടയിലുള്ള കാലത്തു ഭാഷയുടെ വികാസം ത്വരിതഗതിയിലായിരുന്നു .മധ്യകാലപദ്യസാഹിത്യരൂപങ്ങൾ ചുവടെ :
* മധ്യകാല ചമ്പുക്കൾ : മധ്യകാല മലയാളത്തിൽ രചിക്കപ്പെട്ട കൃതികൾ; ആക്ഷേപഹാസ്യത്തിനും(satire) അത്യുക്തിക്കും (hyperbole ) പ്രാധാന്യം . പൂനം നമ്പൂതിരിയുടെ 'രാമായണം ', മഴമംഗലം നാരായണൻ നമ്പൂതിരിയുടെ 'നൈഷാധം ', 'രാജരത്നവാള്യം ' തുടങ്ങിയവ ഉദാഹരണങ്ങൾ . പല മദ്ധ്യകാല ചമ്പുക്കളും 'കൂത്തും' 'പാഠക'വും അവതരിപ്പിക്കാൻ ഉപയോഗിച്ചിരുന്നു .
* കൃഷ്ണഗാഥ : മലയാളത്തിൽ സംസാരഭാഷയ്ക്ക്
സാഹിത്യത്തിൽ പ്രവേശനം
നൽകിയ കൃതി . പതിനഞ്ചാംനൂറ്റാണ്ടിൽ കോലത്തുനാട്ടിലെ രാജാവായിരുന്ന ഉദയവർമ്മയുടെ ആസ്ഥാനകവിയായിരുന്ന 'ചെറുശ്ശേരി നമ്പൂതിരി' യാൽ രചിതം.
* മലയാള ഭക്തിപ്രസ്ഥാനം : പതിനഞ്ചു -പതിനാറാം നൂറ്റാണ്ടുകളിലെ മലയാള സാഹിത്യത്തിൽ ഭക്തിഭാവം മാറ്റൊലികൊണ്ടിരുന്നു. ഭാഷയെയും കേരളീയസമൂഹത്തിനെ തന്നെയും നവീകരിച്ച ഈ പ്രസ്ഥാനത്തിന്റെ പ്രധാന സംഭാവനകൾ :
# എഴുത്തച്ഛന്റെ
കൃതികൾ : മലയാള ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന ഇന്നത്തെ തിരൂരിനടുത്തു പതിനാറാം നൂറ്റാണ്ടിൽ ജനിച്ച തുഞ്ചത്ത് രാമാനുജൻ ഏഴുത്തച്ഛൻ അന്നത്തെ മലയാള 'വട്ടെഴുത്തു ലിപി '(30 അക്ഷരങ്ങളുള്ള ) പരിഷ്കരിച്ചു സംസ്കൃതമാതൃകയിൽ ഇന്ന് ഉപയോഗിക്കുന്നതിന് സമാനമായ 51 അക്ഷരങ്ങളുള്ള ലിപി വികസിപ്പിക്കുകയും വാൽമീകിരാമായണവും(കിളിപ്പാട്ട് രീതിയിൽ രചിക്കപ്പെട്ട 'ആദ്ധ്യാത്മരാമായണം') വ്യാസഭാരതവും ( 'ശ്രീ മഹാഭാരതം' )സംസ്കൃതത്തിൽ നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി അന്ന് വരെ ഈ കൃതികൾ അഗമ്യമായിരുന്ന വരേണ്യ-ഇതര ജനവിഭാഗങ്ങൾക്ക് ലഭ്യമാക്കികൊടുക്കുകയും ചെയ്യുക വഴി ഭാഷയിലും സമൂഹത്തിലും വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരകനായി . ബൃഹദ്കൃതികൾ മലയാളത്തിൽ ലഭ്യമാക്കുക വഴി മലയാളത്തിനെ സംസ്കൃതത്തിന് മാത്രം അന്ന് കല്പിച്ചു കൊടുത്തിരുന്ന ശ്രേഷ്ഠതയിലേക്ക് ഉയർത്താൻ യത്നിച്ച അദ്ദേഹത്തിന്റെ മറ്റു കൃതികൾ :'ഇരുപത്തിനാലു വൃത്തം ', 'ഹരിനാമകീർത്തനം ' തുടങ്ങിയവയാണ് .
