Unknown
മുഖവുര....


ഗഹനതയും ജനകീയതയും ഒരുപോലെ ഇഴചേർന്നു നിൽക്കുന്ന സാഹിത്യരൂപങ്ങൾ ഏവ എന്ന് ചോദിച്ചാൽ വായനാലോകവാസികളിൽ മഹാഭൂരിപക്ഷവും ചൂണ്ടിക്കാണിക്കുക "നോവൽ " ഉം "കവിത " യും ആകും .

മലയാള സാഹിത്യപ്രപഞ്ചത്തിലെ കാലാതിവർത്തികളായ,  ' Classic ' എന്ന വിശേഷണത്തിന് അർഹം എന്ന് മഹാഭൂരിപക്ഷം വായനക്കാരും  ഉറച്ചുവിശ്വസിക്കുന്ന നോവലുകളിലൂടെയും ആധുനിക കവിതകളിലൂടെയും ഉള്ള ചെറുയാത്രകളാണ് , ഓട്ടപ്രദക്ഷിണങ്ങളാണ് ഈ ബ്ലോഗിലൂടെ ഉദ്ദേശിക്കുന്നത് . എന്റെ വായനാവഴിയിലെ ചെറുകുറിപ്പുകൾ (soft copy രൂപത്തിൽ തയ്യാറാക്കി) സമാഹരിക്കുക  എന്ന ആശയത്തിൽ നിന്നാണ് ഈ ബ്ലോഗിന്റെ ജനനം . മഹത്‌കൃതികളുടെ നേരിട്ടുള്ള വായനാനുഭവത്തിന് ബദൽ മറ്റൊന്നുമില്ല എന്നതുകൊണ്ടുതന്നെ  ഈ കുറിപ്പുകളെ  ഈ ക്ലാസ്സിക്കുകളുടെ വായനയുടെയും പുനർവായനയുടേയും അനുബന്ധം മാത്രമായി കണക്കാക്കണം എന്നു വിനീതമായി അഭ്യർത്ഥിക്കുന്നു . ക്ഷേത്ര പ്രദക്ഷിണത്തിന് ഒരിക്കലും നാലമ്പലത്തിനകത്തെ ദർശനസൗഖ്യം അനുഭവേദ്യമാക്കാൻ  കഴിയില്ലല്ലോ !

എന്നെ സാഹിത്യലോകത്തേക്ക് പാണിഗ്രഹണം ചെയ്യുകയും ഈ ഉദ്യമം ഒരു വെല്ലുവിളിയായി മുൻപോട്ടുവച്ചു ഈ ബ്ലോഗിന് ബീജവാപം ചെയ്യുകയും ഏറ്റവും വലിയ വിമര്ശകനായി നിലകൊള്ളുകയും ചെയ്യുന്ന  എന്റെ ജീവിതപങ്കാളി ഡോ .മനു കിഴിയേടത്തു വാസുദേവൻ (IIST ,തിരുവനന്തപുരം ) ആണ് എന്റെ ശക്തി ; ഈ ബ്ലോഗിന്റേയും .

മറ്റെല്ലാവരുടേതുംപോലെതന്നെ എന്റെ അച്ഛനമ്മമാരുടെ സ്വപ്നമാണ് ഇന്നത്തെ എന്റെ ജീവിതം .ജീവിതത്തിലെ എല്ലാ നന്മകൾക്കും എന്റെ  അച്ഛനമ്മമാരോട് അളവറ്റ കടപ്പാട് . വായനാമുറിക്ക് Reading Room (കവടിയാർ ,തിരുവനന്തപുരം )നും പുസ്തകശേഖരത്തിന് തിരുവനന്തപുരം "പബ്ലിക് ലൈബ്രറി"ക്കും   അളവറ്റ നന്ദി . കുഞ്ഞു ശാങ്കരിയോട് അളവറ്റ വാത്സല്യം .

താഴെ പറയുന്ന വിവരശ്രോതസ്സുകളോട് ഞാൻ കടപ്പെട്ടിരിക്കുന്നു :


  1. വിക്കിപ്പീഡിയ ( പ്രത്യേകിച്ചും വിക്കി മലയാളം)
  2. http://www.sparknotes.com/ (ഘടനയ്ക്ക് )
  3. ശ്രീ പി.കെ .രാജശേഖരന്റെ "അന്ധനായ ദൈവം "
  4. ശ്രീ ഇ .വി . രാമകൃഷ്ണന്റെ "മലയാള നോവലിന്റെ ദേശകാലങ്ങൾ"
  5. ശ്രീമതി എം. ലീലാവതിയുടെ "വർണ്ണരാജി "
  6. ശ്രീ എം.എൻ . രാജന്റെ "മലയാള കവിതയിലെ ഉയർന്ന ശിരസ്സുകൾ "

ഇംഗ്ലീഷ് സാഹിത്യമണ്ഡലത്തിൽ 'Sparknotes' , 'Cliffsnotes' തുടങ്ങിയ സമാനോദ്ദേശ സംരംഭങ്ങൾ വളർന്നു പന്തലിച്ചു ഒട്ടേറെ സാഹിത്യകുതുകികൾക്ക് തണലേകുന്നു എന്നിരിക്കെ മലയാളത്തിൽ ഇത്തരം ഒരു ഉദ്യമം ആദ്യമാണ് എന്നാണ് അറിവ് . പ്രിയ വായനക്കാർ അനുഗ്രഹിക്കണം ; എന്റെ ഈ കുറിപ്പുകൾ വായിചച്‌ അഭിപ്രായങ്ങൾ (പിഴവുകൾക്കും ന്യൂനതകൾക്കും തിരുത്തൽനിർദ്ദേശങ്ങൾ ഉൾപ്പടെ ) "comments" ആയി രേഖപ്പെടുത്തി ഈ ബ്ലോഗിനെ ക്രിയാത്മകമായ ചർച്ചകൾക്കും സംഭാഷണങ്ങൾക്കും വേദിയാക്കും എന്ന് പ്രതീക്ഷിക്കട്ടെ ! കൃതികളുടെ പുനർവായനയും വിശകലനവും കുറിപ്പ് തയ്യാറാക്കലും അല്പം സമയമെടുക്കുന്ന പ്രവർത്തികളാണെന്ന് പറയേണ്ടതില്ലല്ലോ ; Post കൾ തമ്മിലുള്ള കാലതാമസത്തിന് മുൻകൂറായി ക്ഷമാപണം !

ഭാഷയ്ക്ക് സ്വന്തം ജീവചൈതന്യം പകർന്നുനൽകി കാലത്തെയും കാലനെയും ജയിച്ച കർമ്മയോഗികൾക്കു കോടിപ്രണാമം അർപ്പിച്ചുകൊണ്ട് ,


-ശ്രീജിത .ജി 



കുറിപ്പ് : ബ്ലോഗിനെ  പിന്തുടരാനുള്ള  Facebook page : https://www.facebook.com/pg/Variruchiblog

0 Responses

Post a Comment