Unknown








I. പശ്ചാത്തലം



കവി :



1873 - ല്‍ തിരുവനന്തപുരം ജില്ലയിലെ കായിക്കരയില്‍  ശ്രീ നാരായണൻ പെരുങ്ങാടിയുടെയും ശ്രീമതി  കാളിയമ്മയുടെയും മകനായി അന്ന് സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിന്നിരുന്ന ഈഴവസമുദായത്തില്‍ ജനിച്ച "കുമാരു" വിനെ സാഹിത്യത്തിലേക്ക് ആനയിച്ചത് മലയാളത്തിലും തമിഴിലും അച്ഛനുണ്ടായിരുന്ന നൈപുണ്യവും പുരാണേതിഹാസങ്ങളില്‍ അമ്മയുടെ അവഗാഹവുമായിരുന്നു. നാട്ടില്‍ തന്നെയുള്ള കുട്ടിപ്പള്ളിക്കൂടത്തിലും പ്രൈമറി സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം ചെയ്ത കുമാരുവിന്റെ പതിനെട്ടാമത്തെ വയസ്സിൽ അസുഖം ബാധിച്ച്‌ കിടപ്പിലായിരുന്ന അവസരത്തിൽ , കുമാരുവിന്റെ അച്ഛന്റെ ക്ഷണപ്രകാരം ശ്രീനാരായണഗുരു വീട്ടിൽ വരികയും അദ്ദേഹത്തിന് ശിഷ്യപ്പെടുകയും ചെയ്തത് കുമാരുവിന്റെ ആത്മീയ-സാഹിത്യ-സാമൂഹിക ജീവിതത്തിലെ വഴിത്തിരിവായി. ഉദ്ദേശം ഇരുപത് വയസ്സ് പ്രായമായപ്പോൾ കുമാരു വക്കം സുബ്രഹ്മണ്യക്ഷേത്രത്തിലെ അന്തേവാസിയായി മതഗ്രന്ഥ പാരായണത്തിലും യോഗാസനത്തിലും ധ്യാനത്തിലും മുഴുകിയ അദ്ദേഹം അക്കാലത്ത് ക്ഷേത്രപരിസരത്ത് ഒരു സംസ്കൃതപാഠശാല ആരംഭിച്ചതോടെ “കുമാരനാശാൻ“ എന്ന് വിളിക്കപ്പെട്ടുതുടങ്ങി. ശ്രീനാരയണഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം ബാന്ഗ്ലൂരില്‍ ഡോ.പല്പുവിന്റെ മേല്‍നോട്ടത്തില്‍ ചാമരാജേന്ദ്രസംസ്കൃത കോളെജിലും (ന്യായശാസ്ത്രം) കല്‍ക്കത്തസംസ്കൃതകോളേജിലുമായി (ന്യായശാസ്ത്രം, ദർശനം, വ്യാകരണം, കാവ്യം) ഉന്നതപഠനം പൂര്‍ത്തിയാക്കി. ബംഗ്ലൂരിലെ ഡോ.പല്പുവിന്റെയോപ്പമുള്ള പഠനകാലവും രവീന്ദ്രനാഥ് ടാഗോര്‍,ശ്രീരാമകൃഷ്ണ പരമഹംസൻ, രാജാറാം മോഹൻറോയ്‌ തുടങ്ങിയ മഹാനുഭാവര്‍ അരങ്ങുവാണിരുന്ന അന്നത്തെ  കല്‍ല്‍ക്കത്തയിലെ അതിസമ്പന്നമായ സാംസ്കാരിക-ആത്മീയാന്തരീക്ഷവും കുമാരനാശാനെ ഒരു വ്യക്തി എന്ന നിലയില്‍ ഏറെ സ്വാധീനിച്ചു . പാശ്ചാത്യ കവികളായ കീറ്റ്സ്‌, ഷെല്ലി, ടെന്നിസൺ എന്നിവരുടെ കൃതികളുമായുള്ള നിരന്തര സമ്പർക്കം ആശാനിലെ കവിയെ ഉണര്‍ത്തി. തിരികെ നാട്ടിലെത്തിയ കുമാരനാശാന്‍ 1903 ൽ ഡോ . പല്പുവിന്റെ നേതൃത്വത്തിൽ സ്ഥാപിതമായ SNDP യോഗത്തിന്റെ  സ്ഥാപക സെക്രട്ടറി ആയി (പതിനാറ് വർഷം സമൂഹ -സമുദായോദ്ധാരണത്തിനായി അദ്ദേഹം ഈ സ്ഥാനത്ത് പ്രവർത്തിച്ചു .) 


ഉള്ളൂരിന്റെയും വള്ളത്തോളിന്റെയുമൊപ്പം ആധുനിക കവിത്രയങ്ങളിലൊരാളായ,"മഹാകാവ്യം" എഴുതാത്ത "മഹാകവി" യായ(മദ്രാസ് സർവകലാശാലയിൽ നിന്ന് 1922 -ൽ ബഹുമാന്യസൂചകമായി 'മഹാകവി ' എന്ന നാമം സിദ്ധിച്ചു) കുമാരനാശാന്‍ ആണ് മലയാളത്തില്‍ കാല്പനികപ്രസ്ഥാനതിനു തുടക്കം കുറിച്ചത് എന്ന് വിലയിരുത്തപെടുന്നു. താന്‍ ജീവിച്ചിരുന്ന കാലഘട്ടത്തിലെ കേരളീയഹൈന്ദവസമൂഹത്തിലെ അതിരൂക്ഷവും നികൃഷ്ടവുമായ ജാതിവിവേചനത്തിനെതിരെ സമുദായപ്രവര്തനതിലൂടെയും സാഹിത്യത്തിലൂടെയും പടപൊരുതിയ കുമാരനാശാന്‍ ആധുനികകേരളത്തിലെ ആദ്യ നവോത്ഥാന കവിയായാണ് ഇന്ന് ഓര്‍മിക്കപ്പെടുന്നത്.  
ഭൗതികജീവിതദുരന്തബോധത്തിന്റെ ശക്തമായ അന്തര്‍ധാരയും അതിന് പോംവഴിയായി വേദാന്തസാരമായ നിസ്സീമമായ പ്രപഞ്ചസ്നേഹവുമാണ് ആശാന്‍ കവിതകളുടെ  പ്രമേയപരിസരം .ശ്രീനാരായണഗുരുശിഷ്യന്‍ എന്ന നിലയിലുള്ള ആദ്ധ്യാത്മികപരിസരം, ദാര്‍ശനികതയിലുള്ള അക്കാദമികപരിസരവും വ്യക്തിജീവിതത്തിലൂടെയും സമുദായപ്രവർത്തനങ്ങളിലൂടെയും  ലഭിച്ച നേരറിവുകളും സഹജമായ സർഗപ്രതിഭയും  വൈകാരികതയുമാണ്  ആശാന്റെ കവിതകളെ കാല്പനികതയുടെയും തത്വചിന്തയുടെയും  അത്യുജ്ജ്വലമായ സമ്മിശ്രണങ്ങൾ ആക്കിയത് . 


"സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്കു മൃതിയെക്കാള്‍ ഭയാനകം" (ഒരു ഉദ്‌ബോധനം),"മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ,മല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളെത്താന്‍" (ദുരവസ്ഥ), " തുടങ്ങിയ വരികള്‍ കേരളമിന്നും ഏറ്റുപാടുന്നു. "വീണപൂവി"ലെ "ശ്രീ ഭൂവിലസ്ഥിര", "ഗുണികളൂഴിയിൽ നീണ്ടുവാഴാ", " സാധ്യമെന്ത് കണ്ണീരിനാല്‍?"     "അവനിവാഴ്‌വ് കിനാവ്‌.." തുടങ്ങിയ പദശകലങ്ങള്‍  ഇതിനോടകം തന്നെ "പഴമൊഴികള്‍" ആയി ഭവിക്കുകയും ചെയ്തു.


സാഹിത്യത്തിലുള്ള സമഗ്രസംഭാവനകളെ മാനിച്ച് 
1922-ൽ മദ്രാസ്‌ സർവകലാശാലയിൽ വച്ച്‌ അന്നത്തെ വെയിൽസ്‌ രാജകുമാരൻ ആശാന്‌ "മഹാകവി " സ്ഥാനവും പട്ടും വളയും സമ്മാനിച്ചു. തിരുവിതാംകൂർ നിയമസഭാംഗം , പാഠപുസ്തക കമ്മിറ്റിയംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ച കുമാരനാശാൻ 1924 -ൽ പല്ലനയാറ്റിലുണ്ടായ "റെഡീമർ" ബോട്ടപകടത്തിൽപെട്ട് അന്തരിച്ചു .





കവിയുടെ മറ്റ് പ്രധാന കൃതികൾ :

കരുണ(
1923)നളിനി(1911) , ലീല(1914), ചണ്ഡാലഭിക്ഷുകി(1922), ദുരവസ്ഥ(1922), പ്രരോദനം(1919), ചിന്താവിഷ്ടയായ സീത(1919) 



കവിതാപരിസരം:


മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പഠിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത കവിയായ കുമാരാശാന്‍റെ ഏറ്റവും വായിക്കപ്പെട്ടതും  അര്‍ത്ഥഗര്‍ഭവും ആശയഗംഭീരവുമായ കൃതിയാണ് "വീണപൂവ്‌". പ്രത്യക്ഷതലത്തില്‍ ഒരു പൂവിന്റെ ജീവിതത്തിലെ ജനനം മുതല്‍ മരണാസന്നത വരെയുള്ള ഘട്ടങ്ങളിലൂടെ സഞ്ചരിച്ച് മനുഷ്യജീവിതത്തിന്റെ തന്നെ നൈമിഷികതയെ ആഖ്യാനിച്ച "വീണപൂവ്‌" കവി ശ്രീനാരയണഗുരുവോടൊന്നിച്ച് (സന്ദര്‍ഭവശാല്‍ ഗുരു രോഗശയ്യയിലായിരിക്കുമ്പോള്‍) കൊല്ലവര്‍ഷം 1083 വൃശ്ചികത്തില്‍ (1907 നവംബര്‍)  ചില ക്ഷേത്രപ്രതിഷ്ഠകളുമായി ബന്ധപ്പെട്ട് പാലക്കാട്ട് താമസിക്കുമ്പോള്‍  രചിക്കപ്പെട്ടതാണ്. അന്നുവരെ പ്രധാനമായും സ്തോത്രകൃതികളും കീര്‍ത്തനങ്ങളും മാത്രം രചിച്ചുപോന്ന കുമാരനാശാന്‍ പ്രദേശവാസിയായ വിനയചന്ദ്രഗൌഡ എന്ന ജൈനമതസ്ഥന്റെ വീട്ടില്‍ ചെന്നപോള്‍ അവിടെ വീണുകിടന്ന മുല്ലപ്പൂക്കളെ ആസ്പദമാക്കി ഒരു കവിത രചിച്ചുകൂടെ എന്ന ഗൌഡയുടെ ചോദ്യത്തിനുത്തരമായി  തന്‍റെ മനസ്സില്‍  മുമ്പേ നാമ്പിട്ട ആശയത്തിനെ ആശാന്‍ ഗൌഡയുടെ ഡയറിയില്‍ "പന്തലില്‍  നിന്ന് താഴത്തുവീണു കിടന്നിരുന്ന സുഗന്ധവാഹിനിയായ മുല്ലപ്പൂവിനെ കണ്ട് മനം നോന്തെഴുതിയത്" എന്ന കുറിപ്പോടെ ഖണ്ഡകാവ്യത്തിന്റെ ആദ്യശ്ലോകമായി പകര്ത്തിവയ്ക്കുകയായിരുന്നു.


തലശ്ശേരിയില്‍ മൂര്‍ക്കോത്ത് കുമാരന്‍ നടത്തുന്ന "മിതവാദി" മാസികയില്‍ ആദ്യമായി "ഒരു വീണ പൂവ് " എന്ന തലക്കെട്ടിൽ  പ്രസിദ്ധീകരിക്കപ്പെട്ട "വീണപൂവ്‌" ന്‍റെ ദാര്‍ശനികസൌരഭ്യത്തില്‍ ആകൃഷ്ടനായ "ഭാഷാപോഷിണി" എഡിറ്റര്‍ സി. എസ്. സുബ്രഹ്മണ്യന്‍പോറ്റിയുടെ താല്‍പര്യപ്രകാരം കൊല്ലവര്‍ഷം 1084 വൃശ്ചികത്തില്‍ "ഭാഷാപോഷിണി" യില് പ്രസിദ്ധീകരിക്കുകയും 
 കേരളവര്‍മ്മ പദ്യപാഠാവലിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതോടെയാണ് കവിതയും കവിയും പ്രശസ്തിയുടെയും അന്ഗീകാരതിന്റെയും  ഇന്നും അനിഷേധം  തുടരുന്ന ജൈത്രയാത്ര ആരംഭിച്ചത്.


ചില അപവാദങ്ങളോഴിച്ചാല്‍ കവിതാപ്രമേയമെന്നാല്‍ പുരാണേതിഹാസ സന്ദര്‍ഭങ്ങളോ കഥാപാത്രങ്ങളോ ശൃംഗാരാഭാസങ്ങളുടെ അനാവരണങ്ങളോ മാത്രമാണെന്നുള്ള ധാരണകളെ  വഹിക്കുകയും  കവിതയെന്നാല്‍ പ്രാസമൊപ്പിക്കല്‍ മാത്രമാണെന്ന  നിലയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുകയും ചെയ്തുകൊണ്ടിരുന്ന  മലയാളിയുടെ കാവ്യാസ്വാദനഭാവുകത്വം എന്നന്നേക്കുമായി മാറ്റിമറിച്ചു കേവലം 41 ശ്ലോകങ്ങളുള്ള ഈ കാവ്യം .
ശാന്റെ ജീവിതവീക്ഷണത്തിന്‍റെ പൂര്‍ണാവിഷ്കാരമാണ് "വീണപൂവ്‌". നളിനിയും ലീലയും സീതയും(ചിന്താവിഷ്ടയായ സീത) വാസവദത്തയും(കരുണ) സാവിത്രി(ദുരവസ്ഥ)യും മാതംഗി(ചന്ടാലഭിക്ഷുകി) ഒക്കെ വിധിയുടെ അലംഘനീയതയുടെ ഇരകളായി വീണ പൂവുകളാണ്.ശ്രീ എം. എന്‍. രാജന്‍ നിരീക്ഷിച്ചതുപോലെ "കൊതിച്ചതും വിധിച്ചതും രണ്ടായിത്തീരുന്നതിന്റെ അനിവാര്യമായ ആത്മസംഘര്‍ഷമാണ് മനുഷ്യരുടെ ജീവിതദുരന്തമെന്നും പക്ഷേ മോചനമില്ലാത്ത ഈയവസ്ഥയില്‍വിലപിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നുള്ളതുമാണ് കുമാരനാശാന്‍റെ കാഴ്ചപ്പാട്..... ഇങ്ങനെ മലയാളത്തില്‍ ഒരു കവി തന്‍റെ കാവ്യജീവിതസങ്കല്പങ്ങളെയാകെ ഒരൊറ്റ ബിംബമാക്കിയിട്ടുണ്ടെങ്കില്‍ അത് കുമാരനാശാനും അദ്ദേഹത്തിന്റെ വീണപൂവും മാത്രമാണ്."



