I . പശ്ചാത്തലം
കഥാകാരന്‍:
1847 -ൽ ഇന്നത്തെ കോഴിക്കോട് ജില്ലയിലെ നടുവണ്ണൂരിൽ ഒരു ഇടത്തരം നായർ കുടുംബത്തിൽ ജനിച്ച ഒയ്യാരത്ത് ചന്തുമേനോൻ തലശ്ശേരി പാർസി സ്കൂളിൽ ആയിരുന്നു വിദ്യാഭ്യാസം ചെയ്തത് .ഇംഗ്ലീഷിന് വീട്ടിൽ പ്രത്യേകം അഭ്യസനവും ഉണ്ടായിരുന്നു. ഇരുപതാം വയസ്സില്‍ തലശ്ശേരി സബ്‌കളക്ടർ ആയിരുന്ന വില്യം ലോഗന്റെ(പത്തൊമ്പതാം നൂറ്റാണ്ടിലെ വടക്കൻ കേരളജീവതത്തിന്റെ നേർചിത്രമായ "മലബാർ മാന്വലിന്റെ രചയിതാവ്) കീഴിൽ ഗുമസ്തനായി ജോലിയിൽ പ്രവേശിച്ച ചന്തുമേനോൻ തന്റെ നാല്പതിയഞ്ചാം വയസ്സില്‍ സബ് ജഡ്ജിയായി .1897 -ൽ 'റാവു ബഹദൂർ ' ബഹുമതിയും 1898 -ൽ മദ്രാസ് സർവകലാശാലയുടെ 'ഫെല്ലോ' ബഹുമതിയും ലഭിച്ചിട്ടുണ്ട് . അന്‍പത്തിരണ്ടാം വയസ്സില്‍ (1899-ല്‍) തലശ്ശേരിയില്‍ വച്ചായിരുന്നു അന്ത്യം.
കഥാകാരന്റെ മറ്റ് കൃതികൾ :
രണ്ട് ഭാഗങ്ങളായി പുറത്തിറക്കാൻ ഉദ്ദേശിച്ച "ശാരദ" യുടെ ആദ്യഭാഗം 1892 -ൽ പുറത്തിറങ്ങി . രണ്ടാം ഭാഗം പൂർത്തിയാക്കുന്നതിന് മുൻപേ ചന്തുമേനോൻ അന്തരിച്ചു .
കഥാപരിസരം:.
'ലക്ഷണമൊത്ത ആദ്യ മലയാള നോവൽ ' എന്ന് ഖ്യാതിയാർജ്ജിച്ച 'ഇന്ദുലേഖ' എഴുതാൻ ചന്ദുമേനോനെ പ്രേരിപ്പിച്ചത് ഒരു സുഹൃത്തിൻറെ നിരന്തര നിർബന്ധത്തിനു വഴങ്ങി "ഹെൻറിയിട്ട ടെംപിൾ " എന്ന ഇംഗ്ലീഷ് നോവൽ മലയാളത്തിലേക്ക് തർജ്ജമ ചെയ്‌ത് എഴുതാൻ ശ്രമിച്ചു പരാജയപ്പെട്ടതാണ് . ഇംഗ്ലീഷ് പരിജ്ഞാനം ഇല്ലാത്ത മലയാളികൾക്ക് ഇംഗ്ലീഷ് നോവലുകളുടെ മലയാളം പരിഭാഷയേക്കാൾ ആസ്വാദ്യം മലയാളം നോവലുകൾ ആയിരിക്കും എന്ന നിലപാടിന്റെ ഫലമായി , എഴുതിത്തുടങ്ങി ഏതാണ്ട് രണ്ട് മാസം കൊണ്ടാണ് 'ഇന്ദുലേഖ' പൂർത്തിയായത് .
പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തിൽ, കോളനി ഭരണത്തിന്റെ ഉപോല്പന്നമായ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെയും നവസാമൂഹ്യവീക്ഷണത്തിന്റെയും മൂല്യവിചാരത്തിന്റെയും വെളിച്ചത്തിൽ ഒരു വലിയ വിഭാഗം ഇന്ത്യൻ ഉപരിവർഗ്ഗ അംഗങ്ങൾക്കിടയിൽ ഒരു പുതിയ നവോത്ഥാനബോധം ഉദയം ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് 'ഇന്ദുലേഖ' എന്ന കൃതി പിറന്നു വീണത് . ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ഉപയോക്താവും പ്രയോക്താവും കൊളോണിയൽ ഭരണസംവിധാനത്തിന്റെ ഭാഗവുമായിരുന്ന ചന്തുമേനോൻ 'ഇന്ദുലേഖയിൽ ' അനാവരണം ചെയ്യുന്നത് ജന്മിത്തവും മത-ജാത്യാധിപത്യവും കാരണവർ-കേന്ദ്രീകൃതമായ സാമ്പത്തിക-കുടുംബവ്യവസ്ഥയും നിയന്ത്രിക്കുന്ന സാമ്പ്രദായിക കേരളീയ ജീവിതവീക്ഷണത്തെ യുക്തിചിന്തയും ശാസ്ത്രബോധവും വ്യക്തി -കേന്ദ്രീകൃതമായ സാമ്പത്തിക-കുടുംബവ്യവസ്ഥയും നിയന്ത്രിക്കുന്ന പരിഷ്‌കരണേച്ഛുവായ കൊളോണിയൽ ജീവിതവീക്ഷണം ചോദ്യം ചെയ്യുമ്പോഴുണ്ടാകുന്ന സംഘർഷങ്ങളും വൈരുദ്ധ്യങ്ങളും ആണ് .
സാഹിത്യമെന്നാൽ കാവ്യമോ നാടകമോ ആയിരിക്കണം എന്നും ഗദ്യം 'സാഹിത്യേതരമായ' ഭരണ ശാസനങ്ങൾ , മിഷനറി രേഖകൾ തുടങ്ങിയവയ്ക്ക് മാത്രമാണ് യുക്തമെന്നും അലിഖിത നിയമമുണ്ടായിരുന്ന പത്തൊൻപതാം നൂറ്റാണ്ടിലെ മലയാള സാഹിത്യമണ്ഡലത്തിലേക്ക് ധൈഷണികതയോടെ കടന്നു വന്ന 'ഇന്ദുലേഖ', പച്ചയായ കേരളീയ ജീവിതപരിസരത്തിന് സാഹിത്യത്തിലേക്ക് ഉഴവ്ചാല് വെട്ടിക്കൊണ്ട് സ്ഥാനം പിടിച്ചത് കേരള ചരിത്രത്തിന്റെ തന്നെ മഹത്തായ ഏടുകളിലാണ് .
നോവലിന്റെ ആദ്യ പതിപ്പിനെ അപേക്ഷിച്ച് പിൽക്കാലങ്ങളിൽ പ്രചരിച്ച പതിപ്പുകൾ വിട്ടുകളഞ്ഞ ഭാഗങ്ങൾ ശ്രീ പി .കെ രാജശേഖരൻ , ശ്രീ പി . വേണുഗോപാലന്റെയും പഠനത്തിന്റെ അടിസ്ഥാനത്തിൽ 2014 ഏപ്രിലിൽ മാതൃഭൂമി ആഴ്ചപതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു എങ്കിലും ഇന്ന് പ്രചാരത്തിലുള്ള പതിപ്പുകളെ ( DC ബുക്‌സ് ന്റെ ഇന്ദുലേഖ പ്രത്യേക Critical Edition ഒഴികെയുള്ള പതിപ്പുകളെ ) അധികാരിച്ചായതിനാൽ ഈ കുറിപ്പിൽ ഈ ഭാഗങ്ങളെ പരിഗണിച്ചിട്ടില്ല .
'ഇന്ദുലേഖ ' യെ പൂർണമായും ഉൾക്കൊള്ളണമെങ്കിൽ നോവൽ രചിക്കപ്പെട്ട കാലഘട്ടത്തിലെ (പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിലെ ) കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലത്തെപ്പറ്റി സാമാന്യവിവരമെങ്കിലും അനിവാര്യമാണ് . ഈ ദിശയിലേക്ക് ചില ചൂണ്ടുപലകകള്‍ :
* കൊളോണിയൽ ഭരണം :
1956 ഇല്‍ ഐക്യകേരളം പിറവികൊള്ളുന്നതുവരെ ഇന്നത്തെ കേരള പ്രദേശം തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ നാട്ടുരാജ്യങ്ങളായി നിലകൊണ്ടു. മൈസൂര്‍ രാജാവായിരുന്ന ടിപ്പുസുല്‍ത്താന്‍ കയ്യടക്കി വച്ചിരുന്ന മലബാര്‍ 1792 ല്‍ ബ്രിട്ടീഷ്‌കാര്‍ കയ്യടക്കി നേരിട്ടുള്ള ബ്രിട്ടീഷ് ഭരണമുള്ള മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമാക്കി. 1800 മുതല്‍ കൊച്ചി മദ്രാസിലെ ബ്രിട്ടീഷ് സര്‍ക്കാരിനു കീഴിലായി; ശേഷം ബ്രിട്ടീഷുകാര്‍ നിയമിച്ച ദിവാന്‍മാരാണ് കൊച്ചിയുടെ ഭരണം നിര്‍വഹിച്ചത്. 1795-ലെ ഉടമ്പടിയനുസരിച്ച് തിരുവിതാംകൂറും ബ്രിട്ടീഷ് മേല്‍ക്കോയ്മ അംഗീകരിച്ചു. ഇതനുസരിച്ച് ഒരു ബ്രിട്ടീഷ് റസിഡെന്റ് തിരുവനന്തപുരത്തു താമസിച്ച് ഭരണമേല്‍നോട്ടം വഹിച്ചു. 1805-ല്‍ ഒപ്പു വച്ച ഉടമ്പടി പ്രകാരം തിരുവിതാംകൂറില്‍ നേരിട്ടുള്ള ബ്രിട്ടീഷ് ഭരണം ഉണ്ടാകില്ലെങ്കിലും ആഭ്യന്തര മത്സരങ്ങളിലും ലഹളകളിലും ഇടപെടാനുള്ള അധികാരം ബ്രിട്ടീഷുകാര്‍ക്കു ലഭിച്ചതോടുകൂടി ഫലത്തില്‍ കേരളം മുഴുവന്‍ ബ്രിട്ടീഷ് നിയന്ത്രണത്തിലായി.
(ഇന്ത്യയുടെ സ്വാതന്ത്ര്യലഭ്ധിക്കുശേഷം തിരുവിതാംകൂറും കൊച്ചിയുമായി യോജിപ്പിച്ച് തിരു-കൊച്ചി സംസ്ഥാനം 1949 ജൂലൈ 1 -നും മലബാറുമായി ചേര്‍ന്ന് കേരള സംസ്ഥാനം 1956 നവംബര്‍ 1 - നും രൂപം കൊണ്ടു)
* ജാതിവ്യവസ്ഥിതി : ഫ്യൂഡൽ വ്യവസ്ഥ നിലവിൽ വന്ന കാലം (ഏകദേശം ഏട്ടാം നൂറ്റാണ്ടൂ) മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ ഭാരതത്തില്‍ മറ്റെങ്ങുമെന്നപോലെ അന്നത്തെ കേരളത്തിലെ ഹൈന്ദവസമൂഹമാകുന്ന അനേകം ജനജാതികളുടെ ശ്രേണിയെ ഉന്നതശ്രേണീയരായ സവർണർ ( 'നമ്പൂതിരി' തുടങ്ങിയ ബ്രാഹ്മണര്‍, നായര്‍ ഉപജാതികളായ'വര്‍മ്മ' , 'നമ്പ്യാര്‍', മേനോന്‍ തുടങ്ങിയ വിഭാഗങ്ങളടങ്ങിയ ക്ഷത്രിയര്‍, മലബാറിലെ 'വാണിജ്യനായര്‍' എന്ന വൈശ്യര്‍, പാരമ്പര്യ കുലത്തൊഴില്‍ ചെയ്യുന്ന എല്ലാ നായര്‍ വിഭാഗങ്ങളും ചേര്‍ന്ന ശൂദ്രര്‍ ) , അധമസ്ഥാനീയരായ അവര്‍ണര്‍ (ചാതുർവർണ്യത്തിലെ നാലു വർണങ്ങളിലും പെടാത്തവർ, പഞ്ചമർ) എന്ന് വിഭജിച്ചിരുന്നു. തൊടൽ , തീണ്ടൽ എന്നിങ്ങനെയുള്ള അതിർ വരമ്പുകൾ എല്ലാ ജാതിക്കാർക്കും താഴ്‌ന്ന ജാതിക്കാരോട് പ്രയോഗിച്ച് ചാരിതാർത്ഥ്യം അടയാൻ പറ്റുന്ന ഒരു അഭിമാനപ്രശ്നമായിരുന്നു. കേരളത്തിലെ നാട്ടുരാജാക്കൻമാരധികവും "ക്ഷത്രിയരാ"യിരുന്നു. ഭൂപ്രദേശങ്ങളില്‍ സിംഹഭാഗവും ധനിക നമ്പൂതിരി, നായര്‍ കുടുംബങ്ങളുടെ ഉടമസ്ഥതയിലായിരുന്നു.
* ജന്മിസമ്പ്രദായം : കേരളത്തിൽ നിലവിലുണ്ടായിരുന്ന ഒരു ഭൂവുടമസമ്പ്രദായമാണ് ജന്മിസമ്പ്രദായം. ജന്മി തന്റെ ഉടമസ്ഥതയിലുള്ള ഭൂമി കുടിയാന്മാർക്ക് കൃഷിചെയ്യാൻകൊടുക്കുകയും അവർ ആദായത്തിന്റെ ഒരംശം ജന്മിക്ക് പാട്ടമായി നല്കുകയും ചെയ്യുന്ന പാരമ്പര്യവ്യവസ്ഥയാണ് ഇത്.സാധാരണഗതിയിൽ ഉന്നതകുലജാതിക്കാരായ വ്യക്തികൾ ജന്മിമാരും താഴ്ന്നജാതിക്കാരായി ഗണിക്കപ്പെട്ടിരുന്ന വ്യക്തികൾ അവരുടെ കുടിയാന്മാരുമായി കഴിയുന്ന സ്ഥിതിവിശേഷമായിരുന്നു ഉണ്ടായിരുന്നത്.
*മക്കത്തായം : ഈ സമ്പ്രദായത്തിൽ പിതാവിൽ നിന്ന് പുത്രനിലേക്കാണ് പിന്തുടർച്ചാവകാശം. കേരളത്തിലെ നമ്പൂതിരിമാര്‍, ക്രിസ്ത്യന്‍ കുടുംബങ്ങള്‍ തുടങ്ങിയവര്‍ മക്കത്തായമാണ് അനുവര്ത്തിച്ചിരുന്നത്. ആധുനിക കാലത്ത് അണുകുടുംബവ്യവസ്ഥിതിയും ആണ്‍-പെണ്‍ ഭേദമന്യേ പാരമ്പര്യസ്വത്ത് കൈമാറ്റം ചെയ്യണമെന്ന രീതിയിലുള്ള നിയമവും ഇത്തരത്തിലുള്ള പാരമ്പര്യ സമ്പ്രദായങ്ങളെ വലിയൊരളവുവരെ അപ്രസക്തമാക്കിയിട്ടുണ്ട്.
* മരുമക്കത്തായം : പരമ്പരാഗതമായി സ്വത്തവകാശം മക്കൾക്കു പകരം മരുമക്കൾക്ക്(പെങ്ങളുടെ മക്കള്‍ക്ക്) പിന്തുടർച്ചയായി നൽകിപ്പോരുന്ന രീതിയായിരുന്നു മരുമക്കത്തായം. സ്ത്രീകൾക്ക് സ്വാതന്ത്ര്യവും , കുടുംബത്തിലെ സ്വത്തുവകകൾ കൈകാര്യം ചെയ്യാനുള്ള അവകാശവും നൽകിപ്പോന്ന ഈ സമ്പ്രദായം കേരളത്തിലെ നായർ സമുദായവും, ഒരു വിഭാഗം മലബാറിലെ തീയ്യർ സമുദായവും , ഉയർന്ന മാപ്പിളമാരും രാജകുടുംബങ്ങളും മറ്റും സവിശേഷമായ ഈ സമ്പ്രദായംഅവലംബിച്ചിരുന്നു. മക്കത്തായം പോലെ തന്നെ ആധുനിക കാലത്ത് അണുകുടുംബവ്യവസ്ഥിതിയും ആണ്‍-പെണ്‍ ഭേദമന്യേ പാരമ്പര്യസ്വത്ത് കൈമാറ്റം ചെയ്യണമെന്ന രീതിയിലുള്ള നിയമവും മരുമക്കത്തായത്തെ അപ്രസക്തമാക്കിയിട്ടുണ്ട്.
* സംബന്ധം : നമ്പൂതിരിമാരിൽ മൂത്ത സഹോദരനുമാത്രമേ സ്വജാതിയിൽ നിന്ന് വിവാഹം കഴിക്കുവാനുള്ള അവകാശം സിദ്ധിച്ചിരുന്നുള്ളൂ. സ്വത്തിന് നിരവധി അവകാശികൾ ഇല്ലാതിരിക്കുവാനുള്ള ശ്രമമായി രൂപപ്പെടുത്തിയ ആചാരമായിരുന്നു ഇത്. (സംബന്ധം പോലെ നമ്പൂതിരി സമുദായത്തിലെ ഈ അനാചാരത്തിന്റെ ഉപോല്‍പന്നമായിരുന്നു ബഹുഭാര്യത്വവും; മൂത്ത സഹോദരന്‍ അനേകംനമ്പൂതിരി സ്ത്രീകളെ വിവാഹം ചെയ്തിരുന്നു ) മറ്റു സഹോദരന്മാർക്ക് നായർ സ്ത്രീകളുമായുള്ള 'സംബന്ധം' ഏർപ്പാടാക്കി. പേരുകേട്ട നമ്പൂതിരി ഇല്ലങ്ങളില്‍ നിന്നുള്ള 'സംബന്ധം' നായര്‍ തറവാടുകള്‍ക്ക് അഭിമാനപ്രശ്നമായിരുന്നു. 'സംബന്ധമുള്ള' നായര്‍ തറവാടുകള്‍ ഇഷ്ടാനുസരണം സന്ദര്‍ശിക്കാനും തങ്ങാനും നമ്പൂതിരിമാര്‍ക്ക് അവകാശമുണ്ടായിരുന്നു. പൂര്‍ണമായും താല്കാലികമായിരുന്ന ഇത്തരം ബന്ധങ്ങള്‍ അവസാനിപ്പിക്കാനുള്ള അവകാശം മിക്കപ്പോഴും സംബന്ധം ചെയ്യപ്പെട്ട സ്ത്രീക്കും അവളുടെ തറവാട്ടു കാരണവര്‍ക്കുമായിരുന്നു എന്നതും ഇത്തരം ബന്ധങ്ങളില്‍ ജനിച്ച കുട്ടികള്‍ക്ക് അച്ഛന്റെ കുടുംബസ്വത്തില്‍ യാതൊരു അവകാശവുമില്ല എന്നതും ശ്രദ്ധേയമാണ്.
II . ആഖ്യാനരീതി
നോവൽ എന്ന പാശ്ചാത്യആഖ്യാനരൂപത്തിനോട് പൂർണമായി നീതിപുലർത്തിയ ആദ്യ മലയാള കൃതി എന്നത് തന്നെയാണ് 'ഇന്ദുലേഖ ' യെ ശ്രദ്ധേയമാക്കുന്നത് ( സാഹിത്യഗുണക്കുറവാണ് 1887 -ൽ പുറത്തിറങ്ങിയ 'കുന്ദലത ' യെ 'ഇന്ദുലേഖ'യുടെ തലത്തിലേക്ക് ഉയർത്താത്തതു എന്ന് വിമർശകമതം )."ഇതെന്ത് സാരം ..യാഥാർത്ഥത്തിൽ ഉണ്ടാവാത്ത ഒരു കഥ എഴുതുന്നതുകൊണ്ട് എന്ത് പ്രയോജനം" എന്നും "സയൻസ് എന്നു പറയപ്പെടുന്ന ഇംഗ്ലീഷ് ശാസ്ത്രവിദ്യകളെക്കുറിച്ചാണ് ഈ പുസ്തകം എഴുതുന്നതെങ്കിൽ കൊള്ളാം . അല്ലാതെ മറ്റൊരു സംഗതിയെപ്പറ്റിയും മലയാളത്തിൽ ഇപ്പോൾ പുസ്തകങ്ങൾ ആവശ്യമില്ല " എന്ന വാക്യങ്ങൾ രചനാവേളയിൽ ചന്തുമേനോൻ അഭിമുഖീകരിച്ചു എന്നതിൽനിന്നു തന്നെ സാഹിത്യമെന്നാൽ കാവ്യകലയും രംഗകലയും മാത്രമായിരുന്ന മലയാളഭൂമികയിൽ അക്ഷരാർത്ഥത്തിൽ 'നവീനമായ (Novel )' ആഖ്യാനരീതി അവതരിപ്പിച്ച ഈ കൃതി എത്ര വലിയ ഉഴുതുമറിച്ചിലുകൾക്ക് കാരണമായിരിക്കാം എന്ന് നമുക്ക് ഊഹിക്കാം .