# പൂന്താനം കൃതികൾ : തികഞ്ഞ ഗുരുവായൂരപ്പ ഭക്തനായിരുന്ന പൂന്താനം നമ്പൂതിരിയുടെ 'ജ്ഞാനപ്പാന' മലയാളികളുടെ 'ഭഗവത്ഗീത ' എന്നറിയപ്പെടുന്ന ദാർശനിക കാവ്യമാണ് . തെളിമലയാളത്തിലുള്ള ജ്ഞാനപ്പാനയിൽ പൂന്താനം തന്റെ പുത്രവിരഹദുഃഖത്തെ ഒരു യോഗവിശേഷമായി തിരിച്ചറിയുന്നത് കാണാം . പൂന്താനത്തിന്റെ മറ്റ് കൃതികളിൽ 'സന്താനഗോപാല പാന ' യും 'ഭാഷകർണാമൃതവും ശ്രദ്ധേയമാണ്('പാന 'എന്നത് ഒരു കാവ്യവൃത്തത്തിന്റെ പേരാണ്)
* പദ്യങ്ങൾ അവതരണകലയിൽ :രംഗകലകളുടെ അവതരണത്തിന് അകമ്പടിയായി ഉപയോഗിക്കുന്ന പദ്യങ്ങൾ ഒരു സാഹിത്യരൂപം ('ആട്ടക്കഥകൾ ' എന്ന് പൊതുവെ വിളിക്കപ്പെടുന്നവ ) ആയി പരിണമിക്കുന്നത് പതിനേഴാം നൂറ്റാണ്ടിലാണ് .ആട്ടക്കഥകളിൽ മുഖ്യമായവ :
# ഭാരതവാക്യം : മണിപ്രവാളത്തിലുള്ള അകമ്പടിപ്പാട്ട് ; രംഗകലകളിൽ ഉപയോഗിക്കപ്പെട്ടു .
# രാമനാട്ടക്കഥകൾ :കഥകളിയുടെ പൂർവ്വരൂപം എന്ന് പറയപ്പെടുന്ന രാമനാട്ടത്തിനായി കൊട്ടാരക്കരത്തമ്പുരാൻ പതിനേഴാം നൂറ്റാണ്ടിൽ ചിട്ടപ്പെടുത്തിയ രാമായണത്തെ അധികരിച്ചുള്ള എട്ട് കഥകൾ .
# കഥകളി -ആട്ടക്കഥകൾ : കഥകളി എന്ന കലയെ ആസ്വാദ്യതയുടെ ഔന്നത്യത്തിലേക്കു നയിച്ചതിൽ ആട്ടക്കഥകൾക്കു വലിയ പങ്കുണ്ട്. ഇന്നും അരങ്ങുകളെ സമ്പുഷ്ടമാക്കുന്ന കോട്ടയത്ത് തമ്പുരാന്റെ 'കല്യാണസൗഗന്ധികം', 'കിർമീരവധം, 'കാലകേയവധം ', 'ബകവധം 'എന്നിവ പതിനേഴാം നൂറ്റാണ്ടിന്റെ സംഭാവനകളാണ്. ഇരയിമ്മൻ തമ്പിയുടെ 'ഉത്തരാസ്വയംവരം ', 'കീചകവധം ', 'ദക്ഷയാഗം ', 'സുഭദ്രാഹരണം ' തുടങ്ങിയവയും ഉണ്ണായിവാര്യരുടെ 'നളചരിത'വും പതിനെട്ടാം നൂറ്റാണ്ടിന്റെയും .
# ഒപ്പനപ്പാട്ടുകൾ : കേരളത്തിലെ 'മാപ്പിള '(muslims) മാരുടെ തനതു കലാരൂപങ്ങളിലൊന്നായ ഒപ്പനയ്ക്കുള്ള അകമ്പടിപ്പാട്ടുകൾ ;അറബി , ഉറുദു , മലയാളം വാക്കുകളാൽ സമ്പന്നം .
# മാർഗംകളിപ്പാട്ടുകൾ : സുറിയാനി ക്രിസ്ത്യാനികൾക്കിടയിൽ ഏറെ പ്രചാരമുള്ള കലാരൂപമായ മാർഗംകളിക്കുള്ള അകമ്പടിപ്പാട്ടുകൾ ; പ്രധാനമായും തോമാശ്ലീഹായുടെ അപദാനങ്ങൾ .
# വഞ്ചിപ്പാട്ടുകൾ : വഞ്ചിത്തുഴയ്ക്കുള്ള അകമ്പടിപ്പാട്ടുകൾ ;കുട്ടനാട്ട് മേഖലയിൽ ഏറെ പ്രചാരം. പ്രധാനമായും ദ്രാവിഡവൃത്തമായ 'നതോന്നത ' ഉപയോഗിക്കുന്നു .രാമപുരത്തുവാര്യരുടെ 'കുചേലവൃത്തം വഞ്ചിപ്പാട്ടു' സുപ്രസിദ്ധം.