"വീണപൂവ്‌" ന്‍റെ വ്യാഖ്യാനങ്ങള്‍  :



("വീണപൂവ് " കവിതയുടെ കേന്ദ്രാശയം ജീവിതത്തിന്റെയും ജീവിതാവസ്ഥകളുടെയും നശ്വരത  എന്ന സാര്‍വ്വലൌകികപ്രമേയമായതുകൊണ്ടുതന്നെ അർത്ഥതലങ്ങളുടെ  ഈ ആധിക്യം  ആസ്വാദ്യതയ്ക്കത് വിഘാതമാവുകയല്ല മറിച്ച് സമ്പുഷ്ടിയേകുകയാണ് ചെയ്യുന്നത്  .

"പ്രാധാന്യം തുല്യമാത്രയില്‍ സമ്മേളിച്ചുണ്ടാകുന്ന ഉഭയലോകമഹിമ അധികം രചനകള്‍ക്കുണ്ടാകുന്ന മേന്മയല്ല. വീണപൂവ്‌ ....വേറിട്ടുനില്‍ക്കുന്നത് ഈ അനന്യസിദ്ധമായ ശ്രേഷ്ഠത മൂലമാണ്" എന്ന്  സുകുമാര്‍  അഴീക്കോട് മാഷ്‌ 


"..ഇവിടെ  പരാമർശിച്ച ഏത്  സംഭവവും  വീണപൂവിന്റെ  രചനയ്ക്ക്  പ്രത്യക്ഷ  നിമിത്തമാവാം .അവയെല്ലാം ചേർന്ന സഞ്ചിതാനുഭവമാണ്  വീണപൂവിന്റെ  പിറവിക്ക്  പ്രേരകമായതെന്നും  വരാം  . ഒരുവേള ഇതൊന്നും സംഭവിച്ചിരുന്നില്ലെങ്കിൽ പോലും ആശാൻ വീണപൂവെഴുതുമായിരുന്നു  എന്നതുമാവാം സത്യം " എന്ന്  ഡോ . ഡി . ബെഞ്ചമിൻ .      )



1. 1867 മുതല്‍ 1901 -ല്‍ തന്‍റെ മരണം വരെ അറുപത് കൊല്ലം "സൂര്യനസ്തമിക്കാത്ത സാമ്രാജ്യ" (ബ്രിട്ടീഷ്‌ സാമ്രാജ്യം) ത്തിന്റെ ചക്രവര്‍ത്തിനിയായിരുന്ന വിക്ടോറിയ രാജ്ഞി യെയാണ് "വീണ പൂവ്" ആയി ചിത്രീകരിച്ചിരിക്കുന്നത് എന്നത്


ഈ വ്യാഖ്യാനത്തിന് ബലമേകുന്ന ചില വാദങ്ങള്‍ ചുവടെ  :


* കാവ്യം പ്രസിദ്ധീകരിക്കുമ്പോള്‍ (1907) രാജ്ഞി മരിച്ചിട്ട് (1901) അധികം വര്‍ഷങ്ങള്‍ ആയിരുന്നില്ല.


* അക്കാലയളവില്‍  കുമാരനാശാന്‍ ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ അഭ്യുദയകാംക്ഷി ആയിരുന്നു. 1911 -ല്‍ ജോര്‍ജ്ജ് അഞ്ചാമന്റെ  ഇന്ത്യാസന്ദര്‍ശത്തോടനുബന്ധിച്ചെഴുതിയ "ദല്‍ഹി കിരീടധാരണം" എന്ന കവിതയില്‍ അദ്ദേഹത്തിന്റെ വരവോടെയാണ് ഭാരതം "പതിസ്പര്‍ശം" അറിഞ്ഞത് എന്നും "ഭൂവില്‍ ആന്ഗ്ലേയലക്ഷ്മി ജയിക്കട്ടെ" എന്നും മറ്റും പരാമര്‍ശിക്കുന്നത് ഈ സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.



* വിക്ടോറിയ രാജ്ഞിയുടെ നയങ്ങളുടെ ഫലമായാണ് ഇന്ത്യയില്‍ ഇന്ത്യക്കാര്‍ക്കുള്‍പ്പടെ ഇംഗ്ലീഷ് വിദ്യാഭ്യാസം നടപ്പാകുന്നതും അതുവഴി ഭാരതീയസമൂഹത്തില്‍ നവോത്ഥാനചിന്തയുടെ യുഗം പിറക്കുന്നതും. കുമാരനാശാന്‍ സ്വയം ഈ നവയുഗത്തിന്റെ സൃഷ്ടിയും ഗുണഭോക്താവുമായിരുന്നു.




2. കുമാരനാശാന്‍റെ തന്റെ ഒരു നഷ്ടപ്രണയത്തെയാണ്‌ പൂവിന്റെയും വണ്ടിന്റെയും ദുരന്തപര്യവസായിയായ പ്രണയത്തിലൂടെ ചിത്രീകരിച്ചത് എന്നത്  ( ഡോ. എം.എം. ബഷീര്‍ പ്രസിദ്ധപ്പെടുത്തിയ കുമാരനാശാന്‍റെ ഡയറികുറിപ്പുകളില്‍ നിന്ന് മനസ്സിലാകുന്നത്‌ ആശാന് കല്‍ക്കട്ടയില്‍ ഒരു അന്ഗ്ലോഇന്ത്യന്‍ പ്രണയിനി ഉണ്ടായിരുന്നു എന്നും അദ്ദേഹം കല്‍ക്കട്ട വിട്ടപ്പോള്‍ അവര്‍ ആ വ്യഥയില്‍ മൃതിയടഞ്ഞു എന്നുമാണ്)

3 .ജാതിവെറിയുടെ രൂക്ഷാവിഷ്കാരമായ തൊടൽ -തീണ്ടൽ നിയമങ്ങൾ ഇരുട്ടിലാഴ്ത്തിയ സാംസ്കാരിക കേരളത്തിനെ സൂചിപ്പിക്കുന്നു എന്നതും നേരെ മറിച്ച് "അവർണ്ണ"ർ സമൂഹത്തിലെയും സർക്കാരിലെയും ഉന്നതസ്ഥാനങ്ങളിലേക്ക് കടന്നുവന്നുതുടങ്ങിയതോടെ തകർന്ന  "സവർണ്ണാ"ധിപത്യമാണ് "വീണപൂവ് " എന്നത് .


4  . പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളില്‍  പോലും ചില അപവാദങ്ങളോഴിച്ചാല്‍ കവിതാപ്രമേയമെന്നാല്‍ പുരാണേതിഹാസ സന്ദര്‍ഭങ്ങളോ കഥാപാത്രങ്ങളോ ശൃംഗാരാഭാസങ്ങളുടെ അനാവരണങ്ങളോ മാത്രമാണെന്നുള്ള ധാരണകളെ  വഹിക്കുകയും  കവിതയെന്നാല്‍ പ്രാസമൊപ്പിക്കല്‍ മാത്രമാണെന്ന  നിലയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുകയും ചെയ്തുകൊണ്ടിരുന്ന  മലയാളപദ്യസംസ്കാരം  തന്നെയാണ് "വീണപൂവ്‌" എന്നത് .



5 . അതിസാരം ബാധിച്ച്   രോഗശയ്യയിലായിരുന്ന ശ്രീനാരായണഗുരുവിനെ തന്നെയാണ്  "വീണപൂവ്" എന്നത് കൊണ്ട് ആശാന്‍ ഉദ്ദേശിച്ചത് എന്നത്.


6 . "ഉന്നതകുല"ജാതയായ / "സവർണ്ണ" കുലത്തിൽ ജനിച്ച സ്ത്രീയുടെയും (പൂവ് ) "അവർണ്ണ " നായ പുരുഷന്റെയും (വണ്ട് ) പ്രണയഗാഥയാണ് എന്നത് 


7 . "വീണപൂവ് " രചിച്ച തൻ്റെ മുപ്പത്തിനാലാം വയസ്സിലും ഭൗതിക-സന്ന്യാസ ജീവിതങ്ങളിലൊന്ന്  അസ്സന്ദി ഗ്ധമായി തിരഞ്ഞെടുക്കാനാകാതെ ഉഴറുന്ന കുമാരനാശാന്റെ ആധ്യാത്മികോന്മുഖമായ കാല്പനികമനസ്സിലെ രതി -വിരതി സംഘർഷങ്ങളാണ് "വീണപൂവി"ൽ അനാവൃതമാകുന്നത് എന്നത് .







II . ആഖ്യാനരീതി 


 

*രൂപം:
  • ഒരുപൂവിന്റെ വീഴ്ചയില്‍ / മരണാസന്നതയില്‍ വിലപിക്കുന്ന വിലാപകാവ്യം( elegy ) / അര്‍ച്ചനാകാവ്യം (ode) / വിഷാദകാവ്യം എന്നരീതിയിലാണ് "വീണപൂവിന്റെ" ഘടന. പാശ്ചാത്യകാല്‍പനികകാവ്യപ്രസ്ഥാനത്തിന്റെ (Romanticism) സൃഷ്ടികളുടെ മാതൃകയില്‍ താന്‍ മുന്‍പ് രചിച്ചത് എന്ന ആമുഖത്തോടെയാണ് കുമാരനാശാന്‍ ശ്രീ സി. എസ്. സുബ്രഹ്മണ്യന്‍ പോറ്റിയുടെ മുന്‍പില്‍ വീണപൂവ്‌ അവതരിപ്പിച്ചതുതന്നെ.  "The Golden treasury of the best songs and lyrical poems in the English language "എന്ന സമാഹാരം(1861) ആശാന് ഏറെ പ്രിയപ്പെട്ടതായിരുന്നു എന്നത് പ്രസിദ്ധം. ഈ സമാഹാരത്തിലെ Pastoral elegy ( വിരസമായ പരിസരങ്ങളെ -പ്രത്യേകിച്ചുംപുല്‍മേടുകളിലെ-അതിതീവ്രമായ വിലാപത്തിന്റെ വേദികളായി  പരിണമിപ്പിക്കുന്ന കാവ്യരൂപം)എന്ന ഗണത്തില്‍ പെടുത്താവുന്ന പേര്‍സി ഷെല്ലിയുടെ" The Flower That Smiles Today", റോബെര്‍ട്ട് ഹെരിക്കിന്റെ "To Daffodils", "To  the rose" എന്ന കാവ്യങ്ങള്‍ വീണപൂവിനെ സ്വാധീനിച്ചിരിക്കാം.
  • ഭാവഗീതം ( lyric ) എന്ന ഭാഷാസൗന്ദര്യകേന്ദ്രീകൃതമായ കുറുകിയ ഘടനയുടെ ആഖ്യാനദൈർഘ്യപരമായ പരിധികൾ കവിഞ്ഞ ഒരു "കഥാത്മക കവിത "  എന്ന്  നിരൂപകന്‍ ശ്രീ .ഇ .പി . രാജഗോപാലൻ 
  • മാനവീകരണം (മാനവീകരണം / anthropomorphism- ദൈവത്തിലോ വസ്തുക്കളിലോ ഇതരജീവജാലങ്ങളിലോ മനുഷ്യന്‍റെ വികാരവിചാരങ്ങള്‍ ആരോപിക്കുന്ന കലാസാഹിത്യരീതി ) അഥവാ  മനുഷ്യജീവിത സാമാന്യാനുമാനം (Analogy) എന്ന  കാവ്യസങ്കേതമുപയോഗിച്ച്  മഹാകവി
    ഒരു പൂവിന്റെ ജനനം മുതല്‍ മരണാസന്നത വരെയുള്ള വിവിധ ജീവിതഘട്ടങ്ങളിലൂടെ അനുവാചകരെ കൂടെനടത്തി പൂവിന്‍റെ കാമുകനെന്ന് അനുമാനിക്കുന്ന വണ്ടിന്റെ വിലാപത്തില്‍ പങ്കുചേര്‍ക്കുന്നു.
  •  "വീണപൂവിനെ " പൂവ് എന്ന പ്രതീകത്തിലൂന്നിയുള്ള (പ്രതീകം : Symbol )  അന്യാപദേശകാവ്യം (Allegorical Poem ; അന്യാപദേശം / Allegory എന്നാൽ പ്രത്യക്ഷത്തിൽ ലഭിക്കുന്ന വിവക്ഷയ്ക്കു സമാന്തരമായി ഒരു പൊരുൾ കൂടി ബോധപൂർവം ഉൾക്കൊള്ളിക്കുന്ന രീതി)  എന്ന് പല നിരൂപകരും വിശേഷിപ്പിച്ചിട്ടുണ്ട്  . എന്നാൽ മലയാള വ്യാകരണനിയമാവലിപ്രകാരം   "അന്യാപദേശം " എന്നാൽ "അപ്രസ്തുത പ്രശംസ " എന്ന അലങ്കാരത്തിന്റെ ഒരു ഭാഗം എന്ന നിലയിൽ മാത്രം ഗണിക്കപ്പെട്ടിരിക്കുന്നിടത്തോളം -ഒരു കാവ്യപ്രസ്ഥാനമായി അംഗീകരിക്കപ്പെടാത്തിടത്തോളം - വീണപൂവിനെ "അന്യാപദേശകാവ്യം" എന്ന് വിളിക്കുന്നത് നീതിനിഷേധമാകുമെന്നും  വാച്യം പുഷ്പകഥയും  വ്യംഗ്യം മനുഷ്യകഥയുമായുള്ള  "പ്രതീകാത്മക കാവ്യം" (പ്രതീകാത്മകത / symbolism എന്നാൽ  കവിയുടെ / കലാകാരന്റെ ആന്തരികസ്വപ്നം  അതിസൂക്ഷ്മമായ പ്രതീകങ്ങളിലൂടെ പ്രകാശനം ചെയ്യുന്ന രീതി ) എന്ന് വിശേഷിപ്പിക്കുന്നതാകും ഉചിതം എന്നും ഡോ . എം . ലീലാവതി യും മറ്റും സമർത്ഥിക്കുന്നു .