രചനാശൈലി
- ഇരുപത് അധ്യായങ്ങളുള്ള 'ഇന്ദുലേഖ ' യുടെ കഥാഗതിയിൽ -പലപ്പോഴും എഴുത്തുകാരൻ താൻ കഥയ്ക്ക് സാക്ഷ്യം വഹിക്കുന്നു എന്ന മട്ടിൽ 'ഞാൻ ' എന്ന് സ്വയം അഭിസംബോധന ചെയ്യുന്നുവെങ്കിലും കഥയിലെ കഥാപാത്രമായി വരുന്നില്ല . 'പ്രഥമപുരുഷ'നിലുള്ള വിവരണ (Third Person Narrative ) മാണ് അനുവർത്തിച്ചിരിക്കുന്നത് ; കഥാപാത്രങ്ങളുടെ സംഭാഷണങ്ങളാകട്ടെ , പേരിന്നഭിമുഖമായി രേഖപ്പെടുത്തിയിരിക്കുന്നു.
- വളരെ വിവരണാത്മകമായ, എന്നാൽ ലളിതമായ ശൈലി ; ബംബായ് കടപ്പുറത്തിന്റെയും 'അമരാവതി ' ബംഗ്ലാവിന്റെയും വിവരണം ഉദാഹരണങ്ങൾ .
- സൂരിനമ്പൂതിരിപ്പാടിന്റെയും കറുത്തേടം നമ്പൂതിരിയുടെയും മറ്റും വിഡ്ഢിത്തത്തിനെയും ശുദ്ധഗതിയെയും പരിഹസിക്കാൻ ആക്ഷേപഹാസ്യം രസകരമായ രീതിയിൽ പ്രയോഗിച്ചിട്ടുണ്ട് .
ഭാഷ
"ഈ പുസ്തകം എഴുതിയിട്ടുള്ളത് ഞാൻ വീട്ടിൽ സംസാരിക്കുന്ന മലയാള ഭാഷയിൽ ആകുന്നു " എന്ന് ചന്തുമേനോൻ അവതാരികയിൽ പറയുന്നത് ശ്രദ്ധേയമാണ് ."വീട്ടിൽ സംസാരിക്കുന്ന മലയാള"ത്തിൽ അച്ചടിമഷി ആദ്യമായി പുരണ്ടത് 'ഇന്ദുലേഖ'യിലാണ് . പത്തൊൻപതാം നൂറ്റാണ്ടിലെ ഉത്തരാമലബാറിലെ വരേണ്യവർഗ്ഗങ്ങളുടെ സംസാരഭാഷയാണ് പ്രസ്തുത നോവലിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് എന്ന് പറയുന്നുണ്ടെങ്കിലും "വാചകങ്ങളിൽ ചിലതിന് സമാനസംബന്ധം ഇല്ലാതെ വന്നുപോയിരിക്കുന്നതിനാൽ മനസ്സിലാവാൻ പ്രയാസം ' എന്ന് വായനക്കാരിൽ ചിലർ പരാതിപ്പെട്ടതായി രണ്ടാം പതിപ്പിന്റെ അവതാരികയിൽ ചന്തുമേനോൻ പ്രസ്താവിച്ചതിൽ നിന്ന് തന്നെ 'ഇന്ദുലേഖ'യിലെ ഭാഷ ഈ 'സംസാരഭാഷ'യിൽ നിന്ന് നിസ്സാരമല്ലാത്തവണ്ണം വ്യതിചലിച്ചിട്ടുണ്ട് എന്ന് അനുമാനിക്കാം . നോവലില്‍ ഉപയോഗിച്ചിരിക്കുന്ന പല വാക്കുകളും ശൈലികളും ഇന്ന് പ്രയോഗത്തിലില്ല എങ്കിലും ഇന്നത്തെ അച്ചടിമലയാളം സുപരിചിതമായവര്‍ക്ക് 'ഇന്ദുലേഖ' വായിച്ചാസ്വദിക്കാന്‍ ഭാഷാപരമായ ദുര്‍ഗ്രാഹ്യത തടസ്സമാകും എന്ന് കരുതാന്‍ വകയില്ല. നോവലിലെ ഒരു ഖണ്ഡിക ചുവടെ ചേർക്കുന്നു :
അങ്ങിനെയിരിക്കുമ്പോൾ ഒരുദിവസം മാധവനും ഇന്ദുലേഖയുംകൂടി ചതുരംഗം കളിച്ചുകൊണ്ടിരി െമാധവൻ താൻ വയ്ക്കേണ്ട കരു കൈയിൽ എടുത്തു് ഇന്ദുലേഖയുടെ മുഖത്തേക്കു് അസംഗതിയായി നോക്കിക്കൊണ്ടു കളിക്കാതെ നിന്നു .
ഇന്ദുലേഖാ: എന്താണു കളിക്കാത്തതു് ; കളിക്കരുതേ ?
മാധവൻ: കളിക്കാൻ എനിക്കു ഇന്നു് അത്ര രസം തോന്നുന്നില്ല .
ഇന്ദുലേഖാ: ഇയ്യെടെ കളി കുറെ അമാന്തമായിരിക്കുന്നു . പക്ഷേ , പരീക്ഷയുടെ കാര്യം അറിയാത്ത സുഖക്കേടു കൊണ്ടു് ആയിരിക്കാം . അതിനെക്കുറിച്ചു് ഇപ്പോൾ വിചാരിച്ചിട്ടു് ഒരു സാദ്ധ്യവും ഇല്ലല്ലോ. മനസ്സിന്നു വെറുതെ സുഖക്കേടു ഉണ്ടാക്കരുതേ .
മാധവൻ: പരീക്ഷയുടെ കാര്യം ഞാൻ വിചാരിച്ചിട്ടേ ഇല്ല . മനസ്സിന്നു സുഖക്കേടു വർത്തമാനം വരുത്താതിരിപ്പാനും കാരണങ്ങൾ ഉണ്ടായിരിക്കുമ്പൊഴും ആ കാരണങ്ങളെ പരിഹരിപ്പാൻ കഴിയാതിരിക്കുമ്പോഴും ഒരുവനു് എങ്ങിനെ മനസ്സിനെ സ്വാധീനമാക്കിവെപ്പാൻ കഴിയും? ( അദ്ധ്യായം രണ്ട് : "ഇന്ദുലേഖ" )
III .പ്രമേയങ്ങൾ , പ്രതീകങ്ങൾ, ബിംബങ്ങൾ
പ്രമേയങ്ങൾ :
*പൌരസ്ത്യ-പാശ്ചാത്യ സംഘര്‍ഷം
ആത്മീയത, മതം , സമുദായം , കുടുംബം, സാമൂഹ്യബന്ധം, കാർഷികവൃത്തി തുടങ്ങിയ ഘടകങ്ങളിലൂന്നിയ പൗരസ്ത്യസംസ്കാരവും ശാസ്ത്രബോധം ,യുക്തിചിന്ത ,ഭൗതികപരത ,വ്യക്തികേന്ദ്രീകൃതത്വം , വ്യവസായവത്കരണം തുടങ്ങിയവയിൽ അധിഷ്ഠിതമായ പാശ്ചാത്യസംസ്കാരവും നേർക്കുനേർ വരുമ്പോൾ ഉണ്ടാകുന്ന അനിവാര്യമായ സംഘർഷമാണ് ഇന്ദുലേഖയിൽ പ്രതിപാദ്യം . മാധവന്റെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ രൂപത്തിൽ ധൈഷണികതയോടെ കടന്നുവരുന്ന പാശ്ചാത്യദർശനങ്ങൾ പൂവള്ളിയെ കിടിലംകൊള്ളിക്കുന്നു . ആഗോളവല്കൃതമായ ഇന്നത്തെ ലോകത്തിൽ പൗരസ്ത്യ -പാശ്ചാത്യ സംഘർഷങ്ങൾ ഓരോ വ്യക്തിയുടെയും മനസ്സിൽ നിത്യേനയെന്നോണം അരങ്ങേറുന്നു എന്ന വസ്തുത ഈ നോവലിന്റെ കാലാതിശയത്തിന്റെ മാറ്റുകൂട്ടുന്നു .
*യാഥാസ്ഥിതികത
സമൂഹത്തിലെ മാറ്റങ്ങളും അവ തങ്ങളുടെ അന്നുവരെയുള്ള ജീവിതത്തെയും ജീവിതവീക്ഷണത്തെയും മാറ്റിമറിക്കുന്നതും ഉള്‍ക്കൊള്ളാനാകാത്ത വിഭാഗങ്ങള്‍ എല്ലായിടത്തും എല്ലാക്കാലവും ഉണ്ടാകും; പ്രത്യേകിച്ചും നിലനിന്നുപോന്ന, അട്ടിമറിക്കപ്പെടുന്ന സാമൂഹികവ്യവസ്ഥിതിയുടെ സ്ഥാനഭ്രഷ്ടരാക്കപ്പെടുന്ന ഗുണഭോക്താക്കള്‍. പൂവള്ളി കാരണവര്‍ സ്ഥാനീയന്‍ വിമര്‍ശനാതീതനും അലംഘനീയനുമാണെന്നും തറവാട്ടിലെ മറ്റ് അന്തേവാസികളും ആശ്രിതരും പഞ്ചപുഛമടക്കിക്കഴിയേണ്ട ആജ്ഞാനുവൃത്തികള്‍ മാത്രമാണെന്നുമുള്ള വിശ്വാസത്തിനും ആ വിശ്വാസത്തിനെ താങ്ങിനിര്‍ത്തിയ ഭയത്തിന്റെ ആവരണത്തിനും മാധവന്റെ ധൈഷണികതയുടെ രൂപത്തില്‍ ആദ്യമായി ഇളക്കം തട്ടിയതാണ് 'ഇന്ദുലേഖ' യിലെ സംഭവവികാസങ്ങള്‍ക്ക് തിരികൊളുത്തിയത്. അതുകൊണ്ടുതന്നെ, 'ഇന്ദുലേഖ'യില്‍ യാഥാസ്ഥിതികതയുടെ മൂര്തിമത്ഭാവമായി അനുഭാവേദ്യമാകുന്നത് മാധവന്‍ എന്ന മാറ്റത്തിന്റെ പ്രതിനിധിയെ ഭര്‍ത്സിക്കുകയും പുറംതള്ളുകയും ചെയ്യുക വഴി മാറ്റത്തിനെ തന്നെ പ്രതിരോധിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട് ഒടുവില്‍ തന്റേതായ രീതിയിൽ തന്നെയെങ്കിലും ഉള്‍ക്കൊള്ളുന്ന പൂവള്ളിക്കാരണവര്‍ 'പഞ്ചുമേനവന്‍' എന്ന കഥാപാത്രമാണ് . പഞ്ചുമേനവനെകൂടാതെ സൂരി നമ്പൂതിരിപ്പാട്, ഗോവിന്ദപ്പണിക്കര്‍ തുടങ്ങിയവരെ നവലോകക്രമം ആലോസരപ്പെടുത്തുമ്പോള്‍ മാധവന്‍, ഗോവിന്ദൻകുട്ടിമേനവൻ തുടങ്ങിയവര്‍ ആധുനികതയുടെയും പുരോഗമാനപരതയുടെയും പ്രത്യക്ഷവക്താക്കളായി കാണപ്പെടുന്നു.
*സ്ത്രീസ്വാതന്ത്ര്യം
ഒരു സംഭാഷണത്തിനിടെ മാധവൻ 'മലയാള'ത്തിലെ സ്ത്രീകൾ (അന്നത്തെ കേരളത്തിലെ , പ്രത്യേകിച്ചും നായർ പോലെയുള്ള മരുമക്കത്തായ വ്യവസ്ഥിതി നിലനിൽക്കുന്ന സമുദായങ്ങളിലെ സ്ത്രീകൾ ) പൊതുവെ വളരെ ഗർവ്വിഷ്ഠരും പുരുഷന്മാരെ വലയ്ക്കുന്നവരും പാതിവ്രത്യം ആചരിക്കാത്തവരും ആണെന്ന് അഭിപ്രായപ്പെട്ടപ്പോൾ മറുപടിയായി ഇന്ദുലേഖ മര്യാദയില്ലാത്ത ചില സ്ത്രീകൾ തങ്ങളുടെ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നു എന്നതുകൊണ്ട് സ്ത്രീസ്വാന്തന്ത്ര്യം ഒരു അനാചാരമായിക്കണ്ട് വിമർശിക്കുന്നത് ശരിയല്ല എന്നും ദാമ്പത്യത്തിൽ സ്ത്രീയും പുരുഷനും പൂർണ്ണസ്വാതന്ത്ര്യം ഉള്ളതാണ് ശ്‌ളാഘനീയം എന്നും പ്രസ്താവിക്കുന്നത് ചന്തുമേനോന്‍റെ നിലപാട് എത്രമാത്രം പുരോഗമനപരമായിരുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ്.വിദ്യാസമ്പന്നയും സുശീലയുമായ ഇന്ദുലേഖയോട് ഇതരകഥാപാത്രങ്ങൾക്കുള്ള മതിപ്പും ബഹുമാനവും, അവളുടെ നിശ്ചയദാർഢ്യം സ്വന്തം മോഹഭംഗത്തിനിടയാക്കും എന്ന പഞ്ചുമേനോൻ ഉൾപ്പടെയുള്ളവരുടെ ഭയവും ആഖ്യാനത്തിലുടനീളം അനുഭവേദ്യമാക്കുന്നതിലൂടെയും വിദ്യാഭ്യാസത്തിലും വ്യക്തിവികാസത്തിലും ഇന്ദുലേഖയുടെ വിപരീതധ്രുവം എന്ന് അനുമാനിക്കാവുന്ന കല്ല്യാണിക്കുട്ടിയെ ഇന്ദുലേഖ നിരാകരിച്ച സംബന്ധത്തിന്റെ നിസ്സംഗ സ്വീകർത്താവായി അവതരിപ്പിക്കുന്നതിലൂടെയും ഇന്ദുലേഖയെ വിജയശ്രീലാളിതയായി കഥ പര്യവസാനിപ്പിക്കുന്നതിലൂടെയും ചന്തുമേനോൻ ഇന്ദുലേഖയെ സ്ത്രീസ്വാതന്ത്ര്യത്തിന്റെ അനുകരണീയമാതൃകയായി അവതരിപ്പിക്കുകയാണ് ചെയ്തത് .
പ്രതീകങ്ങള്‍ :
*ഇംഗ്ലീഷ്
ആധുനികതയുടെ പര്യായമായി തന്നെ ഇംഗ്ലീഷ് വിദ്യാഭ്യാസസമ്പ്രദായത്തെയും ഭാഷയേയും അവതരിപ്പിച്ചിരിക്കുന്നു . പുരോഗമനപരതയുടെ വക്താക്കളുടെയൊക്കെ ഇംഗ്ലീഷ് ഭാഷാ / വിദ്യാഭ്യാസ പരിസരം പ്രത്യേകം പരാമര്ശിക്കപ്പെട്ടിട്ടുണ്ട്. ശിന്നനെ “മൂരിക്കുട്ടനെപോലെ വളര്‍ത്താന്‍” അനുവദിക്കാതെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് അവസരം കൊടുക്കണമെന്ന മാധവന്റെ തീരുമാനത്തിന്റെ ഇംഗ്ലീഷ് വിദ്യാഭ്യാസം പരിമിതമായെങ്കിലും ലഭിച്ച ഇന്ദുലേഖയുടെയും നിഷേധിക്കപ്പെട്ട കല്ല്യാണിക്കുട്ടിയുടെയും ജീവിതവഴികൾ തമ്മിലുള്ള വൈരുധ്യത്തിന്റെ ചിത്രീകരണവും അനാവരണം ചെയ്യുന്നത് തന്നെ ഭാരതീയ പരിസരങ്ങളിൽ ഇംഗ്ലീഷിന്റെ ശാക്തീകരണ, നവോത്ഥാന സ്വഭാവമാണ് . ഇന്നത്തെ കേരളത്തിലും ഇംഗ്ലീഷ് എന്നത് ഒരു ഭാഷ എന്നതിനേക്കാൾ വരേണ്യതയുടെ , ആധുനികതയുടെ തന്നെ പ്രതീകമായാണ് കരുതപ്പെടുന്നത് എന്നത് എത്ര കൗതുകകരം !
*പ്രായം
യാഥാസ്ഥിതികതയുടെ പ്രതീകമായി തന്നെ കഥാപാത്രങ്ങളുടെ പ്രായാധിക്യത്തെ അവതരിപ്പിച്ചിരിക്കുന്നു . പുരോഗമനോത്സുകരായ മാധവൻ , ഇന്ദുലേഖ , ഗോവിന്ദൻകുട്ടിമേനവൻ തുടങ്ങിയവർ യൗനയുക്തരെങ്കിൽ യാഥാസ്ഥിതികമായ, ചിരപരിചിതമായ സങ്കല്പങ്ങളോട് കൂറുള്ള പഞ്ചുമേനവൻ , സൂരി നമ്പൂതിരിപ്പാട്, ഗോവിന്ദപ്പണിക്കര്‍ തുടങ്ങിയവരും കഥാപശ്ചാത്തലമായ പൂവള്ളി തറവാട്ടു മാളികകൾ തന്നെയും യൗവനം പിന്നിട്ടവർ ആണ് .
*പൂവള്ളി തറവാട്
കാലാകാലങ്ങളായി നിർവചിക്കപ്പെട്ടിരിക്കുന്നതും പരസ്പരപൂരകങ്ങളുമായ കൃത്യങ്ങളിലേർപ്പെടുന്ന കാരണവർസ്ഥാനീയന്റെ ആജ്ഞാനുവർത്തികളായ കേവലരായ അനേകം അന്തേവാസികളും ആശ്രിതരും ഉള്ള (പൂവള്ളി തറവാട്ടുവീട് ,പൂവരങ്ങ് എന്നിങ്ങനെയുള്ള ) പല മാളികകളിലായി നിലകൊള്ളുന്ന പൂവള്ളി തറവാട് കഥയ്ക്ക് പശ്ചാത്തലമാവുക മാത്രമല്ല ,യാഥാസ്ഥിതികമായ കെട്ടുപാടുകളുടെ പ്രത്യക്ഷബിംബമായി , കഥാഗതിയെ സ്വാധീനിക്കുന്ന , വായനാനുഭവത്തിനെ മിഴിവുറ്റതാക്കുന്ന ഒരു കഥാപാത്രമായി തന്നെ അനുഭവേദ്യമാകുന്നു .
I V . പ്രധാന കഥാപാത്രങ്ങൾ
ചന്തുമേനോന്‍ പുസ്തകത്തിന്റെ അനുബന്ധമായി ഉള്‍പ്പെടുത്തിയിരുന്ന പീഠിക പുതിയ പതിപ്പുകളിലെങ്കിലും ഉള്‍കൊള്ളിച്ചിട്ടില്ലാത്തതിനാല്‍ (മേൽപ്പറഞ്ഞ പീഠിക അടക്കം നോവലിന്റെ ആദ്യ പതിപ്പിനെ അപേക്ഷിച്ച് പിൽക്കാലങ്ങളിൽ പ്രചരിച്ച പതിപ്പുകൾ വിട്ടുകളഞ്ഞ ഭാഗങ്ങൾ 2014 ഏപ്രിലിൽ മാതൃഭൂമി ആഴ്ചപതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു എങ്കിലും ഇന്ന് പ്രചാരത്തിലുള്ള പ്രതികളെ അധികാരിച്ചായതിനാൽ ഈ കുറിപ്പിൽ ഈ ഭാഗങ്ങളെ പരിഗണിച്ചിട്ടില്ല ) കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളും മറ്റും മനസ്സിലാകുക എന്നത് ആദ്യമായി വായിക്കുമ്പോള്‍ അല്പം ക്ലേശകരമാണ് . പ്രധാന കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധം മനസ്സിലാക്കുവാൻ ഒരു ലഘു വംശവൃക്ഷം ചുവടെ ചേർക്കുന്നു :
*പഞ്ചുമേനവൻ :
ചമ്പാഴിയോട്ട് പൂവള്ളി എന്ന പുരാതന, സമ്പന്ന നായര്‍ തറവാട്ടിലെ കാരണവര്‍. കഥാസന്ദര്‍ഭത്തില്‍ എഴുപതു വയസ്സ് . തികഞ്ഞ യാഥാസ്ഥിതികൻ . മുന്കോപി എങ്കിലും ഉള്ളില്‍ ദയാവായ്പുള്ള പരമശുദ്ധ്ന്‍. അമ്മാവന്‍ ദിവാന്‍ ആയിരുന്ന കാലം "തഹ്സില്‍ദാര്‍" ആയി സേവനമനുഷ്ടിച്ചിരുന്നെങ്കിലും ഇംഗ്ലീഷ് ഭാഷയോ രീതിയോ വഴങ്ങില്ല.
*ഇന്ദുലേഖ :
(മാധവി എന്നാണ് ജാതകര്‍മ്മത്തില്‍ ഇട്ട പേര് )
കഥാനായിക . പതിനെട്ടിനോടടുത്ത് പ്രായം. അതിസുന്ദരി , ബുദ്ധിമതി , സുശീല , കുലീന . പഞ്ചുമേനവന്റെ മകള്‍ ലക്ഷ്മിക്കുട്ടിയമ്മയുടെ മകള്‍.അച്ഛൻ ഇന്ദുലേഖയ്ക്ക് രണ്ടരവയസ്സായിരുന്നപ്പോൾ അന്തരിച്ച കിളിമാനൂർ രാജകുടുംബഅംഗം .