# തുള്ളൽക്കഥകൾ : പതിനെട്ടാം നൂറ്റാണ്ടിൽ കുഞ്ചൻ നമ്പ്യാർ ചാക്ക്യാർക്കൂത്തിനു ബദലായി ആവിഷ്കരിച്ച ആക്ഷേപഹാസ്യകലാരൂപമായ തുള്ളലിന് ( അവതരണവും വേഷവിധാനവും അനുസരിച്ചു 'പറയൻ ', 'ഓട്ടൻ ', 'ശീതങ്കൻ ' എന്നിങ്ങനെ മൂന്നു വിഭാഗം 'തുള്ളൽ ') അകമ്പടി . 'സംസ്കൃതവൽകൃത' മലയാളപദ്യങ്ങൾ അകമ്പടിയേകിയ ചാക്ക്യാർകൂത്തിന് വിരുദ്ധമായി തുള്ളൽകഥകളിൽ ശുദ്ധമലയാളവും ദ്രാവിഡവൃത്തങ്ങളുമാണ് ഉപയോഗിച്ചിരിക്കുന്നത് .
ആധുനിക മലയാള കവിത ( AD 1800+ )
AD 1800-1900 :
പുരാണേതിഹാസ സന്ദര്‍ഭങ്ങളേയും കഥാപാത്രങ്ങളേയും മറ്റും വിട്ട് മലയാള കവിത പുതിയ മേച്ചിൽപ്പുറങ്ങൾ തേടിത്തുടങ്ങിയത് പത്തൊൻപതാം നൂറ്റാണ്ടിലാണ്. വരേണ്യവിഭാഗങ്ങൾക്കിടയിലെങ്കിലും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രചാരവും നവലോകവീക്ഷണവും കവിതയുടെ പ്രമേയത്തിലും ശൈലിയിലും വിപ്ലവാത്മകമായ മാറ്റങ്ങൾക്ക് നാന്ദി കുറിക്കാൻ ധൈഷണികരെ ഉദ്യുക്തരാക്കി.ഇക്കാലയളവിലെ യാഥാസ്ഥിതിക -പരിഷ്കരണവാദ സംവാദങ്ങൾ ഭാഷയെ തന്നെ നവീകരിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു .പത്തൊൻപതാം നൂറ്റാണ്ടിലെ സജീവ കാവ്യപ്രസ്ഥാനങ്ങളിൽ മുഖ്യമായവ :
- അക്ഷരശ്ലോകസദസ്സുകളും കാവ്യകേളിയും : പത്തൊൻപതാം നൂറ്റാണ്ടിൽ വരേണ്യവിഭാഗങ്ങൾക്കിടയിൽ പ്രചാരമേറിയ കാവ്യവിനോദങ്ങൾ ;കവിതയെ ജനകീയമാക്കുന്നതിൽ വലിയ പങ്കു വഹിച്ചു
- വെണ്മണി പ്രസ്ഥാനം :പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന 'വെണ്മണി അച്ഛൻ നമ്പൂതിരിപ്പാട്','വെണ്മണി മഹൻ നമ്പൂതിരിപ്പാട് ', 'പൂന്തോട്ടം
അച്ഛൻ നമ്പൂതിരി ','പൂന്തോട്ടം മഹൻ നമ്പൂതിരി 'തുടങ്ങിയവരെ സൂചിപ്പിക്കുന്നു. മലയാളകവിതയിൽ ദൈനംദിന ജീവിതസമസ്യകൾക്കും വ്യവഹാരഭാഷയ്ക്കും സ്ഥാനം നൽകിയ തേജസ്സുറ്റ പാരമ്പര്യം .
- കൊടുങ്ങല്ലൂർ കുഞ്ഞുകുട്ടൻ തമ്പുരാൻ : വ്യാസഭാരതത്തിന്റെ പദാനുപദമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി 'കേരളവ്യാസൻ 'എന്ന് ഖ്യാതിയാർജ്ജിച്ചു ;ഭാഷയിൽ വെണ്മണിപ്രസ്ഥാനത്തിന്റെ സ്വാധീനം ദൃശ്യം .