*ഭാഷ  : 


* ചിലയിടത്ത്  സംസ്‌കൃത സ്വാധീനത്തിന്‍റെ ഗാംഭീര്യം (ഉദാ : "അധികതുംഗപദത്തിലെത്ര ശോഭിച്ചിരുന്നിതൊരു ..", "ശാന്തിയൗപനിഷദോക്തികൾതന്നെ നൽകും ക്ലേശിപ്പതാത്മപരിപീഡനമജ്ഞയോഗ്യം" ) , ചിലയിടത്ത് മലയാളത്തിന്റെ ലാളിത്യം( ഉദാ : "ആലോലവായു ചെറുതൊട്ടിലുമാട്ടി, താരാ-ട്ടാലാപമാർന്നു മലരേ, ദലമർമ്മരങ്ങൾ.." "ഖേദിക്കകൊണ്ടു ഫലമില്ല, നമുക്കതല്ല മോദത്തിനും ഭുവി വിപത്തു വരാം ചിലപ്പോൾ"   )



* ആദ്യവരിതൊട്ടുതന്നെ ദുരന്തച്ഛവി / വിഷാദാത്മകത നിഴലിക്കുന്നു 


*പദയോജനയില്‍ കുമാരനാശാന്‍റെ  മാന്ത്രികസ്പര്‍ശം വിളിച്ചോതുന്ന കവിതയാണ് "വീണപൂവ്‌". "ശ്രീ ഭൂവിലസ്ഥിര", "ഗുണികളൂഴിയിൽ നീണ്ടുവാഴാ", " സാധ്യമെന്ത് കണ്ണീരിനാല്‍?"     "അവനിവാഴ്‌വ് കിനാവ്‌.." തുടങ്ങിയ പദശകലങ്ങള്‍  മലയാളിയുടെ നിത്യജീവിതവിനിമയങ്ങളുടെ ഭാഗമാവുക മാത്രമല്ല, ഇതിനോടകം തന്നെ "പഴമൊഴികള്‍" ആയി ഭവിക്കുകയും ചെയ്തു.



* "ഹാ പുഷ്പമേ ", "
കണ്ടീ വിപത്തഹഹ!" തുടങ്ങിയ ഇടങ്ങളിലെ വ്യാക്ഷേപകങ്ങൾ ശോകഭാവം ഘനീഭവിപ്പിക്കുന്നു 








III .വൃത്തം, അലങ്കാരം 


(വൃത്തം,അലങ്കാരം എന്നിവയെപ്പറ്റി കൂടുതല്‍ അറിയാന്‍ "മുന്നൊരുക്കം:കവിത" എന്ന ഇതേ Blog ലെ Post വായിക്കാന്‍ അഭ്യര്‍ത്ഥന)



*വൃത്തം : 



         വൃത്തനിര്‍ണയം :




   _      _   U     _     U   U     U  _    U    U _ U         _  _ 

ഹാ! പുഷ്പ/  മേ, അധി/ കതുംഗ/ പദത്തി/ ലെത്ര



ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ നീ



ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിൻറെ-



യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോർത്താൽ?




  • തരം: വര്‍ണ്ണവൃത്തം,സമവൃത്തം, 14 അക്ഷരമുള്ള ഛന്ദസ്സ്
  • ഗണം: ത,ഭ, ജ, ജ,ഗ ഗ 
  • "തരം", "ഗണം" എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള ലക്ഷണം യോജിക്കുന്ന വൃത്തം : വസന്തതിലകം (അവലംബം:"വൃത്തമഞ്ജരി", എ.ആര്‍ രാജരാജവര്‍മ്മ) 

*അലങ്കാരം  



  • അന്യാപദേശം (Allegory ) : "വീണപൂവി"ൽ  അന്യാപദേശം ( പ്രത്യക്ഷത്തിൽ ലഭിക്കുന്ന വിവക്ഷയ്ക്കു സമാന്തരമായി ഒരു പൊരുൾ കൂടി ബോധപൂർവം ഉൾക്കൊള്ളിക്കുന്ന രീതി) വെറും ഒരു അലങ്കാരം മാത്രമല്ല , ആഖ്യാനരൂപം തന്നെയാണ് . പ്രത്യക്ഷത്തിൽ ഒരു പൂവിന്റെ വീഴ്ചയിൽ /ദാരുണാന്ത്യത്തിൽ വിലപിക്കുന്ന കാവ്യം വ്യംഗ്യമായി വിലപിക്കുന്നത് പതിതമായ ഓരോ ജീവിതത്തെത്തിന്റെയും അവസ്ഥയോർത്താണ് .
  • ഉപമ(Simile ) : പുഷ്പം അധികതുംഗ പദത്തിൽ  "രാജ്ഞി കണക്കെ " വിരാജിച്ചിരുന്നല്ലോ എന്ന് നിരീക്ഷിക്കുന്നിടത്ത് ,"ഗതമൗക്തികശുക്തിപോല്‍ " എന്ന്ന്ന വീണപൂവിനെ മുത്തുപോയ ചിപ്പിയുമായി ഉപമിക്കുന്നയിടത്ത് തുടങ്ങിയവ
  • രൂപകം (Metaphor) : അത്യുജ്ജ്വല രൂപകങ്ങളുടെ ഘോഷയാത്ര തന്നെയുണ്ട്‌ "വീണപൂവില്‍". "ക്ഷേപിച്ചിതോ കരുണയറ്റ കരം കൃതാന്തൻ" എന്നിടത്ത് കാലന്‍റെ കൈയ്യ്എന്ന് സൂചിപ്പിക്കുന്നത്, "ജവമീ നവദീപമെണ്ണവറ്റിപുകഞ്ഞഹഹ " എന്നയിടത്ത് പൂവിനെ ദീപത്തോടുപമിക്കുന്നയിടത്ത്, "രചിച്ചു ചെറു ലൂതകളാശു നിൻറെദേഹത്തിനേകി ചരമാവരണം ദുകൂലം", "സ്നേഹാർദ്രയായുടനുഷസ്സുമണിഞ്ഞു നിന്മേൽ നീഹാരശീകരമനോഹരമന്ത്യഹാരം","അംഭോജബന്ധുവിത നിന്നവശിഷ്ടകാന്തി
    സമ്പത്തെടുപ്പതിനണഞ്ഞു കരങ്ങൾ നീട്ടി" തുടങ്ങിയവ ഉദാഹരണം.
  • വിഷമാലങ്കാരം : "ആ ഭൂതിയെങ്ങ് പുനരെങ്ങ് കിടപ്പ് .." എന്ന് പൂവിന്റെ പതനത്തെയോർത്ത് വിലപിക്കുന്നയിടത്ത് 


I V . 
പ്രമേയങ്ങൾ , പ്രതീകങ്ങള്‍



*പ്രമേയങ്ങൾ (Themes)

  • പ്രപഞ്ചനിയമങ്ങള്‍/ വിധിക്ക്  മുന്പില്‍ മനുഷ്യനുള്‍പ്പടെയുള്ള   ജീവജാലങ്ങളുടെ നിസ്സഹായത ("ഉത്‌പന്നമായതു നശിക്കും".."സാധ്യമെന്തു കണ്ണീരിനാല്‍?.."
  • സ്ത്രീ -പുരുഷ പ്രണയത്തിന്റെ വിഹ്വലതകൾ / സംഘർഷങ്ങൾ 
  • പ്രപഞ്ചസ്നേഹം/ ദീനാനുകമ്പ ("കണ്ണേ, മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശുമണ്ണാകുമീ മലരു, വിസ്മൃതമാകുമിപ്പോൾ"..)
  • ജീവൈക്യബോധം ("ഒന്നല്ലിനാമയി സഹോദരരല്ലി പൂവേ ?")
  • ജനനമരണങ്ങളുടെ ചാക്രികതയും അനിവാര്യതയും  ("ഉത്‌പന്നമാമുടൽ വെടിഞ്ഞൊരു ദേഹി വീണ്ടും
    ഉത്‌പത്തി കർമ്മഗതി പോലെ വരും ജഗത്തിൽ’ കൽപിച്ചിടുന്നിവിടെയിങ്ങനെ ആഗമങ്ങൾ"..) , മരണം എന്നത് ജീവിതം എന്ന സ്വപ്നത്തിൽ  നിന്ന് ചിരന്തനസത്യമായ (ആത്മാവിന്റെ ) നിത്യതയിലേക്കുള്ള ഉണർവാണ്  (  "അവനിവാഴ്‌വ് കിനാവ് "..)  തുടങ്ങിയ  ഹൈന്ദവദര്‍ശനങ്ങൾ 

*പ്രതീകങ്ങള്‍ 
(Symbols)

  • പൂവ് :
പൂവ് -വിടർന്നുനിൽകുന്ന പൂവ് - വശ്യസൗന്ദര്യത്തിന്റെ മാത്രം പ്രതീകമായിരുന്ന മലയാള കാവ്യലോകത്തേക്ക് വീണ ആശാന്റെ പൂവ്  കാവ്യപ്രതീകങ്ങളെപ്പറ്റിയുള്ള സാമാന്യധാരണകളൊക്കെ നിരാകരിച്ചു .

പതിതമായ (സമ്പൂര്ണവീഴ്ച സംഭവിച്ച ) എന്തിന്റെയും പ്രതീകമാകാം വീണപൂവ്‌. അത് രാജ്ഞിയാകാം, ആശാന്‍റെ തന്നെ പ്രണയഭാജനമാകാം,ശ്രീനാരായണഗുരുവാകാം , മലയാളകവിതയോ സംസ്കാരമോ തന്നെയാകാം . ആശാന്റെ പിൽക്കാല കവിതകളിലെ നായികമാരൊക്കെ വീണപൂവിന്റെ പരാവർത്തനങ്ങളാണ് -വീണപ്പൂക്കൾ തന്നെയാണ് എന്ന് നിരൂപകർ .



  • വണ്ട്‌ :
പൂവിനുചുറ്റും  വിലപിക്കുന്നു എന്ന് അനുമാനിക്കപ്പെടാവുന്ന വണ്ട് പതിതമായ വസ്തുവിന്റെ / വ്യക്തിയുടെ ഇഹലോക ബന്ധുത്വങ്ങളുടെ പ്രതീകമാണ് . അത് കമിതാവാകാം , ജീവിതപങ്കാളിയാകാം , സുഹൃത്താകാം , ഉപയോക്താവാകാം , അഭ്യുദയകാംക്ഷി മാത്രമാകാം . പ്രിയജനങ്ങളുടെ വിലാപം എന്നും മരണാസന്നതയുടെ അനുബന്ധമാണല്ലോ ; ഇക്കൂട്ടരില്‍ പലരും പതനത്തിന്റെ കാരണക്കാര്‍ ആകാനും മതി ( താന്‍ പ്രണയത്തില്‍ വഞ്ചിച്ചു എന്ന വ്യഥയാകുമോ പൂവ് ഇത്രവേഗം നിലംപതിക്കാന്‍ ഇടയായത് എന്ന് വണ്ട്‌ ശങ്കിച്ചിരിക്കാം എന്ന് കവി)


  • പ്രകൃതിബിംബങ്ങൾ   : 
പൂവിനെ "ലാളിച്ചു പെറ്റ " ലത (വള്ളി ), തൊട്ടിലാട്ടിയ വായു , താരാട്ടായ ദലമർമ്മരങ്ങൾ , ലോകതത്വങ്ങൾ പഠിപ്പിച്ച താരങ്ങൾ തുടങ്ങിയ പ്രകൃതിബിംബങ്ങൾ പതിതമായ വസ്തുവിന്റെ /വ്യക്തിയുടെ പരിസ്ഥിതിഘടകങ്ങളെ സൂചിപ്പിക്കുന്നു . അവ മാതൃ -പിതൃ സ്ഥാനീയരാകാം ,ഗുരുസ്ഥാനീയരാകാം , കുടുംബമോ സമുദായമോ സംസ്കാരമോ സമൂഹമോ തന്നെയാകാം. ഇവിടെ ശ്രദ്ധേയം പൂവിന്‍റെ പതനത്തില്‍ ഈ പരിസ്ഥിതിബിംബങ്ങളുടെയെല്ലാം നിസ്സഹായാവസ്ഥയാണ്; പൂവിന്‍റെ പതനത്തില്‍ വിലപിക്കാന്‍ മാത്രമേ (ശ്ലോകം 26-29) പ്രകൃതിക്ക് നിര്‍വാഹമുള്ളൂ. പ്രപഞ്ചശക്തികള്‍ക്കുമുന്പില്‍ ഈ ബിംബങ്ങളുള്‍പ്പടെ എല്ലാം ആശക്തങ്ങളും നശ്വരങ്ങളും ആണല്ലോ.


  • ദ്വന്ദ്വങ്ങൾ 

* ജനനം-മരണം, സന്തോഷം-സന്താപം 



ജനനമരണങ്ങൾ , സന്തോഷം-സന്താപങ്ങൾ  എന്നീ ജീവിതദ്വയങ്ങള്‍ കവിതയുടെ പ്രമേയപരിസരം തന്നെയാകുന്നു .

രാജ്ഞിയെപ്പോലെ ആമോദം കഴിഞ്ഞ നീ ഇങ്ങനെ വീണുകിടക്കുന്നല്ലോ എന്ന് വിലപിച്ചുകൊണ്ട് തുടങ്ങുന്ന കവിത പൂവിന്റെ ജനനം തൊട്ട് മരണാസന്നത വരെയുള്ള ജീവിതം ഓർത്തെടുക്കുന്നു . ബാല്യ -കൗമാര -യൗവനങ്ങളിലെ മോദാന്തരീക്ഷം യൗവനാന്ത്യത്തോടെ മനഃ സ്താപത്തിനും അനാരോഗ്യത്തിനും മരണാസന്നതയ്ക്കും വഴിമാറുന്നു .





ആത്മീയം  - ഭൗതികം , ശുഭാപ്തി -അശുഭാപ്തി, വിരതി -രതി ,ലൗകികം -സംന്യാസം 


കവിതയുടെ അന്ത്യഭാഗത്ത്‌ ആഗമങ്ങളെയും ഉപനിഷദോക്തികളെയും മുന്‍നിര്‍ത്തി പുനര്‍ജന്മസാധ്യതകള്‍,   ആത്മാവിന്‍റെ  അനശ്വരത തുടങ്ങിയവ സൂചിപ്പിച്ചുകൊണ്ട് മരണാസന്നയായ പൂവിനെ സമാധാനിപ്പിച്ചയുടന്‍ 
"കണ്ണേ മടങ്ങുക!..കഷ്ടം " എന്ന് വിലപിക്കുന്നത് കവിയുടെ മനസ്സിലെ ആത്മീയം  - ഭൗതികം , ശുഭാപ്തി -അശുഭാപ്തി
വിരതി -രതി  സംഘര്‍ഷങ്ങളില്‍ യഥാക്രമം ഭൗതികം, ആശുഭാപ്തി, രതി എന്നിവ നേടുന്ന വിജയത്തെ സൂചിപ്പിക്കുന്നതായി വിമര്‍ശകമതം. 