അച്ഛന്റെ മരണശേഷം ഇന്ദുലേഖയെ മാതൃസഹോദരനും (ഇന്ദുലേഖയുടെ അമ്മാവൻ,പഞ്ചുമേനവന്റെ മൂത്തപുത്രൻ ) "ദിവാൻ പേഷ്കാർ" ഉദ്യോഗസ്ഥനും ആയ കൊച്ചുകൃഷ്ണമേനോൻ തന്റെ ജോലിസ്ഥലത്ത് കൊണ്ടുപോയി അദ്ദേഹത്തിന്റെ മരണം വരെ -അവളുടെ പതിനാറാം വയസ്സ് വരെ- വളർത്തച്ഛനായി വർത്തിച്ചു . ഇംഗ്ലീഷ് , സംസ്‌കൃതം ,സംഗീതം എന്നിവയിൽ നിപുണനായിരുന്ന കൊച്ചുകൃഷ്ണമേനോൻ ഇന്ദുലേഖയെയും ഈ വിദ്യകൾ അഭ്യസിപ്പിച്ചു . പാശ്ചാത്യവിദ്യാഭ്യാസരീതികൾ പരിചയിച്ചിട്ടുണ്ടെങ്കിലും സമാനസാഹചര്യങ്ങളിൽ ഉണ്ടാവാറുള്ളതുപോലെ ഗർവ്വോ നിരീശ്വരവാദമോ സ്വസംസ്കാരത്തിന്റെ ആചാരാനുഷ്ഠാനങ്ങളോട് പുച്ഛമോ തൊട്ടുതീണ്ടിയിട്ടില്ല . അമ്മാവന്റെ മരണശേഷം മാതൃഗൃഹമായ ചെമ്പാഴിയോട്ടു പൂവള്ളിയിലേക്ക് ഇന്ദുലേഖ താമസം മാറ്റി.
തന്റേടിയായ, വിദ്യാസമ്പന്നയായ , ശക്തയായ, പതിവ്രതയായ ഇന്ദുലേഖ എക്കാലത്തെയും സ്ത്രീക്ക് എന്തുകൊണ്ടും അനുകരണീയമായ മാതൃകയായാണ് അവതരിക്കപ്പെട്ടിരിക്കുന്നത് .
*മാധവൻ :
ഇന്ദുലേഖയുടെ പ്രണയഭാജനം . ഇരുപത്തഞ്ചിനോടടുത്തു പ്രായം. അതികോമളൻ ,ബുദ്ധിമാൻ , സത്‌സ്വഭാവി , രസികൻ . FA(First Arts), BA , BL എന്നിവ ഒന്നാം ക്ലാസ്സോടെ, പ്രശസ്തമായി വിജയിച്ചു. സംസ്‌കൃതത്തിലും ഇംഗ്ലീഷിലും അതിനിപുണൻ . "ലോൺ ടെന്നീസ് ', ക്രിക്കറ്റ് തുടങ്ങി "ഇംഗ്ലീഷുമാതിരി വ്യായാമവിനോദങ്ങളിൽ " അതിസമർത്ഥൻ. ഇന്ദുലേഖയ്ക്ക് അനുരൂപനും അനുയോജ്യനമെന്ന രീതിയിൽ പൊതുസമ്മതൻ . പരിഷ്കരണവാദി , ബ്രിട്ടീഷ് സർക്കാരിനോട് അനുഭാവം .
പഞ്ചുമേനവന്റെ സഹോദരിയുടെ മകൾ പാർവതി അമ്മയുടെയും ഗോവിന്ദപ്പണിക്കരുടെയും പുത്രൻ .
കഥാഗതിയുടെ ചില സന്ദർഭങ്ങളെങ്കിലും മാധവൻ വികാരങ്ങൾക്ക് വേഗം അടിപ്പെടുന്ന ചഞ്ചലചിത്തനും അപക്വമതിയും ആണെന്ന നിഗമനത്തിലേക്ക് നയിക്കും ( ഇന്ദുലേഖയോടുള്ള അനുരാഗപാരവശ്യത്തിൽ വലയുന്നതും , ഇന്ദുലേഖാ-സൂരിനമ്പൂതിരിപ്പാട് സംബന്ധത്തെപ്പറ്റിയുള്ള കേട്ടുകേൾവിയെ വിശ്വസിച്ച് നാട് വിട്ടതും , അപരിചിതനെ പൂർണ്ണമായും വിശ്വസിച്ചത് യാത്രാസാമാനങ്ങൾ നഷ്ടമാകാനിടയായതും മറ്റും ഉദാഹരണങ്ങൾ )
*കണ്ണഴി മൂര്ക്കില്ലാത്തമനയ്ക്കൽ സൂരി നമ്പൂതിരിപ്പാട്
മാധവനെ ഒഴിവാക്കാൻ പഞ്ചുമേനവൻ ഇന്ദുലേഖയ്ക്കായി കണ്ടെത്തിയ 'സംബന്ധ'ക്കാരൻ .
ഉദ്ദേശം നാൽപ്പത്തിയഞ്ച് വയസ്സ് , സ്ത്രീലമ്പടൻ , കഥകളിഭ്രാന്തൻ . ധനികൻ . വിദ്യാഭ്യാസം തുലോം കുറവായ അതിശുദ്ധൻ , വിഡ്‌ഢി . ആത്മരതിയിൽ ( പ്രത്യേകിച്ചും മുഖസ്തുതിയിൽ അതിതല്പരൻ ).
ശരാശരി സൗന്ദര്യം , ചാടിച്ചാടിയുള്ള അപഹാസ്യമായ രീതിയിലുള്ള നടത്തവും പ്രകൃതവും . വിടർന്ന ചിരി .
മനയ്ക്കലെ ഇളയ മകൻ ; വിവാഹം ("വേളി ")കഴിക്കാതെ അനേകം "ശൂദ്ര "സ്ത്രീകളുമായി സംബന്ധം നടത്തിപ്പോന്നു . മനയ്ക്കലെ മുഖ്യകാര്യദർശിയായിരിക്കെ തന്നെ സ്വത്തൊക്കെ വിഷയസുഖങ്ങൾക്കായി ധൂർത്തടിക്കുന്നു .
സൂരി നമ്പൂതിരിപ്പാടിന്റെ അവതരിപ്പിക്കുന്ന അദ്ധ്യായം ( ഏഴാമദ്ധ്യായം ) തുടങ്ങുന്നത് ഈ കഥാപാത്രാവിഷ്കാരം നമ്പൂതിരി സമുദായഅംഗങ്ങളെ അടച്ചാക്ഷേപിക്കാൻ ഉദ്ദേശിച്ചുള്ളതല്ല എന്നും മറ്റേതൊരു സമുദായത്തിലേയും പോലെ തന്നെയാണ് നമ്പൂതിരിസമുദായത്തിലും വിഡ്ഢികളുടെയും ബുദ്ധിമാന്മാരുടെയും സദ്ചിത്തരുടെയും ദുഷ്ടരുടെയും പ്രാതിനിധ്യം എന്ന് തനിക്ക് ബോധ്യമുണ്ട് എന്നും സൂരിനമ്പൂതിരിപ്പാടിന്റെ വിപരീതധ്രുവമായ ( അതിബുദ്ധിമാനും മാന്യനും സത്സ്വഭാവിയുമായ ) ചെറുശ്ശേരി നമ്പൂതിരിയുടെ പാത്രാവിഷ്കരണത്തിലൂടെ താൻ ഇതാണ് സമർത്ഥിക്കാൻ ഉദ്ദേശിക്കുന്നത് എന്നും അതിനാൽ താൻ നമ്പൂതിരിവിരോധിയാണെന്നുകരുതി നമ്പൂതിരിസമുദായഅംഗങ്ങൾ തന്നോട് പരിഭവിക്കരുത് എന്നും പറയുന്ന ഒരു 'മുൻകൂർ ജാമ്യ ' ത്തിലൂടെയാണ് . എന്നാൽ പിൽക്കാലത്ത് ജനിച്ച അസംഘ്യം സാഹിത്യ -സാഹിത്യേതര ആവിഷ്കാരങ്ങളിൽ 'നമ്പൂതിരി'യുടെ വാർപ്പുമാതൃകയായി ഭവിച്ചത് ചെറുശ്ശേരി നമ്പൂതിരി അല്ല , സൂരി നമ്പൂതിരിപ്പാട് ആയിരുന്നു എന്നത് കാലത്തിന്റെ വൈചിത്ര്യം !
*ചെറുശ്ശേരി നമ്പൂതിരി
സൂരിനമ്പൂതിരിപ്പാടിന്റെ സഹോദരൻ നാരായണൻ നമ്പൂതിരിപ്പാടിന്റെ സുഹൃത്ത് . ഇന്ദുലേഖയെയും മാധവനെയും മുൻപരിചയം; ഇവരുടെ അഭ്യുദയകാംക്ഷി . അതിബുദ്ധിമാൻ , രസികൻ .
സൂരിനമ്പൂതിരിയെ ബഹുപുച്ഛമാണെങ്കിലും മുഷിപ്പ് ഭയന്ന് മുഖസ്തുതിയുടെ മറവിൽ നിന്ദാസ്തുതി ചെയ്തുപോന്നു .
ഇന്ദുലേഖയുമായി സംബന്ധം തുടങ്ങാൻ പുറപ്പെട്ട സൂരിനമ്പൂതിരിയ്ക്ക് അകമ്പടി സേവിച്ചു .
*കറുത്തേടം കേശവൻ നമ്പൂതിരി
ഇന്ദുലേഖയുടെ അമ്മയായ ലക്ഷ്മിക്കുട്ടിയമ്മയുടെ 'സംബന്ധ'ക്കാരൻ . പരമശുദ്ധൻ .ഭാര്യയോട് അതിയായ സ്നേഹം .
സ്വന്തം ഇല്ലത്തുപോയി താമസിക്കുക ചുരുക്കം .ഭക്ഷണവും മറ്റും പൂവള്ളിവക സത്രത്തിനു സമീപമുള്ള മഠത്തിൽ നിന്ന്. ഇന്ദുലേഖയ്ക്ക് സംബന്ധക്കാരനായി സൂരിനമ്പൂതിരിപ്പാടിനെ ക്ഷണിക്കാൻ ഇടയാക്കിയത് സൂരിനമ്പൂതിരിപ്പാടിനോടുള്ള കേശവൻ നമ്പൂതിരിയുടെ മുൻപരിചയവും മതിപ്പുമാണ് .
*ലക്ഷ്മിക്കുട്ടി അമ്മ
ഇന്ദുലേഖയുടെ അമ്മ (പഞ്ചുമേനവന്റെ മകൾ ). ഏകദേശം മുപ്പത്തിഅഞ്ച് വയസ്സ് പ്രായം . അതിസുന്ദരി , ബുദ്ധിമതി .
ആദ്യഭർത്താവ് (ഇന്ദുലേഖയുടെ അച്ഛൻ ) കിളിമാനൂർ രാജകുടുംബഅംഗം. കഥാസന്ദര്ഭത്തിന് ആറു കൊല്ലം മുൻപ് കറുത്തേടം കേശവൻ നമ്പൂതിരിയുമായി 'സംബന്ധം ' തുടങ്ങി .
*ഗോവിന്ദപ്പണിക്കർ
മാധവന്റെ അച്ഛൻ . അതിബുദ്ധിമാൻ ,ധനികൻ , സൽസ്വഭാവി , മാന്യൻ .
പൂവള്ളിക്ക് പുറത്തു പ്രത്യേകം താമസിക്കുന്നു .
*പാർവതി അമ്മ
മാധവന്റെ അമ്മ;പഞ്ചുമേനവന്റെ സഹോദരീപുത്രി . പൂവള്ളിയിൽ താമസിക്കുന്നു .
*ഗോവിന്ദൻകുട്ടിമേനവൻ
പഞ്ചുമേനവന്റെ ഇളയമകൻ (ഇന്ദുലേഖയുടെ 'കൊച്ചമ്മാമൻ '). യുവാവ് , നിരീശ്വരവാദി , അതിബുദ്ധിമാൻ . വാക്കിലും പെരുമാറ്റത്തിലും മയം കുറവ് . മദിരാശിയിൽ താമസം .
*കുഞ്ഞുക്കുട്ടിയമ്മ
പഞ്ചുമേനവന്റെ പത്നി (ഇന്ദുലേഖയുടെ 'മുത്തശ്ശി ') . യാഥാസ്ഥിതിക മനോഭാവം .
*ശങ്കരമേനോൻ :
പഞ്ചുമേനവന്റെ വിനീതവിധേയനായ സഹോദരീപുത്രൻ (മാധവന്റെ മാതൃസഹോദരൻ /അമ്മാമൻ )
*കല്ല്യാണിക്കുട്ടി
ഇന്ദുലേഖയ്ക്ക് പകരം സൂരിനമ്പൂതിരിപ്പാട് പൂവള്ളിയിൽ നിന്ന് 'സംബന്ധം ' ചെയ്യുന്നവൾ . പതിമൂന്ന് വയസ്സ് . സുമുഖി . ഇംഗ്ലീഷ് വിദ്യാഭ്യാസം തീരെയില്ല ; തനി കേരളീയ സമ്പ്രദായത്തിൽ വളർന്ന സാധു പെൺകുട്ടി .
*കുമ്മിണിഅമ്മ
പഞ്ചുമേനവന്റെ പെങ്ങൾ (നേരെ പെങ്ങളാണോ അതോ സഹോദരീസ്ഥാനീയ മാത്രമാണോ എന്നത് വ്യക്തമല്ല. മാധവനോടും ശിന്നനോടുമുള്ള പഞ്ചുമേനവന്റെ സമീപനങ്ങളുടെ ഇരട്ടത്താപ്പ് സൂചിപ്പിക്കുന്നത് കുമ്മിണിയമ്മ മറ്റൊരു താവഴിയിൽ പെട്ടവരാണ് എന്നതാണ് ) . ചാത്തരൻ , ഗോപാലൻ ,ശിന്നൻ, കല്ല്യാണിക്കുട്ടി എന്നിവരുടെ അമ്മ . പഞ്ചുമേനവനോട് ഭയഭക്തിബഹുമാനത്തിൽ പൊതിഞ്ഞ വിധേയത്വം , യാഥാസ്ഥിതിക മനോഭാവം .
*ശീനുപട്ടർ
കുമ്മിണിയമ്മയുടെ ഭർത്താവ് . ചാത്തരൻ , ഗോപാലൻ ,ശിന്നൻ, കല്ല്യാണിക്കുട്ടി എന്നിവരുടെ അച്ഛൻ . പഞ്ചുമേനവന്റെ അമ്മാവന്റെയൊപ്പം അരിവെപ്പുകാരനായി നിന്നിരുന്നു . നിഷേധി ; ചാത്തരന്റെ വിദ്യാഭ്യാസവിഷയത്തിൽ പഞ്ചുമേനവനോട് കൊമ്പുകോർക്കാൻ ധൈര്യപ്പെടുന്നു .
*ശങ്കരശാസ്ത്രികൾ
പൂവള്ളിയിൽ രാമായണപാരായണത്തിനായി നിയോഗിക്കപെട്ടയാൾ . ഇന്ദുലേഖയുടെയും മാധവന്റെയും സുഹൃത്തും അഭ്യുദയകാംക്ഷിയും . ശുദ്ധൻ .
*വെറ്റിലപ്പെട്ടിക്കാരൻ ഗോവിന്ദൻ
വിഡ്ഢിയായ അതിബുദ്ധിമാനായ വാല്യക്കാരൻ . തന്റെ യജമാനന്റെ സ്വഭാവമൊക്കെ അറിയാമെങ്കിലും അദ്ദേഹത്തോട് ഭക്തിയും സ്നേഹവും . പല സന്ദർഭങ്ങളിലും സൂരിനമ്പൂതിരിപ്പാടിന് വിലയേറിയ ഉപദേശങ്ങൾ കൊടുക്കുന്നത് ഗോവിന്ദനാണ് (ഉദാ : ഇന്ദുലേഖയ്ക്കുപകരം കല്ല്യാണിക്കുട്ടിയെ സംബന്ധം കഴിക്കാൻ )
V . കഥാസംഗ്രഹം
കഥ തുടങ്ങുന്ന സമയം അതിസുന്ദരിയും സുശീലയും ബുദ്ധിമതിയുമായ
ഇന്ദുലേഖയും അനുരൂപനും അനുയോജ്യനുമായ മാധവനും മനസ്സാ വരിച്ചിരുന്നു ; ഇവരുടെ
സ്നേഹബന്ധം ഇരുവരുടെയും തറവാടായ പൂവള്ളിയിലും പരിസരപ്രദേശങ്ങളിലെയും ജനങ്ങൾക്കിടയിലെ പരസ്യമായ രഹസ്യമായിരുന്നു. തറവാട്ടിലെ മറ്റൊരു അംഗമായ ശിന്നനും തന്നെപ്പോലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് അര്‍ഹതയുണ്ടെന്നും കാരണവരായ തന്റെ വല്യമ്മാമന്‍
(പഞ്ചുമേനവന്‍) ഇക്കാര്യത്തിനായി തറവാട് വക പണം ചിലവഴിക്കില്ല എന്ന തീരുമാനത്തില്‍
ഉറച്ചുനില്‍ക്കുകയാണെങ്കില്‍ താന്‍ ശിന്നനെ
പഠിപ്പിക്കും എന്നും പ്രസ്താവിച്ച് മാധവന്‍ പഞ്ചുമേനവനുമായി കൊമ്പുകോര്‍ക്കുന്നു. കുടുംബക്കാരണവരായ താന്‍ ആദ്യമായി
ധിക്കരിക്കപ്പെട്ടതിലുള്ള അമ്പരപ്പിലും ക്രോധത്തിലും ഇന്ദുലേഖയെ ഒരിക്കലും മാധവന്
വിവാഹംചെയ്ത് കൊടുക്കില്ല എന്ന് പഞ്ചുമേനവന്‍ ശപഥം ചെയ്യുന്നു. കേശവൻ നമ്പൂതിരി പറഞ്ഞറിഞ്ഞ മൂര്ക്കില്ലാത്ത മനയ്ക്കല്‍ സൂരി നമ്പൂതിരിയുമായി ഇന്ദുലേഖയുടെ സംബന്ധം നടത്താൻ
വട്ടം കൂട്ടുന്നു ; ഇതിനായി മൂര്ക്കില്ലാത്ത (മനയ്ക്കൽ സൂരി
) നമ്പൂതിരിപ്പാടിന് രണ്ട് -നാല് ദിവസം പൂവള്ളിയിൽ താമസിക്കാൻ ക്ഷണിച്ചുകൊണ്ട്
കത്തയയ്ക്കുന്നു . ശിന്നനെ പഠിപ്പിക്കാനുള്ള ചിലവ് താൻ (രഹസ്യമായി) വഹിക്കാം എന്ന് മാധവന്റെ അച്ഛന്‍ ഗോവിന്ദപ്പണിക്കർ വാഗ്ദാനം ചെയ്യുന്നു. തന്റെ ഉദ്യോഗം ശരിയാക്കാനായി മദിരാശിയിലേക്ക് മടങ്ങുമ്പോള്‍
മാധവൻ ശിന്നനെയും
ഒപ്പം കൂട്ടുന്നു. മദിരാശിയിൽ നിന്ന് നാട്ടിലെത്തിയ ഇന്ദുലേഖയുടെ "കൊച്ചമ്മാമൻ " ഗോവിന്ദൻകുട്ടിമേനവൻ വഴി മാധവന്റെ ഉദ്യോഗലബ്ധി വൈകാൻ ഇടയില്ല എന്ന് ഇന്ദുലേഖ അറിയുന്നു.
കേശവൻ നമ്പൂതിരിയുടെ എഴുത്തിൽനിന്ന് ഇന്ദുലേഖയെപ്പറ്റി അറിഞ്ഞ സൂരിനമ്പൂതിരിപ്പാട് പൂവള്ളിയിലെത്താന്‍ ധൃതികൂട്ടുന്നു. ഇത് സാധാരണ സംബന്ധമല്ല എന്നും ഇന്ദുലേഖയെ മനയ്ക്കലേക്ക് ഭാര്യയായി കൂട്ടിക്കൊണ്ടുവരുമെന്നും കണക്കുകൂട്ടിയ സൂരിനമ്പൂതിരിപ്പാട് വെറ്റിലപ്പെട്ടിക്കാരൻ ഗോവിന്ദൻ ,കാര്യസ്ഥൻ , വാല്യക്കാർ എന്നിവർക്ക് പുറമേ ചെറുശ്ശേരി നമ്പൂതിരിയെയും കൂട്ടി ഘോഷയാത്രയായി
പൂവള്ളിയിലെത്‌തുന്നു. ദർശനമാത്രയിൽ തന്നെ സൂരിനമ്പൂതിരി ഇന്ദുലേഖയിൽ ഭ്രമിതനാകുന്നു .