- ജന്മിത്തവും ജാതിവ്യവസ്ഥയുടെ അടിസ്ഥാനത്തിലുള്ള ചൂഷണവും
ദൈവദത്തമല്ലെന്നും യാഥാസ്ഥിതികത വിമര്ശനാതീതമല്ലെന്നുമുള്ള സത്യങ്ങളിലേക്ക്
കേരളസമൂഹം ഉണർന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ തന്നെയാണ് സാഹിത്യത്തിനു സാമൂഹ്യവിമർശനോപാധിയെന്ന നിലയിൽ അംഗീകാരമേറിയത് എന്നത് യാദൃശ്ചികമല്ല. സ്വാതന്ത്ര്യസമരവീര്യവും
നവോദ്ധാനേച്ഛയും കൊടുമ്പിരികൊണ്ട ഇക്കാലയളവിലെ മലയാളകവിതയെ പ്രബലങ്ങളും പലപ്പോഴും പരസ്പരാശ്ലേഷിതങ്ങളുമായ
രണ്ട് ഭാവുകത്വധാരകൾ സമ്പുഷ്ടമാക്കി: മനുഷ്യവികാരങ്ങളും ആപേക്ഷികതകളും കേന്ദ്രസ്ഥാനത്തുള്ള 'കാല്പനികത 'യും
സാമൂഹികായഥാതഥ്യത്തിലും നവോധാനാഭിമുഖ്യത്തിലും വേരൂന്നിയ 'പുരോഗമന
പ്രസ്ഥാന' (Progressive Movement
')വും .
- മലയാളത്തിന്റെ 'ആധുനിക കവിത്രയം ' എന്ന് അറിയപ്പെടുന്ന സമകാലികരായ 'കുമാരനാശാൻ ', 'ഉള്ളൂർ പരമേശ്വരയ്യർ', 'വള്ളത്തോൾ നാരായണമേനോൻ ' എന്നിവരുടെ സർഗാത്മകത ഈ കാലയളവിലാണ് കൈരളിയെ സമ്പന്നമാക്കിയത് . തികഞ്ഞ തത്വജ്ഞാനികളും
ദാര്ശനികരുമായിരുന്ന ഈ മഹാരഥന്മാരുടെ രചനകളിൽ താന്താങ്കളുടേതായ അനന്യ ശൈലികളിൽ 'കാല്പനികത'യും 'പുരോഗമന'പരതയും ഇഴപിരിയാതെ
പ്രകാശിച്ചു പിൽക്കാലമലയാള സാഹിത്യത്തിനൊട്ടാകെ വഴിവെളിച്ചമേകുന്നു .
- 'കാല്പനിയത'യുടെ സൗന്ദര്യം മലയാളകവിതയിലേക്കാവാഹിച്ചവരിൽ പ്രമുഖർ മലയാളത്തിന്റെ 'Shelly 'ഉം 'Keats'ഉം എന്നറിയപ്പെടുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ള (1911-1948) യും ', 'ഇടപ്പള്ളി രാഘവന്‍പിള്ള (1909 -1936 )യും നാലപ്പാട്ട്
നാരായണമേനോനുമായിരുന്നു . ഇടപ്പള്ളിയുടെ പ്രണയനൈരാശ്യത്തിലുള്ള ആത്മഹത്യയാണ് എക്കാലത്തെയും മികച്ച
കാവ്യങ്ങളിലൊന്നായ ചങ്ങമ്പുഴയുടെ 'രമണൻ' ന്റെ സൃഷ്ടിഹേതു .
- അമ്പതുകളിലെ മലയാളകാവ്യലോകത്തു ഇടപ്പള്ളിയുടെയും
ചങ്ങമ്പുഴയുടെയും അകാലവിയോഗത്തിൽ 'കാല്പനികത'യും നവസ്വാതന്ത്ര്യലബ്ധിയുടെ അമ്പരപ്പിലും
മനുഷ്യയാതനകളുടെ സ്ഥൂലീകരണം , സാഹിത്യമേഖലയുടെ കക്ഷിരാഷ്ട്രീയവൽക്കരണം തുടങ്ങിയ ആശയസംഘർഷങ്ങളിലും പെട്ട് 'പുരോഗമന 'പ്രസ്ഥാന'വും വിറങ്ങലിച്ചു .
- 50 കളിലും 60 കളിലും മുൻനിരയിലേക്ക് വന്ന (പലപ്പോഴും 'കാല്പനികോത്തരർ (post -romantics ) ' എന്ന് വിളിക്കപ്പെടുന്ന ) കവികൾ 'കാല്പനികത'യും 'യഥാതഥ്യ'വും പല താളത്തിൽ നിഴലാടുന്ന തങ്ങളുടേതായ ഭാവുകത്വപന്ഥാക്കൾ വെട്ടിത്തുറന്ന് മലയാളകവിതയുടെ സുവര്‍ണകാലത്തിന് തിരികൊളുത്തി . ഈ ശ്രേണിയിൽപെട്ട സർഗ്ഗധനരായ ജി .ശങ്കരക്കുറുപ്പ് ,വൈലോപ്പിള്ളി ശ്രീധരമേനോൻ , പി.കുഞ്ഞിരാമൻ നായർ , അക്കിത്തം അച്യുതൻ നമ്പൂതിരി ,ബാലാമണിയമ്മ ,
വിഷ്ണുനാരായണൻ നമ്പൂതിരി ,വയലാർ രാമവർമ്മ ,ഓ .എൻ .വി .കുറുപ്പ് , പി.ഭാസ്കരൻ ,സുഗതകുമാരി ,ഇടശ്ശേരി ഗോവിന്ദൻനായർ ,പിന്നീട് രംഗപ്രവേശം ചെയ്ത
വി . മധുസൂദനൻ നായർ തുടങ്ങിയവർ കേരളീയമായ പരിസരങ്ങളിലൂന്നിനിന്നുകൊണ്ടുതന്നെ എക്കാലത്തെയും മാനവരാശിയോട് സംവദിച്ചു .