മരണം എന്ന അവസ്ഥ "ഉല്പന്നമായ " തെന്തും കടന്നുപോകേണ്ട അനിവാര്യതയും നിത്യതയിലേക്കുള്ള ഉണർവുമാണെന്ന ദർശനങ്ങൾ  ശിരസ്സാവഹിച്ചാൽ തന്നെയും  ലോകവാസികളിൽ  മഹാഭൂരിപക്ഷം  വരുന്ന ലൗകികരായ ജീവിതങ്ങളെ സംബന്ധിച്ചിടത്തോളം അതൊരു മഹാദുരന്തം തന്നെയാണ് എന്ന് വിവക്ഷ . 


( പഠനം കഴിഞ്ഞ് ഗുരുവിനോപ്പം "ചിന്നസ്വാമി" യായി കഴിഞ്ഞിരുന്ന, ലൗകിക -സന്ന്യാസ ജീവിതപാതകളിലേതവലംബിക്കണമെന്നത് നവയൌവനം അസ്തമിച്ചുതുടങ്ങിയ മുപ്പത്തിനാലാമത്തെ വയസ്സില്‍ ആശാന്‍റെ മനസ്സിനെ സംഘര്‍ഷഭൂമിയാക്കി എന്നത് വ്യക്തം.  ) 





V .  സംഗ്രഹം 




"ഹാ!" എന്ന വ്യാക്ഷേപകത്തില്‍ തുടങ്ങി "കഷ്ടം" എന്ന വ്യാക്ഷേപകത്തില്‍ അവസാനിക്കുന്ന "വീണപൂവി"ല്‍ വീണുകിടക്കുന്ന (മരണാസന്നയായി) ഒരു പൂവിനെ മാനവീകരിച്ചുകൊണ്ട് അഭിസംബോധന ചെയ്യുന്ന രീതിയിലാണ്  ആഖ്യാനം. രത്നച്ചുരുക്കം:


അല്ലയോ പുഷ്പമേ , അത്യുന്നതസ്ഥാനത്ത് രാജ്ഞിയെപ്പോലെ അയേ(എടൊ) നീ എത്ര ശോഭിച്ചിരുന്നു  !  നിന്റെ ആ ഭൂതിയുടെ (ഭാഗ്യത്തിന്റെ) ഇന്നത്തെ കിടപ്പ് (അവസ്ഥ) ഓത്താ ശ്രീ (ഭാഗ്യം/ഐശ്വര്യം) ഭൂമിയി അസ്ഥിര (നിലനിക്കാത്തത് ) ആണെന്ന് നിസ്സംശയം പറയാനാകും .  പെറ്റമ്മയായ ലത(വള്ളി) യുടെയും ഇളംകാറ്റിന്റെയും ദലമര്‍മരങ്ങളുടെയും ലാളനയേറ്റും  പൂനിലാവില്‍ കുളിച്ചും ഇളംവെയിലില്‍ കളിച്ചും ആമോദത്തോടെ ഇളയസഹോദരങ്ങളായ മോട്ടുകളോടൊപ്പം കളിച്ചും കിളികളുടെയിടയില്‍നിന്ന് മൗനമായി സംഗീതം പഠിച്ചും രാത്രി താരാജാലങ്ങളില്‍ നിന്ന് നീ താല്പര്യത്തോടെ (മേല്‍പോട്ടു നോക്കി എന്നും അര്‍ത്ഥം) ലോകതത്ത്വം പഠിച്ചും
 ബാല്യനാളുകള്‍ കഴിച്ചു.

കൌമാരത്തിലേക്ക് (നവയൌവനത്തിലേക്ക്) കാലൂന്നിയതോടെ  നിന്‍റെ അതുല്യമായ മനോഹാര്യതയിലും സൌരഭത്തിലും ആകൃഷ്ടരായി അഴക്‌ കൊണ്ട് യോജിച്ചവര്‍ ആണെന്നതുകൊണ്ട് നീ വരിക്കും എന്ന് ധരിച്ച് എത്ര ചിത്രശലഭങ്ങള്‍ അണഞ്ഞിരിക്കും! . ദൂരെനിന്ന് അനുരാഗമോതി വിരുതനായ ഒരു ഭൃംഗരാജ (ശ്രേഷ്ഠനായ വണ്ട്‌) അണഞ്ഞിരിക്കാനും മതി.പൊയ്പോയ ശ്രേഷ്ഠമായ യൌവനദിനങ്ങള്‍ “ ഹ്രസ്വം എങ്കിലും സംഭവബഹുലം ആയിരുന്നുവെന്നും ദു:ഖങ്ങളേറെ ഉണ്ടായിരുന്നവയാണെങ്കിലും അതിമാനോഹരങ്ങളായിരുന്നു”എന്നും നിന്‍റെ ഈ ലോലശരീരം പറയുന്നത് ദയനീയം തന്നെ! സംശയമില്ലനീ ശലഭങ്ങളുടെ ശരീരസൗന്ദര്യം തെല്ലും നോക്കാതെ വണ്ടിനെ വരിച്ചു; അല്ലെങ്കില്‍ ഇപ്പോള്‍ ഇവന്‍ നിന്റെയടുത്ത് വന്ന് വട്ടമിട്ട് വല്ലാതെയിങ്ങനെ വിലപിക്കുകയില്ല.“എന്റെ ശരീരം തീറെടുത്തുപോയി എന്ന് പറഞ്ഞ് അന്യകാമുകന്മാരെയൊക്കെ ഞാന്‍ പിന്തിരിപ്പിചില്ലേ? ഇന്ന് ഓമലേ പെട്ടെന്ന് എന്നെ ഉപേക്ഷിക്കരുതേ” എന്ന് പൂവിന്‍റെ വാക്കുകള്‍ അല്ലേ വണ്ട്‌ ഇപ്പോള്‍പുലമ്പുന്നത്? നിന്നില്‍ ആകൃഷ്ടനായണഞ്ഞ് നിന്നെ അനുഭവിച്ച് കൃതാര്ഥനായ  ഇവന്‍ നിന്റെയൊപ്പം മരിക്കട്ടെ. നിത്യദു:ഖത്തില്‍ ജീവിച്ചിരിക്കുന്നത്‌ നിഷ്ഫലം തന്നെ! മരത്തിലും കല്ലിലും തലയടിച്ച് കരയുന്നത് കാണുമ്പോള്‍ ഇവന്‍ ദു:ഖഭാരത്താല്‍  ഇപ്പോള്‍ മരിക്കുമെന്ന് തോന്നുന്നു. ഒരുപക്ഷേ ഒരുമിച്ച് വളര്‍ന്ന് അനുരാഗബദ്ധരായി വിവാഹത്തിന് കാത്തിരിക്കുമ്പോള്‍  തികച്ചും അപ്രതീക്ഷിതമായി ഉണ്ടായ ഈ അപായം കണ്ട് ഹൃദയംതകര്‍ന്ന് കരയുകയാകാം  ഭാഗ്യഹീനനായ വണ്ട്‌. അല്ലെങ്കില്‍ ഒരുപക്ഷേ നീ ഹൃദയം തുറന്ന് സ്നേഹിച്ച വണ്ട്‌ മറ്റൊരു പൂവിനെ കാംക്ഷിക്കുന്നവന്‍ ആണെന്നത് കണ്ട് “എന്നെ ദുഷ്ടന്‍ ചതിച്ചു “ എന്ന് നിനച്ചതിലുള്ള ആധിയാകാം നിന്നെ ഈ നിലയിലെത്തിച്ചത്.ഹാ! ഈ നിഗമനം ശരിയാണെങ്കില്‍ ദു:ഖിതനായ വണ്ടേ, ഇത് നീ ഇപ്പോള്‍ അനുഭവിക്കുന്ന വേദന ചെയ്ത പാപത്തിന്റെ ഫലം! പൂര്‍വാലോചന കൂടാതെ പ്രവര്‍ത്തിക്കുന്നവന് ഇതുപോലെ പശ്ചാത്തപിക്കേണ്ടിവരും.അതൊക്കെ പോകട്ടെ; ചെറുപ്പക്കാരുടെ ലോകത്തെ  രഹസ്യങ്ങള്‍ ആര്‍ക്കറിയാം മൂകരായ ഇവര്‍ക്ക് ദുഷ്കീര്‍ത്തി ഉണ്ടാക്കുന്നത്‌ ദോഷമല്ലേ? ( പൂവിന്റെയും വണ്ടിന്റെയും ബന്ധത്തെക്കുറിച്ച് പരാമര്‍ശിച്ച നിഗമനങ്ങള്‍ ഒന്നും ശരിയാവണമെന്നില്ല എന്ന് വിവക്ഷ) വണ്ടിതാ എന്തോ നിശ്ചയിച്ചുറപ്പിച്ചുകൊണ്ട്‌ എന്നപോലെ ആകാശത്തിലേക്ക് പറന്നു പോകുന്നു. ശോകാന്ധനായ അവന്‍ പൂവിന്‍റെ ജീവന്‍ പോയ വഴിയിലെ എകാന്തഗന്ധം പിന്തുടരുകയല്ലേ?

കഷ്ടം ! നിന്‍റെ മേലും കാലന്‍ തന്‍റെ കരുണയറ്റ കൈ പതിപ്പിച്ചല്ലോ! വധം തൊഴിലായ വനവേടന് കൊല്ലപ്പെട്ടത് കഴുകനെന്നും മാടപ്രാവെന്നും വ്യത്യാസം ഉണ്ടോ? പെട്ടന്ന് നിന്‍റെ ശരീരം വളരെ ഇരുണ്ടല്ലോ .മുഖകാന്തിയും കുറഞ്ഞു.മറ്റെന്തുപറയാന്‍? അതിവേഗം ഈ നവദീപം എണ്ണവറ്റിപ്പുകഞ്ഞു കെട്ടുപോയല്ലോ!നിശാന്തവായു നീ മുകളില്‍നിന്ന് ഞെട്ടറ്റുവീഴുന്നത് കണ്ടുണര്‍ന്നവര്‍ താരമെന്നോ സ്വര്‍ഗ്ഗത്തില്‍നിന്നു ഭൂമിയില്‍ അടിയുന്ന ഏതോ ജീവനെന്നോ തീര്‍ച്ചയായും വിചാരിച്ചിരിക്കും, കഷ്ടം!അത്യന്തം കോമളമായ നിന്‍റെ മേനി വീഴുന്നത് കണ്ട് ഭൂമി ഭയചകിതയായി. സമീപത്തുള്ള പുല്‍ക്കുരുന്നുകള്‍ കോള്‍മയിര്‍ കൊണ്ടു. നീയെന്ന മഹനീയ ജീവചൈതന്യം തങ്ങിയ ശരീരമിതാ മുത്തുപോയ മുത്തുച്ചിപ്പി പോലെ നിലത്ത് കിടക്കുന്നു. നിന്‍റെ തേജോവലയം ഇപ്പോഴും മിന്നുന്നു എന്ന് തോന്നും.ചെറിയ ചിലന്തികള്‍ വെള്ളപ്പട്ടാല്‍ നിന്‍റെ ശരീരത്തിന് ചരമാവരണം ഏകി. ഉഷസ്സ് നിന്റെമേല്‍ മഞ്ഞുതുള്ളികളാല്‍ മനോഹരമായ അന്ത്യഹാരം അണിഞ്ഞു. ഹിമകണങ്ങള്‍ നിന്‍റെ പതനത്തില്‍ ദു:ഖിക്കുന്ന താരങ്ങളുടെ കണ്ണീരായിതാ പൊഴിഞ്ഞിടുന്നു. കുരുവികള്‍ നിന്റെയടുത്ത് വീണ് വിതുമ്പുന്നു. ഈ വിപത്ത് കണ്ട് കല്ല്‌ പോലും ശോകം  കൊണ്ട് അതിവേഗം അലിയുന്നു. ദിക്കുകളുടെ മുഖവും മങ്ങി. സൂര്യന്‍ പര്‍വ്വത തടത്തില്‍ വിവര്‍ണനായി ദു:ഖിക്കുന്നു. കാറ്റ് നെടുവീര്‍പ്പിടുന്നു.ആരോമലാം ഗുണഗണങ്ങളുള്ള, ദുഷ്ടവിചാരങ്ങളില്ലാത്ത, ഒരു ഉപദ്രവവും ആര്‍ക്കും/ഒന്നിനും ചെയ്യാത്ത, പരോപകാരത്തിനായി ജീവിച്ച നിന്‍റെ ചരിത്രം ഓര്‍ത്ത് ഹൃദയം തകര്‍ന്ന് കരയാതിരിക്കാന്‍ ആര്‍ക്കാകും?

വിധി എന്തിന് ഇത്ര മികവോടെ നിന്നില്‍ വച്ച ഗുണപരമ്പര  ഇത്ര വേഗം  നശിപ്പിച്ചു ? സൃഷ്ടിരഹസ്യം എന്താകും? ഗുണികള്‍ (സദ്ഗുണങ്ങളുള്ളവര്‍) ഊഴിയില്‍ (ലോകത്ത്) നീണ്ടുവാഴില്ല.ഇനി അഥവാ വേഗം ജന്മോദ്ദേശം സാധിച്ചവരെങ്കില്‍ ആ സാധിഷ്ഠര്‍ (ഉത്തമജനങ്ങള്‍) പോകട്ടെ; രാത്രിയാത്രക്കാരുടെ കാലുകളെ ബാധിക്കുന്ന (തട്ടിത്തടയുന്ന) രൂക്ഷശില (കഠിനമായ പാറ) ആയി ജീവിക്കുന്നതിനേക്കാള്‍ നല്ലത് മിന്നല്‍പ്പിണരിന്റേതുപോലെയുള്ള ക്ഷണികജീവിതമല്ലേ? എങ്കിലും നിന്‍റെ വിയോഗമോര്‍ത്തും ഇത്ര ദയനീയമായ നിന്‍റെ കിടപ്പുകണ്ടും എനിക്ക് വേദനയുണ്ട്; നമ്മള്‍ സഹോദരരല്ലേ? ഒന്നല്ലേ? നമ്മെ രചിച്ചത് ഒരേ കൈ അല്ലേ? ("രചിച്ച കൈ" : സര്‍വചരാചരങ്ങളുടെയും സ്രഷ്ടാവ്/ഈശ്വരന്‍ എന്ന് വിവക്ഷ) ഇന്ന് ഈവിധം നിന്‍റെ ഗതി ; പോവുക! ഞങ്ങളെല്ലാം ഇന്നല്ലെങ്കില്‍ നാളെ നിന്‍റെ പാത പിന്തുടരേണ്ടവര്‍. ഒന്നിനും സ്ഥിരത ഇല്ല; ഉന്നതമായ കുന്ന് എന്നല്ല സമുദ്രം പോലും നശ്വരമാനശ്വരങ്ങളാണ്‌. സൂര്യന്‍ ഇതാ നിന്‍റെ കാന്തിയാകുന്ന സമ്പത്തിന്റെ അവശിഷ്ടം എടുക്കാനായി കൈകള്‍ നീട്ടുന്നു. നിന്‍റെ സൗരഭം ഇതാ തന്‍റെ അവകാശം എന്നോണം വായു കവരുന്നു.