നമ്പൂതിരിപ്പാടിന് സംബന്ധത്തിനെപ്പറ്റി സംസാരിക്കാൻ ഇടനൽകാതെ ഇന്ദുലേഖ ഒഴിഞ്ഞുമാറുന്നു. രാത്രി തന്റെ
പാട്ട് ശ്രവിക്കാം എന്ന് കണക്കുകൂട്ടിയ നമ്പൂതിരിപ്പാടിനെ ഇന്ദുലേഖ നിരാശനാക്കുന്നു. ഇതിനോടകം 'ഇങ്കരിയസ്സുമാതിരിക്കാരി" യായ ഇന്ദുലേഖ തനിക്ക് യോജിച്ച ഭാര്യയായിരിക്കില്ല എന്ന് ബോധ്യമായതും സംബന്ധം കഴിയാതെ മനയ്ക്കൽ തിരിച്ചെത്തേണ്ടിവന്നേക്കാം എന്ന
തിരിച്ചറിവും ധര്മ്മസങ്കടത്തിലാക്കിയ സൂരിനംബൂതിരിപ്പാടിന്‍റെ മുന്നില്‍ ഇന്ദുലേഖയ്ക്ക് പകരം ശീനുപട്ടരുടെ മകളെ (കല്ല്യാണിയെ ) സംബന്ധം
ചെയ്ത് കൊണ്ടുപോവുക എന്ന ആശയം
വെട്ടിലപ്പെട്ടിക്കരന്‍ ഗോവിന്ദൻ മുന്നോട്ട് വയ്ക്കുന്നു. പിറ്റേന്ന് കാലത്ത് ഒരിക്കൽക്കൂടി ഇന്ദുലേഖയെ സന്ദർശിച്ച് വശപ്പെടുത്താൻ ശ്രമിക്കാമെന്നും പരാജയപ്പെട്ടാൽ കല്ല്യാണിയെ സംബന്ധം ചെയ്തു പിറ്റേ ദിവസം പുലർച്ചെ തന്നെ പൂവള്ളിയിൽ നിന്ന് പുറപ്പെടാനും സൂരിനമ്പൂതിരിപ്പാട് കണക്കുകൂട്ടുന്നു. രണ്ടാമതും തന്നെ സന്ദര്‍ശിച്ച നമ്ബൂതിരിപ്പാടിനോട് താൻ ഈ ജന്മം വശംവദയാകില്ല എന്ന്
ഇന്ദുലേഖ
വ്യക്തമാക്കുന്നു. കല്ല്യാണിയെ സംബന്ധം ചെയ്യാനുള്ള നമ്പൂതിരിപ്പാടിന്റെ ആഗ്രഹത്തിന് പഞ്ചുമേനോന്‍ സമ്മതം മൂളുന്നു. അപമാനം ഭയന്ന് ഇന്ദുലേഖയെയാണ് സംബന്ധം
ചെയ്യുന്നതെന്നതരത്തില്‍ സൂരിനംബൂതിരിപ്പാടും ഗോവിന്ദനും വാര്‍ത്ത പരത്തുന്നു. ഇതിനിടെ
മാധവന് ഉദ്യോഗം ലഭിച്ചു എന്നറിഞ്ഞതില്‍ ആഹ്ദളാദചിത്തയായ ഇന്ദുലേഖയുടെ ഉത്സാഹവും നമ്പൂതിരിപ്പാടിനെ
അപമാനിക്കരുതെന്ന് ലക്ഷ്മിക്കുട്ടിഅമ്മ മുൻകൂട്ടി ഉപദേശിച്ചത് മാനിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ആവശ്യപ്രകാരം പിയാനോ വായിക്കുന്നതും ഈ അഭ്യൂഹത്തിന് കരുത്തേകുന്നു. വാര്‍ത്തകളില്‍
മനംനൊന്ത് മാധവന്റെയും ഇന്ദുലെഖയുടെയും സുഹൃത്തായ ശങ്കരശാസ്ത്രികള്‍ അല്പം നാള്‍ സ്വന്തം നാട്ടില്‍ പോയി താമസിക്കാന്‍
പുറപ്പെടുന്നു.
കല്ല്യാണിയെ സംബന്ധം
ചെയ്ത് പോകുന്നവഴി ശങ്കരശാസ്ത്രികളോട് ഇന്ദുലേഖയാണ് പല്ലക്കില്‍ എന്നവണ്ണം
ഗോവിന്ദന്‍ സംസാരിക്കുന്നത് ഇന്ദുലേഖ-സൂരിനമ്പൂതിരിപ്പാട് സംബന്ധം നടന്നു എന്ന രീതിയിലുള്ള അഭ്യൂഹം ശരിയാണെന്ന പൂര്‍ണബോധ്യം ശങ്കരശാസ്ത്രികളില്‍
ഉണ്ടാക്കുന്നു. തത്സമയം ഉദ്യോഗം ലഭിച്ച് ഇന്ദുലേഖയെ കൂട്ടിക്കൊണ്ടുപോകാനായി ഒരാഴ്ചത്തെ അവധിയില്‍ നാട്ടിലെത്തിയ മാധവന്‍ വഴിയാത്രക്കാരില്‍ നിന്ന് ഇന്ദുലേഖ-നമ്പൂതിരിപ്പാട്
സംബന്ധം നടന്നു എന്ന രീതിയിലുള്ള വാര്‍ത്ത കേള്‍ക്കുന്നു. അപ്പോൾ അവിടേക്കു കടന്നുവന്ന ശങ്കരശാസ്ത്രികൾ വാർത്ത സ്ഥിരീകരിച്ചതോടെ ഹൃദയംതകർന്ന മാധവൻ മദിരാശിയിലേക്ക്
തിരിയ്ക്കുന്നു . ഇന്ദുലേഖയുടെ വഞ്ചനയെപ്പറ്റി താന്‍ അറിഞ്ഞുവെന്നും മനശാന്തിക്കായി
ദേശസഞ്ചാരത്തിന് പുറപ്പെടുകയാണ് എന്നും അറിയിച്ചുകൊണ്ടുള്ള എഴുത്ത് അച്ഛനെഴുതിയയച്ച
ശേഷം നാലുമാസത്തെ അവധിയെടുത്ത് മാധവന്‍ ബംബായിലേക്ക് (ഇന്നത്തെ മുംബൈ) വണ്ടികയറുകയും
ഉത്തരേന്ത്യയും ബർമ്മയും സന്ദർശിക്കാൻ തീരുമാനിച്ച
കല്‍ക്കത്താവിലേക്ക് (കൊല്‍ക്കത്ത) കപ്പല്‍ കയറുകയും ചെയ്യുന്നു. മാധവനെ
അന്വേഷിച്ച് ബംബായിലെത്തിയ ഗോവിന്ദപ്പണിക്കരും ഗോവിന്ദന്‍കുട്ടിമേനോനും മാധവൻ ബിലാത്തി(ബ്രിട്ടണ്‍) യിലേക്കായിരിക്കും കപ്പൽ കയറിയത് എന്ന് ധരിച്ച് ബിലാത്തിയിലേക്കുള്ള കപ്പലുകളുടെ വിവരങ്ങളൊക്കെ
പരിശോധിച്ചിട്ടും മാധവന്റെ പേര് കാണാതെ നിരാശരാകുന്നു.കല്‍ക്കത്താവില്‍ വച്ച് അവിടത്തെ കോടീശ്വരന്മാരിൽ അഗ്രഗണ്യനായ ബാബു ഗോവിന്ദസെൻ , അനുജൻ ബാബു ചിത്രപ്രസാദ് സെൻ , മകൻ ബാബു കേശവചന്ദ്ര സെൻ , കൂട്ടുകച്ചവടക്കാരൻ ഗോപിനാഥ ബാനർജ്‌ജി എന്നിവരടങ്ങിയ നാൽവർസംഘത്തിനെ പരിചയപെടുകയും അവരുടെ ക്ഷണം സ്വീകരിച്ചുകൊണ്ട് ബാബു ഗോവിന്ദസെന്നിന്റെ
ബംഗ്ലാവില്‍ അല്പനാള്‍ താമസിക്കുകയും ചെയ്യുന്നു. മടങ്ങുമ്പോൾ ഗോപിനാഥബാനർജ്ജിയുടെ കച്ചവടസ്ഥലത്തെ വസതിയിൽ അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ച് കുറച്ചു നാൾ തങ്ങാം എന്ന് കൊടുത്ത
വാക്കനുസരിച്ച് അദ്ദേഹം സ്ഥിരതാമസമാക്കിയിരുന്ന കച്ചവടസ്ഥലത്തേക്ക് പുറപ്പെട്ടു. തീവണ്ടിയില്‍ വച്ച് യാത്രയ്ക്കുള്ള പണം ഉള്‍പ്പടെ മാധവന്റെ
സാമഗ്രികളെല്ലാം മോഷണം പോകുന്നു . വിവരമറിഞ്ഞ ഗോവിന്ദസെൻ മാധവന്റെ ബാക്കിയുള്ള ദേശസഞ്ചാരത്തിന്റെയും തിരിച്ച് മദിരാശിയിൽ എത്തുന്നതുവരെയുമുള്ള ചെലവ് താൻ വഹിക്കും എന്നറിയിക്കുന്നു. ഗോവിന്ദസെന്നിനെ ബുദ്ധിമുട്ടിക്കുന്നതിന്റെ ജാള്യതയോർത്ത് മാധവൻ ദേശസഞ്ചാരം വെട്ടിച്ചുരുക്കി ബംബായിൽ കേശവചന്ദ്രസെന്നിനെ സന്ദർശിച്ചശേഷം മദിരാശിയിൽ തിരിച്ചെത്താൻ തീരുമാനിച്ച് പുറപ്പെടുന്നു. തത്സമയം ബംബായിൽ വച്ച് വളരെ യാദൃശ്ചികമായി കേസബചന്ദ്രസേൻ ഗോവിന്ദൻകുട്ടി മേനവനെ കണ്ടുമുട്ടുകയും പരിചയപ്പെടുകയും ചെയ്യുന്നു .മാധവന്റെ ബന്ധുക്കളാണെന്ന്
മനസ്സിലായപ്പോൾ ഗോവിന്ദൻകുട്ടി മേനവനെയും ഗോവിന്ദപ്പണിക്കരെയും തന്റെ വീട്ടിൽ കൂട്ടിക്കൊണ്ടുപോകുന്നു .
ബംബായിൽ കേശവചന്ദ്രസെന്നിന്റെ വീട്ടിലെത്തിയ മാധവൻ തന്റെ അച്ഛനോടും ഗോവിന്ദൻകുട്ടി മേനവനോടും തികച്ചും
അപ്രതീക്ഷിതമായുണ്ടായ ഈ പുനഃ സമാഗമത്തിൽ വളരെ ആഹ്ളാദിക്കുന്നു . ഇന്ദുലേഖയുടെ ബാന്ധവത്തെപ്പറ്റിയുള്ള സത്യാവസ്ഥ അവരിൽനിന്നറിഞ്ഞപ്പോൾ മാധവൻ സ്തബ്ധനാവുകയും തന്റെ ചെയ്തികളിൽ പരിതപിക്കുകയും
ചെയ്യുന്നു . അന്ന് രാത്രി അവിടെ തങ്ങി പിറ്റേന്ന് മൂവരും നാട്ടിലേക്ക് മടങ്ങുന്നു.ഇതിനിടെ
മാധവന് എന്തോ അത്യാഹിതം സംഭവിച്ചതായി സ്വപ്നം കണ്ട ഇന്ദുലേഖ പനിച്ച് കിടപ്പിലാവുന്നു . വിവരമറിഞ്ഞെത്തിയ പഞ്ചുമേനവൻ തന്റെ പ്രിയപൗത്രിയുടെ ദുരവസ്ഥയിൽ വല്ലാതെ വ്യസനിക്കുകയും മാധവന് ഇന്ദുലേഖയെ കൊടുക്കില്ല എന്ന തന്റെ വാക്കും കൂടിയാണല്ലോ അവളുടെ വിഷമത്തിന്റെ ഹേതു എന്ന് ധരിച്ച് സത്യം ചെയ്തതിന്റെ ( "എന്റെ ശ്രീപോർക്കലി ഭഗവതിയാണെ ഞാൻ ഇന്ദുലേഖയെ മാധവന് കൊടുക്കയില്ലാ " )ഓരോ
അക്ഷരത്തിന്റെയും സ്വർണ്ണരൂപം നിർമ്മിച്ച് ബ്രാഹ്മണർക്ക് ദാനം ചെയ്‌ത് "പ്രായശ്ചിത്തം " നിവർത്തിച്ച് വാക്ക് തിരിച്ചെടുക്കാന്‍ തീരുമാനിക്കുന്നു . മാധവനും ഗോവിന്ദപ്പണിക്കരും ഗോവിന്ദൻകുട്ടിമേനോനും ബംബായില്‍ നിന്ന് തിരിച്ചതായുള്ള സന്ദേശം
ലഭിച്ച ആനന്ദത്തില്‍ ഇന്ദുലേഖ അതിവേഗം സുഖം പ്രാപിക്കുന്നു. മൂവരും തിരിച്ചെത്തി
ഏഴാം ദിവസം തന്നെ പഞ്ചുമേനവൻ കേമമായി ഇന്ദുലേഖാ-മാധവ വിവാഹം നടത്തുന്നു.ഒരു മാസത്തിനുള്ളിൽ മാധവനെ സിവിൽസർവീസിൽ എടുത്തതായുള്ള ഉത്തരവ് ലഭിക്കുന്നു.ഇന്ദുലേഖ, തന്റെ അച്ഛനമ്മമാർ എന്നിവരോടൊപ്പം മാധവൻ മദിരാശിക്ക് പുറപെടുന്നു.
V I . അധ്യായങ്ങളിലൂടെ ..
അദ്ധ്യായം 1 : പ്രാരംഭം
ശിന്നന്റെ വിദ്യാഭ്യാസത്തെ ചൊല്ലി മാധവന്‍ തന്റെ ‘വല്ല്യമ്മാമ’നായ
പഞ്ചുമേനവനോട് ഇടഞ്ഞ അന്തരീക്ഷത്തിലേക്കാണ് നോവല്‍ മിഴിതുറക്കുന്നത്. വല്ല്യമ്മാമനോട്
കൊമ്പുകോര്‍ക്കുന്നത് ബുദ്ധിയല്ല എന്ന്
മാധവന്റെ അമ്മാവന്‍ ശങ്കരമേനോനും അമ്മ പാര്‍വതിഅമ്മയും ഉപദേശിക്കുന്നു. തന്നെപ്പോലെ തന്നെ ശിന്നനും ഇംഗ്ലീഷ്
വിദ്യാഭ്യാസത്തിന് അര്‍ഹതയുണ്ടെന്നും വല്യമ്മാമന്‍ ഇക്കാര്യത്തിനായി തറവാട് വക പണം
ചിലവഴിക്കില്ല എന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ താന്‍ ശിന്നനെ പഠിപ്പിക്കും എന്ന തന്‍റെ നിലപാടില്‍
മാധവന്‍ ഉറച്ചുനില്‍ക്കുന്നു.
ഈ അദ്ധ്യായത്തിലാണ് മാധവന്റെ കഥാപാത്രപരിചയം; മാധവന്റെ സ്വഭാവ-ശരീര സൗന്ദര്യാദികളും പഠനമികവും മറ്റും വിശദമായി വിവരിക്കുന്നു.
അദ്ധ്യായം തുടങ്ങുന്നത് ഇന്ദുലേഖയുടെ സ്വഭാവ -ശരീര സൗന്ദര്യാദികൾ സുദീർഘമായി വിവരിച്ചുകൊണ്ടാണ് ; ശേഷം മാധവനും ഇന്ദുലേഖയും തങ്ങളുടെ അനുരാഗം എങ്ങനെ പരസ്പരം അറിയിച്ചു എന്ന് വിവരിക്കുന്നു ( കഥ തുടങ്ങുന്ന സമയം ഇന്ദുലേഖയും മാധവനും മനസ്സാ വരിച്ചിരുന്നു എന്നും ഇവരുടെ സ്നേഹബന്ധം പൂവള്ളിയിലെയും പരിസരപ്രദേശങ്ങളിലെയും -പഞ്ചുമേനവൻ ഉൾപ്പടെയുള്ള - ജനങ്ങൾക്കിടയിലെ പരസ്യമായ രഹസ്യമായിരുന്നു) .
BL പരീക്ഷയ്ക്ക് മദിരാശിയിൽ (ഇന്നത്തെ "ചെന്നൈ ") പോയി പൂവള്ളിയിൽ തിരിച്ചെത്തിയ മാധവൻ ഇന്ദുലേഖയോടുള്ള പ്രണയപാരവശ്യത്താൽ വലയുന്നു ( അഭ്യസ്തവിദ്യനെങ്കിലും താൻ തൊഴിൽരഹിതൻ ആണെന്നുള്ളതും ഇന്ദുലേഖയുടെ മനസ്സ് വെളിപ്പെടാത്തതും തിരുവിതാംകൂർ രാജാവ് പോലും "അമ്മച്ചി"യാക്കി കൊണ്ടുപോകാൻ ആലോചനയുണ്ടെന്ന് അഭ്യൂഹമുള്ള ഇന്ദുലേഖയോട് മനസ്സുതുറക്കുന്നതിൽ നിന്ന് മാധവനെ പിന്തിരിപ്പിക്കുന്നു ). പലവട്ടം പലതരത്തിൽ സൂചന നൽകിയിട്ടും മാധവനോട് തീവ്രാനുരാഗബദ്ധ എങ്കിലും ഇന്ദുലേഖ ഒഴിഞ്ഞുമാറുന്നു .
ഈ ഘട്ടത്തിൽ നടന്ന ഒരു സംഭാഷണത്തിനിടെ മാധവൻ 'മലയാള'ത്തിലെ സ്ത്രീകൾ (അന്നത്തെ കേരളത്തിലെ , പ്രത്യേകിച്ചും നായർ പോലെയുള്ള മരുമക്കത്തായ വ്യവസ്ഥിതി നിലനിൽക്കുന്ന സമുദായങ്ങളിലെ സ്ത്രീകൾ ) പൊതുവെ വളരെ ഗർവ്വിഷ്ഠരും പുരുഷന്മാരെ വലയ്ക്കുന്നവരും പാതിവ്രത്യം ആചരിക്കാത്തവരും ആണെന്ന് അഭിപ്രായപ്പെട്ടപ്പോൾ മറുപടിയായി ഇന്ദുലേഖ മര്യാദയില്ലാത്ത ചില സ്ത്രീകൾ തങ്ങളുടെ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നു എന്നതുകൊണ്ട് സ്ത്രീസ്വാന്തന്ത്ര്യം ഒരു അനാചാരമായിക്കണ്ട് വിമർശിക്കുന്നത് ശരിയല്ല എന്നും ദാമ്പത്യത്തിൽ സ്ത്രീയും പുരുഷനും പൂർണ്ണസ്വാതന്ത്ര്യം ഉള്ളതാണ് ശ്‌ളാഘനീയം എന്നും സമർത്ഥിച്ചു മാധവനെ ഭർത്സിക്കുന്ന സന്ദർഭം അക്കാലത്തെ കേരളത്തിലെ നായർ തുടങ്ങിയ സമുദായങ്ങളിലെ വിദ്യാസമ്പന്നരായ സ്ത്രീകളുടെ സാമൂഹ്യസ്ഥിതിയുടെയും ഗ്രന്ഥകാരന്റെ ലോകവീക്ഷണത്തിലെ പുരോഗമനപരതയുടെയും ദൃഷ്ടാന്തം ആണ് .
ഒടുവില്‍ BL ഒന്നാംക്ലാസ്സില്‍ പാസ്സായി എന്ന സന്ദേശം വന്നിട്ടും പ്രണയോദാസീനതയില്‍ അതീവ ദു:ഖിതനായി പരിതപിക്കുന്ന മാധവനോട് ഇന്ദുലേഖ തന്റെ അനുരാഗം വെളിപ്പെടുത്തുന്നു. ഇരുവരും മനസ്സാവരിക്കുന്നിടത് ഈ അദ്ധ്യായം അവസാനിക്കുന്നു.
അദ്ധ്യായം 3 : ഒരു കോപിഷ്ഠന്റെ ശപഥം
പഞ്ചുമേനോൻറെ പ്രത്യേകതകൾ പരിചയപ്പെടുത്തുന്നത് ഈ അദ്ധ്യായത്തിലാണ് . ഒന്നാം അദ്ധ്യായത്തിൽ സൂചിപ്പിച്ച മാധവനും പഞ്ചുമേനവനും തമ്മിലുള്ള കലഹം കോപാന്ധനാക്കിയ പഞ്ചുമേനവൻ ഇന്ദുലേഖയെ മാധവന് വിവാഹം ചെയ്തു കൊടുക്കുകയില്ല ( "എന്റെ ശ്രീപോർക്കലി ഭഗവതിയാണെ ഞാൻ ഇന്ദുലേഖയെ മാധവന് കൊടുക്കയില്ലാ " )എന്ന് കേശവൻ നമ്പൂതിരിയും ഇന്ദുലേഖയുടെ അമ്മയായ ലക്ഷ്മിക്കുട്ടി അമ്മയും കേൾക്കെ ശപഥം ചെയ്യുന്നു . കേശവൻ നമ്പൂതിരി പറഞ്ഞറിഞ്ഞ "മൂര്ക്കില്ലാത്ത " നമ്പൂതിരിയുമായി ഇന്ദുലേഖയുടെ സംബന്ധം നടത്താൻ വട്ടം കൂട്ടുന്നു ; ഇതിനായി മൂര്ക്കില്ലാത്ത (മനയ്ക്കൽ സൂരി ) നമ്പൂതിരിപ്പാടിന് രണ്ട് -നാല് ദിവസം പൂവള്ളിയിൽ താമസിക്കാൻ ക്ഷണിച്ചുകൊണ്ട് കത്തയയ്ക്കുന്നു .