- രാഷ്ട്രീയ -സാമൂഹിക -സാംസ്കാരികമൂല്യശോഷണത്തിന്റെ തമോഗർത്തങ്ങളിൽ ഉഴറിയ അറുപതുകളിൽ കാല്പനികതയുടെ ഉദാസീനതയെയും സാമൂഹിക യഥാതഥ്യത്തിന്റെ സാമാന്യവൽക്കരണങ്ങളെയും നിരസിച്ചുകൊണ്ട് മനുഷ്യമനസ്സിന്റെ അന്തഃ സംഘർഷങ്ങളിലേക്ക് വെളിച്ചം വീശി 'ആധുനികത'(Modernism)കടന്നു വന്നു . അയ്യപ്പപ്പണിക്കരുടെ 'കുരുക്ഷേത്ര '(1961)ത്തിലൂടെയാണ് മലയാള
കവിതയിൽ 'ആധുനികത 'യുടെ ശംഖനാദം മുഴങ്ങിയത് എന്ന് ഇന്ന് വിലയിരുത്തപ്പെടുന്നു (അക്കിത്തത്തിന്റെ 'ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം '(1952 ) ആണ് മലയാളകവിതയിലേക്ക്
ആധുനികതയെ ആനയിച്ചത് എന്ന് പ്രബലമായ മറ്റൊരു വാദം ). കടമ്മനിട്ട രാമകൃഷ്ണൻ , എ .അയ്യപ്പൻ , ഓ .വി ഉഷ , എൻ .എൻ കക്കാട് ,കെ .സച്ചിദാനന്ദൻ , ബാലചന്ദ്രൻ ചുള്ളിക്കാട് ,ഡി.വിനയചന്ദ്രൻ തുടങ്ങിയവരുടെ രചനകൾ മലയാള കവിതാസാഹിത്യത്തിലെ 'ആധുനികത'യുടെ മകുടോദാഹരണങ്ങളായി വിലയിരുത്തപ്പെടുന്നു .ഇവരിൽ സച്ചിദാനന്ദൻ ,ചുള്ളിക്കാട് തുടങ്ങിയവർ എഴുപതുകളിൽ താൽകാലികമായെങ്കിലും തീവ്രഇടതുപക്ഷ -മാവോയിസ്റ് സാംസ്കാരികവിപ്ലവവീര്യം തങ്ങളുടെ രചനകളിലേക്ക് ആവാഹിച്ചു .
- പ്രവാസാഭിവൃദ്ധി,സാമ്പത്തിക ഉദാര -സ്വകാര്യവൽക്കരണം , ടെലിവിഷൻ ,ടെലിഫോൺ തുടങ്ങിയ ഉപകരണങ്ങളിലൂടെ വിവരസാങ്കേതികവിദ്യയുടെ പ്രചാരം തുടങ്ങിയ ഘടകങ്ങൾ വ്യക്തി-സാമൂഹിക ജീവിതപരിസരങ്ങളെ എന്നെന്നേക്കുമായി മാറ്റിമറിച്ച എഴുപതുകളുടെ അന്ത്യപാദം
തൊട്ട് തൊണ്ണൂറുകളുടെ ആദ്യപാദം വരെയുള്ള കാലം 'ആധുനികത 'യുടെ പരിണാമഘട്ടമായിരുന്നു
. 'കാല്പനികത'യുടെ നിഷ്ക്രിയത്വവും അതിഭാവുകത്വവും 'യഥാതഥ്യ'ത്തിന്റെ സാമൂഹ്യപ്രതിബദ്ധതയും 'ആധുനികത'യുടെ തത്വചിന്തയും നിരസിച്ച ഈ പ്രയാണം യഥാക്രമം ഈ ഭാവുകത്വങ്ങളുടെ
വ്യക്ത്യധിഷ്ഠാനവും സ്വാഭാവികതയും ആഖ്യാന-പ്രമേയ വൈവിധ്യവും സ്വീകരിച്ച് 'ഉത്തരാധുനികത' യോടടുക്കുന്നു .