ഉല്പ്പന്നമായത്(ഉണ്ടായത്) നശിക്കും, അണുക്കള്‍(പരമാണുക്കള്‍) നിലനില്‍ക്കും; ഉല്‍പ്പന്നമായ ദേഹം വെടിഞ്ഞ് ദേഹി (ആത്മാവ്)  കര്‍മ്മഗതിപോലെ(പുണ്യപാപങ്ങളനുസരിച്ച്) ജഗത്തില്‍ വീണ്ടും ജന്മം കൊള്ളും; ഇങ്ങനെയാണ് ആഗമങ്ങള്‍ (ഹൈന്ദവശാസ്ത്രങ്ങള്‍) കല്പ്പിക്കുന്നത്.

(മരണം കൊണ്ട് ദേഹം നശിച്ചാലും ദേഹി(ആത്മാവ്) നിലനില്‍ക്കും എന്നും കര്മ്മഫലമാനുസരിച്ച്  പുതിയ ജന്മമെടുത്ത്‌ പുതിയ ദേഹത്തില്‍ കുടികൊള്ളും എന്നുമുള്ള ഹൈന്ദവദര്‍ശനങ്ങള്‍ കവി ചൂണ്ടിക്കാട്ടുന്നു.)


ഖേദിച്ചതുകൊണ്ട് ഫലമില്ല;തന്നെയുമല്ല ചിലപ്പോള്‍ ഭൂമിയില്‍ വിപത്ത് വരുന്നത് മോദത്തിന് വഴിതെളിക്കാന്‍ വേണ്ടിയാകാം.ഈശ്വരകടാക്ഷമുണ്ടെങ്കില്‍  ചൈതന്യവും ജഡവും(ദേഹിയും ദേഹവും)മുള്ള ഏതെങ്കിലും രൂപം പ്രാപിക്കാം.ഈ പടിഞ്ഞാറെക്കടലില്‍ അണഞ്ഞ താരം ദൂരെ പുതിയശോഭയോടുകൂടി കിഴക്കേമലയില്‍ എത്തുമ്പോള്‍
ഇവിടെ നിന്ന് മാഞ്ഞ് നീ സുമേരുവില്‍(ഹൈന്ദവ-ബൗദ്ധ-ജൈന വിശ്വാസങ്ങള്‍ പ്രകാരം ആദ്ധ്യാത്മിക-
ഭൗതിക-ആത്മീയ ലോകങ്ങളുടെ അച്ചുതണ്ട്; സ്വര്‍ഗ്ഗലോകം) കല്പദ്രുമത്തിന്റെ(സ്വര്‍ഗ്ഗലോകത്തിലെ 
ചോദിക്കുന്നതെന്തും നല്‍കുന്ന കല്പവൃക്ഷത്തിന്റെ)കൊമ്പില്‍ വിരിഞ്ഞേക്കാം. വര്‍ദ്ധിച്ച ശോഭയോടുകൂടിയ (വൃക്ഷത്തിന്‍റെ) ആഭരണമായ നിന്നെക്കണ്ട്  സന്തോഷം പൂണ്ട് ദേവസ്ത്രീകള്‍ നിന്റെയടുത്ത് വരും. അങ്ങനെ സന്തോഷവും അനുരാഗാധിക്യവും ദേവകള്‍ക്കേകി അത്യധികം സുകൃതം ലഭിക്കാം. അല്ലെങ്കില്‍ ആ തേജസ്സാര്‍ന്ന അമര ഋഷിമാര്‍ക്ക് തേജസ്സാര്‍ന്ന പൂജാപുഷ്പമായി സ്വര്‍ഗ്ഗലോകവും  എല്ലാവിധത്തിലുമുള്ള ബന്ധങ്ങളും കടന്ന് “തമസ:പരമാം” (അജ്ഞാനാന്ധകാരത്തിനപ്പുറത്ത്) പദത്തില് എത്താം.

(ഹൈന്ദവദര്‍ശനങ്ങള്‍ പ്രകാരമുള്ള "മോക്ഷപ്രാപ്തി” വിവക്ഷിക്കപ്പെടുന്നു)


ശാന്തി (മന:സമാധാനം) ഉപനിഷദോക്തികള്‍ (വേദാന്ത വചനങ്ങള്‍) തന്നെ നല്‍കും; ദു:ഖിക്കുന്നത് അവിവേകമായ ആത്മപരിപീടനമാണ് (മനസ്സിനെ സ്വയം വേദനിപ്പിക്കുന്നത് ആണ്). ശ്രുതിയില്‍ (ഹൈന്ദവശാസ്ത്രങ്ങളില്‍) വിശ്വാസം വയ്ക്കുക; പിന്നെയെല്ലാം ഈശ്വരന്‍റെ ഇച്ഛ പോലെ വരുമെന്ന് ധരിക്കുക. കണ്ണേ മടങ്ങുക (കാണുന്നതില്‍ നിന്ന് പിന്തിരിയുക) ! കരിഞ്ഞും അലിഞ്ഞും വേഗം ഈ മലര് മണ്ണോട് ചേര്‍ന്ന് വിസ്മൃതമാകും ഇപ്പോള്‍. കണക്കാക്കുക : എല്ലാവരുടെയും ഗതി ഇതുതന്നെ; കണ്ണീരുകൊണ്ട് എന്ത് സാധിക്കും? ഭൂമി യിലെ ജീവിതം വെറും കിനാവ്‌ ; കഷ്ടം!

(ശ്ലോകങ്ങളില്‍ ആഗമങ്ങളെയും ഉപനിഷദോക്തികളെയും മുന്‍നിര്‍ത്തി പുനര്‍ജന്മസാധ്യതകള്‍,   ആത്മാവിന്‍റെ  അനശ്വരത തുടങ്ങിയവ സൂചിപ്പിച്ചുകൊണ്ട് മരണാസന്നയായ പൂവിനെ സമാധാനിപ്പിച്ചയുടന്‍  "കണ്ണേ മടങ്ങുക..കഷ്ടം " എന്ന് വിലപിക്കുന്നത് കവിയുടെ മനസ്സിലെ ആത്മീയം  - ഭൗതികം , ശുഭാപ്തി –അശുഭാപ്തി , വിരതി -രതി  സംഘര്‍ഷങ്ങളില്‍ യഥാക്രമം ഭൗതികംആശുഭാപ്തിരതി എന്നിവ നേടുന്ന വിജയത്തെ സൂചിപ്പിക്കുന്നതായി വിമര്‍ശകമതം)



V I . ശ്ലോകങ്ങളിലൂടെ ....



                                                                     1 




ഹാ! പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ നീ

ശ്രീ ഭൂവിലസ്ഥിര-അസംശയം -ഇന്നു നിൻറെ-

യാഭൂതിയെങ്ങു, പുനരെങ്ങു കിടപ്പിതോർത്താൽ?

അല്ലയോ പുഷ്പമേ , അത്യുന്നതസ്ഥാനത്ത് രാജ്ഞിയെപ്പോലെ അയേ(എടൊ) നീ എത്ര ശോഭിച്ചിരുന്നു  !  നിന്റെ ആ ഭൂതിയുടെ (ഭാഗ്യത്തിന്റെ) ഇന്നത്തെ കിടപ്പ് (അവസ്ഥ) ഓർത്താൽ ശ്രീ (ഭാഗ്യം/ഐശ്വര്യം) ഭൂമിയിൽ അസ്ഥിര (നിലനിൽക്കാത്തത് ) ആണെന്ന് നിസ്സംശയം പറയാനാകും . 


                                       2 

ലാളിച്ചുപെറ്റ ലതയൻപൊടു ശൈശവത്തിൽ
പാലിച്ചു പല്ലവപുടങ്ങളിൽ വെച്ചു നിന്നെ

ആലോലവായു ചെറുതൊട്ടിലുമാട്ടി താരാ-

ട്ടാലാപമാർന്നു മലരേ, ദലമർമ്മരങ്ങൾ

ശൈശവത്തിൽ (  നിന്റെ പെറ്റമ്മയായ ലത(വള്ളി) നിന്നെ ഓമനിക്കുകയും  പല്ലവപുടങ്ങളില്‍(ഇലകളുടെ അറ്റത്ത്‌) വച്ച് പരിപാലിക്കുകയും ചെയ്തു. ഇളംകാറ്റ് ചെറുതോട്ടിലാട്ടുകയും ദലമര്‍മരങ്ങള്‍ (ഇലകള്‍ അനങ്ങുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം) താരാട്ടായി ഭവിക്കുകയും ചെയ്തു.



                                       3 

പാലൊത്തെഴും പുതുനിലാവിലലം കുളിച്ചും
ബാലാതപത്തിൽ വിളയാടിയുമാടലെന്യേ
നീ ലീലപൂണ്ടിളയ മൊട്ടുകളോടു ചേർന്നു
ബാലത്വമങ്ങനെ കഴിച്ചിതു നാളിൽ നാളിൽ
       

പാലുപോലുള്ള പൂനിലാവില്‍ അലം(മതിയാകുവോളം) കുളിച്ചും ബാലാതപത്തില്‍ (ഇളംവെയിലില്‍) കളിച്ചും ആടല്‍(ദു:ഖം)ഇല്ലാതെ ഇളയസഹോദരങ്ങളായ മോട്ടുകളോടൊപ്പം കളിച്ചും ബാല്യനാളുകള്‍ കഴിച്ചു.

                                       4

ശീലിച്ചു ഗാനമിടചേർന്നു ശിരസ്സുമാട്ടി-
ക്കാലത്തെഴും കിളികളോടഥ മൗനമായ്‌ നീ
ഈ ലോകതത്വവുമയേ, തെളിവാർന്ന താരാ-
ജാലത്തൊടുന്മുഖതയാർന്നു പഠിച്ചു രാവിൽ
       

താളത്തില്‍ ശിരസ്സാട്ടി നീ പുലര്കാലത്തണയുന്ന കിളികളുടെയിടയില്‍നിന്ന് മൗനമായി സംഗീതം പഠിച്ചു.രാത്രി താരാജാലങ്ങളില്‍(നക്ഷത്രക്കൂട്ടങ്ങളില്‍ ) നിന്ന് നീ താല്പര്യത്തോടെ (മേല്‍പോട്ടു നോക്കി എന്നും അര്‍ത്ഥം) ലോകതത്ത്വം പഠിച്ചു.


                               5

ഈവണ്ണമമ്പൊടു വളർന്നഥ നിൻറെയംഗ-
മാവിഷ്ക്കരിച്ചു ചില ഭംഗികൾ മോഹനങ്ങൾ
ഭാവം പകർന്നു വദനം, കവിൾ കാന്തിയാർന്നു,
പൂവേ, അതിൽ പുതിയ പുഞ്ചിരി സഞ്ചരിച്ചു.


       
ഇവ്വിധം അന്‍പോടു (വാത്സല്ല്യത്തോടെ) വളര്‍ന്ന നിന്‍റെ അംഗം(ശരീരം) മോഹനങ്ങളായ ചില ഭംഗികള്‍ പ്രദര്‍ശിപ്പിച്ചുതുടങ്ങി . വദനത്തില്‍ (മുഖത്തില്‍) പുതുഭാവം ഉദിച്ചു. കവിള്‍ കാന്തിയാര്‍ന്നു (ശോഭനമായി) പുതിയ പുഞ്ചിരി സഞ്ചരിച്ചു.

(പൂവ് കൌമാരത്തിലേക്ക് കടക്കുന്നു എന്ന് വിവക്ഷ.)


                            6

ആരോമലാമഴക്‌, ശുദ്ധി, മൃദുത്വ, മാഭ
സാരള്യമെന്ന, സുകുമാരഗുണത്തിനെല്ലാം
പാരിങ്കലേതുപമ; ആ മൃദുമെയ്യിൽ നവ്യ-
താരുണ്യമേന്തിയൊരു നിൻ നില കാണണം താൻ.
       

മനോഹരിയായ നിന്നെ ശുദ്ധി, മൃദുത്വം, ആഭ(സൗന്ദര്യം), സാരള്യം(കലങ്കമില്ലായ്മ) എന്നീ സുകുമാരഗുണങ്ങളില്‍(കോമാളസ്വഭാവങ്ങളില്‍) ലോകത്ത് മറ്റെന്തെങ്കിലുമായി ഉപമിക്കാന്‍ സാധിക്കുമോ? നിന്‍റെ മൃദുമേനിയിലെ നവ്യതാരുന്യം (പുതുയൌവനം) കാണേണ്ടതുതന്നെ!


                           7

വൈരാഗ്യമേറിയൊരു വൈദികനാട്ടെ, യേറ്റ-
വൈരിയ്ക്കു മുൻപുഴറിയോടിയ ഭീരുവാട്ടെ,
നേരേ വിടർന്നു വിലസീടിന നിന്നെ നോക്കി-
യാരാകിലെന്തു, മിഴിയുള്ളവർ നിന്നിരിക്കാം.
       


വൈരാഗിയായ (ലോകസുഖം നിരാകരിക്കുന്നവന്‍) വൈദികനാകട്ടെ (വേദാന്തി), ശത്രുവിനെകണ്ട് പേടിച്ചോടുന്ന ഭീരുവാകട്ടെ, നേരെ വിടര്‍ന്നു നില്‍കുന്ന നിന്നെ കണ്ണുള്ള ആരും നോക്കിനിന്നുപോകും.


                   8


മെല്ലെന്നു സൗരഭവുമൊട്ടു പരന്നു ലോക-

മെല്ലാം മയക്കി മരുവുന്നളവന്നു നിന്നെ
തെല്ലോ കൊതിച്ചനുഭവാർത്ഥികൾ; ചിത്രമല്ല-
തില്ലാർക്കുമീഗുണവു, മേവമകത്തു തേനും.
       