അദ്ധ്യായം 4 : ഒരു വിയോഗം
മാധവൻ ഉദ്യോഗം ശരിയാക്കാനായി മദിരാശിയിലേക്ക് മടങ്ങാൻ ഒരുങ്ങുന്നു . കുളപ്പുരയിൽ ഇന്ദുലേഖാ -മാധവ സംഗമം . മദിരാശി സെക്രെട്ടറിയേറ്റിൽ അസിസ്റ്റന്റ് ഒഴിവുണ്ടെന്നാണ് അറിവെന്നും ഉദ്യോഗം ലഭിച്ചാലുടൻ കൂട്ടിക്കൊണ്ടുപോകുമെന്നും അതുവരെ വിവാഹാലോചനകളെ പ്രതിരോധിച്ചുനിൽക്കണമെന്നും ഇന്ദുലേഖയോട് മാധവൻ .
മാധവനും അച്ഛൻ ഗോവിന്ദപ്പണിക്കാരുമായുള്ള സംഭാഷണം . താൻ അറിയുന്ന ഇന്ദുലേഖ മറ്റാരെയും ഭർത്താവായി സ്വീകരിക്കില്ല എന്ന് മകനെ ആശ്വസിപ്പിക്കുന്നതിനോടൊപ്പം ശിന്നനെ പഠിപ്പിക്കാനുള്ള ചിലവ് താൻ (രഹസ്യമായി) വഹിക്കാം എന്നും ഗോവിന്ദപ്പണിക്കർ .
ഗോവിന്ദപ്പണിക്കരുടെ നിർദ്ദേശപ്രകാരം ശീനുപട്ടർ താൻ ശിന്നനെ ഇംഗ്ലീഷ് പഠിപ്പിക്കാനായി മദിരാശിയിൽ അയയ്ക്കുന്നു എന്ന് പഞ്ചുമേനവനെ ഔദ്യോഗികമായി അറിയിക്കാൻ ചെല്ലുമ്പോൾ പഞ്ചുമേനവനോട് കൊമ്പുകോർക്കുന്നു , ഭർത്സിക്കപ്പെടുന്നു .
മാധവൻ ശിന്നനെയും കൂട്ടി മദിരാശിയിലേക്ക് .
അദ്ധ്യായം 5 : പഞ്ചുമേനോന്റെ ക്രോധം
ശീനുപട്ടരുടെ സന്ദര്ശനത്തിന്റെയും മാധവൻ ശിന്നനെ മദിരാശിയിൽ കൊണ്ടുപോയതിന്റെയും പിന്നാലെ പഞ്ചുമേനവൻ ക്രോധം അധികരിച്ച് മുന്നിൽവന്നുപെടുന്ന സകലജനങ്ങളെയും ശകാരിക്കാനും പലപ്പോഴും പ്രഹരിക്കാനും തുടങ്ങുന്നു ( അക്കാലത്തെ കാരണവന്മാരോടുള്ള ശാരീരികാടിമത്തം സൂചിതം ) . ശീനുപട്ടരുടെ മറ്റുമക്കളായ ചാത്തരനെയും ഗോപാലനെയും വിളിപ്പിച്ച് ശകാരിക്കുന്നു .ശീനുപട്ടരെ അപമാനിച്ചു സംസാരിക്കുന്നത് എതിർത്ത ഗോപാലനെ തല്ലാൻ ചെന്നപ്പോൾ വീണ് പരിക്കേറ്റ പഞ്ചുമേനവൻ കുമ്മിണിക്കും മക്കൾക്കും നോക്കിനടത്താനും അനുഭവിക്കാനും ഏൽപ്പിച്ച പറമ്പുകളെല്ലാം ഏറ്റെടുക്കാനുള്ള ഏർപ്പാടുകൾ ചെയ്യാൻ ശങ്കരമേനോനോട് ആജ്ഞാപിക്കുന്നു . ശേഷം മാധവന്റെ അച്ഛൻ ഗോവിന്ദപ്പണിക്കരെ ശകാരിക്കാൻ നിശ്ചയിച്ച് അദ്ദേഹത്തിന്റെ വീട്ടിൽ പോകുന്നു . ബുദ്ധിമാനായ ഗോവിന്ദപ്പണിക്കർ താൻ മാധവനുനൽകുന്ന സർവ്വപിന്തുണയും മറച്ചുവച്ചുകൊണ്ട് മാധവന്റെ ചെയ്തികളെ തന്ത്രപൂർവ്വം "കലികാലവൈഭവം " എന്നും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ദൂഷ്യഫലം എന്നുമൊക്കെ വിശേഷിപ്പിച്ച് താൻ പഞ്ചുമേനവനെ പൂർണ്ണമായി അനുകൂലിക്കുന്നു എന്ന് ബോധ്യപ്പെടുത്തുന്നു . അതിശുദ്ധനായ പഞ്ചുമേനവൻ ഗോവിന്ദപ്പണിക്കരെ വിശ്വാസത്തിലെടുത്ത് മനസ്സുതുറന്ന് (തന്റെ പൂർവ്വകാലത്ത് കാരണവന്മാരെ എത്ര ഭയഭക്തിബഹുമാനമായിരുന്നു എന്നും മറ്റും ) സംസാരിക്കുമ്പോൾ ഇന്ദുലേഖയ്ക്ക് നിശ്ചയിച്ച സംബന്ധത്തിന്റെ വിവരങ്ങളുൾപ്പടെ വെളിപ്പെടുത്തുന്നു . ഗോവിന്ദപ്പണിക്കർ മാധവന്റെ ധിക്കാരത്തെ ചോദ്യം ചെയ്യണമെന്നും ഇന്ദുലേഖയെ ഉപദേശിച്ച് സംബന്ധത്തിന് അനുകൂലമായ നിലപാടിലെത്തിക്കണമെന്നും നിർദ്ദേശിച്ച് പഞ്ചുമേനവൻ മടങ്ങുന്നു .
അദ്ധ്യായം 6 : പഞ്ചുമേനോന്റെ കുണ്ഠിതം
മൂർക്കില്ലാത്ത നമ്പൂതിരിപ്പാടുമായുള്ള സംബന്ധത്തെപ്പറ്റി ഇന്ദുലേഖയുടെ അഭിപ്രായമറിയാൻ പഞ്ചുമേനോൻ കേശവൻ നമ്പൂതിരിയെയും കൂട്ടി ഇന്ദുലേഖയെ സമീപിക്കുന്നു . നിശ്ചയിച്ച് കഴിഞ്ഞു എന്ന് പറയുന്ന ഒരു കാര്യത്തിന് തന്റെ സമ്മതം ആരായുന്നത്തിന്റെ യുക്തിരാഹിത്യം ഇന്ദുലേഖ ചൂണ്ടിക്കാണിച്ചത് പഞ്ചുമേനവനെ കുണ്ഠിതപ്പെടുത്തുന്നു . സംബന്ധവിവരം ഇന്ദുലേഖയെ അറിയിക്കുക എന്ന കര്‍ത്തവ്യം തന്റെ മകളും ഇന്ദുലേഖയുടെ അമ്മയുമായ ലക്ഷിക്കുട്ടിഅമ്മയെ ഏല്‍പ്പിച്ച് പഞ്ചുമേനോൻ മടങ്ങുന്നു. ഇന്ദുലേഖാ-മൂര്‍ക്കില്ലാത്ത നമ്പൂതിരിപ്പാട് സംബന്ധത്തെപ്പറ്റി സംസാരിക്കാന്‍ നിശ്ചയിച്ച് കേശവന്‍ നമ്പൂതിരി ഭാര്യ ലക്ഷ്മിക്കുട്ടി അമ്മയെ വിളിച്ചുണര്‍ത്തി തനിക്ക് നിക്ഷേപമുള്ള 'നൂല്‍ കമ്പനി' ( തുണി ഫാക്ടറി എന്ന് അനുമാനിക്കാം ) യെപ്പറ്റി സംസാരിച്ചതും നൂല്‍ കമ്പനിയിലെ പുകക്കുഴലില്‍ വെള്ളക്കാര്‍ എന്തോ "വിദ്യ" പണിതുവച്ചിട്ടുണ്ടെന്നും ആ "വിദ്യ" യുടെ ശക്തി ആവാഹിച്ച പുക കൊണ്ടാണ് നൂല്‍ കമ്പനിയുടെ യന്ത്രങ്ങള്‍ തിരിയുന്നതെന്നുംമറ്റും പറയുന്നതും ഇതിനെ ഖണ്ഡിച്ചുകൊണ്ട് ഇന്ദുലേഖാ -മാധവ സംസർഗ്ഗത്തിന്റെ ഗുണഭോക്താവായ ലക്ഷിക്കുട്ടി അമ്മ പുകയ്ക്കല്ല , ആവിക്കാണ് ശക്തി എന്ന് സമർത്ഥിച്ചതും ഒരേസമയം കേശവൻ നമ്പൂതിരിയുടെ ശുദ്ധഗതിയിലേക്കും ലക്ഷിക്കുട്ടി അമ്മയുടെ വിവേകത്തിലേക്കും വെളിചം വീശുന്നു .
അദ്ധ്യായം 7 : കണ്ണഴി മൂര്ക്കില്ലാത്തമനയ്ക്കൽ സൂരി നമ്പൂതിരിപ്പാട്
സൂരിനമ്പൂതിരിപ്പാടിനെ വായനക്കാർ പരിചയപ്പെടുന്നത് ഈ അദ്ധ്യായത്തിലാണ് .
കേശവൻ നമ്പൂതിരിയുടെ എഴുത്തിൽനിന്ന് ഇന്ദുലേഖയെപ്പറ്റി അറിഞ്ഞ സൂരിനമ്പൂതിരിപ്പാട് പൂവള്ളിയിലേക്ക് പിറ്റേന്ന് പുലർച്ചെ തന്നെ പുറപ്പെടാൻ തീരുമാനിക്കുന്നു . ഇത് സാധാരണ സംബന്ധമല്ല എന്നും ഇന്ദുലേഖയെ മനയ്ക്കലേക്ക് ഭാര്യയായി കൂട്ടിക്കൊണ്ടുവരുമെന്നും കണക്കുകൂട്ടിയ സൂരിനമ്പൂതിരിപ്പാട് തനിക്ക് തുണയായി വരാൻ വെറ്റിലപ്പെട്ടിക്കാരൻ ഗോവിന്ദൻ ,കാര്യസ്ഥൻ , വാല്യക്കാർ എന്നിവർക്ക് പുറമേ ചെറുശ്ശേരി നമ്പൂതിരിയെയും ശട്ടം കെട്ടുന്നു . പിറ്റേന്ന് മുൻനിശ്ചയിച്ചപ്രകാരം മനയ്ക്കൽ കഥകളി അരങ്ങേറുന്നതിനാൽ മനസ്സില്ലാമനസ്സോടെ യാത്ര പ്ര-പിറ്റേന്നത്തേക്കു മാറ്റാനുള്ള ചെറുശ്ശേരി നമ്പൂതിരിയുടെ ഉപദേശം സ്വീകരിക്കുന്നു .
ഈ അദ്ധ്യായത്തിൽ സൂരിനമ്പൂതിരിപ്പാട് ചെറുശ്ശേരിയുടെ മുഖസ്തുതികളിൽ അഭിരമിച്ച് തന്നിൽ "ഭ്രമിച്ചുവലയുന്ന" സ്ത്രീകളെ ഉദാഹരികുന്നതും എരിതീയിൽ എണ്ണ എന്നമട്ടിൽ ചെറുശ്ശേരി നിന്ദാസ്തുതികൾ വർഷിക്കുന്നതും വളരെ രസകരമായി അനുഭവപ്പെടുന്നു
അദ്ധ്യായം 8 : മദിരാശിയിൽ നിന്ന് ഒരു ആഗമനം
മദിരാശിയിൽ നിന്ന് ഇന്ദുലേഖയുടെ "കൊച്ചമ്മാമൻ " ഗോവിന്ദൻകുട്ടിമേനവൻ പൂവള്ളിയിൽ എത്തുന്നു . താൻ മാധവനെ മദിരാശിയിൽ വച്ച് കണ്ടു എന്നും മാധവന്റെ ഉദ്യോഗലബ്ധി വൈകാൻ ഇടയില്ല എന്നും അറിയിക്കുന്നു . മാധവന്റെ അച്ഛൻ ഗോവിന്ദപ്പണിക്കർ മാധവന് അയച്ച കത്തിൽനിന്ന് വിവരങ്ങൾ ഏറെക്കുറെ അറിഞ്ഞെങ്കിലും ഗോവിന്ദൻകുട്ടിമേനവൻ സംബന്ധത്തെപ്പറ്റി ആരായുന്നു . വലിയച്ഛൻ തന്റെ മാളിക സന്ദർശിച്ചപ്പോൾ ഉണ്ടായ സംഭാഷണത്തെപ്പറ്റി ഇന്ദുലേഖ പറയുന്നു .സംബന്ധത്തെപ്പറ്റിയുള്ള ഇന്ദുലേഖയുടെ ആശങ്കയെ ഗോവിന്ദൻകുട്ടിമേനവൻ ചിരിച്ചുതള്ളുന്നു .
അദ്ധ്യായം 9 : സൂരിനമ്പൂതിരിപ്പാട്ടിലെ ആഗമനവും മറ്റും
പൂവള്ളിയിലേക്ക് സൂരിനമ്പൂതിരിപ്പാടിന്റെ പുറപ്പാടും ആഗമനവുമാണ് ഈ അദ്ധ്യായത്തിൽ പ്രതിപാദ്യം . കഥകളി പകുതി കഴിഞ്ഞ ഉടനെ -അർദ്ധരാത്രിയിൽ തന്നെ - പുറപ്പെടാൻ തിടുക്കം കാട്ടിയ സൂരിനമ്പൂതിരിപ്പാടിനെ തന്ത്രപൂർവ്വം ചെറുശ്ശേരി നമ്പൂതിരി പിറ്റേന്ന് ക്ഷൗരവും പ്രാതലും കഴിഞ്ഞു പുറപ്പെടുന്നതാണ് ഉചിതം എന്ന് ബോധ്യപ്പെടുത്തുന്നു .
പിറ്റേന്ന് പൂവള്ളിയിൽ സൂരിനമ്പൂതിരിപ്പാടിനെ പ്രതീക്ഷിച്ചു നിൽക്കുന്ന സമയം , മാധവന് ഇന്ദുലേഖയെ കൊടുക്കില്ല എന്നതുമാത്രമാണ് തൻ്റെ ശപഥം എന്നും സൂരിനമ്പൂതിരിപ്പാടിനെ ഇന്ദുലേഖയ്ക്ക് ബോധിച്ചില്ല എങ്കിൽ സംബന്ധത്തിന് നിർബന്ധിക്കില്ല എന്നും പഞ്ചുമേനവൻ മകൻ ഗോവിന്ദൻകുട്ടിമേനവനും കേശവൻ നമ്പൂതിരിയും കേൾക്കെ പ്രസ്താവിക്കുന്നു .
പൂവള്ളിയിലേക്ക് സൂരിനമ്പൂതിരിപ്പാടിനെ പല്ലക്കിൽ വഹിച്ചുകൊണ്ടുവന്ന ഘോഷയാത്രയെ വിവരിയ്ക്കാൻ ചന്തുമേനോന്റെ വാക്കുകൾ തന്നെ ഉപയോഗിക്കട്ടെ ," പഞ്ചുമേനോന്റെ തറവാട്ടുവീട്ടിലും സ്വന്തമാളികയിലും താമസിക്കുന്ന ആബാലവൃദ്ധം (ഇന്ദുലേഖയും ഗോവിന്ദൻകുട്ടിമേനവനും ഒഴികെ ) ഒരു പടയോ മറ്റോ വരുമ്പോൾ ഉള്ള തിരക്ക് പോലെ തിരക്കി ഓരോ ദിക്കിൽ ഓരോരുത്തർക്ക് കഴിയുമ്പോലെയും കിട്ടുമ്പോലെയും ഉള്ള സ്ഥലത്തുനിന്ന് കണ്ണുപറിക്കാതെ ഈ വരവ് നോക്കിത്തന്നെ നിന്നുപോയി ." പല്ലക്കിൽനിന്ന് സ്വർണാഭരണ -സ്വര്ണവര്ണ വേഷഭോഷാദികളോടെ , "സ്വർണ്വിഗ്രഹം " കണക്കെ പുറത്തിറങ്ങിയ സൂരിനമ്പൂതിരിപ്പാടിന്റെ പ്രഭയിൽ ഭ്രമിതരായ പഞ്ചുമേനവനും ഭാര്യയും ഇന്ദുലേഖയ്ക്കും തറവാടിനും ഏറ്റവും അനുയോജ്യമായ ബന്ധമാണിതെന്ന് ധരിക്കുന്നു .
അദ്ധ്യായം 10 : മദിരാശിയിൽ നിന്ന് ഒരു കത്ത്
പഞ്ചുമേനവന്റെ നിര്‍ദ്ദേശപ്രകാരം സൂരിനമ്പൂതിരിപ്പാടിന്റെ ആഗമനത്തെപ്പറ്റിയുള്ള ഇന്ദുലേഖയുടെ അഭിപ്രായം അറിയാനായി കുഞ്ഞുക്കുട്ടി അമ്മ ഇന്ദുലേഖയെ സമീപിക്കുന്നു. താന്‍ ഘോഷമോന്നും അറിഞ്ഞില്ല എന്നും മറ്റും പറഞ്ഞ് ഇന്ദുലേഖ ഒഴിഞ്ഞുമാറുന്നു.
തനിക്ക് മദിരാശി സെക്രട്ടറിയേറ്റില്‍ ഉദ്യോഗം ലഭിച്ചു എന്നും ഒരാഴ്ചത്തെ അവധിയില്‍ രണ്ടുദിവസത്തിനുള്ളില്‍ പൂവാള്ളിയിലെത്തും എന്നും അറിയിച്ചുകൊണ്ടുള്ള മാധവന്റെ കത്ത് ഗോവിന്ദന്‍കുട്ടിമേനവന് ലഭിക്കുന്നു. വിവരമറിഞ്ഞ ഇന്ദുലേഖ ആനന്ദാതിരേകത്തില്‍. മടങ്ങുമ്പോള്‍ മാധവന്‍ ഇന്ദുലേഖയെ കൂട്ടിക്കൊണ്ടുപോകണം എന്ന് മാധവന്‍റെ അമ്മ പാര്‍വതിഅമ്മയും ഇന്ദുലേഖയുടെ അമ്മ ലക്ഷ്മിക്കുട്ടിഅമ്മയും ആഗ്രഹിക്കുകയും ആശംസിക്കുകയും ചെയ്യുന്നു. ഗോവിന്ദന്‍കുട്ടിമേനവന്‍ മാധവന്റെ ഉദ്യോഗലബ്ധിയുടെ വിവരം മാധവന്റെ അച്ഛനായ ഗോവിന്ദപണിക്കരെ അറിയിക്കുന്നു.പഞ്ചുമേനവന്‍ സംബന്ധവിഷയത്തില്‍ ഇടപെടുത്തും എന്നു ഭയന്ന് ഗോവിന്ദന്‍കുട്ടിമേനവനും ഗോവിന്ദപ്പണിക്കരും രണ്ട് ദിവസം കളത്തില്‍ തങ്ങാന്‍ പുറപ്പെടുന്നു.
അദ്ധ്യായം 11 : നമ്പൂതിരിപ്പാട്ടിലെപ്പറ്റി ജനങ്ങൾ സംസാരിച്ചത്
തലക്കെട്ടുപോലെതന്നെ പൂവള്ളിയിലേക്കുള്ള സൂരിനമ്പൂതിരിപ്പാടിന്റെ എഴുന്നെള്ളിപ്പിന്റെ പശ്ചാത്തലത്തിൽ സൂരിനമ്പൂതിരിപ്പാടിന്റെ പ്രതാപൈശ്വര്യങ്ങളെപ്പറ്റിയും ഇന്ദുലേഖയുമായുള്ള സംബന്ധത്തെക്കുറിച്ചുള്ള പ്രദേശവാസികളുടെ -പ്രത്യേകിച്ചും ഊട്ടുപുരയിലും കുളപ്പുരയിലും അമ്പലപരിസരത്തും പൂവരങ്ങിൽ തന്നെയുമുള്ള ജനങ്ങളുടെ -ഊഹാപോഹങ്ങളും അഭിപ്രായങ്ങളുമാണ് ഈ അദ്ധ്യായത്തിന്റെ ഇതിവൃത്തം .
ചിലർ നമ്പൂതിരിയുടെ ഘോഷയാത്രയുടെ കേമത്തത്തിൽ ഭ്രമിതരായി നമ്പൂതിരിപ്പാട് ഇന്ദുലേഖയ്ക്കു എന്തുകൊണ്ടും യോഗ്യൻ എന്നും ഇന്ദുലേഖയ്ക്ക് തീർച്ചയായും നമ്പൂതിരിപ്പാടിനെ ബോധിക്കും എന്നും സംബന്ധം നടക്കും എന്നും അഭിപ്രായപ്പെട്ടപ്പോൾ മറ്റു ചിലർ നമ്പൂതിരിപ്പാടിന്റെ പ്രായാധിക്യത്തെയും മുഖശ്രീ ഇല്ലായ്മയെയും സ്ത്രീലമ്പടത്വത്തെയും ആക്ഷേപിച്ചുകൊണ്ട് ഇന്ദുലേഖയ്ക്ക് ഇങ്ങനെയൊരാളെ സംബന്ധം ആലോചിച്ചത് തന്നെ പരിഹാസ്യമാണെന്നും ഇന്ദുലേഖ ഈ സംബന്ധത്തിനു ഒരിക്കലും സമ്മതം മൂളുകയില്ല എന്നും പ്രസ്താവിക്കുന്നു .