- 'ബ്ലോഗ്ഗു'കൾ ,സാമൂഹ്യമാധ്യമങ്ങൾ ,Smart
phone 'App' കൾ തുടങ്ങിയ ഇന്റർനെറ്റ് -അധിഷ്ഠിത നവമാധ്യമങ്ങൾ തുറന്നിട്ട വാതായനങ്ങൾ ആധുനികകവിതയെ ഏറെ ജനകീയമാക്കുമ്പോഴും മലയാള കവിതയുടെ നിലവാരത്തകർച്ചയെപ്പറ്റിയുള്ള ആശങ്കകൾ സജീവമാണ് .വൃത്തനിരാസവും പദ്യത്തിന്റെ ഗദ്യവൽക്കരണവുമാണ് ഇന്നത്തെ
മലയാളകാവ്യമണ്ഡലത്തിലെ മറ്റ് തർക്കവിഷയങ്ങൾ
.
----------------------------------------------------------------------------------------------------------------------------------------------------------------
ദ്വിതീയാക്ഷരപ്രാസവാദം ( കടപ്പാട് : വിക്കിമലയാളം)
മലയാള സാഹിത്യത്തിൽ
ദീർഘകാലം
നിലനിന്ന ഒരു വിവാദമാണിത്.
പ്രചുരപ്രചാരം
നേടിയിരുന്ന ദ്വിതീയാക്ഷരപ്രാസം മലയാളകവിതയിൽ
നിർബന്ധമാണെന്നും, അങ്ങനെ നിർബന്ധമില്ല എന്നുമായിരുന്നു
ഈ
വിവാദത്തിന്റെ രണ്ടു പക്ഷങ്ങൾ.
പ്രാസവാദത്തിന്റെ ഫലമായി ശക്തമായ ഒരു വിമർശനശാഖ
മലയാള
സാഹിത്യത്തിനു ലഭിച്ചു. ക്ലാസ്സിസത്തിൽനിന്ന് റൊമാന്റിസിസത്തിലേക്കുള്ള
മലയാള
കവിതയുടെ വളർച്ചയിൽ
ദ്വിതീയാക്ഷരപ്രാസവാദം സുപ്രധാനമായ പങ്കുവഹിച്ചു.
സാഹിത്യത്തിന്റെ
ലക്ഷ്യത്തെക്കുറിച്ചും സാഹിത്യത്തിൽ
ഭാവാവിഷ്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും
പഠിക്കാനും വിദേശഭാഷകളിലെ ഉത്തമ സാഹിത്യകൃതികള്‍
ശ്രദ്ധിച്ചു പഠിച്ച് അവയുമായി താരതമ്യം ചെയ്ത് മലയാള സാഹിത്യത്തെ നിരൂപണം
ചെയ്യുന്നവാനും പ്രാസവാദം പ്രേരണ നല്കി.
വിവാദത്തിന്റെ തുടക്കം : മലയാള മനോരമയിലെ കാവ്യപംക്തി ആയിരുന്നു സാഹിത്യയുദ്ധത്തിന്റെ പ്രധാന
വേദി.1891-ൽ മലയാള മനോരമയിൽ 'കൃത്യകൃത്ത്' എന്ന തൂലികാനാമത്തിൽ 'മലയാളഭാഷ' , “പ്രാസം” എന്നീ ലേഖനങ്ങളാണ് പ്രാസവാദത്തിനു തിരികൊളുത്തിയത്. ദ്വിതീയാക്ഷരപ്രാസ നിർബന്ധം മൂലം ചില കവികളുടെ പദപ്രയോഗങ്ങളിൽ അനൗചിത്യം സ്പഷടമാണെന്നും ഇത് മലയാളഭാഷാ
പദ്യത്തിന്റെ കഷ്ടകാലം ആണെന്നും അഭിപ്രായപ്പട്ടതും വരികളിൽ രണ്ടാമത്തെ അക്ഷരത്തിന് മറ്റുള്ള അക്ഷരങ്ങളെ അപേക്ഷിച്ച് പ്രത്യേക
പ്രാധാന്യമില്ലെന്നും അതിനുവേണ്ടി കവികൾ ചെയ്യുന്ന നിർബന്ധം അനേകം കാവ്യദോഷങ്ങൾക്കു കാരണമാകുമെന്നും പറഞ്ഞുകൊണ്ട് ദ്വിതീയാക്ഷരപ്രാസത്തെ ഈ ലേഖനങ്ങളില്‍ നിശിതമായി വിമർശിച്ചിരുന്നു . തുടര്‍ന്ന് ദ്വിതീയാക്ഷരപ്രാസത്തെ അനുകൂലിച്ചും പ്രതികൂലിച്ചും