മെല്ലെ നിന്‍റെ സൗരഭം പരന്നു ലോകത്തെയൊക്കെ വലിയ അളവില്‍ മയക്കിയപ്പോള്‍ തെല്ലോ(കുറച്ചോ) നിന്നെ അനുഭവാര്‍ഥികള്‍(കാമുകര്‍) കൊതിച്ചത്? ഇത് (വി)ചിത്രമല്ല (ഇതില്‍അത്ഭുതമില്ല) കാരണം മറ്റാര്‍ക്കും നിന്‍റെ ഗുണമോ നിന്റെയുള്ളിലെ തേനോ ഇല്ല




                                     9

ചേതോഹരങ്ങൾ സമജാതികളാം സുമങ്ങ-
ളേതും സമാനമഴകുള്ളവയെങ്കിലും നീ
ജാതാനുരാഗമൊരുവന്നു മിഴിക്കു വേദ്യ-
മേതോ വിശേഷസുഭഗത്വവുമാർന്നിരിക്കാം.
       


നിന്‍റെ അതേ ജാതിയിലുള്ള (ഇനത്തിലുള്ള) മനോഹരങ്ങളായ മറ്റ് പൂക്കള്‍ക്കും നിനക്ക് സമാനമായ അഴകുള്ളവയായിരുന്നെങ്കിലും അനുരാഗത്തോടുകൂടിസമീപിക്കുന്നവന്റെ മിഴിക്ക് വേദ്യമായ (അറിയത്തക്കത്) എന്തോ വെശേഷസുഭഗത്വം(പ്രത്യേക ശോഭ)  നീ ആര്‍ജ്ജിച്ചിരിക്കാം




                        10

"കാലം കുറഞ്ഞ ദിനമെങ്കിലുമർത്ഥദീർഘം,
മാലേറെയെങ്കിലുമതീവ മനോഭിരാമം
ചാലേ കഴിഞ്ഞരിയ യൗവന"മെന്നു നിന്റെ-
യീ ലോലമേനി പറയുന്നനുകമ്പനീയം.
       

പൊയ്പോയ അരിയ (ശ്രേഷ്ഠമായ) യൌവനദിനങ്ങള്‍ “ ഹ്രസ്വം എങ്കിലും അര്ഥദീര്‍ഘം (സംഭവബഹുലം) ആയിരുന്നുവെന്നും മാലേറെ (ദു:ഖങ്ങളേറെ) ഉണ്ടായിരുന്നവയാണെങ്കിലും അതിമാനോഹരങ്ങളായിരുന്നു”എന്നും നിന്‍റെ ഈ ലോലശരീരം പറയുന്നത് ദയനീയം.

                        11

അന്നൊപ്പമാണഴകു കണ്ടു വരിച്ചിടും നീ-
യെന്നോർത്തു ചിത്രശലഭങ്ങളണഞ്ഞിരിക്കാം;
എന്നല്ല, ദൂരമതിൽനിന്നനുരാഗമോതി
വന്നെന്നുമാം വിരുതനങ്ങൊരു ഭൃംഗരാജൻ.
       

അഴക്‌ കൊണ്ട് യോജിച്ചവര്‍ ആണെന്നതുകൊണ്ട് നീ വരിക്കും എന്ന് ധരിച്ച് ചിത്രശലഭങ്ങള്‍ 

അണഞ്ഞിരിക്കാം. ദൂരെനിന്ന് അനുരാഗമോതി വിരുതനായ ഒരു ഭൃംഗരാജ (ശ്രേഷ്ഠനായ വണ്ട്‌) 

അണഞ്ഞിരിക്കാനും മതി.


                             12



കില്ലില്ലയേ ഭ്രമരവര്യനെ നീ വരിച്ചു

തെല്ലെങ്കിലും ശലഭമേനിയെ മാനിയാതെ
അല്ലെങ്കിൽ നിന്നരികിൽ വന്നിഹ വട്ടമിട്ടു
വല്ലാതിവൻ നിലവിളിക്കുകയില്ലിദാനീം.
       

കില്ലില്ല (സംശയമില്ല) അയേ (എടോ), നീ ശലഭങ്ങളുടെ ശരീരസൗന്ദര്യം തെല്ലും മാനിയാതെ (നോക്കാതെ) വണ്ടിനെ വരിച്ചു; അല്ലെങ്കില്‍ ഇപ്പോള്‍ ഇവന്‍ നിന്റെയടുത്ത് വന്ന് വട്ടമിട്ട് വല്ലാതെ നിലവിളിക്കുകയില്ല (വിലപിക്കുകയില്ല).

                              13

“എന്നംഗമേകനിഹ തീറുകൊടുത്തുപോയ്‌ ഞാൻ

എന്നന്യകാമുകരെയൊക്കെ മടക്കിയില്ലേ?
ഇന്നോമലേ വിരവിലെന്നെ വെടിഞ്ഞിടല്ലേ”
എന്നൊക്കെയല്ലി ബത! വണ്ടു പുലമ്പിടുന്നു?
       

“എന്റെ ശരീരം തീറെടുത്തുപോയി എന്ന് പറഞ്ഞ് അന്യകാമുകന്മാരെയൊക്കെ ഞാന്‍ മടക്കിയില്ലേ (പിന്തിരിപ്പിചില്ലേ)? ഇന്ന് ഓമലേ വിരവില്‍ (പെട്ടെന്ന്) എന്നെ ഉപേക്ഷിക്കരുതേ” എന്ന് പൂവിന്‍റെ വാക്കുകള്‍ അല്ലേ വണ്ട്‌ ഇപ്പോള്‍പുലമ്പുന്നത്?


                             14

ഹാ! കഷ്ട,മാ വിബുധകാമിതമാം ഗുണത്താ-
ലാകൃഷ്ടനാ, യനുഭവിച്ചൊരു ധന്യനീയാൾ
പോകട്ടെ നിന്നൊടൊരുമിച്ചു മരിച്ചു; നിത്യ-
ശോകാർത്തനായിനിയിരിപ്പതു നിഷ്‌ഫലംതാൻ.
       

വിബുധകാമിതങ്ങള്‍ (ദേവന്മാര്‍ക്ക്/വിദ്വാന്മാര്‍ക്ക് ഇഷ്ടമായത്) ആയ നിന്‍റെ ഗുണങ്ങളില്‍ ആകൃഷ്ടനായി എത്തി നിന്നെ അനുഭവിച്ച (പ്രാപിച്ച) ഈ ധന്യന്‍( കൃതാര്ഥന്‍) നിന്റെയൊപ്പം മരിക്കട്ടെ. നിത്യദു:ഖത്തില്‍ ജീവിച്ചിരിക്കുന്നത്‌ നിഷ്ഫലം തന്നെ!



                                       15



ചത്തീടുമിപ്പോഴിവനല്‌പവികല്‌പമില്ല

തത്താദൃശം വ്യസനകുണ്ഠിതമുണ്ടു കണ്ടാൽ
അത്യുഗ്രമാം തരുവിലും ബത! കല്ലിലും പോയ്‌
പ്രത്യക്ഷമാഞ്ഞു തല തല്ലുകയല്ലി ഖിന്നൻ?
       

ഇവന്‍ ഇപ്പോള്‍ തന്നെ മരിക്കുമെന്നതില്‍ അല്പം പോലും വികല്പം (സംശയം) ഇല്ല; തത്താദൃശം (അത്രയ്ക്ക്) വ്യസനകുണ്ഠിതം(ദു:ഖം കാരണമുള്ള മനംമടുപ്പ്) ഉണ്ട് അവനെ കണ്ടാല്‍. ബത (കഷ്ടം) ! പ്രത്യക്ഷം(സ്പഷ്ടം) ആയിത്തന്നെ അത്യുഗ്രമായ തരുവിലും(മരത്തിലും) കല്ലിലും ഈ ഖിന്നന്‍(ഖേദിക്കുന്നവന്‍) തലതല്ലുകയ്യല്ലേ ?

                                             16



ഒന്നോർക്കിലിങ്ങിവ വളർന്നു ദൃഢാനുരാഗ-

മന്യോന്യമാർന്നുപയമത്തിനു കാത്തിരുന്നു
വന്നീയപായമഥ കണ്ടളി ഭാഗ്യഹീനൻ
ക്രന്ദിക്കയാം; കഠിന താൻ ഭവിതവ്യതേ നീ!
       

ഒരുപക്ഷേ ഒരുമിച്ച് വളര്‍ന്ന് അനുരാഗബദ്ധരായി ഉപയമത്തിന് കാത്തിരിക്കുമ്പോള്‍  (തികച്ചും അപ്രതീക്ഷിതമായി) ഉണ്ടായ ഈ അപായം കണ്ട് (ഹൃദയംതകര്‍ന്ന്) ക്രന്ദിക്കുകയാകാം(കരയുകയാകാം)  ഭാഗ്യഹീനനായ അളി .



                                       17

ഇന്നല്ലയെങ്കിലയി, നീ ഹൃദയം തുറന്നു
നന്ദിച്ച വണ്ടു കുസുമാന്തരലോലനായി
“എന്നെച്ചതിച്ചു ശഠ”നെന്നതു കണ്ടു നീണ്ടു
വന്നേറുമാധിയഥ നിന്നെ ഹനിച്ചു പൂവേ!


      
അല്ലെങ്കില്‍ ഒരുപക്ഷേ നീ ഹൃദയം തുറന്ന് നന്ദിച്ച(സ്നേഹിച്ച) വണ്ട്‌ കുസുമാന്തരലോലന്‍(മറ്റൊരു പൂവിനെ കാംക്ഷിക്കുന്നവന്‍) ആണെന്നത് കണ്ട് “എന്നെ ശന്‍ (ദുഷ്ടന്‍) ചതിച്ചു “ എന്ന് നിനച്ചതിലുള്ള ആധിയാകാം നിന്നെഹനിച്ചത് (വധിച്ചത്)!

                                    18

ഹാ! പാർക്കിലീ നിഗമനം പരമാർത്ഥമെങ്കിൽ

പാപം നിനക്കു ഫലമായഴൽ പൂണ്ട വണ്ടേ!
ആപത്തെഴും തൊഴിലിലോർക്കുക മുമ്പു; പശ്ചാ-
ത്താപങ്ങൾ സാഹസികനിങ്ങനെയെങ്ങുമുണ്ടാം.

ഹാ! ഈ നിഗമനം ശരിയാണെങ്കില്‍ അഴല്‍പൂണ്ട(ദു:ഖിതനായ) വണ്ടേ, ഇത് നീ ചെയ്ത പാപത്തിന്റെ ഫലം! സാഹസികന് ( പൂര്‍വാലോചന കൂടാതെ പ്രവര്‍ത്തിക്കുന്നവന്) പശ്ചാത്താപങ്ങള്‍ ഇങ്ങനെ  വേണ്ടിവന്നേക്കാം എന്ന് ആപല്കരമായ ചെയ്തികള്‍ക്ക് മുന്‍പോര്‍ക്കുക .

                                        
                                      19

       
പോകട്ടതൊക്കെ,യഥവാ യുവലോകമേലു-
മേകാന്തമാം ചരിതമാരറിയുന്നു പാരിൽ
ഏകുന്നു വാൿപടുവിനാർത്തി വൃഥാപവാദം,
മൂകങ്ങൾ പിന്നിവ - പഴിക്കുകിൽ ദോഷമല്ലേ?


അതൊക്കെ പോകട്ടെ; യുവലോകമേലും (ചെറുപ്പക്കാരുടെ ലോകത്തെ)  എകാന്തമാം(രഹസ്യ)ചരിതങ്ങള്‍ ആര്‍ക്കറിയാം? വാക്പടു (വാചാലന്) ആര്‍ത്തി കാരണം വൃഥാപവാദം(കാരണമില്ലാത്ത ദുഷ്കീര്‍ത്തി) പരത്തുന്നു. മൂകരായ ഇവരെ പഴിക്കുന്നത് ദോഷമല്ലേ?
( പൂവിന്റെയും വണ്ടിന്റെയും ബന്ധത്തെക്കുറിച്ച്13,16, 17 –ആം ശ്ലോകങ്ങളില്‍ പരാമര്‍ശിച്ച നിഗമനങ്ങള്‍ ഒന്നും ശരിയാവണമെന്നില്ല എന്ന് വിവക്ഷ)



                                     20


പോകുന്നിതാ വിരവിൽ വണ്ടിവിടം വെടിഞ്ഞു

സാകൂതമാംപടി പറന്നു നഭസ്ഥലത്തിൽ
ശോകാന്ധനായ്‌ കുസുമചേതന പോയ മാർഗ്ഗ-
മേകാന്തഗന്ധമിതു പിൻതുടരുന്നതല്ലീ?
       

വണ്ടിതാ ഇവിടെനിന്നു സാകൂതം( എന്തോ നിശ്ചയിച്ചുറപ്പിച്ചുകൊണ്ട്‌ എന്നപോലെ) നഭ:സ്ഥലത്തിലേക്ക് (ആകാശത്തിലേക്ക്) പറന്നു പോകുന്നു. ശോകാന്ധനായ ഇത് (വണ്ട്‌ ) കുസുമചേതന (പൂവിന്‍റെ ജീവന്‍) പോയ വഴിയിലെ എകാന്തഗന്ധം പിന്തുടരുകയല്ലേ?


                                    21



ഹാ! പാപമോമൽമലരേ ബത! നിൻറെ മേലും

ക്ഷേപിച്ചിതോ കരുണയറ്റ കരം കൃതാന്തൻ
വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
വ്യാപന്നമായ്‌ കഴുകനെന്നു, കപോതമെന്നും?
       

ഹാ ! ഓമല്‍മലരേ, ബത (കഷ്ടം)! നിന്‍റെ മേലും കൃതാന്തന്‍(കാലന്‍) തന്‍റെ കരുണയറ്റ കൈ ക്ഷേപിച്ചല്ലോ (പതിപ്പിച്ചല്ലോ)! ഹനനം(വധം) വ്യാപാരമായ വനവേടന് വ്യാപന്നമായത്  (കൊല്ലപ്പെട്ടത്) കഴുകനെന്നും കപോതമെന്നും(മാടപ്രാവെന്നും) (വ്യത്യാസം) ഉണ്ടോ?



                                     22


തെറ്റെന്നു ദേഹസുഷമാപ്രസരം മറഞ്ഞു

ചെറ്റല്ലിരുണ്ടു മുഖകാന്തിയതും കുറഞ്ഞു
മറ്റെന്തുരപ്പു? ജവമീ നവദീപമെണ്ണ-
വറ്റിപ്പുകഞ്ഞഹഹ! വാടിയണഞ്ഞുപോയി.
       

തെറ്റെന്നു(പെട്ടന്ന്) ദേഹസുഷമാപ്രസരം(ശരീരകാന്തിയുടെ വ്യാപ്തി ) മറഞ്ഞു ചെറ്റല്ല (കുറച്ചല്ല) ഇരുണ്ടത്.മുഖകാന്തിയും കുറഞ്ഞു.മറ്റെന്തുപറയാന്‍? ജവം(വേഗത്തില്‍) ഈ നവദീപം എണ്ണവറ്റിപ്പുകഞ്ഞു കെട്ടുപോയി.