മാധവന്റെ ഉദ്യോഗലബ്ധിയിൽ ആഹ്ദളാദചിത്തയായ ഇന്ദുലേഖയുടെ ഉത്സാഹവും താലിപൊട്ടിയതിൽ ദാസിക്കുണ്ടായ വിഷമം പരിഹരിക്കാൻ അവൾക്കു ഇന്ദുലേഖ സ്വന്തം ആഭരണശേഖരത്തിൽനിന്ന് ഒരു താലി സന്തോഷത്തോടെ സമ്മാനിച്ചതും നമ്പൂതിരിപ്പാടിന്റെ ആഗമനത്തിലുള്ള ഇന്ദുലേഖയുടെ സന്തോഷം നിമിത്തമാണെന്ന തെറ്റിദ്ധാരണ പരക്കുന്നു .
ഇവിടെ എടുത്തുപറയേണ്ട മറ്റൊരു വസ്തുത ഇന്ദുലേഖയുടെയും മാധവന്റെയും സുഹൃത്തായ ശങ്കരശാസ്ത്രികളെ ഇന്ദുലേഖാ-സൂരിനമ്പൂതിരിപ്പാട് ബാന്ധവത്തിന്റെ സാധ്യതയെ അനുകൂലിച്ചു നാട്ടുകാരിൽ ചിലരുടെ സംസാരം എത്രമാത്രം അലോസരപ്പെടുത്തി എന്നതാണ്.
അദ്ധ്യായം 12 : നമ്പൂതിരിപ്പാടും ഇന്ദുലേഖയുമായി ഒന്നാമത് ഉണ്ടായ സംഭാഷണം
പൂവള്ളിയിലെത്തി കുളിയും ഊണും കഴിഞ്ഞ ഉടനെത്തന്നെ സൂരിനമ്പൂതിരിപ്പാട് കേശവൻ നമ്പൂതിരിയേയും കൂട്ടി ഇന്ദുലേഖയെ സന്ദർശിക്കാൻ പുറപ്പെടുന്നു . മാധവന് കത്തെഴുതിക്കൊണ്ടിരുന്ന ഇന്ദുലേഖ മനസ്താപത്തോടെയാണെങ്കിലും സന്ദർശനാനുമതി നൽകുന്നു. ആചാരപ്രകാരവും ബഹുമാനത്തോടെയുമല്ല സ്വീകരിക്കപ്പെട്ടത് എങ്കിലും ദർശനമാത്രയിൽ തന്നെ സൂരിനമ്പൂതിരി ഇന്ദുലേഖയിൽ ഭ്രമിതനാകുന്നു .ഇന്ദുലേഖയെ രസിപ്പിക്കാനായി സൂരിനമ്പൂതിരിപ്പാട് ശൃംഗാര -പ്രധാനമായ ഒരു ശ്ലോകം ഓർമ്മിച്ചു ചൊല്ലാൻ ശ്രമിച്ചു പരാജയപ്പെടുന്നതും കേശവൻ നമ്പൂതിരിയെ വിട്ട് ചെറുശ്ശേരി നമ്പൂതിരിയെക്കൊണ്ട് ഓലയിൽ എഴുതി വാങ്ങിച്ച് വായിപ്പിക്കുന്നതും മറ്റും ഇന്ദുലേഖയിൽ (വായനക്കാരിലും )പരിഹാസമുണർത്തുന്നു . സംബന്ധത്തിനെപ്പറ്റി സംസാരിക്കാൻ ഇടനൽകാതെ ഇന്ദുലേഖ കുളിക്കാൻ വൈകി എന്നുപറഞ്ഞുകൊണ്ട് മാളികയ്ക്ക് വെളിയിൽ കടക്കുന്നു. വഴിയിൽ ചെറുശ്ശേരി നമ്പൂതിരിയുമായുള്ള സംഭാഷണവും അദ്ദേഹം ഇന്ദുലേഖാ-മാധവ ബാന്ധവത്തിനെ എത്രമാത്രം അനുകൂലിക്കുന്നു എന്ന തിരിച്ചറിവും ഇന്ദുലേഖയെ ആനന്ദിപ്പിക്കുന്നു.
സൂരിനമ്പൂതിരിപ്പാട് ഇന്ദുലേഖയുടെ അമ്മയിൽ ആകൃഷ്ടനാകുന്നതും അവരോട് ശൃംഗാരച്ചുവയിൽ സംസാരിക്കുന്നതും മറ്റും കേശവൻ നമ്പൂതിരിയിൽ വളരെ ഉൽക്കണ്ഠയും ചെറുശ്ശേരി നമ്പൂതിരിയിൽ ചിരിയും പഞ്ചുമേനവനിൽ കുണ്ഠിതവും ഉണർത്തുന്നു. ഇന്ദുലേഖയുടെ മാളികയിൽ സാധാരണ രാത്രി ഒൻപതു മണി അടുപ്പിച്ച് പാട്ട് ഉണ്ടാകുമെന്നത് കണക്കിലെടുത്ത് കേശവൻ നമ്പൂതിരി സൂരി നമ്പൂതിരിപ്പാടിനെ പാട്ട് ശ്രവിക്കാൻ ക്ഷണിക്കുന്നു . ഇന്ദുലേഖയുടെ പാട്ട് പ്രതീക്ഷിച്ചിരുന്ന സൂരിനമ്പൂതിരിപ്പാട് ഇന്ദുലേഖ നേരത്തേ മാളികവാതിലടച്ചുറങ്ങി എന്ന് കേട്ട് നിരാശനാകുന്നു .
ഇതിനോടകം 'ഇങ്കരിയസ്സുമാതിരിക്കാരി" യായ ഇന്ദുലേഖ തനിക്ക് യോജിച്ച ഭാര്യയായിരിക്കില്ല എന്ന് ബോധ്യമായതും സംബന്ധം കഴിയാതെ മനയ്ക്കൽ തിരിച്ചെത്തേണ്ടിവന്നേക്കാം എന്ന തിരിച്ചറിവും ഇന്ദുലേഖയുടെ സൗന്ദര്യത്തോടുള്ള അടക്കാനാവാത്ത അഭിനിവേശവും സൂരിനമ്പൂതിരിപ്പാടിനെ ധർമസങ്കടത്തിലാഴ്ത്തി . കാര്യം ഗ്രഹിച്ച വെറ്റിലപ്പെട്ടിക്കാരൻ ഗോവിന്ദൻ ഇന്ദുലേഖയ്ക്ക് ഒരു രഹസ്യബന്ധമുണ്ടെന്ന് അറിയിക്കുകയും നമ്പൂതിരിപ്പാടിന് ചേർന്ന പ്രകൃതം അല്ല എന്ന് അഭിപ്രായപ്പെടുകയും ചെയ്യുന്നു . ഇന്ദുലേഖയ്ക്ക് പകരം ശീനുപട്ടരുടെ മകളെ (കല്ല്യാണിയെ ) സംബന്ധം ചെയ്ത് കൊണ്ടുപോവുക എന്ന ആശയം ഗോവിന്ദൻ മുന്നോട്ട് വച്ചത് നമ്പൂതിരിപ്പാടിന് നന്നേ ബോധിക്കുന്നു .
അദ്ധ്യായം 13 : നമ്പൂതിരിപ്പാടും ഇന്ദുലേഖയുമായുണ്ടായ രണ്ടാമത്തെ സംഭാഷണം
പിറ്റേന്ന് കാലത്ത് ഒരിക്കൽക്കൂടി ഇന്ദുലേഖയെ സന്ദർശിച്ച് വശപ്പെടുത്താൻ ശ്രമിക്കാമെന്നും പരാജയപ്പെട്ടാൽ കല്ല്യാണിയെ സംബന്ധം ചെയ്തു പിറ്റേ ദിവസം പുലർച്ചെ തന്നെ പൂവള്ളിയിൽ നിന്ന് പുറപ്പെടാനും സൂരിനമ്പൂതിരിപ്പാട് കണക്കുകൂട്ടുന്നു. സ്ത്രീകളുടെ കുളപ്പുരയിലെക് കടന്നുചെന്ന് കല്ല്യാണിയെ കണ്ടു ബോധിക്കുന്നു.
ഇന്ദുലേഖയെ സന്ദർശിക്കാൻ ഒരുങ്ങിയിരിക്കുന്ന സൂരിനമ്പൂതിരിപ്പാടും ചെറുശ്ശേരിയുമായുള്ള സംവാദം ശ്രദ്ധേയമാണ്. പുരുഷന് ഇഷ്ടപ്രകാരം സ്ത്രീയെ "സാധിക്കുന്നുവെങ്കിൽ ആ സ്ത്രീക്ക് പുരുഷനോട് അനുരാഗം ഉണ്ടോ ഇല്ലയോ എന്ന് അറിയേണ്ട കാര്യമില്ല" എന്ന് സമർത്ഥിക്കുന്ന സൂരിനമ്പൂതിരിപ്പാടിനോട് " ഈ സുഖാനുഭവം അന്യോന്യം സംപൂർത്തിയായി ഉണ്ടാവണമെങ്കിൽ അന്യോന്യം കലശലായ അനുരാഗം ഉണ്ടായിരിക്കണം ; അങ്ങനെയല്ലാത്ത സ്ത്രീസുഖം സാധിക്കുവാൻ ഇച്ഛിക്കുന്നവർ മൃഗപ്രായം " എന്ന ചെറുശ്ശേരിയുടെ വാക്കുകൾ നൂറ്റാണ്ടിനിപ്പുറവും വർദ്ധിതപ്രസക്തിയോടെ മുഴങ്ങുന്നു !
തന്നെ രണ്ടാമതും സന്ദർശിക്കുന്ന സൂരിനമ്പൂതിരിപ്പാടിനെ ഇന്ദുലേഖ തലേന്നത്തെക്കാൾ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കുന്നു. ഇന്ദുലേഖയുടെ സൗന്ദര്യാതിരേകത്തിൽ സൂരിനമ്പൂതിരിപ്പാട് വളരെ ബുദ്ധിമുട്ടി അണിഞ്ഞ ഗൗരവത്തിന്റെ മുഖംമൂടി അഴിഞ്ഞു വീഴുന്നു.സൂരിനമ്പൂതിരിപ്പാടിന്റെ ഓരോ വാചകത്തെയും സംഭാഷണത്തിൽ താല്പര്യമില്ല എന്ന മട്ടിൽ ഒറ്റവാക്യത്തിൽ മറുപടിപറഞ്ഞ ഇന്ദുലേഖ അദ്ദേഹത്തെ അപമാനിക്കരുതെന്ന് ലക്ഷ്മിക്കുട്ടിഅമ്മ മുൻകൂട്ടി ഉപദേശിച്ചത് മാനിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ആവശ്യപ്രകാരംപിയാനോ വായിക്കുന്നു . ഒടുവിൽ ഇന്ദുലേഖ തനിക്ക് പ്രാപ്യയായി എന്ന് ധരിച്ച് ആഹ്ളാദിച്ച സൂരിനമ്പൂതിരിപ്പാടിനോട് താൻ ഈ ജന്മം വശംവദയാകില്ല എന്ന്
ഇന്ദുലേഖ വ്യക്തമാക്കുന്ന മുറയ്ക്ക് സൂരിനമ്പൂതിരിപ്പാട് മാളിക വിടുന്നു.
ഇതിനിടെ മുൻകൂട്ടി തെറ്റിദ്ധാരണ പരത്തി അപമാനം ഒഴിവാക്കാനായി പിറ്റേന്ന് തനിക്ക് ഇന്ദുലേഖയുമായി പുറപ്പെടാനുള്ള ഒരുക്കങ്ങൾ തുടങ്ങാൻ സൂരിനമ്പൂതിരിപ്പാട് ശീനുപട്ടരോട് പറഞ്ഞതും നമ്പൂതിരിപ്പാടിന് മുന്നിൽ ഇന്ദുലേഖ പിയാനോ വായിച്ചതും ഇന്ദുലേഖയെ നമ്പൂതിരിപ്പാട് അന്നു രാത്രി പരിഗ്രഹിക്കുന്നു എന്ന മട്ടിൽ വാർത്ത പടരാൻ കാരണമായി . വാർത്ത കേട്ട ശങ്കരശാസ്ത്രികൾ ഇന്ദുലേഖ പണത്തിനും പ്രതാപത്തിനുമായി മാധവനെ വഞ്ചിച്ചു എന്ന് ധരിച്ച് ഇന്ദുലേഖയെ വെറുക്കുകയും ദുഃഖം താങ്ങാനാകാതെ കുറച്ചു ദിവസത്തേക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാനും തീരുമാനിക്കുന്നു.
ഇന്ദുലേഖയെയല്ല കല്ല്യാണിയെയാണ് സംബന്ധം കഴിക്കാൻ പോകുന്നത് എന്നത് രഹസ്യമായി ഇരിക്കാൻ മുൻകരുതലെന്നോണം സൂരിനമ്പൂതിരിപ്പാട് (ഗോവിന്ദന്റെ ഉപദേശപ്രകാരം ) കേശവൻ നമ്പൂതിരിയോട് തനിക്ക് കുറച്ച് സംസാരിക്കാനുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് തെക്കേയറയിൽ കാത്തിരിക്കാൻ ആവശ്യപ്പെടുന്നു .
അദ്ധ്യായം 14 : നമ്പൂതിരിപ്പാട്ടിലെ പരിണയം
കല്ല്യാണിയെ സംബന്ധം ചെയ്യാൻ ആഗ്രഹിക്കുന്നു എന്നും വിവരം രഹസ്യമായിരിക്കട്ടെ എന്നും പഞ്ചുമേനവനെ സൂരിനമ്പൂതിരിപ്പാട് അറിയിക്കുന്നു . മരുമകൻ ശങ്കരമേനോനോട് ആലോചിച്ച ശേഷം ഇന്ദുലേഖയല്ലെങ്കിലും മറ്റൊരു സംബന്ധം സൂരിനമ്പൂതിരിപ്പാടിന് ഈ വീട്ടിലുള്ളത് ഭാഗ്യമാണ് എന്ന് നിനച്ച് പഞ്ചുമേനവൻ സമ്മതം മൂളുന്നു . ശങ്കരമേനവൻ വഴി വിവരം കല്ല്യാണിയുടെ അമ്മ കുമ്മിണിയമ്മയും അവർ പറഞ്ഞ് മാധവന്റെ അമ്മ പാർവതി അമ്മയും അറിയുന്നു ; പാർവതി അമ്മ ഇന്ദുലേഖയേയും ഇന്ദുലേഖ ചെറുശ്ശേരിയേയും വാർത്ത അറിയിക്കുന്നു .
സംബന്ധം അന്നുണ്ടാകുമെന്ന് പഞ്ചുമേനവൻ പറഞ്ഞത് ഇന്ദുലേഖയുടേതാണ് എന്ന് തെറ്റിദ്ധരിച്ച കുഞ്ഞുകുട്ടി അമ്മ വഴിയും സംബന്ധത്തെക്കുറിച്ചറിഞ്ഞ ശങ്കരശാസ്ത്രികൾ താൻ മുമ്പ് കേട്ടത് ശരിയാണെന്ന് ഉറപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. ഇന്ദുലേഖയ്ക്കാണ് സംബന്ധമെന്ന് ഗോവിന്ദനും സൂരിനമ്പൂതിരിപ്പാട് നേരിട്ടും പ്രചരിപ്പിക്കുന്നു .
തെക്കേയറയിൽ സൂരിനമ്പൂതിരിപ്പാടിന്റെ കല്പനപ്രകാരം കാത്തിരുന്ന കേശവൻ നമ്പൂതിരി തന്നെ സന്ദർശിച്ച ചെറുശ്ശേരിയിൽ നിന്ന് "ഇന്ന് സംബന്ധം ഉണ്ട് ...പക്ഷേ ഇന്ദുലേഖയ്ക്കല്ല " എന്ന് കേട്ടപ്പോൾ സംബന്ധം തന്റെ ഭാര്യയായ ലക്ഷ്മിക്കുട്ടി അമ്മയ്ക്കാണ് എന്ന് ധരിച്ച് വല്ലാതെ വിഷണ്ണനാകുകയും ശേഷം കല്ല്യാണിക്കാണ് സംബന്ധം എന്നറിയുമ്പോൾ ആശ്വസിക്കുകയും ചെയ്യുന്നു .
ആചാരപ്രകാരം നീരാട്ടുകുളിയും ബ്രാഹ്മണർക്ക് ദക്ഷിണനൽകലും പൂർത്തിയാക്കിയ സൂരിനമ്പൂതിരിപ്പാട് സംബന്ധം തുടങ്ങാൻ പൂവള്ളിവീട്ടിലെ പടിഞ്ഞാറേയറയിലേക്കു കടക്കുന്നു . ചന്തുമേനോന്റെ വാക്കുകളിൽ പറഞ്ഞാൽ ," അപ്പോൾ ആ വീട്ടിലുള്ള സ്ത്രീകളെല്ലാം കൂടി തിക്കിത്തിരക്കി പടിഞ്ഞാറ്റയുടെ പടിഞ്ഞാറേവാതിലിൽകൂടി ഒരു ജീവനുള്ള പന്നിയേയോ മറ്റോ കൂട്ടിലാക്കുന്നതുപോലെ സാധു കല്ല്യാണിക്കുട്ടിയെ പിടിച്ചു തിരക്കിത്തള്ളി പടിഞ്ഞാറ്റയിൽ ഇട്ടു പടിഞ്ഞാറേ വാതിലും ബന്ധിച്ചു . സംബന്ധവും കഴിഞ്ഞു ". പിറ്റേന്ന് പുലർച്ചെ കല്ല്യാണിയെ ഒരു പല്ലക്കിലിട്ട് പൂട്ടി , സൂരിനമ്പൂതിരിപ്പാട് മറ്റൊരു പല്ലക്കിലേറി അനുചരന്മാരോടും കേശവൻ നമ്പൂതിരി , ചെറുശ്ശേരി നമ്പൂതിരി എന്നിവരോടും കൂടി ഘോഷയാത്രയായി പുറപ്പെട്ടു .
അദ്ധ്യായം 15 : ഒരു ആപത്ത്
പുലരുമ്പോഴേക്ക് ഘോഷയാത്ര ശങ്കരശാസ്ത്രികൾ തങ്ങുന്ന , പഞ്ചുമേനവന്റെ ഉടമസ്ഥതയിലുള്ള ഊട്ടുപുരയുടെ സമീപമെത്തി. ഊണിനു നിർത്താത്തതെന്ത് എന്ന ശങ്കരശാസ്ത്രികളുടെ ചോദ്യത്തിന് ഘോഷയാത്രയ്ക്ക് അകമ്പടിസേവിച്ച ഗോവിന്ദൻ പല്ലക്കിൽ വിരാജിക്കുന്ന ഇന്ദുലേഖയുടെ വാശി മൂലമാണെന്നും സൂരിനമ്പൂതിരിപ്പാടിന് ഇന്ദുലേഖയോടുള്ള പ്രേമം മൂലം തങ്ങൾക്ക് ഇന്ദുലേഖയുടെ വാശിക്ക് ദാസ്യം സേവിക്കുക മാത്രമാണ് നിവൃത്തി എന്നുമൊക്കെ പറഞ്ഞത് ശങ്കരശാസ്ത്രികൾക്കു ഇന്ദുലേഖയോടുള്ള വെറുപ്പ് കൂട്ടുന്നു.
സംബന്ധം നടന്നതിന്റെ തലേദിവസം എട്ട് ദിവസത്തെ അവധി എടുത്ത് മദിരാശിയിൽ നിന്ന് നാട്ടിലേക്ക് പുറപെട്ട മാധവൻ ഈ സമയം കേരളത്തിൽ ശങ്കരശാസ്ത്രികൾ വണ്ടികയറാൻ നിശ്ചയിച്ച സ്റ്റേഷനിൽ വണ്ടിയിറങ്ങി സമീപത്തുള്ള ഒരു ചോറ്റുമഠത്തിൽ ഉണ്ണാൻ കയറിയപ്പോൾ വഴിയാത്രക്കാരുടെ സംഭാഷണത്തിൽ നിന്ന് ഇന്ദുലേഖ-സൂരിനമ്പൂതിരിപ്പാട് സംബന്ധം കഴിഞ്ഞു എന്ന വാർത്ത കേട്ട് പരിഭ്രാന്തനാകുന്നു . താൻ മദിരാശിയിൽ എത്തിയതിൽപ്പിന്നെ ഇന്ദുലേഖയുടെ ഒരു കത്ത് പോലും ലഭിച്ചിരുന്നില്ല എന്നതും യാത്രക്കാരിൽ ഒരാൾ ശീനുപട്ടർ ഈ വാർത്ത സ്ഥിരീകരിച്ചിരുന്നതായി പറഞ്ഞതും വാർത്ത വിശ്വസിക്കാൻ പ്രേരിപ്പിച്ചിരുന്നെങ്കിൽ ഇന്ദുലേഖയുടെ സ്വഭാവശുദ്ധിയിലും മാധവനോടുള്ള പ്രണയത്തിലുമുള്ള വിശ്വാസം അവിശ്വാസിക്കാൻ പ്രേരിപ്പിച്ചു . അപ്പോൾ അവിടേക്കു കടന്നുവന്ന ശങ്കരശാസ്ത്രികൾ വാർത്ത സ്ഥിരീകരിച്ചതോടെ ഹൃദയംതകർന്ന മാധവൻ മദിരാശിയിലേക്ക് തിരിയ്ക്കുന്നു .