അഭിപ്രായങ്ങൾ പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു. 'കൃത്യകൃത്തി'ന്റെ രണ്ടു ലേഖനങ്ങളെയും എതിർത്തുകൊണ്ട് 'കൃത്യവിത്ത്' എന്ന തൂലികാനാമത്തിൽ ഒരു ലേഖകൻ 'ദ്വിതീയാക്ഷരപ്രാസത്തിനു ശ്രവണസുഖമില്ലെന്നു തോന്നുന്നത് ചെവിയുടെ
ദോഷം കൊണ്ടാണെന്നും നിരർഥകപദങ്ങൾ കൂടാതെ പ്രാസം പ്രയോഗിക്കാൻ കഴിയാത്തവർ പ്രാസത്തെ കുറ്റം പറയുന്നത് അജീർണം പിടിപെട്ടവർ പാൽപ്പായസത്തെ പഴിക്കുന്നതുപോലെ'യാണെന്നും മറ്റും അഭിപ്രായപ്പെട്ടു. ഈ വാദപ്രതിവാദം തുടർന്ന് രണ്ടു പക്ഷത്തും അനേകം കവികൾ അഭിപ്രായം രൂപവത്കരിച്ചു. പ്രാസം പ്രയോഗിച്ചും അല്ലാതെയും ധാരാളം കവിതകൾ മനോരമയിലെ കവിതാപംക്തിയിൽ പ്രത്യക്ഷപ്പെട്ടു.
ഇരുചേരികള്‍ : പ്രാസവാദത്തെത്തുടർന്ന് മലയാള സാഹിത്യത്തിൽ രണ്ട് ചേരികൾ രൂപംകൊണ്ടു.
ദ്വിതീയാക്ഷരപ്രാസത്തെ
അനുകൂലിച്ചവര്‍ : കേരളകാളിദാസന്‍
കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ നേതൃത്വത്തില്‍ ഉള്ളൂർ പരമേശ്വരയ്യര്‍, പന്തളം കേരളവർമ, വള്ളത്തോൾ , “സാഹിത്യപഞ്ചാനനൻ “പി.കെ. നാരായണപിള്ള, കുണ്ടൂർ നാരായണമേനോൻ, തുടങ്ങിയവർ.
ദ്വിതീയാക്ഷരപ്രാസത്തെ എതിര്‍ത്തവര്‍: കേരളപാണിനി ഏ.ആർ. രാജരാജവർമയുടെ നേതൃത്വത്തില്‍ കെ.സി.
കേശവപിള്ള, ഒറവങ്കര,നടുവത്തച്ഛൻ നമ്പൂതിരി, കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ, പുന്നശ്ശേരി നീലകണ്ഠശർമ തുടങ്ങിയവര്‍ .
വിവാദത്തിന്റെ കൊടുമുടി : 1894-ല്‍ കേരളവര്‍മ്മവലിയകോയി തമ്പുരാന് ദ്വിതീയാക്ഷരപ്രാസബദ്ധമായി മയൂരസന്ദേശം പ്രസിദ്ധീകരിച്ചതും അതിന് മറുപടിയെന്നോണം രാജരാജവര്‍മ്മ പ്രാസബദ്ധമല്ലാത്ത
രീതിയില്‍ കാളിദാസന്റെ മേഘസന്ദേശവും പിന്നീട് ഭാഷാകുമാരസംഭവവും എഴുതി പ്രസിദ്ധീകരിച്ചതോടെ
സാഹിത്യയുദ്ധം ഉച്ചസ്ഥായിയിലായി . ഏ.ആർ. പ്രാസം പ്രയോഗിക്കാതിരുന്നത്
അദ്ദേഹത്തിനു കഴിവില്ലാഞ്ഞിട്ടാണെന്നും കഴിവുണ്ടെങ്കിൽ അദ്ദേഹം മയൂരസന്ദേശം പോലൊരു കാവ്യം
രചിക്കട്ടെ എന്നും പ്രാസപക്ഷപാതികൾ പറഞ്ഞതിന് ഈ
പ്രാസത്തിനുവേണ്ടി കവികൾ പല ഗോഷ്ടികളും കവിതയിലൂടെ കാണിക്കുന്നുണ്ടെന്നും
ഈ പ്രാസം ഉപേക്ഷിച്ചാലല്ലാതെ നിരർഥക ശബ്ദപ്രയോഗം ഭാഷാകവിതയിൽനിന്ന് ഒരിക്കലും ഒഴിഞ്ഞു നീങ്ങുന്നതല്ലെന്ന് രാജരാജവര്‍മ്മയും സ്വതന്ത്ര
കൃതിയായതിനാലാണ് കേരളവർമയ്ക്ക് മയൂരസന്ദേശത്തിൽ പ്രാസനിർബന്ധം സാധിച്ചതെന്ന് മറ്റ് പ്രാസവിരോധികളും