                                    23

ഞെട്ടറ്റു നീ മുകളിൽനിന്നു നിശാന്തവായു

തട്ടിപ്പതിപ്പളവുണർന്നവർ താരമെന്നോ
തിട്ടം നിനച്ചു മലരേ ബത! ദിവ്യഭോഗം
വിട്ടാശു ഭുവിലടിയുന്നൊരു ജീവനെന്നോ?

നിശാന്തവായു(വെളുപ്പാന്‍കാലത്തെ കാറ്റേറ്റ് നീ മുകളില്‍നിന്ന് ഞെട്ടറ്റുവീഴുന്നത് കണ്ടുണര്‍ന്നവര്‍ താരമെന്നോ ദിവ്യഭോഗം(സ്വര്‍ഗാനുഭവം) വിട്ട് ഭൂമിയില്‍ അടിയുന്ന ഏതോ ജീവനെന്നോ തിട്ടം(തീര്‍ച്ചയായും) വിചാരിച്ചിരിക്കും, കഷ്ടം!



                                    24



അത്യന്തകോമളതയാർന്നൊരു നിൻറെ മേനി-

യെത്തുന്ന കണ്ടവനിതന്നെയധീരയായി
സദ്യഃസ്ഫുടം പുളകിതാംഗമിയന്നു പൂണ്ടോ-
രുദ്വേഗമോതുമുപകണ്ഠതൃണാങ്കുരങ്ങൾ.
       

അത്യന്തം കോമളമായ നിന്‍റെ മേനി വീഴുന്നത് കണ്ട് അവനി(ഭൂമി) അധീരയായി (ഭയചകിതയായി). സദ്യ: (പെട്ടെന്ന്) സ്ഫുടം(സ്പഷ്ടമായി) പുളകിതാന്ഗം ആര്‍ന്നതിനെക്കുറിച്ച്(കോള്‍മയിര്‍ കൊണ്ടതിനെക്കുറിച്ച്) ഉപകണ്ഠതൃണങ്കുരങ്ങള്‍ക്ക് (സമീപത്തുള്ള പുല്‍ക്കുരുന്നുകള്‍) ഉദ്വേഗത്തോടെ (ഭയചാപല്യത്തോടെ) ഓതും(പറയും)

                                   

                                 25

അന്യൂനമാം മഹിമ തിങ്ങിയൊരാത്മതത്വ-

മെന്യേ നിലത്തു ഗതമൗക്തികശുക്തിപോൽ നീ
സന്നാഭമിങ്ങനെ കിടക്കുകിലും ചുഴന്നു
മിന്നുന്നു നിൻ പരിധിയിപ്പൊഴുമെന്നു തോന്നും.
       



അന്യൂനമായ(കുറവില്ലാത്ത) മഹിമ തങ്ങിയ നീയെന്ന ആത്മസത്വം(ജീവചൈതന്യം) നിലത്തിതാ ഗതമൌക്തുകശുക്തിപോല്‍ (മുത്തുപോയ മുത്തുച്ചിപ്പി പോലെ) സന്നാഭം(കാന്തിനശിച്ച്) കിടക്കുന്നു. നിന്‍റെ പരിധി (പരിവേഷം/തേജോവലയം) ഇപ്പോഴും മിന്നുന്നു എന്ന് തോന്നും.

                                   26

ആഹാ, രചിച്ചു ചെറു ലൂതകളാശു നിൻറെ
ദേഹത്തിനേകി ചരമാവരണം ദുകൂലം
സ്നേഹാർദ്രയായുടനുഷസ്സുമണിഞ്ഞു നിന്മേൽ
നീഹാരശീകരമനോഹരമന്ത്യഹാരം.
       

ഹാ! ചെരുലൂതകള്‍ (ചെറിയ ചിലന്തികള്‍) ആശു(ഉടന്‍) ദുകൂലതാല്‍ (വെള്ളപ്പട്ടാല്‍) നിന്‍റെ ശരീരത്തിന് ചരമാവരണം(മൂടുപടം) ഏകി.സ്നേഹാര്‍ദ്രയായി ഉഷസ്സ് ഉടന്‍ നിന്റെമേല്‍ നീഹാരശീകരത്താല്‍(മഞ്ഞുതുള്ളികളാല്‍) മനോഹരമായ അന്ത്യഹാരം അണിഞ്ഞു.


                                   27

താരങ്ങൾ നിൻ പതനമോർത്തു തപിച്ചഹോ! ക-

ണ്ണീരായിതാ ഹിമകണങ്ങൾ പൊഴിഞ്ഞിടുന്നു;
നേരായി നീഡതരുവിട്ടു നിലത്തു നിൻറെ
ചാരത്തു വീണു ചടകങ്ങൾ പുലമ്പിടുന്നു.
       

താരങ്ങള്‍ നിന്‍റെ പതനമോര്‍ത്ത് തപിച്ചു(ദു:ഖിച്ചു)ഹിമകണങ്ങള്‍ കണ്ണീരായിതാ പൊഴിഞ്ഞിടുന്നു. ചടകങ്ങള്‍(കുരുവികള്‍) നീടതരു(കൂടുവച്ചമരം) വിട്ട് നേരെ നിന്റെയടുത്ത് വീണ് പുലമ്പുന്നു(വിതുമ്പുന്നു)


                                      28



ആരോമലമാം ഗുണഗണങ്ങളിണങ്ങി ദോഷ-

മോരാതുപദ്രവമൊന്നിനു ചെയ്തിടാതെ,
പാരം പരാർത്ഥമിഹ വാണൊരു നിൻ ചരിത്ര-
മാരോർത്തു ഹൃത്തടമഴിഞ്ഞു കരഞ്ഞുപോകാ?
       

ആരോമലാം ഗുണഗണങ്ങളുള്ള, ദോഷമോരാത്ത(ദുഷ്ടവിചാരങ്ങളില്ലാത്ത) ഒരു ഉപദ്രവവും ആര്‍ക്കും/ഒന്നിനും ചെയ്യാത്ത, പാരം(ഏറ്റവും) പരാര്‍ത്ഥത്തോടെ (പരോപകാരത്തിനായി) വാണ നിന്‍റെ ചരിത്രം ഓര്‍ത്ത് ഹൃത്തടമഴിഞ്ഞ് (ഹൃദയം തകര്‍ന്ന്) കരയാതിരിക്കാന്‍ ആര്‍ക്കാകും?


                                      29 

കണ്ടീ വിപത്തഹഹ! കല്ലലിയുന്നിതാടൽ-

കൊണ്ടാശു ദിങ്‌മുഖവുമിങ്ങനെ മങ്ങിടുന്നു
തണ്ടാർസഖൻ ഗിരിതടത്തിൽ വിവർണ്ണനായ്‌ നി-
ന്നിണ്ടൽപ്പെടുന്നു, പവനൻ നെടുവീർപ്പിടുന്നു.
       

ഈ വിപത്ത് കണ്ട് ഹാ! കല്ല്‌ പോലും ആടല്‍(ശോകം ) കൊണ്ട് ആശു(വേഗം)അലിയുന്നു. ദിംഗ്മുഖവും(ദിക്കുകളുടെ മുഖവും) മങ്ങി. തണ്ടാര്‍സഖന്‍ (സൂര്യന്‍) ഗിരി(പര്‍വ്വത)തടത്തില്‍ വിവര്‍ണനായി (കാന്തികുറഞ്ഞവനായി) ഇന്ടല്‍പപെടുന്നു (ദു:ഖിക്കുന്നു). പവനന്‍ (കാറ്റ്) നെടുവീര്‍പ്പിടുന്നു.



                                 30



എന്തിന്നലിഞ്ഞു ഗുണധോരണി വെച്ചു നിന്മേൽ?

എന്തിന്നതാശു വിധിയേവമപാകരിച്ചു?
ചിന്തിപ്പതാരരിയ സൃഷ്ടിരഹസ്യ, മാവ-
തെന്തുള്ളു? ഹാ! ഗുണികളൂഴിയിൽ നീണ്ടു വാഴാ!

വിധി എന്തിന് ഇത്ര മികവോടെ ഗുണധോരണി (ഗുണപരമ്പര) നിന്നില്‍ വച്ച് ആശു (ഇത്ര വേഗം) അപാകരിച്ചു (നശിപ്പിച്ചു) ? ചിന്തിക്കുമ്പോള്‍ അരിയ (ശ്രേഷ്ഠമായ) സൃഷ്ടിരഹസ്യം എന്താകും? ഹാ ! ഗുണികള്‍ (സദ്ഗുണങ്ങളുള്ളവര്‍) ഊഴിയില്‍ (ലോകത്ത്) നീണ്ടുവാഴില്ല.

                                  31

സാധിച്ചു വേഗമഥവാ നിജ ജന്മകൃത്യം

സാധിഷ്‌ഠർ പോട്ടിഹ സദാ നിശി പാന്ഥപാദം
ബാധിച്ചു രൂക്ഷശില വാഴ്‌വതിൽനിന്നു മേഘ-
ജ്യോതിസ്സുതൻ ക്ഷണികജീവിതമല്ലി കാമ്യം?

ഇനി അഥവാ വേഗം നിജജന്മകൃത്യം(ജന്മോദ്ദേശം)സാധിച്ചവരെങ്കില്‍ ആ സാധിഷ്ഠര്‍ (ഉത്തമജനങ്ങള്‍) പോകട്ടെ; ഇവിടെ സദാ നിശിപാന്ഥപാദങ്ങളെ(രാത്രിയാത്രക്കാരുടെ കാലുകളെ) ബാധിക്കുന്ന (തട്ടിത്തടയുന്ന) രൂക്ഷശില (കഠിനമായ പാറ) ആയി ജീവിക്കുന്നതിനേക്കാള്‍ കാമ്യം ( ആഗ്രഹിക്കത്തക്കത്) മേഘജ്യോതിസ്സിന്റെ(മിന്നല്‍പ്പിണരിന്റെ) ക്ഷണികജീവിതമല്ലേ?



                                   32



എന്നാലുമുണ്ടഴലെനിക്കു വിയോഗമോർത്തും

ഇന്നത്ര നിൻ കരുണമായ കിടപ്പു കണ്ടും
ഒന്നല്ലി നാ,മയി സഹോദരരല്ലി, പൂവേ,
ഒന്നല്ലി കയ്യിഹ രചിച്ചതു നമ്മെയെല്ലാം?

എങ്കിലും നിന്‍റെ വിയോഗമോര്‍ത്തും ഇത്ര കരുണമായ (ദയനീയമായ) നിന്‍റെ കിടപ്പുകണ്ടും എനിക്ക് അഴലുണ്ട്(വേദനയുണ്ട്). ഒന്നല്ലേ നമ്മള്‍ ; സഹോദരരല്ലേ നമ്മള്‍ ? പൂവേ ! ഒന്നല്ലേ നമ്മെ രചിച്ചത് ഒരേ കൈ അല്ലേ? ("രചിച്ച കൈ" : സര്‍വചരാചരങ്ങളുടെയും സ്രഷ്ടാവ്/ഈശ്വരന്‍ എന്ന് വിവക്ഷ)
       



                                      33

ഇന്നീവിധം ഗതി നിനക്കയി പോക! പിന്നൊ-

ന്നൊന്നായ്‌ത്തുടർന്നു വരുമാ വഴി ഞങ്ങളെല്ലാം;
ഒന്നിന്നുമില്ല നില-ഉന്നതമായ കുന്നു-
മെന്നല്ലയാഴിയുമൊരിക്കൽ നശിക്കുമോർത്താൽ.
       



ഇന്ന് ഈവിധം നിന്‍റെ ഗതി ; പോവുക! ഞങ്ങളെല്ലാം പിന്നീട് നീ പോകും വഴിയേ വരും. ഒന്നിനും നില(സ്ഥിരത) ഇല്ല; ഓര്‍ത്താല്‍ ഉന്നതമായ കുന്ന് എന്നല്ല ആഴി (സമുദ്രം) പോലും നാശോന്മുഖം.





                                     34


അംഭോജബന്ധുവിത നിന്നവശിഷ്ടകാന്തി

സമ്പത്തെടുപ്പതിനണഞ്ഞു കരങ്ങൾ നീട്ടി;
ജൃംഭിച്ച സൗരഭമിതാ കവരുന്നു വായു
സമ്പൂർണ്ണമാ,യഹഹ! നിന്നുടെ ദായഭാഗം.
      

അംഭോജബന്ധു(സൂര്യന്‍) ഇതാ നിന്‍റെ കാന്തിയാകുന്ന സമ്പത്തിന്റെ അവശിഷ്ടം എടുക്കാനായി അണഞ്ഞ്‌(വന്ന്) കൈകള്‍ നീട്ടുന്നു. ജൃംഭിച്ച(പൊങ്ങിവന്ന) സൗരഭം ഇതാ , ഹാ! സമ്പൂര്‍ണമായ ദായഭാഗം(സ്വത്തവകാശിക്കുള്ള സ്വത്തിന്‍റെ ഭാഗം) ആയി വായു കവരുന്നു.


                                      

                                       35



‘ഉത്‌പന്നമായതു നശിക്കു,മണുക്കൾ നിൽക്കും

ഉത്‌പന്നമാമുടൽ വെടിഞ്ഞൊരു ദേഹി വീണ്ടും
ഉത്‌പത്തി കർമ്മഗതി പോലെ വരും ജഗത്തിൽ’
കൽപിച്ചിടുന്നിവിടെയിങ്ങനെ ആഗമങ്ങൾ.

ഉല്പ്പന്നമായത്(ഉണ്ടായത്) നശിക്കും, അണുക്കള്‍(പരമാണുക്കള്‍) നിലനില്‍ക്കും; ഉല്‍പ്പന്നമായ 

ഉടല്‍(ദേഹം) വെടിഞ്ഞ് ദേഹി (ആത്മാവ്)  കര്‍മ്മഗതിപോലെ(പുണ്യപാപങ്ങളനുസരിച്ച്) ജഗത്തില്‍ 

വീണ്ടും ഉല്‍പ്പത്തി(ജന്മം)കൊള്ളും; ഇങ്ങനെയാണ് ആഗമങ്ങള്‍ (ഹൈന്ദവശാസ്ത്രങ്ങള്‍) കല്പ്പിക്കുന്നത്.
( മരണം കൊണ്ട് ദേഹം നശിച്ചാലും ദേഹി/ആത്മാവ് നിലനില്‍ക്കും എന്നും കര്മ്മഫലമാനുസരിച്ച്  പുതിയ ജന്മമെടുത്ത്‌ പുതിയ ദേഹത്തില്‍ കുടികൊള്ളും എന്നുമുള്ള ഹൈന്ദവദര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു)


                                         36


ഖേദിക്കകൊണ്ടു ഫലമില്ല, നമുക്കതല്ല

മോദത്തിനും ഭുവി വിപത്തു വരാം ചിലപ്പോൾ;
ചൈതന്യവും ജഡവുമായ്‌ കലരാം ജഗത്തി-
ലേതെങ്കിലും വടിവിലീശ്വരവൈഭവത്താൽ.