മദിരാശിയിൽ എത്തിയ ഉടനെ ഇന്ദുലേഖയുടെ ദുഷ്‌കൃതി താൻ അറിഞ്ഞെന്നും താൻ വളരെ ദുഃഖിതൻ ആണെന്നും മനഃ സൗഖ്യത്തിനായി രാജ്യസഞ്ചാരത്തിന് പുറപ്പെടുന്നു എന്നും അച്ഛനുമമ്മയും വിഷമിക്കരുത് എന്നും അല്പനാൾ കഴിഞ്ഞ് മടങ്ങിവരും എന്നും അച്ഛനെ അറിയിച്ചുകൊണ്ടുള്ള ഒരു കത്തെഴുതി ശിന്നനെ ഏൽപ്പിച്ച് അവനെ രണ്ട് വാല്യക്കാരുടെയൊപ്പം നാട്ടിലേക്കയയ്ക്കുന്നു . ശേഷം മേലുദ്യോഗസ്ഥനായ "ഗിൽഹാം സായ്‌വിനെ " സന്ദർശിച്ച് എട്ട് ദിവസത്തെ അവധി നാലുമാസത്തേക്കുള്ളതാക്കി ദീർഘിപ്പിച്ച് രാജ്യസഞ്ചാരം തുടങ്ങാനായി ബൊമ്പായി(ഇന്നത്തെ മുംബൈ ) ലേക്ക് തിരിക്കുന്നു .
കത്തുലഭിച്ച ഗോവിന്ദപ്പണിക്കർ മോഹാലസ്യപ്പെടുന്നു .അമ്മ പാർവതിഅമ്മ പുത്രദുഃഖത്തിൽ നീറി വാവിട്ട് നിലവിളിക്കുന്നു .മാധവന്റെ കത്ത് വന്നിട്ടുണ്ടെന്നറിഞ്ഞ് ഗോവിന്ദപ്പണിക്കരുടെ വീട്ടിലെത്തിയ ഇന്ദുലേഖ കത്തിന്റെ ഉള്ളടക്കമറിഞ്ഞ ശേഷം മാധവന് തന്റെ സ്വഭാവശുദ്ധിയെക്കുറിച്ച് ഇത്ര വിശ്വാസമില്ലാതെ ആയല്ലോ എന്നോർത്തു വളരെയധികം വേദനിക്കുന്നു. ഗോവിന്ദപ്പണിക്കരും പഞ്ചുമേനവന്റെ മൗനസമ്മതത്തോടെ ഗോവിന്ദൻകുട്ടിമേനവനും മാധവനെ അന്വേഷിച്ച് മദിരാശിയിലേക്ക് പുറപ്പെടുന്നു .
അദ്ധ്യായം 16 : മാധവന്റെ രാജ്യസഞ്ചാരം
ബൊമ്പായി തുറമുഖത്തെത്തിയ മാധവൻ ബിലാത്തി (ബ്രിട്ടൺ ) ഉൾപ്പെടുന്ന യൂറോപ്പിൽ അപ്പോൾ തണുപ്പുകാലമാണെന്ന് ഗിൽഹാംസായ്‌വ് പറഞ്ഞതോർത്ത് ബർമ്മയും ഉത്തരേന്ത്യയും ബർമ്മയും സന്ദർശിക്കാൻ നിശ്ചയിച്ച് കൽക്കത്താ (കൊൽക്കത്ത )വിലേക്ക് കപ്പൽ കയറുന്നു .പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഇന്ത്യയിൽ നിന്ന് ബ്രിട്ടനിലേക്കും തിരിച്ചും ഉള്ള എല്ലാ വ്യാപാരക്കപ്പലുകളും പടക്കപ്പലുകളും ആദ്യമെത്തുന്ന തുറമുഖമായ ബംബായ് തുറമുഖത്തിന്റെ മാധവന്റെ കണ്ണിലൂടെയുള്ള വർണ്ണന ഹൃദ്യവും ഇരുപത്തൊന്നാം നൂറ്റാണ്ടിൽ വായിക്കുമ്പോൾ അതീവ കൗതുകകരവുമാണ് .
മനസ്സിലായപ്പോൾ തെക്കോട്ട് യാത്ര തിരിച്ച കപ്പലിലെ ജീവിതം രണ്ടുദിവസത്തിനുള്ളിൽ തന്നെ മാധവന് മടുത്തു തുടങ്ങി .മടുപ്പും ശാരീരികാസ്വാസ്ഥ്യങ്ങളും കാരണം ഒൻപതാം ദിവസം കേരളതീരത്തോടടുക്കുമ്പോൾ വീട്ടിലേക്ക് മടങ്ങിയാലോ എന്ന് ആലോചിച്ചെങ്കിലും ഇന്ദുലേഖയോടുള്ള വിദ്വേഷം പിന്തിരിപ്പിക്കുന്നു .ബംബായ് വിട്ട് ഇരുപത്തിമൂന്നാം ദിവസം കൽക്കത്താവിലെത്തുമ്പോഴേക്കും ശരീരസൗഖ്യം വീണ്ടെടുത്തിരുന്നു . നഗരസഞ്ചാരത്തിന്റെ ഭാഗമായി മൃഗശാല സന്ദർശിക്കവേ കൂട്ടിൽനിന്ന് രക്ഷപ്പെട്ട ഒരു പുലിയെ മാധവൻ തന്റെ കയ്യിലിരുന്ന റിവോൾവർ ഉപയോഗിച്ച് വധിച്ച് കൽക്കത്താവിലെ കോടീശ്വരന്മാരിൽ അഗ്രഗണ്യനായ ബാബു ഗോവിന്ദസെൻ , അനുജൻ ബാബു ചിത്രപ്രസാദ് സെൻ , മകൻ ബാബു കേശവചന്ദ്ര സെൻ , കൂട്ടുകച്ചവടക്കാരൻ ഗോപിനാഥ ബാനർജ്‌ജി എന്നിവരടങ്ങിയ നാൽവർസംഘത്തിന്റെ ജീവൻ രക്ഷിച്ചത് അവരെ പരിചയപ്പെടാനിടയാക്കി . തന്റെ മാളികയായ "അമരാവതി " യിൽ തങ്ങാനുള്ള ബാബു ഗോവിന്ദസെന്നിന്റെ അപേക്ഷ മാധവൻ സ്വീകരിക്കുന്നു .
അമരാവതിയുടെ മാളികകളുടെയും വിളക്കുകളുടെയും "ചന്ദ്രശാല"(Terrace )കളുടെയും പുഷ്പലതാദികളുടെയും വിസ്തൃതവിവരണം ഇത്തരം ഭീമാകാരങ്ങളായ കോൺക്രീറ്റ് സൗധങ്ങളുടെ നിർമ്മിതി ജീവിതലക്ഷ്യമാക്കിയ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മലയാളിക്ക് കൗതുകകരമാകും .
കേരളത്തിൽനിന്ന് മാധവനെ അന്വേഷിച്ച് മദിരാശിയിലേക്ക് പുറപ്പെട്ട ഗോവിന്ദപ്പണിക്കരും ഗോവിന്ദൻകുട്ടിമേനവനും ഗിൽഹാംസായ്‌വിനെ സന്ദർശിക്കുകയും മാധവൻ ബൊമ്പായിലേക്ക് തിരിച്ചതറിഞ്ഞ് അവിടേക്ക് പുറപ്പെടുകയും ചെയ്യുന്നു .മാധവൻ ബിലാത്തിയിലേക്കായിരിക്കും കപ്പൽ കയറിയത് എന്ന് ധരിച്ച് ബിലാത്തിയിലേക്കുള്ള കപ്പലുകളുടെ വിവരങ്ങളൊക്കെ പരിശോധിച്ചിട്ടും മാധവന്റെ പേര് കാണാതെ നിരാശരാകുന്നു.അറ്റകൈയ്ക്ക് ഗോവിന്ദൻകുട്ടിമേനവൻ പ്രസിദ്ധപ്പെടുത്തിയ ഇന്ദുലേഖയെപ്പറ്റി പ്രചരിക്കുന്ന കളവുകളെപ്പറ്റിയുള്ള പത്രവാർത്തകളും മാധവന്റെ കണ്ണിൽ പെട്ടില്ല.
അദ്ധ്യായം 17 : മാധവനെ കണ്ടെത്തിയത്
മാധവൻ അമരാവതിയിൽ എത്തി നാലുദിവസം കഴിഞ്ഞപ്പോൾ കേശവചന്ദ്രസെൻ ബംബായിലേക്കും ഗോപിനാഥബാനർജ്ജി തന്റെ കച്ചവടസ്ഥലത്തേക്കും മടങ്ങി . പത്തുനാൾ അമരാവതിയിൽ തങ്ങിയ മാധവൻ മടങ്ങുമ്പോൾ ഗോപിനാഥബാനർജ്ജിയുടെ കച്ചവടസ്ഥലത്തെ വസതിയിൽ അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ച് കുറച്ചു നാൾ തങ്ങാം എന്ന് കൊടുത്ത വാക്കനുസരിച്ച് അദ്ദേഹം സ്ഥിരതാമസമാക്കിയിരുന്ന കച്ചവടസ്ഥലത്തേക്ക് പുറപ്പെട്ടു. ഗോവിന്ദസെൻ വിലയേറിയ സമ്മാനങ്ങൾ നൽകി മാധവനെ യാത്രയയച്ചു.
ട്രെയിനിൽ വച്ച് അലഹബാദ് സബ്‌ജഡ്ജി ഷിയാർ അലി ഖാൻ എന്ന് സ്വയം പരിചയപ്പെടുത്തി മാധവനുമായി സൗഹൃദം സ്ഥാപിച്ച ആൾ ഒരു സഹായിയുമായി ചേർന്ന് മാധവനെ കബളിപ്പിച്ച് മാധവന്റെ കയ്യിലുണ്ടായിരുന്ന പണവും സമ്മാനങ്ങളുമുൾപ്പടെയുള്ള എല്ലാം കടത്തിക്കൊണ്ടുപോയി . വൈകി അമളി തിരിച്ചറിഞ്ഞ മാധവൻ സ്റ്റേഷൻ മാസ്റ്ററുടെ സഹായത്തോടെ ഗോപിനാഥ ബാനർജ്ജിക്കു കമ്പിസന്ദേശമയയ്ക്കുന്നു . പോലീസ് അന്വേഷിച്ച് തുമ്പു കിട്ടാതെ പോകുന്നു. വിവരമറിഞ്ഞ ഗോവിന്ദസെൻ മാധവന്റെ ബാക്കിയുള്ള ദേശസഞ്ചാരത്തിന്റെയും തിരിച്ച് മദിരാശിയിൽ എത്തുന്നതുവരെയുമുള്ള ചെലവ് താൻ വഹിക്കും എന്നറിയിക്കുന്നു. ഗോവിന്ദസെന്നിനെ ബുദ്ധിമുട്ടിക്കുന്നതിന്റെ ജാള്യതയോർത്ത് മാധവൻ ദേശസഞ്ചാരം വെട്ടിച്ചുരുക്കി ബംബായിൽ കേശവചന്ദ്രസെന്നിനെ സന്ദർശിച്ചശേഷം മദിരാശിയിൽ തിരിച്ചെത്താൻ തീരുമാനിച്ച് പുറപ്പെടുന്നു.
തത്സമയം ബംബായിൽ വച്ച് വളരെ യാദൃശ്ചികമായി കേസബചന്ദ്രസേൻ ഗോവിന്ദൻകുട്ടി മേനവനെ കണ്ടുമുട്ടുകയും പരിചയപ്പെടുകയും ചെയ്യുന്നു .മാധവന്റെ ബന്ധുക്കളാണെന്ന് മനസ്സിലായപ്പോൾ ഗോവിന്ദൻകുട്ടി മേനവനെയും ഗോവിന്ദപ്പണിക്കരെയും തന്റെ വീട്ടിൽ കൂട്ടിക്കൊണ്ടുപോകുന്നു .
ബംബായിൽ കേശവചന്ദ്രസെന്നിന്റെ വീട്ടിലെത്തിയ മാധവൻ തന്റെ അച്ഛനോടും ഗോവിന്ദൻകുട്ടി മേനവനോടും തികച്ചും അപ്രതീക്ഷിതമായുണ്ടായ ഈ പുനഃ സമാഗമത്തിൽ വളരെ ആഹ്ളാദിക്കുന്നു . ഇന്ദുലേഖയുടെ ബാന്ധവത്തെപ്പറ്റിയുള്ള സത്യാവസ്ഥ അവരിൽനിന്നറിഞ്ഞപ്പോൾ മാധവൻ സ്തബ്ധനാവുകയും തന്റെ ചെയ്തികളിൽ പരിതപിക്കുകയും ചെയ്യുന്നു . അന്ന് രാത്രി അവിടെ തങ്ങി പിറ്റേന്ന് മൂവരും നാട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കുന്നു .
അദ്ധ്യായം 18 : ഒരു സംഭാഷണം
(നിരീശ്വരമതം, ഇന്ത്യൻ നാഷണൽ കോൺഗ്രസ് തുടങ്ങിയ പൊതുവിഷയങ്ങളെപ്പറ്റിയുള്ള മാധവൻ, ഗോവിന്ദപ്പണിക്കർ,ഗോവിന്ദൻകുട്ടിമേനവൻ എന്നിവരുടെ ചർച്ച പ്രതിപാദിക്കുന്ന ഈ അദ്ധ്യായം കഥയുടെ ഒഴുക്കിന് തടസ്സമാണെന്നും കഥാസന്ദര്ഭത്തിന് യുക്തമല്ല എന്നും പല വിമർശകരും ഇതര വായനക്കാരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
നിരൂപകശ്രേഷ്ഠനായ ശ്രീ എംപി പോളിന്റെ വാക്കുകൾ ഉദാഹരണം : " വാദവിഷയം വിജ്ഞാന പ്രദവും ആധുനിക ചിന്തകന്മാരുടെ വാദങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ധ്യായം ആകെക്കൂടി ഒരു വിശിഷ്ട പ്രബന്ധമാണെന്നും സമ്മതിക്കാം . പക്ഷേ ഒരു നോവലിൽ ഈ പ്രസംഗം കഥാപോഷണത്തിന് പറ്റിയതല്ലെങ്കിൽ അത് അധികപ്രസംഗമായിട്ടേ കരുതപ്പെടുകയുള്ളൂ" )
ബംബായിലെ ബാബു കേശഭാചന്ദ്രസെന്നിന്റെ മാളികമേടയിൽ മാധവൻ, ഗോവിന്ദപ്പണിക്കർ,ഗോവിന്ദൻകുട്ടിമേനവൻ എന്നിവർ സായാഹ്ന സംഭാഷണത്തിനായി ഒത്തുകൂടുന്നു . കേട്ടുകേൾവി പാടെ വിശ്വസിച്ച് മാതാപിതാക്ക ളുടെ ആധിയെപ്പറ്റി പോലും ചിന്തിക്കാതെ നാടുവിട്ട മാധവന്റെ പ്രവർത്തി ഇംഗ്ലീഷ്‌വിദ്യാഭ്യാസം ഗുരുത്വം, ഈശ്വരവിശ്വാസം തുടങ്ങിയ മൂല്യങ്ങൾ ഇല്ലായ്മ ചെയ്തതിന്റെ ഫലമാണെന്നാരോപിച്ച് ഗോവിന്ദപ്പണിക്കർ സംഭാഷണത്തിന് തുടക്കം കുറിക്കുന്നു .
മറുപടിയായി മാധവൻ താൻ ഈശ്വരൻ എന്ന ശക്തിയിൽ വിശ്വസിക്കുന്നു എങ്കിലും ക്ഷേത്രദർശനം തുടങ്ങിയ മതപരമായ ആചാരാനുഷ്ഠാനങ്ങളോട് പ്രതിപത്തിയില്ല എന്ന് പറയുന്നു . ഗോവിന്ദൻകുട്ടിമേനവൻ താൻ നിരീശ്വരവാദിയാണെന്നും സർവ്വചരാചരങ്ങളുടെയും സൃഷ്ടാവായി ഒരു ശക്തി ഉണ്ടെന്ന് അത് വിശ്വസിക്കാൻ യാതൊരു തെളിവും ഇല്ലാത്തിടത്തോളം പറയുന്നത് മണ്ട ത്തരമാണെന്നും ചാൾസ് ബ്രാഡ്‌ലാവിന്റെ രചനകളുടെയും ചാൾസ് ഡാർവിന്റെ ജീവോത്പത്തി സിദ്ധാന്തത്തിന്റെയും സൃഷ്ടാവായി ഒരു ശക്തി ഉണ്ടെങ്കിൽ തന്റെ സൃഷ്ടികളിൽ വലിയൊരു പങ്കിനെ തീവ്രയാതനകളിൽ ഉഴറാൻ ഇടവരുത്തില്ല (ഈ യാതനകൾ കർമ്മഫലം എന്ന് കരുതിയാൽ തന്നെ എന്ത് പാപത്തിനുള്ള ശിക്ഷ എന്ന് അറിയിക്കാതെ ഒരു സൃഷ്ടാവ് ദണ്ഡിക്കും എന്നത് യുക്തിസഹമല്ല എന്നും ) എന്നിങ്ങനെയുള്ള യുക്തികളാൽ സമർത്ഥിക്കുന്നു . ഗോവിന്ദപ്പണിക്കരുമായുള്ള വാദപ്രതിവാദത്തിന് ആക്കം കൂട്ടാനായി ബ്രാഹ്മണരുടെ മേധാവിത്വം സ്ഥാപിക്കാനായി എഴുതിവിട്ടിട്ടുള്ള അസംബന്ധങ്ങൾ മാത്രമാണ് ഹൈന്ദവഗ്രന്ഥങ്ങൾ എന്ന് ഗോവിന്ദൻകുട്ടിമേനവൻ അഭിപ്രായപ്പെടുന്നതിനെ മാധവൻ നിശിതമായി ഘണ്ഡിക്കുകയും കപിലന്റെ നിരീശ്വരസാംഖ്യസിദ്ധാന്തം ഉൾപ്പെടുന്ന ഹൈന്ദവസൈദ്ധാന്തികപ്രപഞ്ചം പാശ്ചാത്യസിദ്ധാന്തങ്ങൾ പിറക്കുന്നതിനും ആയിരക്കണക്കിന് സംവത്സരങ്ങൾക്ക് മുൻപ് പിറവികൊണ്ടവയാണെന്നും
പാശ്ചാത്യ സൈദ്ധാന്തിക ലോകത്തുപോലും ഹക്സ്ലി ഉൾപ്പടെയുള്ള ഒട്ടുമിക്ക ചിന്തകരും നിരീശ്വരമതത്തെ അംഗീകരിക്കുന്നില്ല എന്നും ചൂണ്ടിക്കാണിക്കുന്നു . ദൈവം എന്ന ശക്തിയുടെ അസ്ഥിത്വത്തിനോ അസ്ഥിത്വമില്ലായ്‌മയ്‌ക്കോ യാതൊരു തെളിവും ഇല്ലാത്ത സാഹചര്യത്തിൽ സാധാരണ മനുഷ്യരുടെ ഐഹികസുഖത്തിന് എന്തുകൊണ്ടും അഭികാമ്യം ഈശ്വരൻ എന്ന ശക്തി ഉണ്ടെന്ന് വിശ്വസിക്കുന്നതാണെന്നും കൂട്ടിച്ചേർക്കുന്ന മാധവൻ പ്രപഞ്ചത്തിൽ കാണപ്പെടുന്ന സൃഷ്ടിസംഹാരങ്ങളൊക്കെ പ്രപഞ്ചരീതിയിൽ ആവശ്യമുള്ളതാണെന്നും എല്ലാത്തിനും നിയാമകശക്തിയായി ഒരു ഈശ്വരൻ ഉണ്ടെന്നതാണ് തന്റെ വിശ്വാസമെന്നും വ്യക്തമാക്കുന്നു . മാധവനും ഗോവിന്ദൻകുട്ടിമേനവനും സമർത്ഥിക്കുന്നതെല്ലാം വിഡ്ഢിത്തമായും ചെറുപ്പത്തിന്റെ അറിവില്ലായ്മയായും മാത്രം കാണാൻ കഴിയുന്ന യാഥാസ്ഥിതികനായ ഗോവിന്ദപ്പണിക്കരുടെ നിർദ്ദേശപ്രകാരം മൂവരും ഉറങ്ങാൻ ഭവിച്ചു കിടക്കുന്നെങ്കിലും സംഭാഷണം തുടരുന്നു .ക്രമേണ ഇന്ത്യൻ നാഷണൽ കോൺഗ്രെസ്സിനെപ്പറ്റിയുള്ള ചർച്ചയ്ക്ക് കളമൊരുങ്ങുന്നു .