മറുപടി പറഞ്ഞു. ഇതിന് മറുപടിയെന്നോണം മറുപടി എന്ന മട്ടിൽ വലിയകോയിത്തമ്പുരാൻ 1909-ൽ ദ്വിതീയാക്ഷരപ്രാസം ആദ്യവസാനം
യോഗിച്ചുകൊണ്ട് അന്യാപദേശ ശതകം വിവർത്തനം ചെയ്തു. ഈ കൃതിയുടെ മുഖവുരയിൽ 'ഭാഷാകവിതയിൽ പ്രാസ നിർബന്ധം കൂടാതെയിരുന്നാൽ പദ്യങ്ങൾക്ക് അധികം ലാളിത്യം
ഉണ്ടായിരിക്കുമെന്നുള്ളത് വാസ്തവമാണെങ്കിൽ ഭാഷാഗദ്യങ്ങൾക്ക് തദധികമായ ലാളിത്യമുണ്ടായിരിക്കുമെന്നുള്ളത് അതിലുമധികം വാസ്തവമാക
കൊണ്ട് ഭാഷാപണ്ഡിതന്മാർ പദ്യനിർമ്മാണത്തിൽ പ്രവർത്തിക്കാതിരിക്കയാണു വേണ്ടത്' എന്നും മറ്റും വലിയകോയി ത്തമ്പുരാൻ അഭിപ്രായപ്പെട്ടു ( കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും
1908-ൽ വലിയകോയിത്തമ്പുരാന് ഭാഗിനേയനും(മരുമകന്)
ശിഷ്യനുമായ ഏ.ആർ. രാജരാജവർമയുടെ ആഗ്രഹപ്രകാരം ദൈവയോഗം എന്ന ഖണ്ഡകാവ്യം ദ്വിതീയാക്ഷരപ്രാസം ഉപേക്ഷിച്ചുകൊണ്ട്
എഴുതുകയുണ്ടായി)
വിവാദത്തിന് തിരശ്ശീല : സാഹിത്യത്തിലെന്നപോലെ
വ്യക്തികളുടെ ജീവിതത്തിലും ഈ പ്രാസം പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന ഘട്ടം വന്നപ്പോൾ അത് ഒത്തുതീർപ്പിലെത്തിക്കാൻ കേരളവർമ വലിയകോയിത്തമ്പുരാനും ഏ.ആർ. രാജരാജവർമയും കൂടിയാലോചിക്കുകയും അതനുസരിച്ച് രാജരാജവർമ ഒരു മധ്യസ്ഥനെന്ന നിലയിൽ ഭാഷാപോഷിണിയിൽ ഒരു ലേഖനം പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. 'കേശവപിള്ള
പ്രഭൃതികൾക്ക് പരിഷ്കാരികളാകുവാൻ പരിഭ്രമമാണെങ്കിൽ പ്രകൃതപ്രാസത്തെ അവർ നിശ്ശേഷം ഉപേക്ഷിച്ചുകൊള്ളട്ടെ. പരമേശ്വരയ്യർ മുതൽ പേർക്ക് ഈ പ്രാസം രസിക്കുന്നപക്ഷം അവർ അതിനെ പരിഷ്കരിച്ച മട്ടിൽത്തന്നെ ഉപയോഗിച്ചു കൊള്ളുകയും ചെയ്യട്ടെ' എന്നിങ്ങനെ
രണ്ടു പക്ഷത്തിനും യാതൊരു അഭിപ്രായവ്യത്യാസത്തിനും ഇടയാകാത്ത വിധത്തിലായിരുന്നു ഈ
മധ്യസ്ഥവിധി. ഇങ്ങനെ ദ്വിതീയാക്ഷരപ്രാസത്തെ സംബന്ധിച്ച വാദം ഒരു വലിയ പരിധി വരെ
അവസാനിച്ചു.
----------------------------------------------------------------------------------------------------------------------------------------------------------------
അവലംബം :
1.
“വൃത്തമഞ്ജരി”
(എ. ആര്. രാജരാജവര്‍മ്മ)
2.
“ഭാഷാഭൂഷണം” (എ. ആര്. രാജരാജവര്‍മ്മ)
3.
വിക്കിമലയാളം (https://ml.wikipedia.org/)
4.
“മലയാള
വ്യാകരണം , വൃത്തം,അലങ്കാരം” (ശ്രീ. എം. പി. ചന്ദ്രശേഖരന് നായര്‍)
Post a Comment