ഖേദിച്ചതുകൊണ്ട് ഫലമില്ല;തന്നെയുമല്ല ചിലപ്പോള്‍ ഭൂമിയില്‍ വിപത്ത് വരുന്നത് മോദത്തിന് 

വഴിതെളിക്കാന്‍ വേണ്ടിയാകാം.ഈശ്വരകടാക്ഷമുണ്ടെങ്കില്‍  ചൈതന്യവും ജഡവും(ദേഹിയും 

ദേഹവും) ലോകത്തേതെങ്കിലും വടിവില്‍(രൂപത്തില്‍) കലരാം. (ഈശ്വരനിശ്ചയം അതാണെങ്കില്‍
ലോകത്തെവിടെയെങ്കിലും നിന്‍റെ ദേഹി/ ആത്മാവ് ഏതെങ്കിലും ദേഹത്തില്‍ കുടികൊള്ളാം എന്ന് വിവക്ഷ)


                                        37



ഇപ്പശ്ചിമാബ്ധിയിലണഞ്ഞൊരു താരമാരാ-

ലുത്‌പന്നശോഭമുദയാദ്രിയിലെത്തിടുമ്പോൽ
സത്‌പുഷ്പമേ! യിവിടെ മാഞ്ഞു സുമേരുവിന്മേൽ
കൽപദ്രുമത്തിനുടെ കൊമ്പിൽ വിടർന്നിടാം നീ.
     


ഈ പശ്ചിമാബ്ധി(പടിഞ്ഞാറെക്കടല്‍) യില്‍ അണഞ്ഞ താരം ആരാല്‍ (ദൂരെ) 

ഉല്പ്പന്നശോഭം(പുതിയശോഭയോടുകൂടി) ഉദയാദ്രിയില്‍(കിഴക്കേമലയില്‍) എത്തുമ്പോള്‍ സല്‍-പുഷ്പമേ! 

ഇവിടെ നിന്ന് മാഞ്ഞ് നീ സുമേരുവില്‍(ഹൈന്ദവ-ബൗദ്ധ-ജൈന വിശ്വാസങ്ങള്‍ പ്രകാരം ആദ്ധ്യാത്മിക-

ഭൗതിക-ആത്മീയ ലോകങ്ങളുടെ അച്ചുതണ്ട്; സ്വര്‍ഗ്ഗലോകം) കല്പദ്രുമത്തിന്റെ(സ്വര്‍ഗ്ഗലോകത്തിലെ 

ചോദിക്കുന്നതെന്തും നല്‍കുന്ന കല്പവൃക്ഷത്തിന്റെ)കൊമ്പില്‍ വിരിഞ്ഞേക്കാം


                                    38


സംഫുല്ലശോഭമതു കണ്ടു കുതൂഹലം പൂ-

ണ്ടമ്പോടടുക്കുമളിവേണികൾ ഭൂഷയായ്‌ നീ
ഇമ്പത്തെയും സുരയുവാക്കളിലേകി രാഗ-
സമ്പത്തെയും സമധികം സുകൃതം ലഭിക്കാം.

സംഫുല്ലശോഭം ആയ (വര്‍ദ്ധിച്ച ശോഭയോടുകൂടിയ) ഭൂഷയായ (ആഭരണമായ) നിന്നെക്കണ്ട് 

കുതൂഹലം(സന്തോഷം) പൂണ്ട് അളിവേണികള്‍ (വണ്ടുപോലുള്ള കറുത്തമുടിയുള്ള സ്ത്രീകള്‍-

ദേവസ്ത്രീകള്‍) നിന്റെയടുത്ത് വരും. ഇമ്പവും(സന്തോഷവും) രാഗസമ്പത്തും (അനുരാഗാധിക്യം) 

സുരയുവാക്കള്‍ക്ക് ഏകി സമധികം (അത്യധികം) സുകൃതം ലഭിക്കാം.

                                   39


അല്ലെങ്കിലാ ദ്യുതിയെഴുന്നമരർഷിമാർക്കു

ഫുല്ലപ്രകാശമിയലും ബലിപുഷ്പമായി
സ്വർല്ലോകവും സകലസംഗമവും കടന്നു
ചെല്ലാം നിനക്കു തമസഃപരമാം പദത്തിൽ.
       

അല്ലെങ്കില്‍ ആ ദ്യുതിയെഴുന്ന (തേജസ്സാര്‍ന്ന) അമര ഋഷിമാര്‍ക്ക് ഫുല്ലപ്രകാശമിയലും 

(പൂര്‍ണ്ണപ്രകാശമാര്‍ന്ന) ബലിപുഷ്പമായി(പൂജാപുഷ്പമായി) സ്വര്‍ഗ്ഗലോകവും 

സകലസംഗമവും(എല്ലാവിധത്തിലുമുള്ള ബന്ധങ്ങളും) കടന്ന് “തമസ:പരമാം” 

(അജ്ഞാനാന്ധകാരത്തിനപ്പുറത്ത്) പദത്തില് എത്താം.

(ഹൈന്ദവദര്‍ശനങ്ങള്‍ പ്രകാരമുള്ള “മോക്ഷപ്രാപ്തി” വിവക്ഷിക്കപ്പെടുന്നു)


                                   40                             

ഹാ! ശാന്തിയൗപനിഷദോക്തികൾതന്നെ നൽകും

ക്ലേശിപ്പതാത്മപരിപീഡനമജ്ഞയോഗ്യം;
ആശാഭരം ശ്രുതിയിൽ വയ്ക്കുക നമ്മൾ, പിന്നെ-
യീശാജ്ഞപോലെ വരുമൊക്കെയുമോർക്ക പൂവേ!
     

ഹാ! ശാന്തി (മന:സമാധാനം) ഉപനിഷദോക്തികള്‍ (വേദാന്ത വചനങ്ങള്‍) തന്നെ നല്‍കും; ക്ലേശിക്കുന്നത് (ദു:ഖിക്കുന്നത്) അജ്ഞയോഗ്യമായ(അവിവേകമായ) ആത്മപരിപീടനമാണ് (മനസ്സിനെ സ്വയം വേദനിപ്പിക്കുന്നത് ആണ്). ശ്രുതിയില്‍ (ഹൈന്ദവശാസ്ത്രങ്ങളില്‍) ആശാഭരം(വിശ്വാസം) വയ്ക്കുക; പിന്നെയെല്ലാം ഈശാജ്ഞ (ഈശ്വരന്‍റെ ഇച്ഛ) പോലെ വരുമെന്ന് ധരിക്കുക.


                                 41

കണ്ണേ, മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു

മണ്ണാകുമീ മലരു, വിസ്മൃതമാകുമിപ്പോൾ;
എണ്ണീടുകാർക്കുമിതുതാൻ ഗതി! സാദ്ധ്യമെന്തു
കണ്ണീരിനാൽ? അവനി വാഴ്‌വു കിനാവു, കഷ്ടം!

കണ്ണേ മടങ്ങുക (കാണുന്നതില്‍ നിന്ന് പിന്തിരിയുക) ! കരിഞ്ഞും അലിഞ്ഞും ആശു (വേഗം) ഈ മലര് 

മണ്ണോട് ചേര്‍ന്ന് വിസ്മൃതമാകും (മറക്കപ്പെടും) ഇപ്പോള്‍. എണ്ണീടുക (കണക്കാക്കുക) : എല്ലാവരുടെയും 

ഗതി ഇതുതന്നെ; കണ്ണീരുകൊണ്ട് എന്ത് സാധിക്കും? അവനി(ഭൂമി) യിലെ ജീവിതം വെറും കിനാവ്‌ 

(സ്വപ്നം) ; കഷ്ടം!

(35 മുതല്‍ 40 വരെയുള്ള ശ്ലോകങ്ങളില്‍ ആഗമങ്ങളെയും ഉപനിഷദോക്തികളെയും മുന്‍നിര്‍ത്തി പുനര്‍ജന്മസാധ്യതകള്‍,   ആത്മാവിന്‍റെ  അനശ്വരത തുടങ്ങിയവ സൂചിപ്പിച്ചുകൊണ്ട് മരണാസന്നയായ പൂവിനെ സമാധാനിപ്പിച്ചയുടന്‍ 41-ആം ശ്ലോകത്തില്‍ "കണ്ണേ മടങ്ങുക..കഷ്ടം " എന്ന് വിലപിക്കുന്നത് കവിയുടെ മനസ്സിലെ ആത്മീയം  - ഭൗതികം ശുഭാപ്തി –അശുഭാപ്തി , വിരതി -രതി  സംഘര്‍ഷങ്ങളില്‍ യഥാക്രമം ഭൗതികം, ആശുഭാപ്തി, രതി എന്നിവ നേടുന്ന വിജയത്തെ സൂചിപ്പിക്കുന്നതായി വിമര്‍ശകമതം)

       



                                         




VII . പിൻകുറിപ്പുകൾ 




*പ്രധാന പ്രചോദിതാവിഷ്കാരങ്ങൾ :




  • രംഗാവിഷ്കാരം 
"വീണപൂവിന്റെ " ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി 2007 -ൽ പന്ത്രണ്ടാമത് അന്താരാഷ്‌ട്ര ചലച്ചിത്ര മേളയോടനുബന്ധിച്ച് കലാമണ്ഡലം ലീലാമ്മയുടെ ശിക്ഷണത്തിൽ 24 വിദ്യാർത്ഥിനികൾ അവതരിപ്പിച്ച മോഹിനിയാട്ടശില്പം  
  •  ചലച്ചിത്രഗാനം :

"ജീവിക്കാൻ മറന്നുപോയ സ്ത്രീ " (1974) എന്ന ചലച്ചിത്രത്തിനുവേണ്ടി  വയലാർ രാമവർമ്മ എഴുതിയ  "വീണപൂവേ ..കുമാരനാശാന്റെ വീണപൂവേ ... " എന്ന പ്രശസ്തഗാനം;  പ്രസ്തുതകവിതയെ "വിശ്വദർശനചക്രവാളത്തിലെ ശുക്രനക്ഷത്രം " എന്നാണ് വയലാർ ഇവിടെ അഭിസംബോധന ചെയ്യുന്നത് .




* വിവാദം : 

കൊ.വ. 1083 -ൽ "കവനകൗമുദി യിൽ പ്രസിദ്ധീകരിച്ച ശ്രീ സി.എം. അയ്യപ്പൻപിള്ളയുടെ "പ്രസൂനചരമം " എന്ന കവിതയുടെ വിപുലീകരണം മാത്രമാണ്  മൂന്ന് കൊല്ലങ്ങൾക്കകം കുമാരനാശാൻ   "വീണപൂവ് " ആയി അവതരിപ്പിച്ചത് എന്ന ആക്ഷേപം നിലവിലുണ്ട് .കേരളപോലിസിലെ കുറ്റാന്വേഷണവിഭാഗത്തിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്ന ഡോ. അടൂർ സുരേന്ദ്രൻ തന്റെ ഡോക്റ്ററൽ തീസ്സിസ് വഴി ഇത് സ്ഥാപിക്കാൻ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ :

  • അയ്യപ്പൻപിള്ള പ്രസൂന ചരമത്തെ മംഗല്യ ദീപത്തിൻ അണയൽ ആയി കല്പിച്ചപ്പോൾ, ആശാൻ പൂവിന്റെ മരണത്തെ നവദീപം എണ്ണവറ്റി പുകഞ്ഞുവാടി അണഞ്ഞു എന്നാക്കി. 
  • അയ്യപ്പൻ പിള്ളയുടെശ്ലോകത്തിലെ "ഹ,ഹ" പോലും അതേ സ്ഥാനത്തു ആശാൻ പകർത്തി. 
  • അയ്യപ്പൻ പിള്ള ഉപയോഗിച്ച "വസന്തതിലകം" എന്ന വൃത്തം തന്നെ ആശാനും ഉപയോഗിച്ചു. 
* കുമാരനാശാന്റെ  പ്രണയവും ദാമ്പത്യവും :

കുമാരനാശാന്‍ രചിച്ച അല്പായുസ്സുകളായ പ്രണയ/ ദാമ്പത്യഗാഥകളുടെ  കേന്ദ്രകഥാപാത്രങ്ങളായിരുന്നല്ലോ നളിനിയും ലീലയും സീതയും(ചിന്താവിഷ്ടയായ സീത) വാസവദത്തയും(കരുണ) മാതംഗി(ചന്ടാലഭിക്ഷുകി) ഒക്കെ. അറംപറ്റിയതുപോലെയായിരുന്നു ആശാന്റെ പ്രണയവും  ദാമ്പത്യവും . ഇരുപത്തിയാഞ്ചാംവയസ്സിൽ കൊൽക്കത്തയിൽവച്ച് പരിചയപ്പെട്ട ആംഗ്ലോഇന്ത്യൻ യുവതിയുമായുള്ള പ്രണയബന്ധം ആശാൻ കൽക്കത്ത വിട്ട ആധിയിൽ അവർ മരണപ്പെട്ടതോടെ അവസാനിച്ചു എങ്കിൽ ഡോ .പല്പുവിന്റെ ബന്ധുവായ ശ്രീമതി ഭാനുമതിയമ്മയെ വിവാഹം കഴിച്ചതോടെ നാല്പത്തിയഞ്ചാം വയസ്സിൽ വൈകിയുദിച്ച ദാമ്പത്യത്തിന് അൻപതാം വയസ്സിൽ ബോട്ടപകടത്തിൽ ആശാൻ മരിക്കുന്നതുവരെയുള്ള ആറ് കൊല്ലം മാത്രമായിരുന്നു ആയുസ്സ് .


--------------------------------------------------------------------------------------------------------------------------------------------------------------------------

അവലംബം :




  1.  "വീണപൂവ് : വീഴാത്തപ്പൂവിന്റെ സമരോത്സുകസഞ്ചാരം (എഡിറ്റർ : ശ്രീ എൻ .ജയകൃഷ്ണൻ )
  2. "മലയാളകവിതയിലെ ഉയർന്നശിരസ്സുകൾ " (ഡോ .എം .എൻ .രാജൻ )
  3. "കവിയരങ്ങ് " (പ്രൊഫ് .കെ .എസ് .നാരായണപിള്ള )
  4. "ആശാൻ കവിത " (ശ്രീ എസ് .സുധീഷ് )