ധനമോ ധൈര്യമോ സത്യമോ ശരീരമിടുക്കോ ഒരുമയോ നേരറിവോ കഴിവോ വിദ്യാഭ്യാസമോ ഉത്സാഹമോ ഇല്ലാത്ത ജനതയായ ഭാരതീയർക്ക് ഇംഗ്ലണ്ടിൽ ഉള്ളതുപോലെ ഇന്ത്യക്കാരുടേതായ ഒരു പാർലമെൻറ് ഇന്ത്യയിലും സ്ഥാപിക്കുക എന്നതാണ് കോൺഗ്രസിന്റെ ഉദ്ദേശമെന്നും ചരിത്രത്തിലൊരിക്കലും ഇല്ലാത്തവണ്ണം ഇംഗ്ലീഷ് ഭരണം ഇന്ത്യക്കാർക്ക് ഗുണകരമാണെന്നും ആ സർക്കാരിനോട് യാചിച്ച് സ്വയംഭരണംനേടാൻ തുനിയുന്നവർ യഥാർത്ഥ രാജ്യസ്നേഹികളാണെങ്കിൽ വേണ്ടത് ഇംഗ്ലീഷുകാരെ യുദ്ധം ചെയ്തുതുരത്തുകയാണെന്നും ഉദ്ദേശശുദ്ധിയില്ലാത്തതുകൊണ്ടുതന്നെ കോൺഗ്രസ് വെറും കണ്ഠക്ഷോഭ വേദി മാത്രമാണെന്നും ഗോവിന്ദൻകുട്ടിമേനവൻ അഭിപ്രായപ്പെടുന്നു . ഇംഗ്ലീഷ് രാജ്യഭാരം ഭാരതത്തിന് വളരെ ശ്രേയസ്കരമാണെന്നുതന്നെയാണ് താനുൾപ്പടെയുള്ള ഭൂരിഭാഗം കോൺഗ്രസ് അനുഭാവികളുടെയും അഭിപ്രായം എന്നും കോൺഗ്രെസ്സിന്റെ ഉദ്ദേശം വിദ്യാസമ്പന്നരായ ഇന്ത്യക്കാരിലൂടെ ഇംഗ്ലീഷുകാരുടെ അഭിപ്രായത്തെ സ്വാധീനിച്ച് ഇംഗ്ലീഷ് സർക്കാരും ഇന്ത്യക്കാരെ ഉൾപ്പെടുത്തിയ ഇന്ത്യൻസർക്കാരും ക്രമേണ ഏകീകരിക്കുക എന്നതാണെന്നും അതിനാൽ കോൺഗ്രസ് ഇംഗ്ലീഷ് ഭരണത്തിന്റെ ശത്രുവല്ല എന്നും നിലവിൽ ഐക്യമില്ലായ്മ ഉൾപ്പടെയുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ചാൽ മാത്രമേ രാജ്യഭരണത്തിന് ഇന്ത്യക്കാർ സജ്ജരാവുകയുള്ളു എന്ന അഭിപ്രായത്തോട് യോജിക്കുന്നില്ല എന്നും ഇംഗ്ലീഷ് സർക്കാരിന്റെ വിനീതവിധേയനായ മാധവൻ പറയുന്നു. ഉറങ്ങാൻ വൈകി എന്ന ഗോവിന്ദപ്പണിക്കാരുടെ ഓർമ്മപ്പെടുത്തലോടെ ചർച്ച അവസാനിക്കുന്നു .
("ഇന്ദുലേഖ " യുടെ പ്രസാധനത്തിന്റെ ആറ് പതിറ്റാണ്ടിനുള്ളിൽ ഇതേ കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ക്വിറ്റ് ഇന്ത്യ സമരമാണ് 1947 -ൽ ഇന്ത്യയെ ബ്രിട്ടീഷ്ഭരണത്തിൽ നിന്ന് പൂർണ്ണമായി സ്വതന്ത്രയാകുന്നതിലേക്കു നയിച്ച സംഭവവികാസങ്ങൾ ത്വരിതപ്പെടുത്തിയത് എന്നത് ശ്രദ്ധേയം )
പിറ്റേന്ന് മൂവരും ബംബായിൽ നിന്ന് പുറപ്പെടുന്നു .
അദ്ധ്യായം 19 : മാധവന്റെ സഞ്ചാരകാലത്ത് വീട്ടിൽ നടന്ന വാസ്തവങ്ങൾ
മാധവൻ തന്നെക്കുറിച്ച് അപ്പാടെ വിശ്വസിച്ചതിലുള്ള വേദനയിലും പ്രണയനൈരാശ്യത്തിൽ വല്ല കടുംകൈയ്യും ചെയ്താലോ എന്ന ഭയത്തിലും ഇന്ദുലേഖ നാളുകൾ തള്ളിനീക്കുന്നു . ദിവസവും തീവണ്ടിസ്റ്റേഷനിൽ നിന്ന് വിവരങ്ങളറിയാൻ ഒരാളെ ഇന്ദുലേഖ നിയമിക്കുകയും മകൻ നാടുവിട്ട വേദനയിൽ മനംനൊന്ത്കഴിയുന്ന മാധവന്റെ അമ്മയ്ക്ക് തുണയായി വർത്തിക്കുകയും ചെയ്യുന്നു.മാധവൻ നാടുവിട്ടു പോയെന്നും അത് ഇന്ദുലേഖയെക്കുറിച്ച് ശങ്കരശാസ്ത്രികൾ അപവാദപ്രചരണം നടത്തിയതിനാലാണെന്നും നാട്ടിൽ പ്രചരിച്ചു.സ്വന്തം നാട്ടിൽനിന്ന് ഒരുമാസം കഴിഞ്ഞ് മടങ്ങിയെത്തിയ ശങ്കരശാസ്ത്രികൾക്ക് ജനരോഷം കാരണം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായി. ഇന്ദുലേഖ ശങ്കരശാസ്ത്രികളെ വിളിപ്പിച്ച് ഈ വിഷയത്തിൽ തെറ്റിദ്ധാരണ ശങ്കരശാസ്ത്രികൾക്ക് മാത്രമായിരുന്നില്ല എന്ന് തനിക്ക് പൂർണ്ണ ബോധ്യമുണ്ട് എന്നും മാധവൻ ഇത്രവേഗം എല്ലാം വിശ്വസിച്ചല്ലോ എന്നതുമാത്രമാണ് തന്റെ വ്യസനം എന്നും അറിയിക്കുന്നു.കേട്ടതെല്ലാം ശരിയാണെന്ന് താൻ സംശയലേശമന്യേ പ്രസ്താവിച്ചതുകൊണ്ടുമാത്രമാണ് മാധവൻ വിശ്വസിച്ചത് എന്ന് പറഞ്ഞ് ശാസ്ത്രികൾ ഇന്ദുലേഖയെ ആശ്വസിപ്പിക്കുന്നു.
അത്യധികം വ്യസനിച്ച് ഊണും ഉറക്കവും കുറഞ്ഞ് അങ്ങനെ കഴിഞ്ഞുവരവെ ഒരുദിവസം വൈകുന്നേരം മയങ്ങിപ്പോയപ്പോൾ ഇന്ദുലേഖ കൽക്കത്താവിനുസമീപം ഏതോ മുസൽമാൻ കുത്തിക്കൊല്ലുന്നതായി സ്വപ്നം കണ്ട് നിലവിളിക്കുകയും കഠിനമായി പനിയ്ക്കുകയും ചെയ്യുന്നു . നിലവിളികേട്ട് ഓടിയെത്തിയ ലക്ഷ്മിക്കുട്ടി അമ്മയോട് ഇന്ദുലേഖ മാധവന് എന്തെങ്കിലും സംഭവിച്ചാൽ താൻ ജീവിച്ചിരിക്കില്ല എന്ന് പറയുന്നു. വിവരമറിഞ്ഞെത്തിയ പഞ്ചുമേനവൻ തന്റെ പ്രിയപൗത്രിയുടെ ദുരവസ്ഥയിൽ വല്ലാതെ വ്യസനിക്കുകയും മാധവന് ഇന്ദുലേഖയെ കൊടുക്കില്ല എന്ന തന്റെ വാക്കും കൂടിയാണല്ലോ അവളുടെ വിഷമത്തിന്റെ ഹേതു എന്ന് ധരിച്ച് സത്യം ചെയ്തതിന്റെ ( "എന്റെ ശ്രീപോർക്കലി ഭഗവതിയാണെ ഞാൻ ഇന്ദുലേഖയെ മാധവന് കൊടുക്കയില്ലാ " )ഓരോ അക്ഷരത്തിന്റെയും സ്വർണ്ണരൂപം നിർമ്മിച്ച് ബ്രാഹ്മണർക്ക് ദാനം ചെയ്‌ത് "പ്രായശ്ചിത്തം " നിവർത്തിക്കാൻ തീരുമാനിക്കുന്നു . പണിചെയ്യിപ്പിച്ച അക്ഷരങ്ങൾ ഇന്ദുലേഖയെ കാണിക്കാൻ കൊണ്ടുവന്ന സമയത്തുതന്നെ മാധവനും ഗോവിന്ദപ്പണിക്കരും ഗോവിന്ദൻകുട്ടിമേനോനും ബംബായിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട് എന്ന കമ്പിസന്ദേശം വരികയും പഞ്ചുമേനവൻ ഉൾപ്പടെ എല്ലാവരും വളരെ ആഹ്ളാദിക്കുകയും ചെയ്യുന്നു . ആനന്ദാതിരേകത്തിൽ ഇന്ദുലേഖയുടെ അസുഖം ഭേദമായി തുടങ്ങുന്നു .
അദ്ധ്യായം 20 : കഥയുടെ സമാപ്തി
മാധവനും ഗോവിന്ദപ്പണിക്കരും ഗോവിന്ദൻകുട്ടിമേനോനും ബംബായിൽ നിന്ന് മദിരാശിയിൽ എത്തുന്നു. മാധവൻ ഗിൽഹാം സായ്‌വിനെക്കണ്ട് വിവരങ്ങൾ ഗ്രഹിപ്പിക്കുന്നു. മാധവനെ സിവിൽസർവീസിൽ എടുത്തതായി വൈകാതെ ഗസ്സറ്റിൽ കാണുമെന്ന് ഗിൽഹാം സായ്‌വ് അറിയിക്കുന്നു . പിറ്റേ ദിവസം തന്നെ മൂവരും പൂവരങ്ങിൽ എത്തിച്ചേരുന്നു.അമ്മയെയും പ്രായശ്ചിത്തവിവരം അറിഞ്ഞശേഷം അമ്മാവനെയും കാണാൻ പോയശേഷം മാധവൻ അപ്പോഴും കിടക്കവിട്ടെഴുന്നേൽക്കാൻ ആകാത്ത ഇന്ദുലേഖയെ സന്ദർശിക്കുന്നു.
മാധവനുമായുള്ള പുനഃ സമാഗമത്തിന്റെ സന്തോഷത്തിൽ ഇന്ദുലേഖയുടെ അസുഖം വേഗം ഭേദമാകുന്നു.മാധവൻ തിരിച്ചെത്തിയതിന്റെ ഏഴാംദിവസം തന്നെ പഞ്ചുമേനവൻ കേമമായി ഇന്ദുലേഖാ-മാധവ വിവാഹം നടത്തുന്നു.ഒരു മാസത്തിനുള്ളിൽ മാധവനെ സിവിൽസർവീസിൽ എടുത്തതായുള്ള ഉത്തരവ് ലഭിക്കുന്നു.ഇന്ദുലേഖ, തന്റെ അച്ഛനമ്മമാർ എന്നിവരോടൊപ്പം മാധവൻ മദിരാശിക്ക് പുറപെടുന്നു.
VII . പിൻകുറിപ്പുകൾ
*പ്രസാധനം
ഇന്ദുലേഖ ആദ്യം പ്രസിദ്ധികരിക്കാൻ പ്രസാധകർ തയ്യാറാകാത്തതുകൊണ്ട് ആ വർഷം ഡിസംബറിൽ ചന്ദു മേനോൻ സ്വന്തമായാണ് കോഴിക്കോട്ടെ ഇസ്പെക്ടെറ്റർ പ്രെസ്സിൽ അച്ചടിച്ച് പുറത്തിറക്കിയത്.1890 ജനുവരിയിൽ നോവൽ വിൽപനക്ക് എത്തി. മൂന്ന് മാസത്തിനുള്ളിൽ ഒന്നാം പതിപ്പ് മുഴുവൻ വിറ്റു തീർന്നൂ. 1889 മുതൽ 2014 വരെ ഉദ്ദേശം ഒന്നരലക്ഷം കോപ്പിയെങ്കിലും അച്ചടിക്കപെട്ടിടുണ്ട്. ഇന്ദുലേഖയ്ക്ക് പ്രധാനമായും രണ്ട് ഇംഗ്ലീഷ് വിവർത്തനങ്ങളാണ് ഉള്ളത്: 1890-ൽ ഇറങ്ങിയ ഡബ്ല്യൂ. ഡ്യൂമർഗിന്റെ വിവർത്തനവും (Indulekha: A Novel from Malabar ) 1995-ലെ അനിതാ ദേവസ്യയുടെ വിവർത്തനവും
*വെട്ടിത്തിരുത്തലുകൾ
ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയില്‍ നിന്ന് കണ്ടെത്തിയ ആദ്യപതിപ്പില്‍ നിന്ന് ഇന്ന് പ്രചാരത്തിലുള്ളവ വളരെയധികം വ്യതിചലിച്ചിട്ടുണ്ട് എന്നും 1950 യ്ക്ക് ശേഷം ഇറങ്ങിയ പതിപ്പുകളില്‍ എട്ടു ഖണ്ഡികകളോളം വരുന്ന ഭാഗങ്ങള്‍ (ഉദാഹരണം : കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പീഠിക , നോവലിന്റെ അവസാനം സ്ത്രീകൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം കൊടുക്കണം എന്ന ചന്തുമേനോന്റെ അഭ്യർത്ഥന തുടങ്ങിയ ഭാഗങ്ങൾ ) ഒഴിവാക്കപ്പെട്ടിട്ടുണ്ട് എന്നും കൃതിയുടെ സ്ത്രീശാക്തീകരണ-വിപ്ലവ സ്വഭാവത്തിനെ നേര്പ്പിക്കാനുള്ള പുരുഷകേന്ദ്രീകൃതസമൂഹത്തിന്റെ ഇടപെടലുകള്‍ ആകാം ഇത് എന്നും ശ്രീ പി.കെ രാജശേഖരനും ശ്രീ പി. വേണുഗോപാലനും കണ്ടെത്തിയതും വെട്ടിമാറ്റപ്പെട്ട ഭാഗങ്ങളും ഉള്‍ക്കൊള്ളിച്ച് 2014 ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രത്യേകലക്കം പുറത്തിറക്കിയിരുന്നു.
*സ്വാധീനം :
ചന്തുമേനോന്‍ കൂടി അംഗമായിരുന്ന മലബാർ വിവാഹ കമ്മീഷന്റെ പുരോഗമനപരമായ തീരുമാനങ്ങളെയും അതുവഴി മലബാറിലെ ഹൈന്ദവസമൂഹത്തെ തന്നെയും സ്വാധീനിക്കുവാൻ ഈ നോവലിനു സാധിച്ചു. മലയാളത്തിലെ പില്കാല നോവലുകളെ (പ്രത്യേകിച്ചും യഥാതഥ്യത്തിൽ ഊന്നിയവയെ ) പാത്രാവിഷ്കാരത്തിലും പ്രമേയപരമായും വലിയ അളവിൽ ഇന്ദുലേഖ സ്വാധീനിച്ചു .
*രംഗാവിഷ്കാരങ്ങൾ
# KPAC നാടകം "ഇന്ദുലേഖ " ( ഈ നാടകത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ എന്റെ അറിവിലില്ല)
# 2016 -ൽ ചന്തുമേനോന്റെ പൗത്രിയുടെ പൗത്രിയും മോഹിനിയാട്ടം കലാകാരിയുമായ Dr . ചൈതന്യ ഉണ്ണിയുടെ നേതൃത്വത്തിൽ ചിട്ടപ്പെടുത്തിയ നൃത്ത-നാടകം
തിരക്കഥ : വൈക്കം ചന്ദ്രശേഖരൻ നായർ
സംവിധാനം : കലാനിലയം കൃഷ്ണൻ നായർ
നിർമ്മാണം : കലാനിലയം കൃഷ്ണൻ നായർ
അഭിനേതാക്കൾ : രാജ്‌മോഹൻ , ശങ്കരാടി , ചേർത്തല രാമൻ നായർ , കൊടുങ്ങല്ലൂർ അമ്മിണിയമ്മ , ശ്രീകല ,
ഓമന തുടങ്ങിയവർ
1988 :
നിർമ്മാണം പൂർത്തിയായെങ്കിലും പുറത്തിറങ്ങിയില്ല
2017 :
തിരക്കഥ : കെ . പി . വിജയകുമാർ
സംവിധാനം : മുഹമ്മദ് കുട്ടി
നിർമ്മാണം : മൊയ്തുണ്ണി , ജബ്ബാർ ആലംകോട്
അഭിനേതാക്കൾ :കാർത്തിക് പ്രസാദ് , അൻസിബ ഹസ്സൻ , പൂജപ്പുര രാധാകൃഷ്ണൻ തുടങ്ങിയവർ
*രംഗാവിഷ്കാരങ്ങൾ
# KPAC നാടകം "ഇന്ദുലേഖ " ( ഈ നാടകത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ എന്റെ അറിവിലില്ല)
# 2016 -ൽ ചന്തുമേനോന്റെ പൗത്രിയുടെ പൗത്രിയും മോഹിനിയാട്ടം കലാകാരിയുമായ Dr . ചൈതന്യ ഉണ്ണിയുടെ നേതൃത്വത്തിൽ ചിട്ടപ്പെടുത്തിയ നൃത്ത-നാടകം
തിരക്കഥ : വൈക്കം ചന്ദ്രശേഖരൻ നായർ
സംവിധാനം : കലാനിലയം കൃഷ്ണൻ നായർ
നിർമ്മാണം : കലാനിലയം കൃഷ്ണൻ നായർ
അഭിനേതാക്കൾ : രാജ്‌മോഹൻ , ശങ്കരാടി , ചേർത്തല രാമൻ നായർ , കൊടുങ്ങല്ലൂർ അമ്മിണിയമ്മ , ശ്രീകല ,
ഓമന തുടങ്ങിയവർ
1988 :
നിർമ്മാണം പൂർത്തിയായെങ്കിലും പുറത്തിറങ്ങിയില്ല
2017 :
തിരക്കഥ : കെ . പി . വിജയകുമാർ
സംവിധാനം : മുഹമ്മദ് കുട്ടി
നിർമ്മാണം : മൊയ്തുണ്ണി , ജബ്ബാർ ആലംകോട്
അഭിനേതാക്കൾ :കാർത്തിക് പ്രസാദ് , അൻസിബ ഹസ്സൻ , പൂജപ്പുര രാധാകൃഷ്ണൻ തുടങ്ങിയവർ
*നുറുങ്ങുകൾ
# മലയാളം മാത്രം അറിയാവുന്ന തന്റെ ഭാര്യയ്ക്ക് വായിച്ചുരസിക്കാനാണ് ചന്തുമേനോൻ ഇന്ദുലേഖ എഴുതിത്തുടങ്ങിയത് എന്നൊരു കഥ നിലവിലുണ്ട് ( എന്നാൽ ചന്തുമേനോൻ തന്നെ അവതാരികയിൽ പ്രസ്താവിച്ചിട്ടുള്ളത് ഒരു സുഹൃത്തിൻറെ നിരന്തര നിർബന്ധത്തിനു വഴങ്ങി "ഹെൻറിയിട്ട ടെംപിൾ " എന്ന ഇംഗ്ലീഷ് നോവൽ മലയാളത്തിലേക്ക് തർജ്ജമ ചെയ്‌ത് എഴുതാൻ ശ്രമിച്ചു പരാജയപ്പെട്ടതാണ് ഈ ഉദ്യമത്തിന്റെ ഹേതു എന്നാണ് ; ഈ 'സുഹൃത്ത്' ഭാര്യ തന്നെ ആയിരുന്നോ എന്നത് അജ്ഞാതം )
# ഇന്ദുലേഖ എന്ന കഥാപാത്രത്തിന്റെ രൂപം പൂർണ്ണമായി മുന്നിൽ കണ്ടുകൊണ്ടുവേണം പുസ്തകം എഴുതിത്തുടങ്ങാൻ എന്ന് ചന്തുമേനോന് നിർബന്ധമുണ്ടായിരുന്നു എന്നും അദ്ദേഹം അതിനായി രാമവർമ്മ എന്ന ചിത്രകാരനെ സമീപിച്ച് ഇന്ദുലേഖ എന്ന കഥാപാത്രത്തിനൊത്ത ഒരു ഛായാചിത്രം വരപ്പിച്ചു എന്നും പറയപ്പെടുന്നു .
# ഇന്ദുലേഖ എന്ന കഥാപാത്രത്തിന്റെ രൂപം പൂർണ്ണമായി മുന്നിൽ കണ്ടുകൊണ്ടുവേണം പുസ്തകം എഴുതിത്തുടങ്ങാൻ എന്ന് ചന്തുമേനോന് നിർബന്ധമുണ്ടായിരുന്നു എന്നും അദ്ദേഹം അതിനായി രാമവർമ്മ എന്ന ചിത്രകാരനെ സമീപിച്ച് ഇന്ദുലേഖ എന്ന കഥാപാത്രത്തിനൊത്ത ഒരു ഛായാചിത്രം വരപ്പിച്ചു എന്നും പറയപ്പെടുന്നു .
--------------------------------------------------------------------------------------------------------------------------------------------------------------------------
അവലംബം :
അവലംബം :
- ശ്രീ പി.കെ .രാജശേഖരന്റെ "അന്ധനായ ദൈവം "
- ശ്രീ ഇ .വി . രാമകൃഷ്ണന്റെ "മലയാള നോവലിന്റെ ദേശകാലങ്ങൾ"
- "ഇന്ദുലേഖ :വായനയുടെ ദിശകൾ (എഡിറ്റർ : ശ്രീ ഇ .പി .രാജഗോപാലൻ )